ആ ചിരി കാണാന്‍ എന്തു രസാ? കുഞ്ഞു കുട്ടികളെപോലെ മനസ്സുനിറഞ്ഞ ചിരി. നടന്നുപോകുമ്പോള്‍ വഴിവക്കില്‍ കാണുന്നവരോടൊക്കെ കുശലം പറയല്‍.. പാതയോരത്തെ കുറ്റിക്കാടുകളിലെ ഇലകളോട് സംവദിക്കല്‍.. അത് സംസ്കാരത്തിന്റെ അടയാളമായിരുന്നു.
നടക്കാന്‍ മടിക്കുന്നവര്‍ക്ക്, സംസാരിക്കാന്‍ പിശുക്കു കാണിക്കുന്നവര്‍ക്ക്, അതില്‍ നിന്ന് വലിയ പാഠം ഉള്ക്കൊള്ളാനുണ്ടായിരുന്നു. ചിന്തയില്‍ മാത്രമല്ല, ചിരിയിലും കാര്യമുണ്ടെന്ന ബോധ്യപ്പെടുത്തല്‍..
പരിചയക്കാരെ കണ്ടാലും ചിരിക്കാന്‍ മറക്കുന്നവര്‍ വഴിനടക്കുന്ന പാതകളാണ് എവിടെയും.
പക്ഷേ, കുഞ്ഞായിശയുടെ പാത വ്യത്യസ്തമാണ്. അത് അവരുടെ സ്ഥിരം സഞ്ചാരപാതയാണ്. കുളിക്കടവിലേക്ക് പോകുമ്പോള്‍ കുഞ്ഞായിശയുടെ കൈവശം ഒരു തുണിയുണ്ടാകും. ഒരു പുള്ളിത്തുണി.
മകന് വിദേശത്തുനിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന തുണി കുഞ്ഞായിശ കൈവിടാറില്ല. ഇടയ്ക്കിടെ എടുത്ത് മണത്തുനോക്കും. അത്തറിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറുമ്പോള്‍ ചുളിവുവീണ മുഖത്ത് പുഞ്ചിരി വിടരും. എന്നും അത് കൂടെയുണ്ടാകും. വെള്ളത്തിന്റെ ഒരു തുള്ളിപോലും അതിലാക്കാതെ തിരിച്ചു കൊണ്ടുവന്ന് പെട്ടിയില്‍ സൂക്ഷിച്ചുവെക്കും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം ഒരു ചിരിയിലൊതുക്കും. കണിക്കൊന്ന പൂത്തുനില്ക്കുന്നപോലുള്ള പുഞ്ചിരി. മകളോടൊപ്പമാണ് താമസമെങ്കിലും കുളി മകന്റെ വീട്ടുവളപ്പിലെ കുളത്തിലാണ്. വിസ്തരിച്ച് കുളിക്കണമെങ്കില്‍ കുളം തന്നെ വേണമെന്നു പറയും. ചെറുമീനുകളുടെ മത്സരയോട്ടവും മുങ്ങിനിവരുമ്പോഴുള്ള വെള്ളത്തിന്റെ ഓളവും ആസ്വദിക്കും. കുട്ടിയായിരുന്നപ്പോള്‍ ഉമ്മയുടെകൂടെ കുളക്കടവിലെത്തി പടവില്‍ ഇരുന്ന് കാലുകള്‍ വെള്ളത്തിലിട്ടടിച്ചു രസിച്ച ഓര്‍മകള്‍.. കുട്ടികള്‍ക്കൊപ്പം കുളിച്ചുല്ലസിച്ച നാളുകള്‍..
