ഇവിടേക്കാണ്
പുറപ്പെട്ടിറങ്ങിയത് എങ്കില്‍,
മടങ്ങിപ്പോകണം.
ഇവിടെ പുറംകാഴ്ചകള്‍ പോലെ
മനോഹരമല്ല ഒന്നും.
ചുവന്നു തുടുത്ത ഹൃദയമെന്ന്
ധരിച്ചുവെച്ചത്,
വര്‍ഷങ്ങള്‍ പഴകിയ
സജീവ അഗ്‌നിപര്‍വതമാണ്.
ഇടയ്ക്കിടെ ഒഴുകിപ്പരന്ന്
ഉറഞ്ഞ ലാവ വഴികളാണ്
അകലെ നിന്നും
തെറ്റിദ്ധരിപ്പിച്ചു നടത്തിച്ചു വന്നത്.
ചെറുതും വലുതും ഇടത്തരമെന്നും
തരം തിരിച്ചു സൂക്ഷിക്കുന്ന
ആയുധപ്പുരകളാണ് ഉള്ളില്‍ നിറയെ.
അളവും അനുപാതവും
കൃത്യതപ്പെടുത്തി, സൂക്ഷ്മം നിര്‍മിച്ച
വെടിമരുന്നുശാലകള്‍.
ഇവിടെ വന്നവരൊക്കെ
ചിതറിത്തെറിച്ചു തിരിച്ചുപോയവരാണ്.
ചിറകു നഷ്ടപ്പെട്ട ഒരു ജഡായു ഇപ്പോഴും
രക്തസാക്ഷി മണ്ഡപത്തില്‍ കാവലുണ്ട്.
ഒളിപ്പിച്ച ദംഷ്ട്രയും കൂര്‍ത്ത നഖങ്ങളും
ചോരക്കൊതിയടങ്ങാത്ത നാവും
പരിചയമില്ലാത്ത സ്ഥിരഭാവങ്ങളാണ്.
ദിനചര്യകള്‍ പോലെ യുദ്ധങ്ങള്‍
അവനവനോടു തന്നെ നടത്തി
തോല്‍വി, തടവ്, ആള്‍നാശം
സഹിക്കവയ്യാതെ
പിന്നെയും പിന്നെയും പൊരുതി
തളര്‍ന്നിരിക്കുന്നതാണ്
പ്രണയചന്ദ്രിക നോക്കി
വിടര്‍ന്നൊരാമ്പല്‍ ചന്തമെന്നോര്‍ത്ത്
സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
മരിച്ച സ്വപ്‌നങ്ങള്‍
മണം നല്‍കി വിരിയിച്ച
വയലറ്റു പൂക്കള്‍ പെറുക്കേണ്ടതില്ല .
കായാകുവാനാകാത്ത നിലവിളികള്‍ക്കുള്ളില്‍
കറുത്ത പ്രഭാതങ്ങളെ കുരുക്കിയിട്ടിട്ടുണ്ട്.
മഴവില്ലു കണ്ട് കൊതിച്ചിറങ്ങേണ്ട
ഭൂതകാലം വന്ന് ഇന്നിന്റെ
നിറങ്ങളെ പിടിച്ചു കെട്ടി
തൂക്കിലേറ്റി പ്രദര്‍ശിപ്പിച്ചതാണ്.
തിരിച്ചു പോവാന്‍ വൈകിയ നിലാവും
കാര്‍മേഘക്കെട്ടിലെ ചോരാത്ത
തുള്ളിയും, ചിരിച്ചത് നിന്നെക്കണ്ടല്ല.
ദേശാടനം ചെയ്യും കാഷായവേഷങ്ങള്‍
ഭജനപ്പാട്ടില്‍ കയറി പറന്നുപോയത്
ജ്വലിക്കുന്ന സൂര്യന്‍ വിഴുപ്പലക്കി
മറഞ്ഞ, സന്ധ്യാ ദ്വീപിലേക്കാണ്.
ഇവിടേയ്ക്കുള്ള ഒറ്റയടിപ്പാതയില്‍,
പക മൂത്ത മൂര്‍ഖന്‍ കാത്തിരിക്കുന്നുണ്ട്.
ഇനിയും പിന്തിരിയാനൊരുക്കമില്ലെങ്കില്‍,
കഴിഞ്ഞതിനൊക്കെയും
നന്ദി ചൊല്ലി, നീയവിടെ നിന്നും പുറപ്പെടുക.