ഈ ഭൂമിയിലുള്ള ഭക്ഷ്യവിഭവങ്ങളെല്ലാം മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. ഭക്ഷണം അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. അത് നമുക്ക് ഭക്ഷിക്കാം. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ഏതൊരു ഭക്ഷണവും ഹലാലും ത്വയ്യിബും ആയിരിക്കണം. ഈ രണ്ട് ഉപാധികള്‍ പാലിച്ചുകൊണ്ടേ നമ്മള്‍ ഭക്ഷണം കഴിക്കാവൂ. മാത്രമല്ല, അല്ലാഹു നിഷിദ്ധമാക്കിയ ഭക്ഷണം കഴിക്കാനും പാടില്ല.
വായുവും വെള്ളവും കഴിഞ്ഞാല്‍ ജീവന്റെ നിലനില്‍പിന് ഏറ്റവും അവിഭാജ്യമായ ഘടകമാണ് ഭക്ഷണം. അതിനാല്‍ അത് പാഴാക്കാനോ ദുര്‍വിനിയോഗം ചെയ്യാനോ മുതിരരുത്. ഭക്ഷണം ലഭ്യമല്ലാത്ത ഒരവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞു: ”വിശപ്പ് ഇല്ലാതാക്കാന്‍ ഭ്രാന്തിനു പോലും കഴിയുന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു. വിശപ്പാണ് പരമ സത്യം. ഭ്രാന്ത് പോലും വിശപ്പ് മാറിയ ശേഷമേയുള്ളൂ എന്നെനിക്ക് മനസ്സിലായി.”
വിശപ്പിന്റെ കാഠിന്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തത് സുലഭമായി ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ്.
വിശപ്പിന്റെ പാഠങ്ങള്‍ പഠിച്ചും അനുഭവിച്ചും ജീവിച്ച വ്യക്തിയാണ് അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദ് നബി(സ). നബിയുടെ ജീവിതത്തില്‍ ഒരിക്കല്‍ ഉണ്ടായ സംഭവത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെപറയാം: ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: നബി (സ) തിരുമേനിയും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരും വളരെ വിശന്നുവലഞ്ഞ ഒരവസരത്തില്‍ അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ആദ്യം അദ്ദേഹം അവര്‍ക്ക് ഈത്തപ്പഴം നല്‍കി. തുടര്‍ന്ന് ഒരു ആടിനെ അറുത്ത് ഭക്ഷണവും നല്‍കി. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങനെ പറഞ്ഞു: ”തീര്‍ച്ചയായും, ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ് നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് നിങ്ങള്‍ക്ക് ഇത് (ഈ സല്‍ക്കാരം) ലഭിക്കാതെ നിങ്ങള്‍ മടങ്ങേണ്ടിവന്നില്ല. ഇത് (അല്ലാഹു നല്‍കിയ) സുഖാനുഗ്രഹമാകുന്നു.”
അല്ലാഹുവിന്റെ പ്രവാചകന്‍ പോലും വിശപ്പിനാല്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നമുക്കും പട്ടിണിയുടെ വേദന അനുഭവിക്കേണ്ടിവന്നേക്കുമെന്ന ബോധം ഓരോ പിടി വാരിക്കഴിക്കുമ്പോഴും വേണമെന്നു സാരം.
തീന്‍മേശയിലെ ഓരോ ഭക്ഷണവേളയിലും സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ വിശ്വാസി പാലിക്കേണ്ടതുണ്ട്.
എന്താണ് ഹലാല്‍?
കുറച്ചു നാളുകള്‍ക്കു മുമ്പ് കൊച്ചിയില്‍ കത്തിപ്പടര്‍ന്ന അരുചികരമായ ഒരു വിവാദമായിരുന്നു ‘ഹലാല്‍’ ഭക്ഷണത്തിന്റെ പേരില്‍ നടന്നത്. യഥാര്‍ഥത്തില്‍ എന്താണ് ഹലാലായ ഭക്ഷണം?
