LoginRegister

കൂടെയുണ്ടെന്ന തോന്നൽ മതിയോ?

ആയിശ സി ടി

Feed Back


മനസ്സുകള്‍ക്ക് താങ്ങും തണലുമാണ് ബന്ധങ്ങള്‍. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും അയല്‍പക്ക ബന്ധങ്ങളും സംഘടനാ ബന്ധങ്ങളും ഗുരുശിഷ്യ ബന്ധങ്ങളും തൊഴിലിടങ്ങളിലെ ബന്ധങ്ങളുമെല്ലാം മനുഷ്യനെ കരുത്തനാക്കുന്നു.
തനിക്ക് ആരൊക്കെയോ കൂടെയുണ്ട് എന്ന വിശ്വാസം തന്നെ ജീവിതത്തെ സുന്ദരമാക്കുന്നു. സന്തോഷം പങ്കിടാനും ആഘോഷിക്കാനും ചിലര്‍ കൂടെയുണ്ടാകുന്നത് എത്രമാത്രം നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. സങ്കടങ്ങളില്‍ ഒപ്പമുണ്ട് എന്നറിയിച്ചു കൂടെ നില്‍ക്കുന്നവര്‍ നീക്കിക്കളയുന്നത് മനസ്സിലെ വലിയ ഭാരങ്ങളെയാണ്.
ഒപ്പമുണ്ട് എന്നത് എത്ര വലിയ വാക്കാണ്. തളര്‍ന്നു പോകുമ്പോള്‍ ചേര്‍ത്തു നിര്‍ത്തി വീഴാതെ കാത്തു സൂക്ഷിക്കുന്നത് യഥാര്‍ഥത്തില്‍ ഒപ്പം നില്‍ക്കുന്ന ചിലരാണ്.
ബന്ധങ്ങള്‍ ഹൃദയം തൊടുന്നതാകുമ്പോള്‍ മാത്രമേ ശക്തവും സുന്ദരവുമാകുന്നുള്ളൂ. വാക്കുകള്‍ കൊണ്ട് സ്‌നേഹം പൊഴിക്കുമ്പോഴും മനസ്സകത്തുള്ള സ്‌നേഹം ശൂന്യമാണെങ്കിലോ. ഒന്നിച്ചു ജീവിക്കുന്നു, സംസാരിക്കുന്നു, ഇടപഴകുന്നു, യാത്ര ചെയ്യുന്നു, പക്ഷെ പലതിലും യാന്ത്രികതയോ കപടതയോ ആവരണം ചെയ്തിരിക്കുന്നു. മനുഷ്യന്റെ തനിമയുള്ള ബന്ധങ്ങള്‍ ഇന്നു കുറയുകയാണ്.
അത്രമേല്‍ അടുപ്പമുള്ള ബന്ധങ്ങളിലും ഊഷ്മളത കുറയുന്നതായി കാണാം. ജീവിതത്തിന്റെ തിരക്കുകള്‍ എന്തും വളരെ വേഗത്തില്‍ സമ്പാദിക്കാന്‍ കഴിയുന്നു എന്നത്, ഏതിനേയും ഇട്ടെറിഞ്ഞ് പോകാന്‍ മനുഷ്യനെ പ്രാപ്തനാക്കിയിരിക്കുന്നു. ഉള്ളറിയുന്ന ബന്ധങ്ങള്‍ അപൂര്‍വമാകുന്നു. പരസ്പരം പറയാതെ തന്നെ അറിയുന്ന ബന്ധങ്ങള്‍ കുടുംബങ്ങളിലും കുറഞ്ഞുവരുന്നു. പരസ്പര സഹായങ്ങളും സയമം പങ്കുവെക്കലുകളും എല്ലാം ഉണ്ടാകുമ്പോഴും മനസ്സകത്തെ അറിഞ്ഞു നീങ്ങുന്ന ബന്ധങ്ങള്‍ ഇന്നു കിട്ടാക്കനി പോലെയാകുന്നു. വളര്‍ത്തിയവരെ അറിയാത്തവര്‍, മക്കളെ അറിയാത്തവര്‍ ഏറുകയാണ്.
