നിസ അസീസിയുടെ സംഗീത യാത്ര
തനത് മാപ്പിളപ്പാട്ടുകള്‍ക്ക് ഇന്നത്തേതിലുമധികം പ്രചാരമുണ്ടായിരുന്ന കാലം. മാപ്പിളപ്പാട്ട് ആലാപന മത്സരങ്ങള്‍ക്ക് അന്ന് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. മാപ്പിള സോങ് ലവേഴ്സ് അസോസിയേഷന് പതിവുപോലെ ആലാപന മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. സീനിയര്‍, ബേബി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. നേരത്തെത്തന്നെ മാപ്പിളപ്പാട്ടില്‍ പേരുറപ്പിച്ചവരും തുടക്കക്കാരുമെല്ലാം വാശിയോടെ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തു നിന്ന് ഒരേഴാം ക്ലാസുകാരിയും പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് ടാഗോര്‍ ഹാളിലാണ് മത്സരം. റിഹേഴ്സലിനായി മത്സരാര്‍ഥികളെല്ലാം തയ്യാറാണ്. ആ ഏഴാം ക്ലാസുകാരിയുടെ ഊഴമെത്തി. പാടിപ്പതിഞ്ഞവര്‍ പോലും ലളിതമായ പാട്ടുകള്‍ പാടാന്‍ തെരഞ്ഞെടുത്തപ്പോള്‍ ‘തുടരെ മദ്ദളവും’, ‘മുഹാജിറണ്ട ബാക്ക് കേട്ട’ പോലുള്ള, താളം കുറച്ചു ക്ലേശകരമായതും കഠിനവുമായ പാട്ടാണ് അവള് പാടാന്‍ തിരഞ്ഞെടുത്തിരുന്നത്. മത്സരത്തിനു മുമ്പത്തെ റിഹേഴ്സലില്‍ നന്നായി തന്നെ അവള് പാടി. റിഹേഴ്സല്‍ കഴിഞ്ഞ ഉടനെ ഉപ്പ ഓര്‍ക്കസ്ട്രക്കാരോട് മകളുടെ ആലാപനത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞു. ‘ഇതുതന്നെ പാടിയാല്‍ മതി, നല്ല താളബോധമുണ്ട് അവള്‍ക്ക്’ എന്നായിരുന്നു അവരുടെ മറുപടി.
നല്ല തുലാവര്‍ഷ സമയമായിരുന്നു അത്. തിരിമുറിയാത്ത മഴയും കനത്ത ഇടിയും മിന്നലും ഉണ്ടായിരുന്നു. പാടിക്കൊണ്ടിരിക്കുമ്പോള്‍ കറന്റ് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഉപ്പ മകളോട് ആദ്യമേ തന്നെ, അത്തരം സന്ദര്‍ഭം വന്നാല്‍ ഭയപ്പെടേണ്ടെന്നും തുടര്‍ന്ന് പാടിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. മത്സരസമയമായി. റിഹേഴ്സല്‍ സമയത്ത് ആരുമില്ലാതിരുന്ന ഹാള്‍ നിറഞ്ഞുകവിഞ്ഞത് കണ്ടപ്പോള്‍ ആ ഏഴാം ക്ലാസുകാരിയുടെ മനസ്സില്‍ തീയാളി. ഉപ്പയോട് തന്റെ ആധി പറഞ്ഞ അവളെ ‘പ്പാന്റെ കുട്ടി പേടിക്കണ്ട’ എന്ന് പിതാവ് ആശ്വസിപ്പിച്ചു.
