മന:സാക്ഷി മരവിക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണിപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2006ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 129278 ആണ്. കുട്ടികള്‍ക്കെതിരെ വിവിധ തരത്തിലുള്ള കേസുകള്‍ 3847 ഉം സ്ത്രീകള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ 14427 ഉമാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസുകാരെ ജീപ്പടക്കം കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഉള്‍ക്കിടിലമുണ്ടാകാതിരിക്കുക.
രാഷ്ട്രീയകൊലപാതകങ്ങളില്‍ കേരളീയര്‍ പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു മനുഷ്യ ജീവനെ എങ്ങനെയൊക്കെ കൊല്ലാമെന്നും ഒരു ശരീരത്തില്‍ എത്രമാത്രം മുറിവും വെട്ടുമേല്പിക്കാമെന്നും ‘പഠനം’ നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് പുരോഗമിച്ച് എത്ര മണിക്കൂറില്‍ തന്നെ പകരം ആളെ കണ്ടെത്താമെന്നും പ്രതികാരം ചെയ്യാമെന്നും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു!
നമ്മുടെ ധാര്‍മിക സദാചാര രംഗമാകട്ടെ അറപ്പും വെറുപ്പും ഉളവാക്കുന്ന കഥകളാല്‍ മലീമസമാണിന്ന്. മണ്ണും വിണ്ണും കടലും താരസുന്ദരിമാരാലും ചാരസുന്ദരിമാരാലും നിറഞ്ഞാടിക്കൊണ്ടിരിക്കുന്നു. ഐ എസ് ആര്‍ ഒ മുതല്‍ ഐ എ എസുകാര്‍ വരെയും പഞ്ചായത്ത് ഓഫീസ് മുതല്‍ നിയമസഭാ മന്ദിരം വരെയും നെറികെട്ട ലൈംഗിക ആരോപണങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ഓഫീസുകളും കലക്ടറേറ്റുകളുമടക്കം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളനിലമായി മാറിക്കൊണ്ടിരിക്കുന്നു. മാര്‍ക്ക് ലിസ്റ്റും റാങ്ക് ലിസ്റ്റുമൊക്കെ സംശയത്തിന്റെ നിഴലിലാണിന്ന്. മദ്യ-മയക്കുമരുന്ന് കേന്ദ്രങ്ങള്‍ പള്ളികള്‍ക്കടുത്തെന്നോ പള്ളിക്കൂടങ്ങള്‍ക്കടുത്തെന്നോ വ്യത്യാസമില്ലാതെ പെരുകുന്നു.
സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,139 കേസുകളും കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി ആറുമാസത്തിനുള്ളില്‍ എഴുന്നൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നത് കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു ലോക്ക്ഡൗണും ഇല്ലെന്നത്രേ! സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു! സ്ത്രീധനവും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമൊക്കെ ഭീതിപ്പെടുത്തും വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ പുറത്തുവന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ കുറ്റകൃത്യങ്ങളുടെ റേറ്റിങില്‍ 92.5%ത്തിലെത്തി ഗുജറാത്തിനെയും പശ്ചിമ ബംഗാളിനെയുമെല്ലാം പിന്തള്ളിയത് നമ്മെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളത്തില്‍ പെണ്മക്കളുള്ള മാതാപിതാക്കളുടെ ഉള്ളിലെ തീ വര്‍ധിച്ചു വരികയാണ്. വീട്ടിലും റോഡിലും പള്ളിയിലും പള്ളിക്കൂടത്തിലും താമസ സ്ഥലത്തും ജോലിസ്ഥലത്തുമൊക്കെ പീഡനക്കഥകളാല്‍ മലീമസമാണ് അന്തരീക്ഷം. കെട്ടിച്ചയച്ചാല്‍ ഒരു പരിധിവരെ അവള്‍ സുരക്ഷിതയാണെന്ന ബോധമുണ്ടായിരുന്നു. ഇപ്പോള്‍ കെട്ടിയവന്മാരുടെ തന്നെ പീഡനവും വെച്ചുമാറലും അരങ്ങുതകര്‍ക്കുമ്പോള്‍ എവിടെയാണ് നമ്മുടെ നാട്ടില്‍ സ്ത്രീസുരക്ഷ?
രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ നമുക്ക് സുപരിചിതമായിക്കഴിഞ്ഞതാണിപ്പോള്‍ ദുരഭിമാനക്കൊലകളും. കോടതിയടക്കം ദുരഭിമാനക്കൊല എന്ന് വിലയിരുത്തുകയും സമൂഹം ഏറെ ചര്‍ച്ചചെയ്യുകയും ചെയ്ത സംഭവുമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെയാണ് അനീഷ് എന്ന യുവാവും കൊലക്കത്തിക്കിരയാകേണ്ടി വന്നത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ തന്നെയാണ് കല്യാണത്തലേന്ന് മലപ്പുറം അരീക്കോട്ടെ ആതിരയെന്ന പെണ്‍കുട്ടിക്കും ജീവന്‍ നഷ്ടമായത്. അതേപോലെ ഇതര സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് കാസര്‍കോട് വിദ്യാനഗര്‍ പടുവടുക്കം ബാലകൃഷ്ണന്‍ കൊല്ലപ്പെടാനും കാരണമെന്നാണ് പൊലീസ് ഭാഷ്യം. ജാതിരഹിത – മതേതര സമൂഹമാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ് ഒന്നിന് പിറകേ ഒന്നായി ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നത് എന്തുമാത്രം വിരോധാഭാസമല്ല. പട്ടിക ജാതി അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യത്ത് 9.4 ശതമാനം വര്‍ധനവുണ്ടായി. സംസ്ഥാനത്ത് 846 കേസുകളും. പട്ടിക വര്‍ഗ അതിക്രമവുമായി ബന്ധപ്പെട്ട് 130 കേസുകളും രരജിസ്റ്റര്‍ ചെയ്തു.
ദാമ്പത്യ-സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും മറ്റെല്ലാ കുറ്റകൃത്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുന്നേറുന്നത്. മനസ്സ് മാത്രമല്ല, ശരീരവും ഉറച്ചും അറച്ചും പോകുന്ന ഞെട്ടിക്കുന്ന കൊടുംക്രൂതകളും പീഡനങ്ങളുമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഭാര്യയെ വിഷജീവികളെക്കൊണ്ട് കടിപ്പിക്കുക, പട്ടിണിക്കിടുക, മയക്കുമരുന്ന് നല്‍കുക, കിണറ്റിലും പുഴയിലുമൊക്കെ തള്ളിയിടുക, കഴുത്തറുക്കുക, തീപൊള്ളിക്കുക, വാഹനങ്ങളിടിപ്പിക്കുക, അമിതമായ പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തുനല്‍കുകയും ചെയ്ത് പ്രമേഹ രോഗിയാക്കുക തുടങ്ങി മലയാളി അക്കാര്യത്തില്‍ ഒരു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണോ എന്നുപോലും സംശയിച്ചു പോകുന്നതാണ് അടുത്തിടെ നടന്ന കൊലപാതകങ്ങളില്‍ അധികവും. തുഷാര, കൃതി, ഉത്ര, വിസ്മയ, പ്രിയങ്ക, അര്‍ച്ചന, മൊഫിയ, വിപിന്‍, ……? നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സ്ത്രീധന പീഡന കഥകളിലെ അഭംഗുരം തുടരുന്ന നായികമാരാണിവര്‍. ഇനിയുമെത്ര പെണ്‍കുട്ടികളെ ഇതിനോട് കൂട്ടിച്ചേര്‍ക്കപ്പെടേണ്ടി വരുമെന്നോര്‍ത്ത് നെടുവീര്‍പ്പിടാനേ നമുക്ക് കഴിയൂ.
നിലവിളിയിലും കൊലവിളിയിലും ഒടുങ്ങുന്ന പെണ്‍ശബ്ദങ്ങള്‍ക്ക് നമ്മുടെ സാക്ഷര സുന്ദര കേരളത്തില്‍ ഒരു കുറവുമില്ല. 100 ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഉണ്ടായത് 70 ഓളം സ്ത്രീധന പീഡന മരണങ്ങള്‍. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചു പോയവര്‍ പിന്നെയുമുണ്ട്. മാത്രമല്ല, ഇതൊക്കെ കേവലം ഔദ്യോഗിക കണക്ക് മാത്രം. എണ്ണത്തില്‍ പെടാത്തതും പുറം ലോകമറിയാത്തതുമായവ ഇനിയെത്ര?
