LoginRegister

ത്വയ്യിലേക്ക് വെളിച്ചമെത്തിച്ച സഫാനത്ത്‌

വി എസ് എം കബീര്‍

Feed Back


തിരുനബി തന്റെ കുടിലിലേക്ക് കയറി. കൂടെ വന്ന അദിയ്യിനെ സ്‌നേഹപൂര്‍വം വീട്ടിനകത്തേക്ക് ക്ഷണിച്ചു. തോലുറയില്‍ ഈത്തപ്പനനാര് നിറച്ച തലയണ അദിയ്യിനു നേരെ നീട്ടി അതില്‍ ഇരിക്കാന്‍ പറഞ്ഞു. അദിയ്യ് മടിച്ചുനിന്നപ്പോള്‍ നബി നിര്‍ബന്ധിച്ചു. ഉടനെ തലയണ നിലത്തുവെച്ച് അദ്ദേഹം അതിലിരുന്നു. അതിഥിക്ക് അഭിമുഖമായി തിരുനബിയും ഉപവിഷ്ടനായി, വെറും മണല്‍ത്തറയില്‍. അദിയ്യിന്റെ കണ്ണുകളില്‍ അദ്ഭുതം നിറയുന്നത് പുഞ്ചിരിയോടെ ദൂതന്‍ നോക്കിക്കണ്ടു.
‘ഇങ്ങനെയുള്ള ഒരു പച്ചമനുഷ്യനെയാണല്ലോ ഇത്രയും കാലം ഞാന്‍ വെറുപ്പോടെ കണ്ടിരുന്നത്…’ അദിയ്യില്‍ കുറ്റബോധം മുളപൊട്ടി.
നബി സംസാരം തുടങ്ങി. അദിയ്യിനെ കുറിച്ച്, അദിയ്യിന്റെ പിതാവ് ഹാതിമുത്വാഇയെക്കുറിച്ച്, അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പറ്റി, അവയിലെ ശരിതെറ്റുകളെ സംബന്ധിച്ച്.
ദൂതരുടെ സ്പഷ്ടവും കൃത്യവുമായ വാചകങ്ങളോരോന്നും അദിയ്യെന്ന നാടുവാഴിയുടെ ഹൃദയത്തില്‍ പതിച്ചു. പ്രവാചകന്‍ ഒരു വിസ്മയമായി അദ്ദേഹത്തിന്റെ രക്തത്തില്‍ അലിയാന്‍ തുടങ്ങി. നീണ്ട രണ്ടു പതിറ്റാണ്ട് മുഹമ്മദ് എന്ന നാമം പോലും കേള്‍ക്കാനറച്ചിരുന്ന അദിയ്യില്‍ ആ പേര് ഒരു വികാരമായി പടരുകയായിരുന്നു.
സംസാരത്തിനൊടുവില്‍ തിരുനബി നടത്തിയ മൂന്നു പ്രവചനങ്ങള്‍ അദിയ്യിനെ അതിശയത്തിന്റെ ആകാശത്തേക്ക് ആനയിച്ചു. ഈത്തപ്പനയോല കൊണ്ട് മേഞ്ഞ കുടിലിലെ മണല്‍ത്തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഇസ്ലാമിന്റെ പ്രവാചകന്‍ പ്രവചനത്തിന്റെ വിസ്മയച്ചെപ്പ് തുറന്നതിനു പിന്നാലെ തോല്‍തലയണയില്‍ നിന്ന് അദിയ്യ് അറിയാതെ എഴുന്നേറ്റുനിന്നു:
”അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍…”
ഇതു കേട്ട പ്രിയ നബി അല്ലാഹുവിനെ സ്തുതിച്ചു. ഈ ആഹ്‌ളാദനിമിഷത്തില്‍ പക്ഷേ അദിയ്യ് നന്ദി പറഞ്ഞത് തന്റെ കൂടപ്പിറപ്പിനാണ്. അവളാണ് സത്യമതത്തിലേക്ക് തന്നെ വഴിനടത്തിയത്. അവള്‍ തന്നെയാണ് തിരുദൂതരുടെ അരികിലേക്ക് തന്നെ നിര്‍ബന്ധിച്ചയച്ചതും. സഫാനത്ത് ബിന്‍ത് ഹാത്വിമിത്വാഇയായിരുന്നു ആ കൂടപ്പിറപ്പ്.