അതിമനോഹരമായിത്തന്നെ അവള് പാടിത്തുടങ്ങി. പാടി പകുതിയോടടുത്തപ്പോള്‍ കറന്റ് പോയി. ആകെ ബഹളമായി. അവള്‍ക്കു പക്ഷേ, ഉപ്പയുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ആധിയുണ്ടായിരുന്നില്ല. കറന്റ് വന്നതോടെ ആദ്യം മുതല്‍ തന്നെ പാടണമെന്നായി വിധികര്‍ത്താക്കള്‍. ആ നിമിഷം സ്കൂളില്‍ പോകാനുള്ള അലുമിനിയം പെട്ടിയാണ് അവളുടെ മനസ്സിലേക്ക് വന്നത്. മത്സരത്തില്‍ ഒന്നാം സമ്മാനമായ കാഷ് പ്രൈസ് ലഭിച്ചാല്‍ സ്കൂളിലേക്ക് പുസ്തകം കൊണ്ടുപോകാന്‍ അലുമിനിയം പെട്ടി വാങ്ങിത്തരാമെന്നായിരുന്നു ഉപ്പയുടെ വാഗ്ദാനം. വിധികര്‍ത്താക്കളുടെ ആവശ്യം പരിഗണിച്ച് രണ്ടു പാട്ടുകളും അവള് പാടി മുഴുവനാക്കി. ആ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ‘മാപ്പിള ഗാനതിലകം’ എന്ന പട്ടം ചൂടിയാണ് അവള് മടങ്ങിയത്.
ഇത് മൂന്നര പതിറ്റാണ്ടിനു മുമ്പത്തെ കഥയാണ്. പിന്നീട് ഗസല്‍-ഖവാലി ഗായകരില്‍ മലയാളത്തിലെ വേറിട്ട ശബ്ദമായി മാറിയ നിസ അസീസിയായിരുന്നു ആ ഏഴാം ക്ലാസുകാരി.
വീട്ടിലെ ഒമ്പതു മക്കളില്‍ മൂത്തയാളാണ് നിസ അസീസി. അസീസ് ഭായ് എന്നു വിളിച്ചിരുന്ന ഉപ്പ എം എ അസീസിന് റേഡിയോ സര്‍വീസ് ആയിരുന്നു ജോലി. ചെറുപ്പത്തിലേ ആന്ധ്രയിലും മുംബൈയിലുമൊക്കെ യാത്ര ചെയ്യുകയും താമസിക്കുകയുമൊക്കെ ചെയ്തിരുന്നതിനാല്‍ ഉര്‍ദു ഭാഷയും ഹിന്ദുസ്ഥാനിയോടുള്ള പ്രിയവും ഉപ്പയുടെയുള്ളില് കയറിക്കൂടിയിരുന്നു. മലപ്പുറത്തെ ഉപ്പയുടെ റേഡിയോ സര്‍വീസ് സെന്ററിനോട് ചേര്‍ന്ന മുറിയില്‍ ‘രാഗ് തരംഗ്’ എന്ന പേരില്‍ ഉപ്പയും കൂട്ടുകാരും ഒരു സംഗീത വിദ്യാലയം കൂടി നടത്തിയിരുന്നു. ഒരു ക്വാര്‍ട്ടേഴ്സിലായിരുന്നു അന്ന് നിസയും കുടുംബവും താമസിച്ചിരുന്നത്. ഊണും ഉറക്കവുമൊഴിച്ച് മറ്റെല്ലാ സമയവും രാഗ് തരംഗിലായിരുന്നു അന്ന് നിസ. മറ്റു കുട്ടികളെപ്പോലെ കളികളില്‍ ഏര്‍പ്പെടുന്നതിനു പകരം ഉപ്പയുടെ ശിക്ഷണത്തില്‍ രാഗ് തരംഗിലായി നിസയുടെ വളര്‍ച്ച. അക്കാലത്ത് റഫി, കിഷോര്‍, മുകേഷ് തുടങ്ങിയവരുടെ ഗാനങ്ങളുടെ ഒരു അസാധ്യ കലക്ഷന്‍ തന്നെ ഉപ്പയുടെ കൈയിലുണ്ടായിരുന്നു. ആ പാട്ടുകള്‍ പശ്ചാത്തല സംഗീതമായിക്കൊണ്ടാണ് നിസയുടെ ഓരോ പകലും കടന്നുപോയിരുന്നത്. ഇവയുടെ സ്വാധീനം നിസയില്‍ ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അഭിനിവേശം ഉണര്‍ത്തിയിരുന്നു. നല്ല രീതിയില്‍ പാടാന്‍ തുടങ്ങിയ അവര്‍ ഉപ്പയോടൊത്ത് കല്യാണസദസ്സുകളിലൊക്കെ കുഞ്ഞുനാളില്‍ തന്നെ പാടിത്തുടങ്ങി.
