LoginRegister

പടപ്പുകളുടെ തീരുമാനങ്ങള്‍

സാക്കിര്‍ സാക്കി ചിത്രീകരണം: മറിയംബീവി പുറത്തീല്‍

Feed Back


തന്റെ റിവോള്‍വിങ് ചെയറില്‍ നിന്ന് മുന്നോട്ടൊന്ന് ചാഞ്ഞിരുന്നുകൊണ്ട് അല്‍പം ലാഘവത്തോടെയാണ് ഡോക്ടര്‍ പറഞ്ഞുതുടങ്ങിയത്:
”സര്‍ജറിയല്ലാതെ ഇതിനു വേറെ മാര്‍ഗമൊന്നുമില്ല. പ്രത്യേകമായി നിങ്ങളോട് പറയാനുള്ളത് തലയ്ക്കകത്താണ് സര്‍ജറി, പഴുപ്പ് നന്നായി പടര്‍ന്നിട്ടുണ്ട്, സര്‍ജറി കഴിഞ്ഞാല്‍ തന്നെ പേഷ്യന്റ് പഴയ സ്റ്റേജിലേക്കെത്തുമെന്ന് യാതൊരുറപ്പുമില്ല. മാത്രമല്ല, കോമയിലേക്ക് പോകാനുള്ള ചാന്‍സ് വളരെ കൂടുതലുമാണ്. തിരിച്ചുകിട്ടുമെന്ന് ഒരു ഉറപ്പും ഞങ്ങള്‍ പറയുന്നില്ല. നമുക്ക് ശ്രമിച്ചുനോക്കാമെന്നു മാത്രം. നിങ്ങളെല്ലാം നന്നായി പ്രാര്‍ഥിക്കുക.”
”സര്‍ജറി ചെയ്യാണ്ടിരുന്നാലോ സര്‍?”
നസീം പതിഞ്ഞ ശബ്ദത്തിലാണത് ചോദിച്ചത്.
”ചെയ്യാതിരുന്നാല്‍ അവരീ കൊടുംവേദനയും സഹിച്ച് കിടക്കണം, ഒരവസാനവുമില്ലാതെ. അത് നിങ്ങള്‍ക്കൊക്കെ നോക്കിനില്‍ക്കാന്‍ കഴിയുമോ?”
ഡോക്ടര്‍ തുളക്കുന്ന ഒരു ചോദ്യമെറിഞ്ഞു.
”ഇല്ല, ഞങ്ങക്കാര്‍ക്കും അയ്‌ന് കയിയൂല…!”
തൊണ്ടയല്‍പം ഇടറി റഹീമാണ് പറഞ്ഞത്. അദ്ദേഹം തുടര്‍ന്നു:
”ഇന്നാപ്പിന്നെ ഓപ്പര്‍ശന്‍ തെന്നെ ചെയ്യാ. ഞങ്ങള് ഈ കാര്യൊക്കെ കുടുംബക്കാരൊക്കെയായിറ്റ് ഒന്ന് ആലോയ്ച്ചട്ടെ.”

….
”ഏതാലും, ഡോക്ടറ് ഓളെ തിരിച്ചുകിട്ടൂലാന്ന് പറഞ്ഞ സ്തിതിക്ക് ഞമ്മക്കങ്ങനെ ചെയ്തൂടേ?”
നജീമിന്റെ സ്വരത്തില്‍ വല്ലാത്ത നിരാശ കലര്‍ന്നിരുന്നു.
”ഇയ്യെന്താ നജീമേ ഈ പറീണ്? പടച്ചോന് നെരക്കുന്ന കാര്യാണോ അത്? ഞമ്മള് അയ്‌നെപ്പറ്റി ചിന്തിക്ക്യന്നെ മാണ്ട!”
നസീം അല്‍പം കനത്തിലാണതിന് മറുപടി പറഞ്ഞത്:
”അല്ലാതെ എത്തരേന്ന് ബെച്ചിട്ടാ ഓളെങ്ങനെ എടങ്ങേറാക്ക്ണ്. ഇനിക്കിത് കാണാന്‍ ബെയ്യ.”