കണ്ണുകളില്‍ ഇപ്പോഴും പ്രതീക്ഷയുടെ നനവുണ്ട്. കുളത്തിനും കുഞ്ഞായിശയുടെ ജീവിതകാലത്തിനും ഒരേ പ്രായമാണ്. ഗ്രാമ പാതയുടെ ഇരുവശത്തുമാണ് മക്കളുടെ വീടുകള്‍. മുന്‍വശത്തെ രണ്ട് പല്ലുകളില്ല. നിഷ്ക്കളങ്കമായ ചിരിയും സംസാരവും ഗ്രാമീണര്‍ക്ക് ഇഷ്ടമായതിനാല്‍ ‘കുഞ്ഞാത്ത’യെന്നാണ് സ്നേഹം ചാലിച്ച വാക്കുകളിലൂടെ അവര്‍ വിളിച്ചുതുടങ്ങിയത്. ചെളി നിറഞ്ഞ പാത കടന്നു വേണം കുളക്കടവില്‍ എത്താന്‍. വാഹനങ്ങളുടെ ചക്രങ്ങള്‍ ചിത്രം വരച്ച പാതയിലൂടെ നടക്കാന്‍ വലിയ പാടാണ്. ഒരു മാരുതി കാര്‍ വന്ന് കുഞ്ഞായിശയുടെ സമീപത്ത് ബ്രേക്കിട്ടു. കാറിന്റെ മുന്പില് ഇരുന്നിരുന്ന തടിച്ച യുവതി കണ്ണടക്കണ്ണിലൂടെ നോക്കി. പിന്‍സീറ്റിനു സമീപത്തെ ഗ്ലാസ് താഴ്ത്തുന്നതു കണ്ടു. ദൃഷ്ടി കുഞ്ഞായിശക്കുനേരെ പാഞ്ഞുവന്നു. കറുത്ത ഷാള്കൊണ്ട് മുടി മറച്ച യുവതിയുടെ ചോദ്യം.
”എങ്ങോട്ടാ?”
കുഞ്ഞായിശ ചെവി കൂര്‍പ്പിച്ചു. യുവതി പറയുന്നത് കേള്‍ക്കാനായി അവര്‍ കാറിന്റെ അരികുപറ്റി നിന്നു. നിലാവുവെട്ടം വീശിയുള്ള ഒരു ചിരിയും.
”മാസ്ക് ഇല്ലാതെയാണ് നടത്തമല്ലേ..?”
പിന്‍സീറ്റില്‍നിന്ന് മറ്റൊരു ഗര്‍ജനം.
”ന്നാലും ന്നെ കണ്ടപ്പൊ ഇങ്ങള് നിര്‍ത്തീലേ?”
ചുളിവുവീണ മുഖത്തുനിന്ന് നിറമുള്ള ഭാവങ്ങള്‍ വിടര്‍ന്നു.
”മാസ്ക് ഇടാത്തവരെ പിടിക്കാന്‍ ഇറങ്ങിയതാ…”
മൂക്കത്ത് വിരല്‍ വെച്ച് കുഞ്ഞായിശ അവരെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. പാമ്പുപിടിത്തക്കാര്‍, മീന്‍പിടിത്തക്കാര്‍.. പിടിത്തക്കാരുടെ നാടാണ് ഇത്. ചില പെണ്ണുപിടിത്തക്കാരും ഇവിടെയുണ്ട്. കുഞ്ഞായിശ തമാശയുടെ കെട്ടഴിച്ചു. തട്ടത്തിന്റെ അറ്റം അപ്പോള്‍ കാറ്റിനോടു സല്ലപിക്കുന്നുണ്ടായിരുന്നു. കാതിലെ കനകനിറമുള്ള ചിറ്റില്‍ വെള്ളിവരവീണ മുടിയിഴകള്‍ ചുംബിച്ചുകൊണ്ടിരുന്നു.
”ന്നാ ഞാ പോവാണ്…”
ചെരിപ്പിട്ട കാലുകള്‍ മണ്ണിലേക്ക് അമര്‍ത്തി മുന്നോട്ടു പോകവെ കഠാരയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ വീണ്ടുമെത്തി.
”ഇതും കൊണ്ടൊയ്ക്കോളിന്. അഞ്ഞൂറു രൂപ പിഴ അടയ്ക്കണം.”
”എത്ത്.. എത്ത്…”
ഒന്നും മനസ്സിലാകാതെ തുറിച്ചു നോക്കി.
”ഇത് മക്കളുടെ കൈയിലെത്തുമ്പോള്‍ എല്ലാം മനസ്സിലാകും. ഓരോന്ന് എഴുന്നള്ളും. കോവിഡ് നാടുവാഴുന്ന കാലമാണെന്ന ഓര്‍മയില്ലാതെ. മനുഷ്യര്‍ക്കൊക്കെ സൂക്കേടാ… മൂന്തക്കെട്ടില്ലാതെ പുറത്തിറങ്ങുന്ന പടപ്പുകള്‍..”
