LoginRegister

കൊളംബിയയുടെ മക്കള്‍

ഷെരീഫ് സാഗര്‍

Feed Back


കൊടുങ്കാട്ടില്‍ അകപ്പെട്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്തായിരിക്കും നമ്മുടെ അവസ്ഥ? എങ്ങനെയായിരിക്കും മുന്നോട്ടുള്ള നീക്കം? എത്രനാള്‍ നമുക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റും? ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ് ഈ ചോദ്യങ്ങളിലേക്ക് നയിച്ചത്. കൊളംബിയയിലെ ആമസോണ്‍ കാടുകളിലാണ് സംഭവം.
‘സെസ്‌ന 206’ എന്ന ചെറു വിമാനം അന്നും പതിവുപോലെയാണ് യാത്ര തിരിച്ചത്. 2023 മെയ് ഒന്നിന്. ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ജോസ് ഡേല്‍ ഗ്വവിയാരേയിലേക്ക്. ഏഴു പേരായിരുന്നു യാത്രക്കാര്‍. പൈലറ്റ്, സഹ പൈലറ്റ്, നാല് കുട്ടികള്‍, അവരുടെ അമ്മ. ആമസോണ്‍ കാടിനെ മറികടക്കാന്‍ ചെറിയ വിമാനങ്ങളും ബോട്ടുകളുമാണ് ഈ പ്രദേശത്തുകാര്‍ ഉപയോഗിക്കാറുള്ളത്. യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായി. നീണ്ട 15 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങളും തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. വിമാനം കാട്ടിലേക്ക് മൂക്കുകുത്തി വീഴുകയായിരുന്നു. മുതിര്‍ന്നവര്‍ മരിച്ചെങ്കിലും കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്ത് പടര്‍ന്നുകിടക്കുന്ന വലിയ വനപ്രദേശത്തെയാണ് ആമസോണ്‍ മഴക്കാടുകള്‍ എന്നു വിളിക്കുന്നത്. ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വനത്തിന്റെ 60 ശതമാനവും ബ്രസീലിലാണ്. 10 ശതമാനം കൊളംബിയയില്‍. അപകടം സംഭവിച്ചത് കൊളംബിയന്‍ പൗരന്മാര്‍ക്കാണ്. കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അവര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഏതാണ്ട് ഉറപ്പായി. പതിമൂന്നുകാരി ലെസ്ലി, ഒമ്പതു വയസ്സുള്ള സോളിനി, നാല് വയസ്സുകാരി ടിയന്‍ നോറിയല്‍, പതിനൊന്ന് മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍- അവര്‍ക്കു വേണ്ടി ഒരു രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
ഹുതോട്ടോ ഗോത്രക്കാരായിരുന്നു ഈ കുട്ടികള്‍. അച്ഛന്റെ പേര് മാനുവല്‍ റണോക്ക്. അമ്മ മഗ്ദലീന. ഒളിപ്പോരാളികളുടെ ഭീഷണി കാരണം മാസങ്ങള്‍ക്കു മുമ്പ് നാടു വിട്ട അച്ഛനെ കാണാനായിരുന്നു ഇവരുടെ യാത്ര. ഹുതോട്ടോ ഗോത്രത്തിന്റെ നേതാവായിരുന്നു മാനുവല്‍. അപകടം നടന്ന് നാലാം ദിവസമാണ് ഗുരുതരമായി പരിക്കേറ്റ മഗ്ദലീന മരിച്ചത്.