നജീം നെടുവീര്‍പ്പോടെ തലയൊന്ന് കുടഞ്ഞു.
”നജീമ് പറീണതിലും കാര്യണ്ട്. തക്കതായ നേരത്ത് ഓള്‍ടെ രോഗവിവരം ഞമ്മള് അര്‍ഞ്ഞിലാന്ന് ശര്യന്നെ. പശ്ശേ, ഇത്തരീം ടെസ്റ്റ് നടത്തീറ്റ് ഡോക്ടര്‍മാര്ക്കും അത് എന്തായെന്ന് കണ്ട്പുട്ച്ചാം കയ്ഞ്ഞിലല്ലോ!”
വിതുമ്പിയ ശബ്ദം റഹീമിന്റേതാണ്:
”മാത്തരല്ല റഹീമേ… അവസാനം അത് കണ്ട്പുട്ച്ചപ്പൊ തക്കതായ ചികിത്സ ഞമ്മള് കൊട്ത്ത്‌ലേ? പെട്ടെന്ന് തന്നെ ഓപ്പര്‍ശന്‍ ചെയ്തിലേ? ഇത്‌പ്പൊ ഇന്നേക്ക് ഒരായ്ച്ചയായി ഓപ്പര്‍ശന്‍ കയ്ഞ്ഞ്ട്ട്. ഓരോ ദിവസം കൂടുമ്പോളും സ്തിതി കൂടുതല് വഷളാവാന്നല്ലാതെ ഒര് പുരോഗതീം ഇല്ലാന്ന് പര്‍ഞ്ഞാല്. ഒക്കെ ഓളെ കയ്ച്ച്‌ലാക്കാം മാണ്ടി ഞമ്മള് ചെയ്തതല്ലേ? കാര്യങ്ങളൊക്കെ ഡോക്ടറ് മുന്‍കൂട്ടി ഞമ്മളോട് പര്‍ഞ്ഞീനൂന്ന് ശര്യന്നെ. ഇന്നാലും ഇത്‌പ്പൊ ഇങ്ങനെ വെരുംന്ന് ഞമ്മള് ആരേലും കെര്‌ത്യോ?”
നജീമിന്റെ സ്വരത്തിലും വേദന വല്ലാതെ പ്രകടമായി.
”എന്ത് ചെയ്യണംന്ന് ഇനിക്കൊര് എത്തുംപുടീം കിട്ട്ണ്ല്ല.”
നസീം അസ്വസ്ഥതയോടെ തല കുടഞ്ഞു.
”ഏതായാലും രണ്ടീസം കൂടി ഞമ്മക്ക് കാക്കാം… പടച്ച റബ്ബല്ലേ വെല്‍ത്…? ഓന് കയ്യാത്തതായി ഒന്നൂല്ലല്ലോ… ഞമ്മക്ക് ദുആ ചെയ്യാ…”
റഹീമിന്റെ സംസാരത്തില്‍ അല്‍പം പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.
”അങ്ങന്യല്ല റഹീമേ. സംഗതി എല്ലാരെസ്സമ്പന്ധിച്ചും ഏറ്റവും സങ്കടള്ള കാര്യം തന്നെ. പക്ഷേ, ഞമ്മളൊക്കെ ഒന്നോര്‍ക്കണം. ഓളെഞ്ഞി ഞമ്മക്ക് തിരിച്ചുകിട്ടൂലാന്ന് ഒര്‍പ്പാണ്. അത്‌കൊണ്ടാണ് ഇങ്ങനെ ഒര് കാര്യം തന്നെ നമ്മള് ആലോയ്ച്ച്ണത്. എന്തെങ്കിലും പ്രതീശ്ശന്റെ ഒര് ചെറ്യേ തുമ്പെങ്കിലും ഇണ്ടെങ്കി ഞമ്മള് ഇതിന് മുതിര്വോ? ഞമ്മക്ക് ഡോക്ടറോട് ഒരഭിപ്രായം കൂടി ചോയ്ച്ച് നോക്കാ…”
”ശര്യന്നെ. ഇതാണെങ്കി മാസം റമദാനാണല്ലോ. ഇന്നാണെങ്കി വെള്ള്യായ്ച്ചീം. ഇത്തരപ്പറ്റ്യേ ഒര് ദിവസം ഞമ്മക്ക് ഇഞ്ഞി കിട്ടൂല. ഇപ്പത്തന്നെ ഡോക്ടറോട് സംസാരിക്കാ.”
