നഗരത്തിലെ ബസ്‌സ്റ്റോപ്പിലെത്ര നേരമായെന്നോ അയാള്‍ ബസ് കാത്തുനില്‍ക്കുന്നു. അയാള്‍ പ്രതീക്ഷിക്കുന്ന ബസ് മാത്രം വരുന്നില്ല. മറ്റു പല ദിക്കുകളിലേക്കുമുള്ള ബസുകള്‍ വരികയും ആളുകളതില്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
പൊള്ളുന്ന വെയിലാണ്. കൈയില്‍ കരുതിയിരുന്ന കുപ്പിവെള്ളം മുഴുവന്‍ കുടിച്ചിട്ടും ദാഹം ശമിക്കുന്നില്ല.
ബസ്സില്‍ കയറി സൈഡ് സീറ്റിലിരുന്നാല്‍ പുറമെ നിന്നുള്ള കാറ്റ് കൊണ്ടാല്‍ ചൂടിനൊരു അയവുണ്ടായേനെ. ഇങ്ങനെ ആലോചിച്ചുനില്‍ക്കെ അയാള്‍ പ്രതീക്ഷിക്കുന്ന ബസ് വന്നതും വേഗം കയറി.
ബസ്സില്‍ തിരക്കൊട്ടുമില്ല. സീറ്റുകള്‍ മിക്കവാറും കാലിയാണെങ്കിലും മൂന്നു നാല് പോലീസുകാര്‍ അവിടവിടെയായി ഇരിപ്പുണ്ട്. നഗരത്തില്‍ ഇന്നെവിടെയെങ്കിലും പിക്കറ്റിങോ ജാഥയോ മാര്‍ച്ചോ കാണും. അതിന് പോവുകയാകും പോലീസുകാര്‍.
ഒരു സീറ്റില്‍ നിരന്നിരുന്ന് മൂന്നോളം ചെറുപ്പക്കാര്‍. അവരില്‍ രണ്ടുപേര്‍ ഉച്ചത്തിലെന്തോ സംസാരിക്കുന്നുണ്ട്. ഒരാള്‍ നിശ്ശബ്ദം ഇരിക്കുന്നു. അടുത്തുള്ള കോളജിലേക്ക് പോവുകയാകും. കണ്ടാല്‍ ഇരുപത് -ഇരുപത്തിയൊന്നു വയസ്സേ തോന്നൂ.
കണ്ടക്ടര്‍ പിന്‍സീറ്റില്‍ ഇരുന്നിരുന്നതു കൊണ്ട് ടിക്കറ്റെടുക്കാനായി അയാളങ്ങോട്ട് നടന്നു. നടത്തത്തിനിടയില്‍ ആ ചെറുപ്പക്കാരെ ഒന്നുകൂടി ശ്രദ്ധിച്ചു. അപ്പോള്‍ അവരുടെ കൈകളില്‍ അനാര്‍ഭാടമായ ഒരലങ്കാരം പോലെ വിലങ്ങുകള്‍…
ചെയ്ത കുറ്റകൃത്യത്തിലുള്ള കുറ്റബോധം കൊണ്ടാകുമോ ഒരു ചെറുപ്പക്കാരന്‍ മാത്രം നിശ്ശബ്ദനായിരുന്നത്. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം കിട്ടില്ലെന്ന് ഭയന്നിട്ടോ….
മറ്റു ചെറുപ്പക്കാരുടെ മുഖത്തും സ്വരത്തിലുമൊക്കെ പ്രകടമാകുന്നത് ആഹ്‌ളാദമാണ്… ഇവരുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വ്യസനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ അകംനീറി. ഒപ്പം രണ്ടാണ്‍മക്കളെയും അയാളോര്‍ത്തുപോയി. അവര്‍ രണ്ടുപേരും വിദേശത്തായത് നന്നായെന്നും അയാള്‍ക്ക് തോന്നി.
അധ്യാപകനായ അയാള്‍ അക്കൂട്ടത്തില്‍ തന്റെ ശിഷ്യന്മാരില്‍ ആരെങ്കിലുമുണ്ടോയെന്ന് ഒരുകുറി കൂടി നോക്കിയെങ്കിലും അങ്ങനെയാരുമില്ലെന്നതും അയാളെ ആശ്വസിപ്പിച്ചു..