ജനാധിപത്യം
ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമല്ല. പൂര്‍ണമായ ഒരു ജനാധിപത്യ സംവിധാനം നടപ്പിലാക്കുക അപ്രായോഗികമാണ്. എന്നാല്‍ പ്രശ്നം അതല്ല. ജനാധിപത്യത്തിലെ പോരായ്മകളെ പരിഹരിക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നില്ല. ജനാധിപത്യത്തിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന രോഗാണുക്കളിലൊന്ന് കടുത്ത വിഭാഗീയതകളാണ്.
രാഷ്ട്രീയം
ആദര്‍ശ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍ പരിഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, എല്ലാ മൂല്യങ്ങളും തകര്‍ന്നടിയുന്ന രാജ്യത്ത് സാധാരണക്കാരന് പുല്ലുവില പോലും കല്‍പ്പിക്കപ്പെടാത്ത, മുതലാളിത്ത സമൂഹത്തെ ലാളിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന, അവര്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന ഭരണാധിപന്മാരുള്ള നാട്ടില്‍ നിന്ന് രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് പറയേണ്ടത്?
വിപ്ലവം
ഏറ്റവും പുതിയ കാലത്ത് ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നതും ഒരു മനുഷ്യനെ കരുണയോടെ നോക്കുന്നതു പോലും വിപ്ലവ പ്രവര്‍ത്തനമാണ്. സോഷ്യലിസം അപ്രായോഗികമാണെന്ന് നമ്മള് വിശ്വസിക്കുന്നു. എന്നാല്‍ സോഷ്യലിസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാന്‍ നമുക്ക് കഴിയും. അതാണ് ഇപ്പോള്‍ സാധ്യമായ രാഷ്ട്രീയം. ഈ കെട്ട കാലത്തും നല്ലൊരു നാളേക്കായി ചിന്തിക്കുക, ആഗ്രഹിക്കുക, പറഞ്ഞുകൊണ്ടേയിരിക്കുക.
അനുകരണം
മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുന്നവരുടെ സമൂഹമാണ് നമ്മുടേത്. ആരാണ് ഈ മറ്റുള്ളവര്‍? നമ്മള് നമ്മളായിരിക്കുകയും നമ്മളായി തന്നെ ജീവിക്കുകയും വേണം. വേറൊരു മനുഷ്യനില്‍ നിന്ന് കോവിഡോ മറ്റു പകര്‍ച്ചവ്യാധികളോ പിടിപെട്ടാല്‍ നമുക്ക് പ്രതിവിധികള്‍ തേടി പോകേണ്ടി വരാം. എന്നാല്‍ ആ മനുഷ്യന് തന്നെ പകര്‍ന്നാലോ? ആത്മശുദ്ധീകരണത്തിലൂടെയല്ലാതെ അതിനെ പ്രതിരോധിക്കാന്‍ കഴിയില്ല. അതല്ലെങ്കില്‍ ജീവിതാവസാനം വരെ മറ്റൊരു ആത്മാവിന് കഴിയാനുള്ള ശവശരീരമായിരിക്കും നമ്മള്. അതുകൊണ്ട് വീട്ടിലും ജോലി സ്ഥലത്തും പൊതുവിടങ്ങളിലും നമ്മള് നമ്മളായിരിക്കാന്‍ ശ്രദ്ധിക്കുക.