സുഹ്റ ഇളയ മരുമകളെ കുറിച്ച് വാതോരാതെ സംസാരിച്ചു മടങ്ങിയപ്പോള്‍ ലൈലത്തയും കുഞ്ഞിമ്മ താത്തയും അദ്ഭുതം കൂറി.
കുഞ്ഞിമ്മ താത്തക്കു മൂന്നു പെണ്മക്കളാണ്, ലൈലത്തക്കു നാലും. അടുപ്പിലും അടുക്കളയിലും തന്നെ അവരുടെ പൊന്നുമക്കള്. ഒരു നെടുവീര്‍പ്പിട്ടു വിദൂരതയിലേക്ക് നോക്കി മതിലിനപ്പുറവും ഇപ്പുറവുമായി നിന്ന ലൈലത്തയെ കുഞ്ഞിമ്മു താത്ത ഒന്നുണര്‍ത്തി:
”ആ മരോളൊരു ഭാഗ്യം. ഓളെ പഠിക്കാനും വിടണുണ്ട്. ഓളെ കുട്ട്യോളെ നല്ലോണം നോക്കണുണ്ട്.”
കോളജില്‍ അവസാന ബെല്ലടിച്ചതും അവളുടെ നെഞ്ച് പടപടാന്നടിച്ചതും ഒരുമിച്ചായിരുന്നു. ഇവിടന്ന് ഓടിയാല്‍ എളമരം ബസ് നാലേകാലിനുള്ളത് കിട്ടും. അഞ്ചു മണിക്ക് വീടെത്താം. എളമരം കിട്ടിയില്ലാച്ചാല്… നെഞ്ചൊന്നു പിടഞ്ഞു.
അവള് ഓടി ബസ്സ്റ്റോപ്പിലെത്തി. തിക്കിയും തിരക്കിയും കയറണം. ബസിലെ കിളി മുമ്പിലെ ഇടങ്ങഴിയില്‍ നില്ക്കും. ഇത്തവണ മിനിഞ്ഞാന്നത്തെ പോലെ അവള് രണ്ടും കല്പിച്ചു പിറകുവശത്തുകൂടി തന്നെ കയറി. തിരക്കില്ലായിരുന്നു. ആശ്വാസം തോന്നി.
അവളുടെ മുല നിറഞ്ഞു കല്ലിച്ചു നില്‍ക്കുന്നുണ്ട്. എത്തിയ ഉടനെ മേലൊന്നു കഴുകി. തന്റെ ഒന്നര വയസ്സുള്ള മോള് മുറ്റത്തിരുന്നു കളിക്കുന്നുണ്ട്. റസിയയെ കണ്ടതും കുട്ടി രണ്ടു കൈയും കൊട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു മുറിയിലേക്കോടി. അതിനിടയില്‍ അടുക്കളയിലെ പൈപ്പില്‍ നിന്ന് രണ്ടു ഗ്ലാസ് വെള്ളം കൊണ്ട് തൊണ്ടയൊന്നു നനച്ചിരുന്നു.
അതിനിടയില്‍ സുഹ്റാത്ത കുട്ടിയുടെ കരച്ചിലും കുറുമ്പും വിവരിക്കാന്‍ തുടങ്ങി:
”ഈയിടെയായി വല്ലാത്ത കുറുമ്പാട്ടോ പെണ്ണിന്. ന്റെ മുട്ടൊക്കെ ആകെ വയ്യാതായിട്ടോ. ചോറൊന്നു കൊടുത്തുനോക്കീര്ന്നു. കഴിക്ക്ണേയില്ല. റജീനന്റെ കുട്ട്യോളെ പോലെയല്ലല്ലോ ഇവള്. അത്റ്റ്ങ്ങളങ്ങനെ കഴിച്ചോളും. നല്ലോണം കഴിക്കേം ചെയ്യും. ആരോഗ്യോംണ്ട്. ഇതിപ്പൊ അന്നെപ്പോലെന്നെ. കഴിക്കേംല്ല, ആരോഗ്യോംല്ല.”