നജ്ദിലെ നാടുവാഴി ഗോത്രമായിരുന്നു ത്വയ്യ്. എക്കാലത്തും ലോകത്തെ അദ്ഭുതം കൂറിച്ച കുറേ പ്രതിഭകള്‍ ഈ കുലത്തില്‍ ജന്‍മമെടുത്തിട്ടുണ്ട്. ജാഹിലിയ്യാ യുഗത്തിലെ കവിപുംഗവന്‍മാരുടെ നേതാവായ ഇംറുല്‍ ഖൈസ്, പ്രഭാഷക പ്രതിഭ അംറുബ്‌നു മഅ്ദീകരിബ് എന്നിവര്‍ ഇവരില്‍ ചിലരാണ്. ഉദാരതയും ദാനശീലവും ജീവിതസന്ദേശമാക്കിയ ഹാത്വിമുത്വാഇയാണ് ത്വയ്യ് ഗോത്രത്തിന്റെ മറ്റൊരു പുണ്യം. ഇദ്ദേഹത്തിന്റെ മക്കളായിരുന്നു അദിയ്യും സഫാനത്തും.
ഹാതിമുത്വാഇയുടെ മരണശേഷം അദിയ്യാണ് ത്വയ്യ് ഗോത്രത്തിന്റെ നാടുവാഴിയായി പദവിയേറ്റത്. അദിയ്യ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയുമായിരുന്നു. സഹോദരനില്‍ നിന്ന് മുഹമ്മദിനെപ്പറ്റി കേട്ടിരുന്ന സഫാനത്തിനും ഇതേ ധാരണയാണ് മദീനയെ കുറിച്ചുണ്ടായിരുന്നത്. തന്റെ അധികാരത്തിനും പദവിക്കും ഭീഷണിയാണ് മുഹമ്മദ് എന്ന് അദിയ്യ് ഉറച്ചു വിശ്വസിച്ചു. എന്നാല്‍ മദീനയില്‍ ഇസ്‌ലാം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു വരുന്നത് അദിയ്യിനെ പരിഭ്രാന്തനാക്കുകയും ചെയ്തിരുന്നു. വൈകാതെ മുഹമ്മദ് നജ്ദിലുമെത്തും എന്ന് അയാള്‍ ഉറപ്പിച്ചു.
അതുകൊണ്ടാവാം ഏതു സമയവും നാടുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു അദിയ്യ്. അങ്ങനെയിരിക്കെയാണ് മുസ്ലിം സൈന്യം നജ്ദിലെത്തുന്നു എന്ന വിവരം അദിയ്യിന് ലഭിക്കുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ അയാള്‍ സിറിയയിലേക്ക് നാടുവിട്ടു. എടുക്കാവുന്നതിന്റെ പരമാവധി സമ്പത്ത് വാരിയെടുത്തും ഭാര്യയെയും മക്കളെയും കൂടെക്കൂട്ടിയും തിടുക്കത്തിലുള്ള ആ യാത്രയില്‍ സഹോദരി സഫാനത്തിനെ മാത്രം അദിയ്യ് മറന്നുപോയി; ഒരു നിമിത്തമെന്നോണം.
വഴിമധ്യേ സഹോദരിയെ ഓര്‍മ വന്നെങ്കിലും തിരികെ വരാന്‍ ആ ഭീരുവിന് ധൈര്യമുണ്ടായില്ല. മുസ്‌ലിം സൈനികരുടെയും അതുവഴി മുഹമ്മദിന്റെയും പിടിയിലാകുന്നത് ആലോചിക്കാന്‍ പോലും അയാള്‍ക്ക് സാധിക്കുമായിരുന്നില്ല. അതേസമയം, കൂടപ്പിറപ്പിനെ മറന്നത് ഒരു സങ്കടമായി അയാളില്‍ നിറയുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലിം സൈന്യം നജ്ദിലെത്തി.