കാറില്‍നിന്ന് മെലിഞ്ഞ മധ്യവയസ്കന്റെ മന്ത്രം മുഴങ്ങി.
”കോവിഡ്, മാസ്ക്…”
ഇവ എന്താണെന്ന് അറിയാതെ കുഞ്ഞായിശ അന്തംവിട്ടു നിന്നു.
‘തലമ്മത്തട്ടി’ എന്ന അസുഖം ഓര്‍മയുണ്ട്. കുറേ ആളുകള്‍ ദുരിതക്കിടക്കയില്‍നിന്ന് മണ്ണിനോടു ചേര്‍ന്ന ഭീതി പടര്‍ന്ന നാളുകള്‍. ‘കോളറ’ എന്ന് വൈദ്യശാസ്ത്രം പേരിട്ട മഹാമാരിക്ക് തലമ്മത്തട്ടി എന്നാണ് അവര്‍ പറഞ്ഞിരുന്നത്.
പേരും വിലാസും ചോദിച്ചശേഷം പിഴ അടയ്ക്കാനുള്ള സ്ലിപ് ഉദ്യോഗസ്ഥര്‍ എഴുതി നല്കി.
”ഇങ്ങള് എന്തേലും കായ് തര്യാര്ന്നെല് ഇച്ച് ബെറ്റിലടക്ക വാങ്ങാര്ന്ന്…”
”ഈ കടലാസ് കളയരുത്. മകന്റെ കൈയില്‍ കൊടുക്കണം.”
അവര്‍ തലയാട്ടി. മെല്ലെ നടന്നു തുടങ്ങി..
റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരു കുട്ടി മൊബൈല്‍ ഫോണില്‍ രംഗം പകര്‍ത്തി. വിവിധ വാട്സാപ് ഗ്രൂപ്പുകളിലേക്ക് വീഡിയോ പറന്നുകൊണ്ടിരുന്നു. കുഞ്ഞായിശ സമൂഹമാധ്യമങ്ങളില്‍ തിളങ്ങിനിന്നു. ലൈക്കും കമന്റുകളും പ്രവാഹമായി ഒഴുകിത്തുടങ്ങി. സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ധിക്കാരത്തിനെതിരെ വാക്കുകളുടെ പടവാളുയര്ന്നു.
”ഉമ്മയും വല്യുമ്മയും ഇല്ലാത്തവര്‍.. അറിവ് മാത്രം പോര, തിരിച്ചറിവുകൂടി വേണം, അല്പം കരുണയെങ്കിലും…”
കുഞ്ഞായിശയോട് കാരുണ്യവും ഉദ്യോഗസ്ഥവൃന്ദത്തോട് അമര്‍ഷവും ഇടകലര്‍ന്ന വാക്കുകള്‍ ‘സോഷ്യല്‍ മക്കള്‍’ പറഞ്ഞുതുടങ്ങി. അവരുടെ മകന് സമദിന്റെ ഫോണിനും വിശ്രമമുണ്ടായില്ല. വിളികള്‍ അതിര്‍ത്തി കടന്നെത്തി.
”നിഷ്ക്കളങ്കയായ ആ മാതാവിനോട് ഇതു ചെയ്തല്ലോ…”
എല്ലാവരും പറഞ്ഞ ഒറ്റ വാചകത്തിനു മുന്പില് സമദിന്റെ കണ്ഠമിടറി.
ഉമ്മ എല്ലാവരുടെയും പ്രിയപ്പെട്ടവള്‍…
മാസ്ക് ധരിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയ സ്ളിപ് കുഞ്ഞായിശ മൂന്നു മടക്കാക്കി കൈയില്‍ പിടിച്ചു. വഴിവക്കിലെ മരങ്ങളോട് വര്‍ത്തമാനം പറഞ്ഞ് നടന്നുനീങ്ങി.