‘ഹലാല്‍’ എന്ന പദത്തിന്റെ വാക്കര്‍ഥം നല്ലത്, അനുവദിക്കപ്പെട്ടത് എന്നിങ്ങനെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കഴിക്കുന്ന ഭക്ഷണം നല്ലതായിരിക്കണം എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ ഒരു കച്ചവട തന്ത്രമായി മാറ്റിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. കഴിക്കുന്ന ഭക്ഷണം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ അയാളുടെ സമ്മതമില്ലാതെ എടുത്തതോ മോഷ്ടിച്ചതോ അല്ലാത്തത്, പലിശയിലൂടെ നേടിയെടുത്തതല്ലാത്തത്, മറ്റുള്ളവരെ ചൂഷണം ചെയ്‌തോ വഞ്ചിച്ചോ കൈവശപ്പെടുത്താത്തത്, കഴിക്കരുതെന്ന് ഖുര്‍ആനും സുന്നത്തും കല്‍പിച്ച ഭക്ഷണങ്ങള്‍ അല്ലാത്തത് എന്നിവയൊക്കെയാണ് ഹലാലായ ഭക്ഷണങ്ങള്‍. മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് ഭക്ഷണപാനീയങ്ങള്‍ ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതും നിര്‍ബന്ധമായ കാര്യമാണ്. ഇവയെക്കുറിച്ചെല്ലാം ഖുര്‍ആനില്‍ പല സൂറത്തുകളിലായി എടുത്തുപറഞ്ഞിട്ടുണ്ട്. ”അല്ലയോ മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു” (അല്‍ബഖറ 168).
ഭൂമിയിലെ വിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണ്. മതത്തിന്റെ വ്യക്തമായ വിലക്കില്ലാത്തതും മ്ലേഛവും ഉപദ്രവകരമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്‌ലാമിന്റെ വിധിയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അധ്വാനിച്ചു നേടിയതും കൃഷിയിലൂടെയോ കച്ചവടത്തിലൂടെയോ സമ്പാദിച്ചതും ദാനധര്‍മങ്ങളിലൂടെയോ അനന്തരാവകാശത്തിലൂടെയോ നേടിയതുമെല്ലാം ഹലാലായ വിഭവങ്ങളാണ്.
ത്വയ്യിബ്
ത്വയ്യിബ് അഥവാ ശുദ്ധമായത് എന്നത് ഒരു പദാര്‍ഥം ഭക്ഷ്യയോഗ്യമാവേണ്ടതിനുള്ള രണ്ടാമത്തെ യോഗ്യതയാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, വൃത്തികെട്ടതോ ആരോഗ്യത്തിന് ഹാനികരമാകുന്നതോ ബുദ്ധിക്കോ സ്വഭാവത്തിലോ ദുഷിച്ച സ്വാധീനം ചെലുത്തുന്നവയോ അറപ്പുളവാക്കുന്ന പദാര്‍ഥങ്ങളോ അല്ലാതിരിക്കലാണ്. ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (അല്‍ബഖറ 172).
അല്ലാഹു നമുക്കു വേണ്ടി ഈ ലോകത്ത് അനുവദനീയമാക്കിയിട്ടുള്ള എല്ലാ നല്ല വിഭവങ്ങളും മനഃപ്രയാസമില്ലാതെ മിതമായ രീതിയില്‍ നമുക്ക് ഭക്ഷിക്കാവുന്നതാണ്.
എന്നാല്‍ ചില മനുഷ്യര്‍ ഹലാലായ ഭക്ഷണം മാത്രം നോക്കുകയും ‘ത്വയ്യിബി’നെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. അതിനാല്‍ പലവിധ രോഗങ്ങളും ആരോഗ്യക്കുറവും ഇന്ന് മനുഷ്യരില്‍ പ്രകടമായിരിക്കുന്നു. ശരീരത്തിന് ഹാനികമായ ഏതു തരം ഭക്ഷണമായാലും അത് വര്‍ജിക്കാന്‍ നമ്മള്‍ മനസ്സിനെ പാകപ്പെടുത്തണം. സൂറത്ത് ത്വാഹയില്‍ അല്ലാഹുവിന്റെ കോപത്തിന് ഇരയാകുന്ന ഒരു വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്. ”നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള ശുദ്ധമായ സാധനങ്ങളില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുക; അതില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. എന്നാല്‍ (അതിക്രമം ചെയ്താല്‍) നിങ്ങളുടെ മേല്‍ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെമേല്‍ ഇറങ്ങുന്നുവോ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു” (20:81).