പല ബന്ധങ്ങളും കാര്യസാധ്യങ്ങള്‍ക്കു മാത്രമായി ചുരുങ്ങുന്നു. തന്റെ ആവശ്യങ്ങല്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം ബന്ധങ്ങള്‍ക്ക് വിലയില്ലാതാകുന്നു. മറ്റുള്ളവരില്‍ നിന്ന് ലഭിക്കാനിരിക്കുന്നതിനെ അടിസ്ഥാനമാക്കി ബന്ധങ്ങളുടെ വില നിശ്ചയിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ബന്ധവും കൊണ്ട് തനിക്കെന്തു ലാഭം എന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍, നിസ്വാര്‍ഥതയും ആത്മാംശവും കളഞ്ഞു പോകുന്നു.
മനസ്സിനെ തൊടുന്ന ബന്ധങ്ങള്‍ പ്രാര്‍ഥനയായി മാറുന്നു. ഇഷ്ടപ്പെട്ടവരെ കണ്ടില്ലെങ്കിലും വിളിച്ചില്ലെങ്കിലും മങ്ങിപ്പോകാത്ത ബന്ധങ്ങള്‍ വളരെ പുണ്യകരമായ പ്രാര്‍ഥനയായി അസാന്നിധ്യത്തിലും പരിണമിക്കുന്നു. അറിയുക എന്നത് ചെറിയ കാര്യമല്ല. ബന്ധുവാണ്, സുഹൃത്താണ് എന്നു പരിചയപ്പെടുത്തുന്ന എല്ലാ ബന്ധങ്ങളിലും ഉള്ള് തൊട്ടതായി നമുക്ക് കണ്ടെത്താനാകില്ല.
നൂറുകണക്കിനു ബന്ധുക്കളും സുഹൃത്തുക്കളും നമുക്കുണ്ട്. എന്നാല്‍ വിരലിലെണ്ണാം യഥാര്‍ഥ ബന്ധുവിനെ, സുഹൃത്തിനെ. പൊള്ളയായ ബന്ധങ്ങള്‍ മനുഷ്യനെ എത്രമാത്രം അശക്തനാക്കുകയും തളര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഹൃദയത്താല്‍ കരം പിടിച്ചവര്‍ ഏത് മലകയറ്റവും എളുപ്പമാക്കിത്തരുന്നു. ഏത് അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കുന്നു. അത്തരം സ്‌നേഹക്കൂടാരങ്ങളില്‍ മനുഷ്യനു ലഭിക്കുന്ന ശാന്തിയും സമാധാനവും അവനെ സ്വസ്ഥമായി പണിയെടുക്കാനും വിശ്രമിക്കാനും സഹായിക്കുന്നുണ്ട്. അവന്‍ അവന്റെ സ്വപ്‌നങ്ങളെ, വ്യക്തിത്വത്തെ ബഹുമാനിക്കുന്നു. അകവും പുറവും ഒരുപോലെ സ്‌നേഹമായി മാറ്റുന്നവര്‍ ജീവിതത്തെ എളുപ്പമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അവര്‍ പുറമെ പുഞ്ചിരി തൂകുന്നത് അകമെയുള്ള തെളിച്ചത്തില്‍ നിന്നാണ്. അതിനാല്‍ ഒരാളുടെ സാന്നിധ്യത്തില്‍ പറയാനാകാത്തത് അസാന്നിധ്യത്തിലും അവര്‍ പറയുന്നേയില്ല. അവര്‍ ആശംസകള്‍ അര്‍പിക്കുന്നത് നാവിന്‍ തുമ്പത്തു നിന്നു കടമെടുത്ത മനോഹര വാക്കുകളാലല്ല. മറിച്ച് മനസ്സകത്തു സ്‌നേഹത്തിലും നിഷ്‌കളങ്കതയിലും കുരുത്ത വിലപ്പെട്ട മൊഴിമുത്തുകള്‍ കൊണ്ടായിരിക്കും.