പൊക്കം കുറവായിരുന്നതിനാല്‍ പരിപാടികളില്‍ സ്റ്റൂളില്‍ കയറിനിന്നൊക്കെ പാടിയിട്ടുണ്ട്. ഹിന്ദി ഗാനങ്ങള്‍ ഉപ്പയുമൊത്ത് ഡ്യുവറ്റ് പാടി. നിസ അങ്ങനെയാണ് ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്.
അന്ന് ഗേള്‍സ്, ബോയ്സ് എന്ന് വിഭജിക്കപ്പെട്ടിട്ടില്ലാതിരുന്ന മലപ്പുറം ഗവ. സ്കൂളിലായിരുന്നു നിസ 5 മുതല്‍ 7 വരെ പഠിച്ചത്. ഈ കാലയളവിലാണ് നേരത്തെ സൂചിപ്പിച്ച മാപ്പിള ഗാനതിലകപ്പട്ടം നിസ ചൂടുന്നത്. അത് നിസ എന്ന ഗായികക്ക് വലിയ പ്രശസ്തിയും പേരും സമ്മാനിച്ചു. മാപ്പിളപ്പാട്ട് ഗായികയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍, യഥാര്‍ഥത്തില്‍ മാപ്പിളപ്പാട്ടുകളേക്കാള് എത്രയോ അധികം ഹിന്ദി ഗാനങ്ങളായിരുന്നു അവള് പാടിയിരുന്നത്. തനത് മാപ്പിള ഗാനത്തിന്റെ ഗണത്തില്‍ വരാത്ത ഇസ്ലാമിക ഗാനങ്ങളും മറ്റുമായിരുന്നു പിന്നെ പാടിയത്. അവയിലേറെയും രചിച്ചിരുന്നതാവട്ടെ ഉപ്പയും. സെന്റ് ജമ്മാസ് സ്കൂളിലെ ഹൈസ്കൂള്‍ പഠന കാലത്തും നിസ എന്ന ഗായിക ആഘോഷിക്കപ്പെട്ടു.
ഉപ്പയുടെ ഹിന്ദുസ്ഥാനി പ്രേമമാണ് നിസയുടെ ഹിന്ദുസ്ഥാനി സംഗീതയാത്രയുടെ നിമിത്തമാവുന്നത്. ഹിന്ദുസ്ഥാനിയില്‍ കുറേക്കൂടി അഗാധമായി പഠിക്കണം എന്നൊരു ആഗ്രഹം ഉപ്പക്ക് ഉണ്ടായിരുന്നു. നിസയുടെ അനിയന് മുജീബ് റഹ്മാന് അക്കാലത്തേ തബലയില്‍ താല്പര്യമുള്ളയാളായിരുന്നു. ചെമ്മാട് എ ഇ വിന്‍സെന്റ് മാസ്റ്റര്‍ നടത്തിയിരുന്ന ക്ലാസില്‍ മുജീബും പങ്കെടുത്തിരുന്നു. ചെമ്മാട്ടെ ക്ലാസ് നിലച്ചപ്പോള്‍ വിന്‍സെന്റ് മാസ്റ്റര്‍ പിന്നീട് ആ ക്ലാസ് മലപ്പുറത്ത് രാഗ് തരംഗിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീതപഠനം ആഴത്തിലുള്ളതാക്കാന്‍ ഉപ്പ തീരുമാനിച്ചു.
ഉപ്പയുടെ പഠനം പുരോഗമിക്കുംതോറും നിസയും ആ അറിവുകള്‍ ക്ലാസ്മുറിക്ക് വെളിയിലിരുന്ന് കേട്ടു പഠിച്ചു. പിന്നീട് വിന്‍സെന്റ് മാസ്റ്ററുടെ തന്നെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. സംഗീതത്തെ ശ്വാസം പോലെ കൂടെ കൊണ്ടുനടക്കണമെന്നത് നിസയുടെ നിശ്ചയം തന്നെയായിരുന്നു. പത്താം ക്ലാസിലായിരിക്കെ നിസയെ തേടിയും ‘എന്താകണമെന്നാണ് ആഗ്രഹം’ എന്ന ചോദ്യമെത്തി. ഒട്ടും അമാന്തിക്കേണ്ടിവന്നില്ല. ‘പാട്ടുകാരിയാകണ’മെന്ന ഉത്തരം മനസ്സില്‍ നിന്നു സ്വാഭാവികമായി തന്നെ പുറം ചാടി. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ചുറ്റുമുള്ളതെല്ലാം നിസക്കൊപ്പം തന്നെ നിന്നു.