നാടുവാഴി നാടുവിട്ടോടിയതിനാല്‍ സൈന്യത്തിന് നജ്ദില്‍ എതിരാളികള്‍ ഉണ്ടായില്ല. സ്ത്രീകളെയും അരക്ഷിതരെയും ബന്ദികളാക്കി സൈന്യം മദീനയിലേക്ക് മടങ്ങി. ബന്ദികളില്‍ സഫാനത്തും ഉണ്ടായിരുന്നു.
സഹോദരന്റെ ചതിയോര്‍ത്ത് വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. ഭാര്യയും മക്കളും സമ്പത്തുമായി സിറിയയില്‍ അല്ലലില്ലാതെ ജീവിക്കുന്ന അവന്‍ ആപത്ത് ആസന്നമായ വേളയില്‍ തന്നെ മറന്നുപോയല്ലോ എന്നായിരുന്നു അവളുടെ സങ്കടം. എന്നാല്‍ ഇപ്പോള്‍ അവള്‍ ഭീതിയിലാണ്. അദിയ്യ് മുഹമ്മദിന്റെ ശത്രുവാണല്ലോ. അപ്പോള്‍ മുഹമ്മദിന് തിരിച്ചും ശത്രുതയുണ്ടാവും. ഈ ശത്രുവിന്റെ സഹോദരിയെയാണ് ബന്ദിയായി കിട്ടിയിരിക്കുന്നത്. ഇനി എന്തും പ്രതീക്ഷിക്കാം എന്നായിരുന്നു സഫാനത്തിന്റെ കണക്കുകൂട്ടല്‍.
മദീനയില്‍ പള്ളിയുടെ മുന്നില്‍ ബന്ദികള്‍ക്കായി ടെന്റൊരുങ്ങി. അതിലാണ് അവരെ താമസിപ്പിച്ചത്. ബന്ദികള്‍ക്കിടയില്‍ സഫാനത്ത് വേറിട്ടുനിന്നിരുന്നു. നാടുവാഴിയുടെ സഹോദരിയാണല്ലോ അവള്‍. മാത്രമല്ല, സങ്കടവും ആധിയും അവളുടെ മുഖത്ത് സദാ നിറഞ്ഞുനിന്നിരുന്നു. ഇടയ്ക്കിടെ അവളില്‍ നിന്ന് വിലാപവുമുയര്‍ന്നു. ഇത് ശ്രദ്ധയില്‍പെട്ട ചില സഹാബിമാര്‍ സഫാനത്തിനെ തിരുനബിയുടെ മുന്നില്‍ ഹാജരാക്കി.
മുഹമ്മദിനെ കുറിച്ച് സഹോദരനില്‍ നിന്നും മറ്റും അവള്‍ കുറേ കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് നേരില്‍ കാണുന്നത്. ശാന്തതയും വിനയവും സ്ഫുരിച്ചുനില്‍ക്കുന്ന ആ മുഖം കണ്ടപ്പോള്‍ അവളിലെ ഭയം അല്‍പം മാറി. പകരം സങ്കടം മുഴുവന്‍ പുറത്തേക്കൊഴുകുകയും ചെയ്തു. അവള്‍ പൊട്ടിക്കരഞ്ഞു. ഇത് തിരുനബിയെ വല്ലാതെയാക്കി.
”ആരാണ് നിങ്ങള്‍?” തിരുദൂതര്‍ ആരാഞ്ഞു.
”ദൂതരേ, എന്റെ പിതാവ് മരിച്ചു. ഏക ആശ്രയം സഹോദരനായിരുന്നു. അവനും കുടുംബവും എന്നെ തനിച്ചാക്കി നാടുവിടുകയും ചെയ്തു. അവിടന്ന് എന്നോട് ഔദാര്യം കാണിക്കണം”.