നിഷിദ്ധങ്ങള്‍
ഹലാലും ത്വയ്യിബും അല്ലാത്ത എല്ലാ ഭക്ഷ്യവിഭവങ്ങളും ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് നിഷിദ്ധമാക്കപ്പെട്ടവയാണ്. ”ശവവും രക്തവും പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട, അറുക്കപ്പെട്ടതും മാത്രമേ അവന്‍ നിങ്ങള്‍ക്ക് ഹറാമാക്കിയിട്ടുള്ളൂ. എന്നാല്‍, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്നപക്ഷം, അവന്റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്” (അല്‍ബഖറ 173).
ഭക്ഷണ മര്യാദകള്‍
മനുഷ്യര്‍ക്ക് ഈ ഭൂമുഖത്ത് ജീവിക്കണമെങ്കില്‍ അന്നപാനീയങ്ങള്‍ അത്യാവശ്യമാണ്. ഭക്ഷണം കൊണ്ട് തമാശ കളിക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കണം.
കൈ കഴുകുക
ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് രണ്ടു കൈകളും കഴുകല്‍ പ്രധാനമാണ്. വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നതിനു പുറമേ ആത്മീയമായും അതിനു പിന്നില്‍ ചില അര്‍ഥങ്ങളുണ്ട്. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: ”ഭക്ഷണത്തിലെ അനുഗ്രഹം അതിന്റെ മുമ്പും ശേഷവും അംഗശുദ്ധി വരുത്തുന്നതിലാണ്.” ഭക്ഷണത്തിനു മുമ്പ് കൈകള്‍ ശുദ്ധമാക്കണം എന്ന വിഷയത്തില്‍ വന്ന ഹദീസാണിത്. അഴുക്ക് പുരളാന്‍ ഏറെ സാധ്യതയുള്ള അവയവമാണ് കൈ. അതിനാല്‍ അത് കഴുകുന്നത് ആരോഗ്യ സംരക്ഷണത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
ബിസ്മി ചൊല്ലല്‍
ഭക്ഷണം കഴിക്കുന്നത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലാകണം. അതിനാല്‍ ‘ബിസ്മില്ലാഹ്’ എന്നു ചൊല്ലുക. ബിസ്മി ചൊല്ലല്‍ കേവലം ചടങ്ങു കഴിക്കലാവരുത്. ലോകത്ത് ഒരുപാടു പേര്‍ ഭക്ഷണം ലഭിക്കാതെ വിശന്നുവലഞ്ഞിരിക്കുമ്പോഴും തനിക്ക് ഒരു നേരത്തെ ഭക്ഷണം അല്ലാഹു നല്‍കി. അതിനാല്‍ ആ നാഥനോടുള്ള നന്ദി പ്രകടനത്തില്‍ വീഴ്ച വന്നുകൂടാ.
ബിസ്മി ചൊല്ലാന്‍ മറന്നാല്‍:
ആയിശയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ ബിസ്മില്ലാഹ് എന്നു പറയട്ടെ. അത് പറയാന്‍ മറന്നാല്‍ ‘ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു’ (അല്ലാഹുവിന്റെ നാമം കൊണ്ടാണ് ഇതിന്റെ തുടക്കവും ഇതിന്റെ അവസാനവും) എന്നു പറയട്ടെ” (തിര്‍മിദി).
വലതുകൈ കൊണ്ട് കഴിക്കുക
തിന്നുന്നതും കുടിക്കുന്നതും വലതു കൈകൊണ്ടാകണം. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് വലതു കൈയാണ്. നബി(സ) പറഞ്ഞു: ”നിങ്ങളാരും ഇടതുകൈ കൊണ്ട് തിന്നരുത്, കുടിക്കരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടതുകൈ കൊണ്ടാണ്” (ഇബ്‌നുമാജ). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. ”നിങ്ങള്‍ വലതുകൈ കൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക” (ഇബ്‌നുമാജ).