ഹിന്ദുസ്ഥാനി പഠനം കൂടുതല്‍ ആഴത്തിലുള്ളതാക്കാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കേരളത്തില്‍ വെച്ച് അത് സാധ്യമാകില്ല എന്ന അവസ്ഥ വന്നു. ഉത്തരേന്ത്യയിലേക്ക് ചേക്കേറിയാലേ നല്ല ഗുരുക്കന്മാരുടെ കീഴില്‍ പഠനം സാധ്യമാകൂ എന്നു വന്നപ്പോള്‍ കര്ണാട്ടികില് പഠനം നടത്താം എന്നു തീരുമാനിച്ചു. അങ്ങനെയാണ് നിസ പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളജില്‍ പഠനത്തിനായി പോകുന്നത്. അവിടെ അഡ്മിഷന് എടുക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിലാണ് ഒരു ടെസ്റ്റൊക്കെ ഉണ്ടാകും എന്ന വിവരമറിയുന്നത്. ഹിന്ദുസ്ഥാനിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള നിസയ്ക്ക് കര്ണാട്ടികില് പരിശീലനം ലഭിച്ചിട്ടില്ലല്ലോ. പിന്നീട് പരിശീലകനെ അന്വേഷിക്കലായി.
അതിനിടെ മുജീബിന്റെ തബലവാദനത്തിന് ജഡ്ജിയായി വന്ന കെ ജി മാരാര്‍ എന്ന കര്‍ണാടക സംഗീതപ്രതിഭയുമായി നിസയുടെ കുടുംബം ബന്ധം സൂക്ഷിച്ചിരുന്നു. മുജീബിനെ ഏറെ ഇഷ്ടത്തോടെ മജ്ബൂര് എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. അങ്ങനെയാണ് ഏറ്റവും ഇളയയാള്‍ക്ക് ഇമാം മജ്ബൂര് എന്ന പേര് നല്‍കിയത്. കര്‍ണാട്ടിക് പഠിക്കാനായി നിസയെയും കൊണ്ട് മാരാര്‍ സാറിന്റെയടുത്തേക്കാണ് ഉപ്പ പോയത്. നിസ പാടുമോ എന്നൊന്നും അറിയാതിരുന്ന അദ്ദേഹം അറിയാവുന്നത് പഠിപ്പിക്കാമെന്നേറ്റു. നിസയെ പഠിപ്പിക്കാന്‍ ആരംഭിച്ച അദ്ദേഹത്തിന് നിസക്കുള്ളിലെ പാട്ടിനോടുള്ള പ്രണയത്തെ കാണാനൊത്തു. കാലിലെ വ്രണം പോലും വകവെക്കാതെ അദ്ദേഹവും ചെമ്പൈ സ്മാരക കോളജിലേക്ക് നിസയുടെ അഡ്മിഷനു വേണ്ടി കൂടെ പോവുകയുണ്ടായി. ചെമ്പൈ കോളജിലെ പഠനത്തിനു ശേഷം രണ്ടു ദശാബ്ദക്കാലം എം ഇ എസ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായും ഡിപാര്‍ട്ട്മെന്റ് ഹെഡ് ആയും ജോലി ചെയ്തു. ഉമ്മര്‍ മാസ്റ്റര്‍, ശരത് ചന്ദ്ര മറാഠെ, നളിന്‍, ഉസ്താദ് ഫയാസ് ഖാന്, ഉസ്താദ് റഫീഖ് ഖാന് എന്നിവരുടെയെല്ലാം ശിഷ്യത്വത്തിലൂടെ നിസ കടന്നുപോയിട്ടുണ്ട്.