ഇവിടം ജീവിച്ചു പോകാന്‍ തന്റെ സ്വന്തമെന്നു കരുതാവുന്ന ചിലതും ചിലരും കൂടെ വേണം. സ്വന്തമാണെന്നു കരുതിയ ചിലര്‍ യഥാര്‍ഥത്തില്‍ പൊള്ളയായ വാക്കുകളും പ്രകടനവും മാത്രമാണെന്ന് ബോധ്യപ്പെടുന്ന നേരം, അതു ഉള്‍ക്കൊള്ളാനും മറികടക്കാനും ഒരു ആയുഷ്‌കാലം തന്നെ ചിലര്‍ക്ക് മതിയാവില്ല. അവന്റെ തളര്‍ച്ചയുടെ, വീഴ്ചയുടെ തുടക്കം അതായിരിക്കാം. എന്നും കൂടെ നില്‍ക്കുമെന്ന് കരുതിയവരില്‍ നിന്നുള്ള വാക്ശരങ്ങളേറ്റ് പിടഞ്ഞു പോയവര്‍, ഒറ്റപ്പെടുത്തലില്‍ തകര്‍ന്നു പോയവര്‍ ദുഃഖകരമായ കാഴ്ചയാണ്. മനസ്സില്‍ വെറുപ്പിന്റെയും അകല്‍ച്ചയുടെയും കനല്‍ സൂക്ഷിക്കുന്നവരുടെ സുന്ദര വാക്കുകളിലും പ്രവൃത്തികളിലും വീണു പോകുന്ന നിഷ്‌കളങ്കര്‍, വളരെ വൈകി അത്യവശ്യ ഘട്ടങ്ങളിലായിരിക്കും അവരുടെ കപടത തിരിച്ചറിയുന്നത്. വശ്യമായ പെരുമാറ്റങ്ങളില്‍ നിന്ന് ബന്ധങ്ങളുടെ ദൃഢത പ്രതീക്ഷിച്ചവരും മയമില്ലാത്ത നീക്കങ്ങളില്‍ നിന്ന് ഒട്ടും സ്‌നേഹമൊഴുക്ക് പ്രതീക്ഷിക്കാത്തവരുമാണ് നമ്മിലധിക പേരും. എന്നാല്‍ ജീവിതം തിരിച്ചറിവുകളെ തരുന്നു. ആത്മാര്‍ഥമായി ഉള്ളറിഞ്ഞ സ്‌നേഹമുള്ളവര്‍ സുഖിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് പലപ്പോഴും എതിരേറ്റേക്കില്ല. മനസ്സുകൊണ്ട് കൂടെയില്ലാത്തവർ ഭംഗിവാക്കുകളാല്‍ അതിശയിപ്പിച്ചുകൊണ്ടിരിക്കാം.

വാക്കുകള്‍ കൊണ്ട് മുറിവേല്‍പിച്ചു കൊണ്ടിരിക്കുന്നവര്‍, തുറന്ന സംസാരമില്ലാതെ ഊഹം ഭക്ഷിക്കുന്നവര്‍ നല്ല ബന്ധുവും സുഹൃത്തുമല്ല. ഉള്ളം കൊണ്ട് തൊടുന്നവര്‍ നമ്മുടെ ഉയര്‍ച്ചയില്‍ നിര്‍വചിക്കാനാകാത്ത ആഹ്ലാദം പ്രകടിപ്പിക്കും. നമ്മുടെ നോവില്‍ അസ്വസ്ഥരാവും. പലപ്പോഴും അവരെ നാം അറിയുന്നില്ല. അവര്‍ക്ക് നമ്മുടെ മനസ്സും സ്‌നേഹവും നാം പകരുന്നില്ല.