അരികത്തുള്ളത് മാത്രം ഭക്ഷിക്കുക
നാം ഇരിക്കുന്നതിന്റെ അരികത്തുള്ള ഭക്ഷണം മാത്രമേ കഴിച്ചുതുടങ്ങാന്‍ പാടുള്ളൂ. ഭക്ഷണത്തളികയില്‍ തന്റെ അടുത്ത ഭാഗത്തു നിന്ന് ഭക്ഷിക്കേണ്ടതാണ്. പാത്രത്തിന്റെ മധ്യത്തില്‍ നിന്ന് ഭക്ഷിക്കരുത്. നബി(സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ തളികയുടെ മുകളില്‍ നിന്ന് തിന്നരുത്. അവന്‍ അതിന്റെ താഴ്ഭാഗത്തുനിന്ന് തിന്നട്ടെ. നിശ്ചയം, അനുഗ്രഹം മുകളില്‍ നിന്നാണ് ഇറങ്ങുന്നത്.” മറ്റൊരു ഹദീസില്‍ നമുക്ക് ഇപ്രകാരം കാണാം. ഉമറുബ്‌നു അബീസലമ(റ) പറഞ്ഞു: ”ഞാന്‍ നബിയുടെ(സ) സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോള്‍) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തും പരതുമായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ) എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈ കൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി” (ബുഖാരി).
ഒന്നിച്ചിരുന്ന് ഭക്ഷിക്കുക
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ പേരെ ഭക്ഷിപ്പിക്കുന്നതും പുണ്യമുള്ള കാര്യമാണ്. നബി(സ) പറഞ്ഞു: ”നിങ്ങള്‍ സംഘടിച്ചു ഭക്ഷിക്കുവിന്‍. അതില്‍ ബറകത്ത് നല്‍കപ്പെടും” (അബൂദാവൂദ്).
ഊതാതിരിക്കുക
നബി(സ) വിലക്കിയ ഒരു സംഗതിയാണ് ഭക്ഷണത്തില്‍ ഊതലും ശ്വാസം വിടലും. അദ്ദേഹം പറഞ്ഞു: ”ഭക്ഷണം ചൂടുണ്ടെന്നു കരുതി നിങ്ങള്‍ ഊതരുത്” (അഹ്മദ്). ചൂടാറുന്നതുവരെ ക്ഷമിക്കുകയാണ് വേണ്ടത്.
ചവച്ചരച്ച് കഴിക്കുക
കഴിക്കുന്ന ഭക്ഷണം എന്തുതന്നെയായാലും നല്ല രീതിയില്‍ ചവച്ചരച്ചു കഴിക്കണം. നല്ല രീതിയില്‍ ചവച്ചരക്കാത്ത ഭക്ഷണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാവും.
പാഴാക്കാതിരിക്കുക
തീന്‍മേശയിലെ ആസ്വാദനവേളകളില്‍ പലപ്പോഴും നാം മറന്നുപോകുന്ന കാര്യമാണ് ആഹാരത്തിന്റെ ദുര്‍വ്യയം. എപ്പോഴും നമുക്ക് ആവശ്യമുള്ളതു മാത്രം മിതമായി കഴിക്കാന്‍ ശ്രമിക്കുക. ആഹാരം പാഴാക്കരുത്. നമ്മുടെ മുന്നില്‍ ധാരാളം വിഭവങ്ങള്‍ ലഭിക്കുന്നതുകൊണ്ടും തന്റെ പണം ഉപയോഗിച്ച് എന്തും വാങ്ങാന്‍ സാധിക്കുമെന്ന അഹങ്കാരവുമാണ് ആഹാരം പാഴാക്കിക്കളയുന്നതിനു പിന്നിലുള്ളത്. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും മേന്മയും മാത്രമേ നമ്മില്‍ പലരും നോക്കുന്നുള്ളൂ. ഈ അനുഗൃഹീത വിഭവം എവിടന്ന് കിട്ടി, ആര് തന്നു എന്നു ചിന്തിക്കുന്നില്ല. അതിനാല്‍ തന്നെ പല പരിപാടികളും സല്‍ക്കാരങ്ങളും അവസാനിക്കുമ്പോള്‍ കുന്നോളം ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്. അതും ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വിലയറിയുന്നവര്‍ തന്നെ!