അതിനിടെയാണ് തികഞ്ഞ സംഗീതപ്രേമിയായ മുസ്തഫ ദേശമംഗലവുമായുള്ള വിവാഹം നടക്കുന്നത്. മറ്റോരോ കാര്യങ്ങളുമെന്ന പോലെ വിവാഹവും നിസയുടെ സംഗീതയാത്രക്ക് കൂടുതല്‍ സഹായകമാവുകയായിരുന്നു. വിവാഹത്തിനു ശേഷമാണ് സംഗീതവഴികളില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നിസയെ തേടിയെത്തുന്നത്.
സഹോദരങ്ങളായ അക്ബറും മജ്ബൂറുമൊക്കെ എങ്ങനെയാണോ അതുപോലെത്തന്നെയായിരുന്നു ഷഹ്ബാസ് അമനും നിസക്ക്. അന്ന് ഷഹ്ബാസ് അമന്, റാഫിയാണ്. മലബാറിലെ ഗസല്‍ പാരമ്പര്യം പഠിക്കാനായി നിസക്ക് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഫെലോഷിപ് ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി പല പഠനങ്ങളും നടന്നു. ഇടയ്ക്ക് ടി എ ഷാഹിദ്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ടി പി രാജീവന്, ജമീല്‍ അഹ്മദ്, ഒ പി സുരേഷ്, വി പി ഷൗക്കത്തലി പോലുള്ളവരുടെ വരികള്‍ നിസയും സഹോദരന് അക്ബറും ചേര്‍ന്ന് കമ്പോസ് ചെയ്യുകയും പലയിടത്തും അവതരിപ്പിക്കുകയുമുണ്ടായി. അന്ന് സംഘടിപ്പിക്കപ്പെട്ട കണ്‍സേര്‍ട്ടുകളില്‍ നിസയ്ക്കൊപ്പം പാടാനുണ്ടായിരുന്നത് അന്നത്തെ റാഫിയാണ്. അന്ന് നിസയുടെ സഹോദരങ്ങളായ അക്ബറും സലീലുമൊക്കെ റാഫിയെ ഗസല്‍ നിനക്ക് പറ്റുമെന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരില്‍ ഉണ്ടായിരുന്നു. പിന്നീട് റാഫി ഷഹ്ബാസ് അമനായി വലിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചു.
ആദ്യകാലത്ത് ഉര്‍ദു ഗസലുകളായിരുന്നു നിസ പാടിയിരുന്നത്. ഗസലിനെ പൊതുജനങ്ങളിലേക്ക് കൂടുതലായെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം നിസ ഏറ്റെടുക്കുകയായിരുന്നു. അന്ന് കേള്‍വിക്കാരില്‍ ഭാഷാപരിചയമുള്ളവര് നന്നേ കുറവായിരുന്നു. എന്നിട്ടു പോലും അവര്‍ നിസയുടെ കണ്‍സേര്‍ട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ചു. ചില വേദികളിലൊക്കെ ‘ഞങ്ങള്‍ക്ക് ഭാഷയറിയില്ലെങ്കിലും നിസയുടെ ആലാപനം ഞങ്ങളുടെ മനസ്സിനോട് സംവദിക്കുന്നുണ്ട്’ എന്ന് തുറന്നു പറഞ്ഞവരുണ്ട്. നിസ പിന്നിട്ട വേദികളെല്ലാം അവരോടൊപ്പം നിന്നതായുള്ള ഓര്‍മകളേ അവര്‍ക്ക് പങ്കുവെക്കാനുള്ളൂ. ഉള്ളില്‍ ഈണം പകരുന്ന ശബ്ദങ്ങളെ അങ്ങനെ ചേര്‍ത്തുപിടിക്കാനല്ലേ ഒരു കേള്വിക്കാരനാവൂ.