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2020ല്‍ മാത്രം 434 കുട്ടിക്കുറ്റവാളികളെയാണ് നിയമനടപടികള്‍ക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകള്‍ നിരവധിയാണ്. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളുടെ കുറ്റവാസനകള്‍ വര്‍ധിച്ചതായാണ് കണക്ക്. ബലാല്‍സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വില്പനയും തുടങ്ങി മോഷണശ്രമങ്ങളും കവര്‍ച്ചയും, ആത്മഹത്യയടക്കം സകല കുറ്റങ്ങളിലും ഈ കൗമാരക്കാരും പ്രതികളാണ്. ട്രാഫിക് നിയമലംഘനങ്ങള്‍, അടിപിടിക്കേസുകള്‍ തുടങ്ങിയ പോലത്തെ നിസ്സാര കുറ്റങ്ങള്‍ വേറെയുമുണ്ട്. ക്രൈം ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ നമ്മെ ഏറെ ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത് ഈ 434 കുട്ടി കുറ്റവാളികളില്‍ 402 പേരും അവരുടെ മാതാപിതാക്കളോടൊപ്പവും അവരില്‍ 20 പേര്‍ മറ്റ് രക്ഷിതാക്കളോടൊപ്പവും 12 പേര്‍ മാത്രം തെരുവുകുട്ടികളുമാണെന്നതാണ്. കേരളത്തിന്റെ ശുഭ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് ഈ കണക്കുകളൊക്കെയും.
ക്യാമ്പസിലും അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങു തകര്‍ക്കുകയാണ്. മഹാരാജാസിലെ അഭിമന്യുവും പൈനാവ് എഞ്ചിനീയറിംഗ് കോളജിലെ ധീരജും രാഷ്ട്രീയ ഭ്രാന്തിന്റെ ഇരകളാണെങ്കില്‍ കോതമംഗലം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയും പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിതിനയുമൊക്കെ പ്രണയത്തിന്റെയും കാമത്തിന്റെയും ഇരകളാണ്.
സാമ്പത്തിക രംഗത്താകട്ടെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗുകളുടെയും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും ചാകരയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2020ല്‍ 9,136 കേസുകളില്‍ 63.5 ശതമാനം കേസുകളുടെ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി. കള്ളപ്പണവും കുഴല്‍പ്പണവും സ്വര്‍ണവേട്ടയുമൊക്കെ വാര്‍ത്തയല്ലാതായിരിക്കുന്നു. കേരളത്തിലെ നാല് അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളും ഇതിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതായാണനുഭവം. ബ്ലേഡ് മാഫിയകളിലും പലിശക്കെണികളിലും കുടുങ്ങി അഭിമാനവും പണവും നഷ്ടപ്പെട്ട് മാനസിക നില തെറ്റുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തവര്‍ നിരവധിയത്രെ.
അന്ധവിശ്വാസങ്ങളും ദുര്‍മന്ത്ര വാദങ്ങളുമൊക്കെ ഈ ആധുനിക ശാസ്ത്രീയ യുഗത്തിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ സകലരും ആ കെണിയില്‍ വീണുകൊണ്ടിരിക്കുന്നു.
ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനം പരക്കെ അരങ്ങുവാഴുന്നു എന്നതിനേക്കാള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇതിലിപ്പോള്‍ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കാളികളാണ് എന്നതാണ്. കണ്ണൂരില്‍ ഈ അടുത്തിടെ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘമെത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 വയസുള്ള യുവതിയാണത്രെ. കാസര്‍ക്കോട്ടെ ചൂരിയിലെ മഹേഷ് എന്ന 23 വയസ്സുകാരന്‍ ഇപ്പോള്‍ തന്നെ 21 കേസുകളിലെ പ്രതിയാണത്രെ!
സിനിമയുടെയും സീരിയലുകളുടെയും മറവില്‍ നടക്കുന്ന സെക്‌സ് റാക്കറ്റുകളെക്കുറിച്ചും കള്ളപ്പണ മാഫിയകളെക്കുറിച്ചും തുറന്നുപറയാന്‍ പേടിയാണെന്ന് പറയുന്നത് ഒരു പ്രമുഖ സിനിമാ നടി തന്നെയാണ്. ഒരു പ്രമുഖ സിനിമാ സ്റ്റാര്‍, നടിയെ കുടുക്കാന്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറ കഥകളൊക്കെ അങ്ങാടിപ്പാട്ടായിക്കൊണ്ടിരിക്കുന്നതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണല്ലോ നാമിപ്പോള്‍.