”മക്കളേ, നിങ്ങള്‍ ഇവിടെ നിന്ന് പോകൂ. ഞാന്‍ നിങ്ങളെ സ്‌നേഹിച്ച പോലെ ധീരനായ അച്ഛന്‍ നിങ്ങളെയും സ്‌നേഹിക്കും”- മരിക്കുന്നതിനു മുമ്പ് അമ്മ മക്കളോട് പറഞ്ഞു.
ചീങ്കണ്ണികളും പൂമയും അനാക്കോണ്ടയും ഇലക്ട്രിക് ഈലുകളും പിരാനകളും വിഷപ്പാമ്പുകളും നിറഞ്ഞ കൊടുങ്കാട്ടില്‍ ആ കുട്ടികള്‍ ഒറ്റയ്ക്കായി. പിന്നീട് അതിജീവനത്തിന്റെ നാളുകളായിരുന്നു. മൂത്തവള്‍ ലെസ്‌ലിയാണ് ആ ദൗത്യം ഏറ്റെടുത്തത്. കാട്ടിനുള്ളിലൂടെ കുഞ്ഞിനെ തോളത്തിട്ട് അവള്‍ നടന്നു. കൂടെ സഹോദരങ്ങളും. എങ്ങോട്ടെന്നറിയാത്ത നടത്തം. രാവും പകലും ഇരുട്ടിലാണ്ട, തോരാതെ മഴ പെയ്യുന്ന കാട്ടിലൂടെ അവര്‍ നടന്നു. ആമസോണില്‍ കുടുങ്ങിയാല്‍ മരുഭൂമിയില്‍ അകപ്പെട്ട പോലെയാണ്. കാടറിയുന്നവര്‍ പോലും കുടുങ്ങിയിട്ടുണ്ട്. വളരെ നാള്‍ അന്വേഷിച്ചിട്ടാണ് അവരില്‍ പലരെയും തിരിച്ചുകിട്ടിയത്. നിരവധി പേര്‍ മരിച്ചിട്ടുമുണ്ട്.
ലെസ്‌ലി വിധിയെ പഴിച്ചില്ല. മഴക്കാട്ടിലെ ഇരുട്ടില്‍ ഭയന്നുവിറച്ച് കൂനിക്കൂടി ഇരുന്നില്ല. മഴയില്‍ തണുത്തില്ല. വലിയ ഇലകളും കൊമ്പുകളും ഉപയോഗിച്ച് കൂടാരങ്ങളുണ്ടാക്കി മഴയെ തടുത്തു. രക്ഷയുടെ വാതിലുകള്‍ തേടി അവള്‍ നടന്നു. അപകട സമയത്ത് ബാക്കിയായത് ഒരു പാല്‍ക്കുപ്പിയും കസാവ എന്നു വിളിക്കുന്ന കപ്പപ്പൊടിയും മാത്രമാണ്. ആദ്യ ദിവസങ്ങളില്‍ ഈ പൊടി കഴിച്ചിട്ടാണ് വിശപ്പടക്കിയത്. അത് തീര്‍ന്നതോടെ കാട്ടുപഴങ്ങള്‍ പറിച്ചെടുത്തും കിഴങ്ങുകള്‍ കണ്ടെത്തിയും ഭക്ഷിച്ചു. കഴിക്കാന്‍ സാധിക്കുന്ന ഇലകളും ചെടികളും തിന്നു. മരപ്പൊത്തുകളില്‍ രാപ്പാര്‍ത്തു. കാട്ടുപഴങ്ങളും ചെടികളും വായിലിട്ട് ചവച്ചരച്ച് അവര്‍ ഒരു വയസ്സുള്ള കുഞ്ഞിന്റെ വായില്‍ വെച്ച് കൊടുത്തു.
നാല്‍പത് നാളുകള്‍ക്കു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളെ കണ്ടെത്താന്‍ സാധിച്ചത്. സൈന്യത്തോടൊപ്പം ഗോത്രവര്‍ഗക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 150 അംഗ കൊളംബിയന്‍ രക്ഷാസേന 2600 കിലോമീറ്റര്‍ പ്രദേശത്താണ് തിരച്ചില്‍ നടത്തിയത്. കാട്ടില്‍ ലൗഡ് സ്പീക്കറില്‍ കുട്ടികളുടെ അമ്മൂമ്മയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം മുഴങ്ങി. എങ്ങോട്ടും നീങ്ങരുതെന്നും ഒരിടത്ത് നില്‍ക്കൂ എന്നും അമ്മൂമ്മ പറഞ്ഞുകൊണ്ടിരുന്നു. അപകടസ്ഥലത്തു നിന്ന് മൂന്നു മൈല്‍ മാത്രം അകലെയായിരുന്നു കുട്ടികള്‍. ഇവിടെ തിങ്ങിനിറഞ്ഞ കാടായതിനാല്‍ ഹെലികോപ്റ്റര്‍ ഒരിക്കല്‍ വന്നു മടങ്ങി. ഒടുവില്‍ കയറില്‍ തൂങ്ങിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങിയത്. കയറില്‍ തൂക്കി തന്നെ ഓരോരുത്തരെയും കോപ്റ്ററിലെത്തിച്ചു.