”ആരാണ് നിങ്ങളുടെ പിതാവ്?”
”ഹാത്വിമുത്വാഈ. എന്റെ ജനതയുടെ നേതാവായിരുന്നു അദ്ദേഹം. അതിഥിയെ അദ്ദേഹം വിരുന്നൂട്ടി. വിശന്നവന് ഭക്ഷണം നല്‍കി. അടിമകളെ മോചിപ്പിച്ചു. ചോദിച്ചു വരുന്നവന് കൈ നിറയെ നല്‍കി. സമാധാനം പ്രചരിപ്പിച്ചു” -സഫാനത്ത് പ്രിയ പിതാവിനെക്കുറിച്ച് വാചാലയായി.
അദ്ഭുതത്തോടെ അവളെ കേട്ടിരുന്ന നബി മറുപടിയായി പറഞ്ഞു: ”ഇപ്പറഞ്ഞതെല്ലാം വിശ്വാസിയുടെ അടയാളങ്ങളാണല്ലോ. നിന്റെ പിതാവ് മുസ്ലിമായിരുന്നെങ്കില്‍ അദ്ദേഹത്തിനു മേല്‍ ദൈവകാരുണ്യം വര്‍ഷിക്കുമായിരുന്നു.”
സഫാനത്തിന് അല്‍പം ആശ്വാസം തോന്നി. സങ്കടവും അലിഞ്ഞു. നബിയെ അവള്‍ അടുത്തറിയുകയായിരുന്നു.
”നിന്റെ സഹോദരന്‍ ആരാണ്?” നബിയുടെ അടുത്ത ചോദ്യം.
”അദിയ്യുബ്‌നു ഹാത്വിം”- അവള്‍ പറഞ്ഞു.
”അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രു. സത്യദീനില്‍ നിന്ന് ഓടിപ്പോയവന്‍”- നബി മന്ത്രിച്ചു.
സഹോദരന്റെ കാര്യം പറഞ്ഞപ്പോള്‍ നബി ആലോചനയിലാണ്ടത് സഫാനത്തില്‍ നേരിയ ആശങ്ക നിറച്ചു. ഇതിനിടെ ചിന്തയില്‍ നിന്നുണര്‍ന്ന തിരുദൂതര്‍ ചോദിച്ചു:
”നിനക്കായി ഞാന്‍ എന്താണ് ചെയ്തുതരേണ്ടത്?”
”സഹോദരന്‍ അദിയ്യ് സിറിയയിലുണ്ട്. അങ്ങോട്ട് പോകാന്‍ അനുമതി വേണം.”
”നിന്റെ സുരക്ഷ നമ്മുടെ ബാധ്യതയാണ്. അവസരം ഒത്തുവന്നാല്‍ നിന്നെ സിറിയയിലേക്ക് അയക്കാം. അതിന് പറ്റിയ ആരെയെങ്കിലും ലഭിക്കുമ്പോള്‍ വിവരം പറയുക. അതുവരെ കാത്തിരിക്കുക.”