….

”സാറേ, എന്താണ്‌പ്പൊ ഓളെ സ്ഥിതി? ഞങ്ങക്ക്ത് കണ്ട് നിക്കാന്‍ കയ്യ്ണ്ല്ല. ഓളെ ഞങ്ങക്ക് തിരിച്ച് കിട്ടാന്‍ വല്ല സാദ്യതീംണ്ടോ…?”
”നിങ്ങള്‍ പേഷ്യന്റിന്റെ…?”
”ആങ്ങളേണ്… നജീം…”
”മിസ്റ്റര്‍ നജീം… മെഡിക്കല്‍ സയന്‍സില്‍ ചെയ്യാനുള്ളതൊക്കെ ഞങ്ങള്‍ ചെയ്തുകഴിഞ്ഞു. സര്‍ജറി കഴിഞ്ഞപ്പൊ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സര്‍ജറി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതും അതാണ്. ട്യൂബ് വഴിയാണെങ്കിലും ഭക്ഷണം കൂടി കൊടുത്തുതുടങ്ങിയപ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ കൈയും കാലുമൊക്കെ അനക്കിത്തുടങ്ങിയതുമാണ്. പക്ഷേ, അതിനിടക്കാണ് ഫിറ്റ്‌സും അറ്റാക്കും ഒരുമിച്ചു വന്നത്. അതോടെ എല്ലാം താളം തെറ്റി. സാധാരണ ഇത്തരം സങ്കീര്‍ണമായ സര്‍ജറി കഴിഞ്ഞാല്‍ അപസ്മാരമോ അറ്റാക്കോ ഒക്കെ വരാറുണ്ട്. ഒന്നാമത് അവരുടെ ശ്വാസകോശം വളരെ വീക്കായിരുന്നു. ശ്വാസം സ്വയം വലിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഹൃദയത്തിലേക്കുള്ള ബ്ലഡ് പമ്പിങും വേണ്ടവിധത്തില്‍ നടക്കുന്നില്ല. എല്ലാം കൂടിയായപ്പോള്‍ സ്ഥിതി വളരെ വഷളായി. ഇപ്പൊ വെന്റിലേറ്ററിന്റെ മാത്രം സഹായത്താലാണ് അവര്‍ ശ്വസിക്കുന്നത്.”
”സാര്‍, ഇനിയും പ്രതീശ്ശ വല്ലതും…?”
”നിങ്ങള്‍ പ്രാര്‍ഥിക്കൂ… അല്ലാതെ വേറൊന്നും ഇതില്‍ പറയാനില്ല. അയാം സോറി!”
”അല്ല സാര്‍… വേറൊര് കാര്യം…”
”എന്താണ്… പറയൂ…?”
”ഒട്ടും പ്രതീശ ല്ലെങ്കില്‍ പിന്നെ ഓളെട്ട് ഇങ്ങനെ എടങ്ങേറാക്കീറ്റ് വല്ല കാര്യോണ്ടോ…?”
”താങ്കള്‍ ഉദ്ദേശിക്കുന്നത്…?”