റസിയ കണ്ണിറുക്കിയടച്ചൊന്നു തുറന്നു. അറബിക്കടലിലെ അലകളെല്ലാം അവളുടെ ഹൃദയത്തിലേക്ക് പാഞ്ഞടുത്തു. താളം തെറ്റി കിതയ്ക്കാന്‍ തുടങ്ങിയ ഹൃദയത്തെ പാടുപെട്ടു ഒതുക്കി താഴിട്ടുപൂട്ടി.
അപ്പോഴേക്കും കുഞ്ഞുവയറ് നിറഞ്ഞ് സമാധാനത്തോടെ ഉറങ്ങുന്ന പൈതലിന്റെ മുഖം കണ്ടപ്പോള്‍ അവളുടെ മനസ്സൊന്നു തണുത്തു.
ഊര്‍ജസ്വലയായി അവള് അടുക്കളയിലെ ഡ്യൂട്ടിക്കിറങ്ങി. പര്ദയൊന്നു കഴുകിയിട്ടിട്ടു വരാമെന്നു കരുതി പുറത്തെ കുളിമുറിയില്‍ കയറിയതും പ്രതീക്ഷിച്ച പോലെ ഉപ്പയുടെയും ഉമ്മയുടെയും കുട്ട്യോളുടെയുമൊക്കെ അഴുക്കുവസ്ത്രങ്ങള്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. എത്രതന്നെ തല്ലിത്തല്ലി തേച്ചുരച്ചാലും ഒരു കൂസലുമില്ലാതെ കുത്തനെ നില്ക്കുന്ന അലക്കുകല്ലിനെ കുറിച്ചോര്‍ത്തു. അലക്കുകല്ല് അവളെ നിസ്സംഗമായൊന്നു നോക്കി.
നല്ല ക്ഷീണമുണ്ടായിരുന്നു. കൈകാലുകകള്‍ തളരുന്നപോലെ. എന്നാലും ഒരുവിധം ഒതുക്കി അയലിലിട്ടു.
പിന്നാമ്പുറത്തുകൂടി അകത്തേക്ക് കയറി. അവളെയും കാത്ത് കുറുമ്പിപ്പെണ്ണ് കിങ്ങിണി വാതില്ക്കല് നില്ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും ‘മ്യാവൂ… മ്യാവൂ’ന്നൊരു കരച്ചിലും. മറ്റൊന്നുമല്ല, റസിയാന്റെ കൂടെ കൂട്ടിരുന്നു ചോറ് കഴിച്ചു ശീലമായി കുറുമ്പിപ്പെണ്ണിന്.
ഒച്ച കേട്ടുകൊണ്ടവിടെ വന്ന സുഹ്റാത്ത പറഞ്ഞു: ”നിറവയറുമായി നടക്കാ, പെറ്റിടാനൊരു ഇടോം തെരഞ്ഞ്.”
”ആ മ്മാ പാവം ല്ലേ”ന്നു റസിയ മറുപടിയും പറഞ്ഞു.
സുഹ്റാത്ത നിസ്കാരക്കുപ്പായത്തിലാണ്. എന്തോ പെട്ടെന്നോര്‍ത്തപോലെ തിരിച്ചുവന്നു പറഞ്ഞു: ”കുട്ട്യേള് വര്ണുണ്ട്. ഇപ്പ കോഴി വാങ്ങാന്‍ പോയ്റ്റ്ണ്ട്. റസാക്കിനെ ബേക്കറി വാങ്ങാനും അയച്ച്റ്റ്ണ്ട്. കഴിഞ്ഞ ആഴ്ച ഓളും കുട്ട്യേളും വന്നപ്പോ മ്മള് ബീഫല്ലേ ണ്ടാക്കിയത്. അതൊണ്ടിപ്പോ കോഴി മതീന്ന് പറഞ്ഞു കുട്ട്യേള്. അതിന്ത്തരെ വെളുത്തുള്ളീം ചെറിയുള്ളീം ഇഞ്ചീം ഒക്കെ മാണം. അന്റെ തെരക്കു കഴിഞ്ഞീട്ടു മതീട്ടോ.”
സുഹറാത്ത നിസ്കാരമുറിയിലേക്ക് തിരിഞ്ഞു.