തിരുനബിയുടെ സമീപനം സഫാനത്തില്‍ ആശ്വാസമായി പെയ്തു. ഇദ്ദേഹം ഒരു രാജാവല്ല എന്ന് അവള്‍ക്ക് ഉറപ്പായി. സഹോദരനില്‍ നിന്ന് കേട്ടറിഞ്ഞ മുഹമ്മദിന്റെ ഒരടയാളം പോലും അവള്‍ തിരുനബിയില്‍ കണ്ടതുമില്ല. ആ ഹൃദയത്തില്‍ ഇസ്‌ലാം കൂടുകൂട്ടിത്തുടങ്ങുകയായിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി. ബന്ദികളുടെ വിവരങ്ങള്‍ അറിയാന്‍ തിരുനബി പിന്നെയും പലവട്ടം വന്നു. അപ്പോഴൊക്കെ സഫാനത്തിനോട് ക്ഷേമാന്വേഷണവും നടത്തി. പരിചിതരായ സിറിയന്‍ യാത്രാസംഘത്തെ കിട്ടിയോ എന്നാരായാനും ദൂതര്‍ മറന്നില്ല. ഒരുതരം പിതൃവാത്സല്യം നബിയിലൂടെ അവള്‍ അനുഭവിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ അന്ത്യത്തില്‍ സഫാനത്തിന് വിശ്വസ്തരായ സിറിയന്‍ കച്ചവടസംഘത്തെ കിട്ടി. തിരുനബിയെ വിവരമറിയിച്ചു. പിന്നെ വൈകിയില്ല. യാത്രാവാഹനവും വസ്ത്രവും ചെലവിനുള്ള തുകയും നല്‍കി ദൂതര്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി. ഹൃദയത്തില്‍ നിന്നുള്ള നന്ദിവാക്കുകള്‍ പകരം നല്‍കി അവള്‍ മദീന വിട്ടു. തിരുനബിയും അവിടത്തെ വാത്സല്യവും കാരുണ്യവും ഔദാര്യവും അവളുടെ ഓര്‍മയില്‍ തങ്ങിനിന്നു. കുറ്റബോധത്തോടെ സഹോദരിയെ കാത്തുനിന്ന അദിയ്യിനു മുന്നില്‍ രോഷാകുലയായാണ് സഫാനത്ത് വാഹനമിറങ്ങിയത്.
”കൂടപ്പിറപ്പിനെ മറന്ന നന്ദികെട്ടവനേ” എന്ന അവളുടെ അഭിസംബോധന അദിയ്യ് നിര്‍ന്നിമേഷനായി കേട്ടുനിന്നു.
”തെറ്റു പറ്റി. എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയായിപ്പോയി. ക്ഷമിക്കൂ പെങ്ങളേ. നിന്നെ മുഹമ്മദ് വെറുതെ വിട്ടല്ലോ. എനിക്ക് ഇപ്പോഴാണ് ആശ്വാസമായത്”- അദിയ്യ് പറഞ്ഞു.
സഹോദരന്റെ വാക്കുകള്‍ സഫാനത്തിന് പിടിച്ചില്ല. അത് അവള്‍ ഇങ്ങനെ തിരുത്തി: ”നിന്റെ വിഭാവനയിലുള്ള മനുഷ്യനല്ല പ്രവാചകന്‍ മുഹമ്മദ്. ഞാന്‍ അദ്ദേഹത്തില്‍ പിതാവിന്റെ വാത്സല്യം കണ്ടു. സഹോദരന്റെ സുരക്ഷിതത്വം അനുഭവിച്ചു. സര്‍വോപരി ഒരു ദൈവദൂതന്റെ പ്രകാശം ദര്‍ശിച്ചു. അതുകൊണ്ട് ആ മഹാനുഭാവനെ നീ അടുത്തറിയണം. വൈകാതെ നീ മദീനയില്‍ പോകണം.”
കൂടപ്പിറപ്പിന്റെ വാക്കുകള്‍ അദിയ്യിന്റെ ഹൃദയത്തിലാണ് പതിച്ചത്. തുടര്‍ന്നാണ് ചെറിയൊരു സംഘത്തോടൊപ്പം അദ്ദേഹം തിരുനബിയെ കാണാനെത്തുന്നതും ഇസ്‌ലാം സ്വീകരിക്കുന്നതും.
സിറിയയില്‍ മടങ്ങിയെത്തിയ അദിയ്യിനെ ത്വയ്യ് ഗോത്രം സ്വീകരിച്ചത് ഇസ്‌ലാം വരിച്ചുകൊണ്ടാണ്. സഫാനത്തായിരുന്നു അവര്‍ക്ക് ആ വഴി കാണിച്ചുകൊടുത്തത്. അദിയ്യും സഫാനത്തും പിന്നെയും കുറേക്കാലം ത്വയ്യുകാരുടെ നേതൃത്വം വാണു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top