LoginRegister

ഇരുട്ടില്‍ ഒളിച്ചുപാര്‍ത്ത തീക്കൊള്ളി

ഫാത്തിമ സുഹറ മുണ്ടുപറമ്പ

Feed Back


ആ കണ്ണുകളില്‍
എന്നിലേക്കുള്ള
കാഴ്ച്ച മങ്ങിയിരിക്കുന്നു

അതിനാലാവാം
നീ സുന്ദരിയെന്നൊരിക്കലും
നാക്കുകൊണ്ട് മൊഴിഞ്ഞില്ല

ആ കാതുകളില്‍
എന്നിലേക്കുള്ള
കര്‍ണപടലം
പൂപ്പല്‍ പിടിച്ചിരിക്കുന്നു

അതിനാലാവാം
മനോഹരമായ
വാക്കുകളൊന്നും
ഒരിക്കലും രസിച്ചില്ല

ആ ഹൃദയത്തില്‍
എന്നിലേക്കുള്ള
പ്രണയപൊയ്ക
വറ്റിവരണ്ടിരിക്കുന്നു

അതിനാലാവാം
പവിത്രമായൊരു
സ്‌നേഹമൊന്നും
ഒരിക്കലും പരിഗണിച്ചില്ല

ആ ചിന്തകളില്‍
എന്നിലേക്കുള്ള
സഞ്ചാരവീഥിയില്‍
വേലികെട്ടി അടച്ചിരിക്കുന്നു

അതിനാലാവാം
ആഗ്രഹങ്ങളും
ആവശ്യങ്ങളും
കണ്ണുതുറന്നു കണ്ടില്ല

ആ സിരകളില്‍
എന്നിലേക്കുള്ള
രക്തയോട്ടം നിലച്ചിരുന്നു

അതിനാലാവം
എത്ര മുട്ടിയിട്ടും തട്ടിയിട്ടും
മനസ്സാകെ
തകിടം മറിഞ്ഞിട്ടും
ഒന്നുമറിഞ്ഞില്ല

എല്ലാമൊരു
സമയരാശിക്കുള്ളില്‍
കെട്ടടങ്ങി
പരിണാമത്തിലെ
പിഴവുകള്‍ അസ്തമിച്ച്
മഴക്കും വെയിലിനും
പകലിനും രാത്രിക്കും
പരിഹാരമില്ലാതെ
പ്രണയത്തിന്‍ നടുക്കടലില്‍ മുങ്ങി
ഒഴുക്കും ഓളവും പകര്‍ന്ന്
സ്‌നേഹത്താല്‍
നാവു നനയ്ക്കുന്ന
നേരത്തിനായ് കണ്ണും നട്ട്
ഞാനിരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top