വിശന്നു കുടല് കരിയുന്നു. അവളിത്തിരി ചോറെടുത്ത് മുരിങ്ങയില തേങ്ങയരച്ച കറി ഒഴിച്ചു. ഉപ്പാക്ക് മീനും കോഴിയുമൊക്കെ ചൂടോടെ പൊരിച്ചത് കഴിക്കാനാണ് ഇഷ്ടം. അതുകൊണ്ട് റസിയ മീന്‍ രാവിലെ തന്നെ വൃത്തിയാക്കി മസാല പുരട്ടിവെച്ചതാണ്. ഉമ്മാക്ക് പൊരിച്ചെടുത്തല്‍ മതിയല്ലോ.
”മ്മാ, മീന്‍ വറുത്തത് മാറ്റിവെച്ചാര്ന്നോ? വ്ടെ കാണണില്ല. പൊരിച്ച പാത്രം മാത്രേള്ളൂ.” റസിയ വിളിച്ചു ചോദിച്ചു.
”അത് പിന്നെ റസാക്കിന്റെ കുട്ട്യേള് ദേ ഇപ്പൊ വന്ന് ഒരുപിടി ചോറും കഴിച്ചു പോയീനു. ഓല് കയ്ച്ച്ണ്ടാവും. ഇപ്പ ഇപ്പോ സാധനങ്ങള്‍ കൊണ്ടെര്ട്ടോ. ഓളും കുട്ട്യേളും വര്മ്പൊള്തേക്കും പണിയൊക്കെ മ്മക്ക് കൈക്കണംട്ടോ.”
അവളുടെ നെഞ്ച് വിങ്ങിയമരുന്നുണ്ടായിരുന്നു. അപ്പോഴാ ഓര്‍ത്തത്, ഉപ്പാന്റെ ചായ അടുപ്പത്ത് തിളക്കുന്നുണ്ട്. അടുപ്പില്‍ നിന്ന് വാങ്ങി അരിച്ച് ഫ്ളാസ്കില്‍ ഒഴിച്ചുവെച്ചു. ഒരു പ്ലേറ്റില്‍ എരിവുള്ള കടല മിച്ചറും എടുത്തുവെച്ചു.
അടുപ്പില്‍ തീ കായുന്നുണ്ട്. അവള് വേഗം വെള്ളം തിളപ്പിക്കാന്‍ വെച്ചു. അത്താഴത്തിനുള്ള കഞ്ഞിക്കുള്ള വെള്ളം. തത്തമ്മക്ക് നെയ്ച്ചോറൊന്നും പറ്റില്ല. അവര്‍ ഉപ്പാന്റെ വല്യ തത്തയാണ്. അസുഖം കൊണ്ട് വയ്യാതായിട്ടുണ്ട്. രണ്ട് ദിവസം പാര്‍ക്കാന്‍ വന്നതാണ്. കുടുക്കയില്‍ വെള്ളം തിളക്കുമ്പോള്‍ അവളുടെ കരളും അതില്‍ ഉരുകി ഒലിച്ചിറങ്ങുന്ന പോലെ തോന്നി.
”ഇനീം എത്ര കാലം… ന്താ പടച്ചോനെ നീ എന്നെ മാത്രം കാണാതെ…?”
ഒന്ന് തേങ്ങിപ്പോയി അവള്. അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കുരുങ്ങി പിടഞ്ഞു, ആ തേങ്ങല്‍ എന്നത്തെയും പോലെ.
”രണ്ടു കൊല്ലം കഴിഞ്ഞേ ലീവ് കിട്ടത്തുള്ളൂന്നും പറഞ്ഞു പോയ ഒരാളുണ്ട്. രാത്രി എന്നും വിളിക്കും. പഞ്ചാര വര്‍ത്തമാനൊക്കെ പറയും. അല്ലാതെന്ത്? ഞാനായിട്ടൊന്നും അറിയിക്കണില്ല റബ്ബേ. പാവം മരുഭൂമയില് കിടന്ന് അല്ലാതെന്നെ പൊള്ളണുണ്ട്. ഇനീപ്പം ഞാനായിട്ട്… വേണ്ട! ന്റെ വിധി! ന്റെ തലയിലെഴുത്ത് ഇത്ര പെട്ടെന്ന് കീഴ്മേല്‍ മറിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതീലല്ലോ പടച്ചോനെ…”
അവളുടെ മനസ്സ് കറുത്തിരുണ്ടു.