അകന്നു പോകേണ്ടുന്ന ചില ബന്ധങ്ങളിലാണ് പലപ്പോഴും നാം മനസ്സുകള്‍ കെട്ടിയിടുന്നത്. ഒട്ടും ആത്മാര്‍ഥമല്ലാത്ത ബന്ധങ്ങള്‍ക്കായി നാം ചെലവഴിച്ചതെല്ലാം നഷ്ടമായിരുന്നുവെന്നു ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. ബന്ധങ്ങളിലെ പതിരുകള്‍ തിരിച്ചറിയാനുള്ള കഴിവ് നാം നേടുന്നത് കടുത്ത അനുഭവങ്ങളിലൂടെയാണ്. അപ്പോള്‍ തിരുനബി അരുള്‍ ചെയ്തതുപോലെ ഓരേ മാളത്തില്‍ നിന്ന് സത്യവിശ്വാസികളെ രണ്ടു തവണ കുത്തേല്‍ക്കുകയില്ല.
മറ്റുള്ളവരില്‍ നിന്നു മനസ്സുതൊട്ട അടുപ്പം ആഗ്രഹിക്കുന്ന നാം ഒട്ടും കളങ്കമേശാത്ത സ്‌നേഹം മറ്റുള്ളവരിലേക്കു പകരണം. ഇരട്ട മുഖം പടച്ചവന്റെ അടുക്കല്‍ ഒറ്റമുഖത്തോടെ നമ്മെ നിര്‍ത്തുകയില്ല. പ്രകടിപ്പിക്കുന്ന സ്‌നേഹവും കരുതലും മാത്രമാണ് പടപ്പുകള്‍ക്കു കാണാനാവുക. പുറത്തേക്കു പ്രകടമല്ലാത്ത ആ മനസ്സകത്തെ വ്യാപാരങ്ങള്‍ നോക്കിക്കാണുന്നവന്‍ കപടന്റെ കൂട്ടത്തിലേക്ക് നമ്മെ ചേര്‍ക്കുന്നതു നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മനസ്സിനെ തൊടുന്ന ചിലരാണ്, അവരുടെ സ്‌നേഹവും നനവാര്‍ന്ന പെരുമാറ്റവുമാണ് നല്ല ആരോഗ്യത്തോടെ നമ്മെ ഇവിടെ പിടിച്ചു നിര്‍ത്തുന്നതും ഉയരാനനുവദിക്കുന്നതും. അംഗ പരിമിതരെയും ദുര്‍ബലരെയും ഉയരങ്ങളിലേക്ക് പറക്കാനനുവദിച്ച അകം തൊട്ട സ്‌നേഹങ്ങളെത്രയാണ്. ആരോഗ്യവും കഴിവുമുള്ള എത്ര പേരെയാണ് വരണ്ട മനസ്സുള്ളവര്‍ നിലം പരിശാക്കിയത്.
അത്ഭുതങ്ങള്‍ ഏറെ കാട്ടാനാകുന്ന മാജിക്കാണ് സ്‌നേഹം. സംശുദ്ധ സ്‌നേഹം നല്ല വളര്‍ച്ച സാധ്യമാക്കുന്നു. സമാധാനമുള്ള ജീവിതം പകരുന്നു. സൃഷ്ടികര്‍ത്താവ് ഈ ലോകത്തെ സംവിധാനിച്ചിരിക്കുന്നത് സ്‌നേഹത്തിലാണ്. സ്‌നേഹമില്ലാതെ മനുഷ്യനു നിലനില്‍പില്ല. ദാഹാര്‍ത്തനായവന് വെള്ളം നല്‍കുന്ന ഉണര്‍വ് പോലെ സ്‌നേഹം മനുഷ്യനെ ഉണര്‍ത്തുന്നു.
സത്യവിശ്വാസികളുടെ എല്ലാം കാര്യങ്ങളും സത്യസന്ധമായിരിക്കണം. മനസ്സിലില്ലാത്തത് പ്രകടിപ്പിക്കുന്നത് കപട വിശ്വാസിയാണ്. അതിനാല്‍ നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ ഉപാധികളില്ലാത്ത സ്‌നേഹമാകട്ടെ നമ്മില്‍ നിന്ന് ഉണ്ടാവേണ്ടത്. മനസ്സു തുറന്ന സമീപനം നമ്മെ രണ്ടു ലോകത്തും വിജയത്തിലേക്കെത്തിക്കുന്നു.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top