കൈയും വായയും വൃത്തിയാക്കുക
ആഹാരം കഴിച്ചവന്‍ തന്റെ കൈയും വായയും വൃത്തിയാക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചു. ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് കഴുകിയോ തുടച്ചോ വൃത്തിയാക്കാവുന്നതാണ്. സുവൈദില്‍ നിന്ന് നിവേദനം: ”ഞങ്ങള്‍ നബി(സ)യുടെ കൂടെ ഖൈബറിലേക്ക് പോയപ്പോള്‍ സ്വഹ്ബാഇല്‍ വെച്ച് നബി(സ) ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ധാന്യപ്പൊടി കൊണ്ടുള്ള ഭക്ഷണം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. അത് ഞങ്ങളും തിന്നു. ശേഷം നബി(സ) വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വായില്‍ വെള്ളം കൊപ്ലിച്ചു. ഞങ്ങളും കൊപ്ലിച്ചു” (ബുഖാരി). ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ കൈയും വായയും ഭക്ഷണപ്പാത്രവും വൃത്തിയാക്കണം. കൂടെ കൈവിരലുകള്‍ക്കിടയിലുള്ള ഭക്ഷണം നക്കി വൃത്തിയാക്കണം.
അല്ലാഹുവിനെ സ്തുതിക്കുക
ഭക്ഷണം കഴിച്ചാല്‍ അല്ലാഹുവിനെ സ്തുതിക്കണം. ”എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ചു തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും” എന്നു ഭക്ഷണശേഷം പ്രാര്‍ഥിക്കണം. നബി(സ) അരുളി: ”ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്” (തിര്‍മിദി).
പലപ്പോഴും ഭക്ഷണശേഷമുള്ള പ്രാര്‍ഥനയുടെ പ്രാധാന്യം നാം ഓര്‍ക്കാറില്ല. വിശന്നൊട്ടിയ വയറിലേക്ക് കുറച്ച് ഭക്ഷണം എത്തുമ്പോള്‍ അവന് കിട്ടുന്ന സുഖവും സന്തോഷവും ചെറുതല്ലല്ലോ. അതിലൂടെ ലഭിക്കുന്ന ശക്തിയും വളര്‍ച്ചയും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതുമാണ്. എന്നാലും ഭക്ഷണശേഷം നമ്മുടെ പ്രാര്‍ഥന ആത്മാര്‍ഥവും നിഷ്‌കളങ്കപൂര്‍വവുമാണോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണവിഭവങ്ങളിലെ കുറ്റങ്ങള്‍ കാണാനും പറയാനും നമ്മള്‍ കാണിക്കുന്ന ആവേശത്തിന്റെ ചെറിയ ഒരു അംശം മതി കിട്ടിയ ആഹാരത്തിന് സ്രഷ്ടാവിനോട് നന്ദി കാണിക്കാന്‍.
നമ്മുടെ ജീവിതത്തില്‍ ഈ സുന്നത്തുകള്‍ നടപ്പാക്കണം. പരിഷ്‌കാരത്തിന്റെ പേരില്‍ ഈ സുന്നത്തുകളെ മാറ്റിവെക്കുന്നവരുണ്ട്. നിസ്സാര കാര്യങ്ങളാണെന്ന രീതിയില്‍ ഇവ വേണ്ടവിധം പരിഗണിക്കാത്തവരുണ്ട്. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് നടപ്പാക്കുക എന്നത്.
അല്ലാഹു പറയുന്നു: ”(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രേ” (ഖുര്‍ആന്‍ 3:31)