”ഓക്ക് ആട്ടോല്ല അനക്കോല്ല… ഇഞ്ഞിപ്പോ ഓള് പയേ സ്തിതീക്ക് ഒരിക്കലും തിരിച്ചുവരൂല്ലാന്നാണ് ഇങ്ങള് പറീണത്. വിളിച്ചുമ്പോ കണ്ണോണ്ട് ഒന്ന് താളം കാട്ടാനും കൂടി ഓക്ക് കയ്യ്ണ്ല്ല…”
”നജീം പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. നമുക്ക് എന്ത് ചെയ്യാനാവും? മെഡിക്കല്‍ എത്തിക്‌സ് എന്ന ഒന്നുണ്ടല്ലോ നജീം. പരമാവധി രോഗിയുടെ ജീവനു വേണ്ടി ഞങ്ങള്‍ ശ്രമിക്കും. പിന്നെ ഒരു പ്രതീക്ഷയും ബാക്കിയില്ലെങ്കില്‍…” ഒന്ന് നിര്‍ത്തി ഡോക്ടര്‍ ഒരു ശ്വാസം ഉള്ളിലേക്കെടുത്തു: ”ബാക്കിയില്ലെങ്കില്‍ മാത്രം നിങ്ങള്‍ കുടുംബക്കാരെല്ലാവരുമായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാല്‍ അങ്ങനെ ചെയ്യാം…”
”അല്ല സാറേ… ഇതിപ്പൊ സര്‍ജറി കയ്ഞ്ഞ്ട്ട് ഒരാഴ്ച കഴിഞ്ഞു. ഇപ്പളും ഒര് പുരോഗതീം ഇണ്ടായ്റ്റില്ല. ഓക്ക് ഇപ്പൊ ശ്വാസം മാത്തരേള്ളൂ. അതും യന്ത്രത്തിന്റെ സഹായത്ത്‌ല്. അതോണ്ട് എന്താ കാര്യം? കാലാകാലം ഇങ്ങനെ നരകിച്ച് ഈ ഐസീയൂല് കടക്കാന്‍ പറ്റ്വോ? നല്ലൊര് മരണം പോലും ഓക്ക് കിട്ടൂല. ബാക്കിക്കാരീം ബന്ധുക്കളീം ഓക്ക് കാണാനോ തിരിച്ചറ്യാനോ പറ്റൂല. ഇങ്ങന്യാണങ്കി ഓപ്പര്‍ഷന്‍ ചെയ്യണ്ടില്ലെയ്‌നു!”
അയാള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് അയാള്‍ തുടര്‍ന്നു:
”പിന്നെപ്പോ ഞങ്ങള് ഒര് വിശ്വാസത്തിലും പ്രതീക്ഷേലും ചെയ്തൂന്ന് മാത്രം. ഇതില് ഇനി ഇങ്ങക്ക് ഒന്നും ചെയ്യാല്ലാന്നാണ് ഇങ്ങള് പറീണത്. അപ്പോ ഓളെ മക്കളോടും ന്റെ കുടുംബക്കാരോടുമൊക്കെ ആലോയ്ച്ചിട്ടാണ് ഞാന്‍ ഈ തീരുമാനം പറീണത്. അല്ലാതെ ഓളെട്ട് ഇങ്ങനെ നെരകിപ്പിച്ചാം പറ്റൂല. ഓക്ക് കൃത്രിമശ്വാസം മാണ്ട ഡോക്ടറേ…”

വാവിട്ട് കരഞ്ഞാണയാള്‍ ആ വാചകം പൂര്‍ത്തിയാക്കിയത്.
”നജീം, ഇനി അവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നത് സത്യം തന്നെ. സ്വബോധത്തിലേക്ക് അവര്‍ തിരിച്ചുവരാന്‍ ഒരു സാധ്യതയും കാണുന്നുമില്ല. ഇപ്പോ നിങ്ങള്‍ ഇങ്ങനെയൊരു തീരുമാനം പറഞ്ഞ സ്ഥിതിക്ക്, ശരി… നമുക്ക് എന്നാല്‍ അങ്ങനെ ചെയ്യാം… ഞാന്‍ മറ്റ് ഡോക്ടേഴ്‌സുമായും ഒന്ന് സംസാരിക്കട്ടെ.”
ചങ്ക് പിളരുന്ന വേദനയോടെ നജീം ഡോക്ടറുടെ റൂമിനു പുറത്തേക്ക് നടന്നു.
….