നിസയുടെ നല്ലപാതി മുസ്തഫ തികഞ്ഞ ഹിന്ദുസ്ഥാനി ഭ്രാന്തനായിരുന്നു. കയ്യും കണക്കുമില്ലാത്ത വിധം ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. നിസയുടെ ശബ്ദം ഏതൊക്കെ ഗാനങ്ങള്‍ക്കാണ് ഫിറ്റാവുക എന്നത് അദ്ദേഹമായിരുന്നു കണ്ടെത്തിയിരുന്നത്. നിസയുടെ കണ്‍സേര്‍ട്ടുകള്‍ മറ്റെല്ലാത്തില്‍ നിന്നും വ്യത്യസ്തമായിരിക്കാനുള്ള കാരണവും അദ്ദേഹമാണ്. മറ്റെല്ലാവരും കേട്ടുപതിഞ്ഞ പാട്ടുകള്‍ പാടൂ എന്ന് ആവശ്യപ്പെടുമ്പോള്‍, അല്ല, നീ പുതിയത് എടുത്ത് പാടൂ എന്ന് നിര്‍ബന്ധം പിടിക്കാറുള്ളത് ഭര്‍ത്താവ് മുസ്തഫയാണ്. മെഹ്ദി ഹസന്, ബീഗം അക്തര്‍, നൂര്ജഹാന്, നെയ്യാര നൂര്‍, ആബിദ പര്വീന് തുടങ്ങി നിരവധി പേരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയ അപൂര്‍വ ഗാനങ്ങള്‍ ആദ്യകാലത്തു പാടിയിരുന്നു. ഇപ്പോള്‍ കൂടുതലും ഖവാലിയും ഗസലും ചേര്‍ത്തുള്ള കണ്‍സേര്‍ട്ടുകളാണ് ചെയ്യുന്നത്. അതില്‍ സ്വന്തമായി ഇറക്കിയ ‘ജസ്ബ എ ദില്‍’ എന്ന ഉര്‍ദു ആല്‍ബത്തിലെയും ‘എത്ര മധുരമായ് പാടുന്നു നീ’ എന്ന മലയാളം ആല്‍ബത്തിലെയും സൂഫി ആല്‍ബമായി ഇറക്കിയ ‘യാ മൗല’യിലെയും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. കാനേഷ് പൂനൂര്, ടി പി രാജീവന്, ആലങ്കോട് ലീലാകൃഷ്ണന്, റഫീഖ് അഹ്മദ്, അന്‍വര്‍ അലി, പി പി രാമചന്ദ്രന്, അനിത തമ്പി തുടങ്ങിയ മലയാളത്തിലെ പ്രശസ്തരായ നിരവധി കവികളുടെ രചനകള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്യുന്നുണ്ട്.
മകന് റാസി പാട്ടുവഴിയില്‍ സജീവമാണ്. റഫീഖ് ഖാന്റെ ശിക്ഷണത്തില്‍ ഗ്വാളിയോര്‍ ഘരാനയില്‍ സിത്താര്‍ ആണ് റാസി പഠിച്ചുതുടങ്ങിയത്. പിന്നീട് വെസ്റ്റേണ്‍ വോക്കലും ഗിറ്റാറും അഭ്യസിച്ചു. ഇപ്പോള്‍ ഉമ്മയുടെ വഴിയല്ലെങ്കിലും തെലുഗു സിനിമയിലും വെബ് സീരീസിലും ഒക്കെ പാടിക്കൊണ്ട് സംഗീതരംഗത്ത് കാലുറപ്പിച്ചിരിക്കുകയാണ് റാസി. മകള്‍ റുത്ബ സുല്‍ത്താനയും പാട്ടിന്റെ കാര്യത്തില്‍ ഉമ്മയുടെ വഴി പിന്തുടരുന്നുണ്ട്.
ഗസല്‍-ഖവാലി ഗായകരില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പാട്ടുകാരില്‍ ഒരാളായി നിസാ അസീസി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗസല്‍ എന്ന കാവ്യശാഖയുടെ ആത്മാവറിഞ്ഞുള്ള ആലാപനവും ഖവാലിയുടെ ധ്യാനാത്മകതയും ചടുലതയും ആലാപനത്തില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ മലയാളക്കരയില്‍ അപൂര്‍വമാണ് എന്നതുകൊണ്ടുതന്നെ അവരുടെ ശബ്ദം ഏറെ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.