മുതിര്‍ന്നവര്‍ പോലും നിരാശയോടെ ജീവിതം അവസാനിപ്പിക്കാന്‍ സാധ്യതയുള്ള ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് ധൈര്യവും കാടറിവുമാണ് കൊളംബിയയുടെ മക്കളെ രക്ഷിച്ചത്. കുട്ടികള്‍ക്ക് കാട് പരിചിതമായിരുന്നു. കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ പഴങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. മുത്തച്ഛന്‍ ഫിഡെന്‍സിയോ അവരെ കാടിനോട് ചേര്‍ത്തുനിര്‍ത്തിയാണ് വളര്‍ത്തിയത്. ചെറുപ്പം മുതലേ വേട്ടയാടലും മീന്‍പിടിത്തവും ശീലമാക്കിയിരുന്നു. അതിജീവനം പ്രമേയമാക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം കളിച്ചിരുന്ന ലെസ്‌ലി അതേ മാതൃകയിലാണ് കാട്ടില്‍ ക്യാമ്പുകള്‍ കെട്ടിയുണ്ടാക്കിയത്. ഹെയര്‍ റിബണുകള്‍ കൂട്ടിക്കെട്ടി കമ്പുകള്‍ സുരക്ഷിതമാക്കി. മുത്തശ്ശി ഫാത്തിമ വലന്‍സിയയാണ് കുട്ടികളെ പരിപാലിക്കാന്‍ ലെസ്‌ലിയെ പഠിപ്പിച്ചത്. കൊച്ചുകുഞ്ഞിന്റെ മുഴുവന്‍ ഭാരവും കൈകളില്‍ വന്നിട്ടും അവള്‍ തളരാതെ നിന്നത് ഈ പരിശീലനം കൊണ്ടാണ്.
പാഠപുസ്തകങ്ങളിലെ തത്വങ്ങള്‍ക്കപ്പുറം പ്രായോഗിക ജീവിതയാത്രകളിലൂടെയാണ് മക്കളെ വളര്‍ത്തേണ്ടതെന്ന വലിയ പാഠമാണ് ഈ സംഭവം. വീട്ടില്‍ അമ്മ ജോലിക്ക് പോകുമ്പോള്‍ മക്കളെ പരിചരിച്ച മൂത്ത കുട്ടിയാണ് മറ്റു കുട്ടികളെ രക്ഷിച്ചത്. കരയുമ്പോള്‍ അവരെ ആശ്വസിപ്പിക്കാനും അവര്‍ക്കു വേണ്ടി ഭക്ഷണം തേടാനും മൂത്ത കുട്ടിക്ക് കിട്ടിയ ധൈര്യമാണ് ആ നാലു മക്കളെയും രക്ഷിച്ചത്. അവള്‍ക്ക് ഒരു പോരാളിയുടെ മനസ്സായിരുന്നു.
”ഇന്നലെ വരെ അവര്‍ കാടിന്റെ മക്കളായിരുന്നു. ഇനിയവര്‍ കൊളംബിയയുടെ മക്കളാണ്. മാനവരാശിക്കു മുന്നില്‍ അതിജീവനത്തിന്റെ വലിയ പാഠമായി അവര്‍ നിലകൊള്ളും”- കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വാക്കുകള്‍.
ജീവിക്കുന്ന ചുറ്റുപാടുകളുമായി ഇടപെടാനുള്ള അവസരങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക എന്ന വലിയൊരു പാഠം ഈ സംഭവം നമുക്ക് പകര്‍ന്നു തരുന്നു. പ്രായോഗിക ജീവിതപാഠങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ പുതിയ തലമുറയില്‍ പെരുകുന്ന കാലത്ത് കൊളംബിയയുടെ മക്കള്‍ മാതൃകയാണ്. വീടറിഞ്ഞും നാടറിഞ്ഞും വളരാനുള്ള മാതൃക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top