”നിങ്ങളുടെ ആളുകളോട് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി ഞാന്‍ പറഞ്ഞതാണല്ലോ… പൊക്കിള്‍ക്കൊടി, കുഞ്ഞിന്റെ ശരീരത്തില്‍ ആകെ ചുറ്റിയാണിരിക്കുന്നത്. സ്‌കാനിങില്‍ നിങ്ങളുടെ മോനും മരുമോനും ഒക്കെ അത് കണ്ടതുമല്ലേ? പിന്നെന്താ ഇപ്പോ ഇങ്ങനെയൊരു സംശയം?”
നൂലു പോലെ നേര്‍ത്ത ഫ്രെയിമുള്ള കണ്ണട ഒന്ന് ശരിയാക്കി, വെളുത്തു തുടുത്ത മുഖത്തുറപ്പിച്ച് ഡോക്ടര്‍ ഡെയ്‌സി പറഞ്ഞു:
”ഓ, ഇന്നോട് കാര്യങ്ങളൊക്കെ പര്‍ഞ്ഞീനു. ഓപ്പര്‍ശന്‍ന്ന് കേട്ടപ്പൊ ഇനിക്ക് വല്ലാത്ത ബേജാറ് ഡോക്ടറേ. ഓപ്പര്‍ശന്‍ ഒയ്‌വാക്കാന്‍ ഒട്ടും കയ്യൂലേ…?”
വെപ്രാളപ്പെട്ടാണ് ആയിഷ ചോദിച്ചത്.
”ഞാന് ന്റെ ഏയ് മക്കളീം പെറ്റതൊന്നും ഓപ്പര്‍ശന്‍ ഇല്ലാണ്ടാണ്. ഒക്കെ സുഖപ്രസവം തെന്നെയ്‌നു…”
”സിസേറിയനല്ലാതെ ഒരു മാര്‍ഗവുമില്ല. മാത്രവുമല്ല ഉമ്മാ. നിങ്ങടെ കാലമല്ലിത്. വയറ്റാട്ടികള്‍ പ്രസവമെടുത്തിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞില്ലേ…? നിങ്ങള്‍ മക്കളോട് അന്വേഷിച്ച് ഇതിന്റെ തീരുമാനം പറയൂ…”
”ഓലാരും അറ്യാതേണ് ഇങ്ങളെക്കാണാന്‍ ഞാന്‍ വന്നതെയ്. ഓലര്‍ഞ്ഞാ ഒക്കെപ്പാടെ ഇന്നെ ചീത്ത പറീം. ഓലെ തീരുമാനം ഓപ്പര്‍ശന്‍ വേണംന്നെന്ന്യാ. ഇന്റെ പേരക്കുട്ട്യാണ് മിച്ചുമോള്. കടിഞ്ഞൂലാ ഓക്ക്. അതാ ഇനിക്ക് ഇത്തരെ ബേജാറ്…”
”മെഹറിന്റെ ഭര്‍ത്താവിനോട് എന്നെ വന്നൊന്ന് കാണാന്‍ പറയൂ… എന്നാ ശരി…”
ഡോക്ടര്‍ തന്നെ ഒഴിവാക്കുന്ന പോലെ ആയിഷക്ക് തോന്നി. അവര്‍ ബേജാറോടെ ഡോക്ടറുടെ കാബിനില്‍ നിന്ന് പുറത്തിറങ്ങി.
….
”ഉമ്മ ഡോക്ടറെക്കാണാന്‍ പോവുമ്പോ അനക്കൊന്ന് പറഞ്ഞൂടെയ്‌നോ വഹീ ഉമ്മാനോട്…?”
ഷറഫു വഹീദയോട് അല്‍പം ദേഷ്യത്തോടെ ചോദിച്ചു.
”ഇങ്ങടെ ഉമ്മ ഞാന്‍ പറഞ്ഞാ കേക്ക്വോ? ഞാനും ഇങ്ങളും മര്‍സുമോനും മിച്ചുമോളും കൂടി അന്ന് ഒന്നിച്ച് തീര്മാനിച്ചതല്ലേ സിസേറിയനാക്കാംന്ന്. ഇന്നാ പിന്നെ ഒര് പേടീം വേണ്ട! ഡെയ്‌സി ഡോക്ടറ് നല്ല ഉഷാറ് ഡോക്ടറല്ലേ?”