റോബോട്ടുകളേക്കാളും വേഗത്തില്‍ അടിച്ചുതുടച്ചു, മുറ്റം തൂത്തു, മോളെ കുളിപ്പിച്ച് പാലും കൊടുത്തു, കുളിച്ചു മാറ്റി 7.50ന് വീടിന്റെ ഒരു കി.മീ അപ്പുറത്തു പീടിക ജങ്ഷനില്‍ നിര്‍ത്തുന്ന ‘അമ്മൂസ്’ ബസ് കിട്ടാന്‍ ഓടുന്ന വെപ്രാളത്തില്‍ ഒരപ്പം എടുത്തു വായിലിടാന്‍ കരുതിയിരുന്നു. അതും മറന്നു. അപ്പം അടുപ്പത്തു ചുട്ടെടുക്കുമ്പോള്‍ തന്നെ ചൂടോടെ എടുത്തു കഴിച്ചാല്‍ മതിയായിരുന്നു. എന്നാലും വലിയോരും വീട്ടുകാരും കഴിക്കാതെ താന്‍ കഴിക്കുന്നത് മര്യാദകേടാണെന്നു കരുതി കഴിച്ചില്ല. ഏതായാലും തണുത്ത ചോറും മുരിങ്ങാചാറും വായിലിട്ടു വിഴുങ്ങി. പതിവു പോലെ അന്നും ഉപ്പുരുചി അല്പം കൂടുതലായി തോന്നി റസിയക്ക്. മറ്റൊന്നുമല്ല, അവളുടെ കണ്ണീര് അനുസരണയില്ലാതെ ഒഴുകിയതുകൊണ്ട് നിയന്ത്രിക്കാനായില്ല.
അതിഥികളൊക്കെ എത്തി. കുട്ടി കരയുന്നുണ്ട്. എല്ലാവരും കുട്ടിയെ താലോലിക്കുന്ന തിരക്കിലാണ്.
കൂമ്പാരമായി കിടക്കുന്ന എച്ചില്പ്പാത്രങ്ങളെല്ലാം അവള് ഓരോന്നായി തേച്ചുമിനുക്കിക്കൊണ്ടിരുന്നു. അഴുക്കുവസ്ത്രങ്ങളെല്ലാം അലക്കിക്കൊണ്ടിരുന്നു.
അവിടത്തെ അടുപ്പും തിണ്ണയും പാത്രങ്ങളും അലക്കുകല്ലും അവളെ വല്ലാതെ പ്രണയിച്ചു. കാലക്രമേണ ആ പ്രണയം അവളെ വരിഞ്ഞുമുറുക്കി. അരൂപിയായ ഒരു കുരുക്ക്. പ്രിയതമനില്‍ അലിയേണ്ട അവളുടെ ഇളം പ്രാണന് ഇവിടെ വെന്തുരുകി അലിഞ്ഞുതീരുന്നു.
പതിയെ പതിയെ അമ്മൂസ് ബസും എളമരം ബസും ഓര്‍മയിലെവിടെയോ പോയൊളിച്ചു. സ്വപ്നങ്ങളും പ്രതീക്ഷകളും ചിതലരിച്ചു. റസിയയുടെ ചിറകുകള് തളര്‍ന്നു. പറക്കാന്‍ മറന്നു. അവ അടുപ്പില്‍ ചുട്ടുകരിഞ്ഞു. വിശാലമായ ആകാശം ചുരുങ്ങി ചുരുങ്ങി ഒരു ഇടവഴി മാത്രമായി.
വെളുപ്പിനുണരുന്ന കോഴി, വൈകി കൂടണയുന്ന കൂറുള്ള നായ…
റസിയയെ അറിഞ്ഞവര്‍ക്കൊക്കെ അവള് ഉത്തരമില്ലാത്ത ഒരു കടങ്കഥ മാത്രമായി.