മദ്യ മയക്കുമരുന്ന് മാഫിയകളാകട്ടെ മുമ്പെങ്ങുമില്ലാത്ത വിധം അരങ്ങു തകര്‍ക്കുന്നു. ലഹരി പാര്‍ട്ടികളും ഡി ജെ പാര്‍ട്ടികളുമായി അവര്‍ തിമര്‍ക്കുന്നതിനിടയിലാണല്ലോ കേരളത്തിലെ സുന്ദരിമാരായ രണ്ട് മോഡലുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സൂര്യനെല്ലി, വിതുര, കടവന്ത്ര തുടങ്ങിയ ഒട്ടനവധി സ്ഥലപ്പേരുകളും കൃപേഷ്, ശരത്, ഷുക്കൂര്‍, റിയാസ് മൗലവി, സൗമ്യ, ജിഷ തുടങ്ങിയ ഒട്ടനവധി പേരുകളും നമ്മെ ഉറക്കത്തില്‍ പോലും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കൊടിയ അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമിടയില്‍ ഭവനഭേദനവും മോഷണ ശ്രമവും ചതിയും വഞ്ചനയുമൊക്കെ എന്തനുസ്മരിക്കാന്‍!
ലൈംഗികതയുടെ അതിപ്രസരം തീര്‍ക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചും കാമവെറിയെക്കുറിച്ചും പറയാതിരിക്കുന്നതാണ് ഭേദം. മാതാപിതാക്കളും മക്കളുമെന്നോ അധ്യാപകരും വിദ്യാര്‍ഥികളുമെന്നോ അച്ചന്മാരും കന്യാസ്ത്രീകളുമെന്നോ വ്യത്യാസമില്ലാതെ അഭംഗുരം പടരുന്നു ലൈംഗിക കുറ്റകൃത്യങ്ങള്‍. ഉദ്യോഗസ്ഥന്മാരും പൊലീസുകാരുമൊക്കെ ഈ കുളിമുറിയില്‍ നഗ്നരാണ്. തരികിട പുരാവസ്തുക്കാരന്‍ മോണ്‍സണിന്റെ അടുത്തു പോയിരുന്ന പൊലീസ് ഓഫീസര്‍മാരും സിവില്‍ പൊലീസ് ഓഫീസറായ യുവതിയെ വെട്ടിക്കൊന്ന് പെട്രോളൊഴിച്ചു കത്തിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമൊക്കെ ഈ കേരളത്തിലാണെന്നുള്ളത് നമ്മെ ലജ്ജിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നു. എന്തിനധികം, തന്റെ കാമുകന് വേണ്ടി നവജാത ശിശുവിനെ ഹോസ്പിറ്റലില്‍ നിന്ന് ആള്‍മാറാട്ടം നടത്തി തട്ടിക്കൊണ്ടു പോകുന്ന കാമുകിയെപ്പറ്റിയും അവിഹിതമായുണ്ടായ തന്റെ കുഞ്ഞിനെ നാടുകടത്തി ഒടുവില്‍ വിവാഹം കഴിക്കേണ്ടി വന്ന രാഷ്ട്രീയ നേതൃത്വത്തെപ്പറ്റിയുമൊക്കെ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസമനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. മാനത്തിന് വിലപറഞ്ഞും അശ്ലീല-പോണ്‍ വീഡിയോകള്‍ പ്രചരിപ്പിച്ചും ബ്ലാക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവായിക്കൊണ്ടിരിക്കുന്നു. കേവലം തമാശക്കായി ഫേസ്ബുക്ക് അകൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് കബളിപ്പിച്ചതാണല്ലോ കല്ലുവാതുക്കലിലെ ബന്ധുക്കളായ ഒരു നവജാത ശിശുവിന്റെയും രണ്ടു യുവതികളുടെയും ജീവന്‍ പൊലിയാന്‍ കാരണം. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ ആളെ വീഴ്ത്താന്‍ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും ഒഴുകി നടന്നുകൊണ്ടിരിക്കുന്നു.
ജനങ്ങളും ഭരണകൂടങ്ങളും കൂടുതല്‍ ജാഗരൂകരാകേണ്ട സമയമാണിത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും അക്രമം അഴിഞ്ഞാടുകയും ചെയ്യുന്നതിന്റെ ഫലം അരാജകത്വമായിരിക്കും. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ സാമൂഹിക ജീവിതം ദുരന്തപൂര്‍ണവും അരക്ഷിതവുമായിത്തീരും.