”ആണ്. അതൊക്കെ അങ്ങനെ തന്നേണ്. പക്ഷേ, എന്തിനാപ്പോ ഉമ്മ ഡോക്ടറോട് പോയി ഇങ്ങനെ പര്‍ഞ്ഞത്?”
”ഇങ്ങടെ ഉമ്മ അങ്ങനെ തന്നേണ്. ഉമ്മാക്ക് ബേജാറ്! ആര് പര്‍ഞ്ഞിട്ടും കാര്യല്ല. ഉമ്മ കേക്കൂല.”
വഹീദ ഒന്ന് നിര്‍ത്തി. എന്നിട്ട് ഉറച്ച സ്വരത്തില്‍ തുടര്‍ന്നു:
”ഇത് റമദാന്‍ മാസാണ്. ഇന്ന് നല്ലൊര് ദെവസായ വെള്ളിയാഴ്ചീം. ഇന്ന്വെന്നെ ഇന്റെ പേരക്കുട്ടിനെ ഇനിക്ക് കിട്ടണം. അല്ലേ മര്‍സൂ, അങ്ങനെയല്ലേ നമ്മടെ തീര്മാനം?”
വഹീദ മരുമകനെ നോക്കി.

”ആണുമ്മാ… അങ്ങനെന്നേണ് നമ്മുടെ തീരുമാനം. സുഖപ്രസവംന്ന് പര്‍ഞ്ഞ് നിന്നാ സംഗതി ചെലപ്പോ കോംപ്ലിക്കേറ്റാവും. പിന്നെ പറഞ്ഞിട്ട് കാര്യണ്ടാവ്ല്ല.”
”അങ്ങനെ തന്നെയാണ് വഹീ എല്ലാര്‌ടേം തീരുമാനം. മര്‍സൂന്റെ ഉപ്പാനോടും ഉമ്മാനോടും ഇന്നലെ വിളിച്ചപ്പോ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസം ഇനി മാറ്റാന്‍ പറ്റൂല. ഞാന്‍ ഡോക്ടറോട് പോയി കാര്യങ്ങള് സംസാരിച്ച് വരാം. മര്‍സൂ… വാ മോനേ…”
ഷറഫു മരുമകനെയും വിളിച്ച് റൂമില്‍ നിന്നിറങ്ങി ഡോക്ടറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു.
ഇന്റന്‍സീവ് കെയര്‍ യൂനിറ്റിന്റെ പുറത്തുള്ള സ്പീക്കറില്‍ പേര് മുഴങ്ങി.
”സുഹ്‌റാ…”
നജീമും റഹീമും നസീമും അവരുടെ മറ്റു ബന്ധുക്കളെല്ലാവരും വെപ്രാളപ്പെട്ട് വാതില്‍ക്കലേക്ക് ഓടിച്ചെന്നു.
പാതി തുറന്ന വാതിലില്‍ സുരക്ഷാവസ്ത്രമണിഞ്ഞ നഴ്‌സിന്റെ തല പ്രത്യക്ഷപ്പെട്ടു.
”സുഹ്‌റ മരിച്ചു!”
അവിടെ ഒരു കൂട്ടനിലവിളിയുയര്‍ന്നു.
….
ലേബര്‍ റൂമിന്റെ വാതില്‍ തുറന്ന് സിസ്റ്റര്‍ ചോദിച്ചു.
”മെഹറിന്റെ കൂടെയുള്ളവരാരാ…?”
മര്‍സുവും ഷറഫുവും വഹീദയും ആയിഷയും ഓടിയെത്തി.
”പ്രസവിച്ചു, സിസേറിയനാ, പെണ്‍കുഞ്ഞ്.”
ആയിഷ, വഹീദയുടെ കൈകളില്‍ ആശ്വാസത്തോടെ അമര്‍ത്തിപ്പിടിച്ചു.
മര്‍സു, ഹൃദയം തുളുമ്പുന്ന സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ ഷറഫുവിനെ നോക്കി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top