LoginRegister

കെട്ടിക്കിടക്കരുത്; പുഴ പോലെയാവുക

ഷബ്‌ന പൊന്നാട്

Feed Back


തിരിച്ചറിവ്
കുട്ടിക്കാലത്ത് എന്നെപ്പോലെ ദുഃഖങ്ങള്‍ അനുഭവിക്കുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിരുന്നില്ല. സ്‌കൂളിലും പോകുന്ന ഇടങ്ങളിലുമൊന്നും വീല്‍ചെയറിലുള്ള ഒരാളുമില്ലായിരുന്നു. പടച്ചോന്‍ എനിക്ക് മാത്രമാണോ ഈയൊരവസ്ഥ തന്നതെന്ന് അപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു. എന്നാൽ എഴുതിത്തുടങ്ങിയപ്പോഴാണ് എന്നേക്കാള്‍ സങ്കടകരമായ ജീവിതം നയിക്കുന്നവര്‍ ചുറ്റുമുണ്ടെന്ന് തിരിച്ചറിയുന്നത്. അത്തരം ആളുകള്‍ എനിക്ക് കത്തയച്ചു. അവർ അടുത്തുതന്നെ ഉണ്ടായിരുന്നു.
സന്തോഷം
മറ്റൊരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ സന്തോഷം നല്‍കാന്‍ കഴിയുമെങ്കില്‍ അതാണ് വലിയ കാര്യം. നമ്മേക്കാള്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ കണ്ടെത്തി അവര്‍ക്ക് ആവുന്ന വിധം ആശ്വാസം പകരുമ്പോള്‍ നമ്മുടെ ജീവിതത്തിലും അതിന്റെ അനുഗ്രഹം ഉണ്ടാവും. അത് ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്.
അനുഭവം
ഏറ്റവും അടുത്തവരെന്ന് കരുതുന്നവരില്‍ നിന്നാവാം പലപ്പോഴും ദു:ഖാനുഭവങ്ങളുണ്ടാവുക. അതിന്റെ ആഴം വലുതുമായിരിക്കും. എന്നാല്‍ അവഗണിക്കപ്പെട്ട ചില ആളുകളില്‍ നിന്ന് പ്രതീക്ഷിക്കാത്തവിധമുള്ള നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആരെയും മുന്‍വിധിയോടെ കാണരുത്. ഉപാധികളില്ലാതെ സ്നേഹിക്കുക. സൗഹൃദമാണ് എന്റെ കരുത്ത്. ഒരുപാട് നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്.
ചേർത്തുപിടിക്കുക
എന്റെ രക്ഷിതാക്കള്‍ എന്നെ ഒരു വയ്യാത്ത കുട്ടിയായി കണ്ടിട്ടേയില്ല. എന്നെ മാറ്റിനിര്‍ത്തിയിട്ടില്ല. ശാരീരികമോ മാനസികമോ ആയ പരിമിതിയുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുക. അവരെ ഒരു വയ്യാത്ത കുട്ടിയായി കരുതി വീട്ടിനുള്ളില്‍ തളച്ചിടരുത്.
വായന
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വല്ലാതെ ഒറ്റപ്പെട്ടു പോയതായി തോന്നിയത്. ആ സമയത്താണ് പുസ്തക വായനയിലേക്ക് വരുന്നത്. ഏകാന്തതയില്‍ എനിക്കുള്ള കൂട്ടായി അങ്ങനെ പുസ്തകങ്ങള്‍ മാറി. വായനയാണ് എഴുതാനുള്ള കരുത്ത്.
യാത്ര
യാത്ര മനസ്സിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം ചെറുതല്ല. നാലു ചുമരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ സമയം ഉണ്ടായിരുന്നു. ലോകം മുഴുവന്‍ അലഞ്ഞുകാണാനുള്ള ആര്‍ത്തി അന്നു മനസ്സില്‍ കയറിയതാവാം. സമാന അവസ്ഥയിലുള്ളവർക്കൊപ്പമുള്ള യാത്ര മറ്റൊരു അനുഭവമാണ്. യാത്ര ചെയ്യുമ്പോള്‍ ഒഴുകുന്ന വെള്ളം പോലെയാണ്. കെട്ടിക്കിടക്കുമ്പോഴാണല്ലോ വെള്ളം മലിനമാകുന്നത്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top