നിലാവുള്ള ഒരു തണുത്ത രാത്രിയിലാണ് വെളുത്ത പുള്ളികളും കറുത്ത വരകളുമുള്ള ഒരു സുന്ദരന്‍ പൂച്ച അടുക്കള വാതിലിന്റെ അടുത്തേക്ക് മണം പിടിച്ച് എത്തിയത്. മുമ്പൊന്നും അതിനെ അവിടെ ആരും കണ്ടിട്ടില്ലായിരുന്നു. നിഹാല്‍ മോന് കൗതുകം തോന്നി. അവന്‍ അതിശയപൂര്‍വം അതിന്റെ ഓമനത്തം നിറഞ്ഞ മുഖത്തേക്ക് നോക്കി.
പൂച്ചയെ കണ്ടതും ഉമ്മക്ക് കലി കയറി. ”ആ നശിച്ച ജന്തുവിനെ തൊടാനും പിടിക്കാനുമൊന്നും നിക്കണ്ട. അവന്റെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ടാവും. പിന്നെ കൊഞ്ചിക്കാന്‍ നിന്നാല്‍ അത് ഇവിടം വിട്ടു പിന്നെ പോവും ചെയ്യൂല” എന്നു പറഞ്ഞ് ഉമ്മ വാതില്‍ അടച്ചു.
പിന്നെയും പൂച്ച കരഞ്ഞുകൊണ്ടേയിരുന്നു. പാവം അതിന് വിശക്കുന്നുണ്ടാവുമെന്ന് നിഹാല്‍ മോന് തോന്നി. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ നിഹാല്‍ തന്റെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് ജനല്‍ വഴി പൂച്ചക്ക് ഇട്ടുകൊടുത്തു. പൂച്ച അത് തിന്ന് നന്ദിയോടെ കരഞ്ഞു. എന്നും ഇതു പതിവായി.
ഇതിനിടെ പൂച്ചയും നിഹാലും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. ഒരു ദിവസം അവന്റെ ഉമ്മ ഇത് കണ്ടുപിടിച്ചു. എന്നാലും അവര്‍ അവനെ വഴക്കുപറഞ്ഞില്ല.
ഒരു ദിവസം സ്‌കൂള്‍ വിട്ട് ഭക്ഷണം കഴിച്ചു വിശ്രമിക്കുകയായിരുന്നു നിഹാല്‍. ആ സമയത്താണ് പൂച്ചയുടെ ചീറ്റലും കരച്ചിലും കേട്ടത്. അങ്ങോട്ട് നോക്കിയ നിഹാല്‍ ഞെട്ടിപ്പോയി, വലിയൊരു കരിമൂര്‍ഖനുമായി പൂച്ച അടി കൂടുകയാണ്. തുറന്നുവെച്ച ജനലിന്റെ ഉള്ളിലേക്ക് നിവര്‍ന്നുനിന്ന് കയറിപ്പറ്റാന്‍ പലതവണ ശ്രമിക്കുന്നുണ്ടായിരുന്നു പാമ്പ്. എന്നാല്‍ പൂച്ച പാമ്പിന്റെ ശ്രമത്തെ തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ബഹളം കേട്ട് അവന്റെ ഉമ്മയും ഉപ്പയും ഓടിവന്നു. പലയാവര്‍ത്തി ശ്രമിച്ചിട്ടും പൂച്ച തടസ്സം നിന്നത് കാരണം പാമ്പ് ശ്രമം ഉപേക്ഷിച്ച് എങ്ങോട്ടോ ഇഴഞ്ഞുപോയി. അവര്‍ക്കെല്ലാം സന്തോഷമായി.
”തനിക്കു ഭക്ഷണം നല്‍കുന്നവരെ തന്റെ ജീവന്‍ പണയം വെച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച പൂച്ച യില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട് ”- ഉപ്പ അവരോട് പറഞ്ഞു. അതോടെ ആ പൂച്ച അവര്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ടവനായി.