വിശാലമായ പറമ്പിന്റെ മധ്യത്തിലാണ് രണ്ടു സെന്റ് വിസ്തൃതിയിലുള്ള കുളം. വേനല്‍ക്കാലത്ത് പ്രദേശത്തെ വീട്ടുമുറ്റത്തെ കിണറുകളില്‍ ഉറവ തെളിയുന്നത് കുളം ഉണ്ടായതുകൊണ്ടാണ്. നാടിന്റെ വറ്റാത്ത ജലസ്രോതസ്സ്. പടവുകള്‍ പലതും പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുന്‍പത്തെ പോലെ നീന്തിക്കളിക്കാന്‍ കുട്ടിക്കൂട്ടമില്ല. തുണിക്കെട്ടുമായി തിരുമ്പിക്കുളിക്കാന്‍ പെണ്ണുങ്ങളുമില്ല. കുളത്തില്‍ ഇന്ന് ആരെങ്കിലും കയറിയിറങ്ങുന്നുവെങ്കില് അത് കുഞ്ഞായിശ മാത്രം. കല്‍പ്പടവുകളോട് കിന്നാരം ചൊല്ലി, മത്സ്യങ്ങള്‍ക്കൊപ്പം നീന്തിത്തുടിച്ച് ആവേശത്തിന്റെ ഓളപ്പരപ്പുതീര്ത്ത ഒരു പൂര്‍വകാലം മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മീനുകള്‍ മനുഷ്യഗന്ധം അറിയുന്നത് കുഞ്ഞായിശയുടേതു മാത്രമാണ്.
കല്‍പ്പൊത്തില്‍ സൂക്ഷിച്ചു വെച്ച സോപ്പും തോര്‍ത്തും പുറത്തെടുത്തു. മെല്ലെ കുളത്തിലെ വലിയ പടവുകളിലേക്ക് കാലെടുത്തു വെച്ചു. ഒരു വലിയ മീന്‍ കാലില്‍ ചുംബിക്കാനെത്തിയതോടെ കുഞ്ഞായിശ പെട്ടെന്ന് കാല് വലിച്ചു. കാല്‍വഴുതി അവര്‍ കുളത്തില്‍ വീണു. ഇടതു കൈയിലെ പുള്ളിത്തുണിയും വലതു കൈയില്‍ മടക്കിപ്പിടിച്ച കടലാസു കഷ്ണവും വെള്ളത്തോടു ചേര്‍ന്നു കിടന്നു. ജലകണികകള്‍ പുതപ്പിന് ആദ്യമായി ചുംബനം നല്കി. കുളിര്‍ക്കാറ്റ് വീശിയടിച്ചു. കുളക്കടവില്‍ കയറിയിരുന്ന് കുഞ്ഞായിശ തുണിയിലെയും കടലാസിലെയും വെള്ളം ഒഴുക്കിക്കളഞ്ഞു.
അവര്‍ തേങ്ങിക്കൊണ്ടിരുന്നു. വെള്ളത്തുള്ളികള്‍ക്കൊപ്പം കണ്ണുകളില്‍നിന്ന് കണ്ണീരും വീണു തുടങ്ങി. മനസ്സ് മരവിച്ചു. ശരീരം തണുത്തു വിറച്ചുകൊണ്ടിരുന്നു. തോര്‍ത്തുകൊണ്ടു മേനി തുടച്ചശേഷം മെല്ലെ പടവുകള്‍ കയറി. അവസാന പടവും പിന്നിട്ടപ്പോള്‍ ഒന്ന് നിവര്‍ന്നുനിന്നു. നാലുപാടും നോക്കി. മനുഷ്യരായി ആരുമില്ല. മരങ്ങളുടെ നിഴലുകള്‍ ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ടായിരുന്നു. പുള്ളിത്തുണി വീശിയെറിഞ്ഞ് കുഞ്ഞായിശ ശരീരത്തെ പുതപ്പിച്ചു. നനഞ്ഞ കടലാസു കഷ്ണം മുഖത്തൊട്ടിച്ചു. അത് മൂക്കിനും വായയ്ക്കും ആവരണമായി. തല താഴ്ത്തി അവര്‍ വീട്ടിലേക്ക് നടന്നു.
പതിവു പുഞ്ചിരി മുഖത്തു വിരിഞ്ഞില്ല. കലങ്ങിയ മഷിയെഴുത്തുള്ള ‘പേപ്പര്‍ മാസ്ക്’ ചിരിയെ മറച്ചിരുന്നു… .