LoginRegister

ആത്മം രൂപപ്പെടുത്തുന്ന രണ്ടു പശ്ചാത്തലങ്ങള്‍

സഹീറാ തങ്ങള്‍

Feed Back


നമ്മെ നമ്മളാവാന്‍ സഹായിച്ച ആളുകള്‍, ജിവിത സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചു ആലോചിച്ചിട്ടുണ്ടോ?
ഒരു നാല്‍പ്പത് വയസ് പിന്നിടുന്നവര്‍; സ്വയമേവ കടന്നുപോന്ന ജീവിതത്തെ ഒന്നുതിരിഞ്ഞു നോക്കും. ആഗ്രഹിച്ച, സ്വപ്‌നം കണ്ട ലക്ഷ്യത്തിലെത്തിയോ, അതിലേക്ക് അടുത്തുവോ എന്ന് ചിന്തിക്കും. എന്നാല്‍ അതിനു കീഴെ പ്രായമുള്ളവര്‍ അത്തരം വിശകലനത്തിന് വല്ലാതെ മുതിരുന്നില്ല. ജീവിതം ഇനിയും ധാരാളം കിടക്കുയല്ലേ എന്ന ഒരു മിഥ്യാ ഉള്‍ബോധം ഉള്ളതുകൊണ്ടാവാം.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി എഴുതുന്നത്. പത്തു വയസ്സുകാരിപെണ്‍കുട്ടിയുടെ ആദ്യ സാഹിത്യരചന ഒരു പ്രണയ നോവല്‍ ആയിരുന്നു. കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതലേ കയ്യില്‍ കിട്ടുന്ന എന്തും ആര്‍ത്തിയോടെ വായിക്കുമായിരുന്നു. പുരാണ ഇതിഹാസങ്ങള്‍ എല്ലാം ഞാന്‍ വായിച്ചത് ബാലരമ, ബാലമംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ അമര്‍ചിത്രകഥകളിലൂടെയാണ്. ശ്രീകൃഷ്ണന്‍, കംസന്‍, ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, രാവണന്‍, ഹനുമാന്‍ തുടങ്ങി ശിക്കാരി ശംബു, കപീഷ്, കുട്ടൂസന്‍, ഡാകിനിയമ്മൂമ്മ വരെ ജീവനുള്ള ചിത്രമായി ഇന്നും ഉള്ളിലുണ്ട്.
പത്തുവയസ്സുകാരി കുട്ടിയുടെ പ്രണയ നോവലിന്റെ ആദ്യ വായനക്കാര്‍ ഒന്ന് എന്റെ വലിയുപ്പ സൈദ് അലവി കോയ തങ്ങള്‍ (ഉപ്പയുടെ ഉപ്പ) ആണ്. പിന്നെ എന്റെ സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ശ്രീധരന്‍ സര്‍. അദ്ദേഹത്തിന്റെ മകള്‍ ഷിജിയും ഞാനും അഞ്ചാം തരത്തില്‍ ഒന്നിച്ചായിരുന്നു. ഉറ്റ സുഹൃത്തുക്കളുമായിരുന്നു. ശ്രീധരന്‍ മാസ്റ്റര്‍ക്ക് എന്നോട് വലിയ വാത്സല്യം ആയിരുന്നു.
രണ്ടുപേരും അത്യധികം ആഹ്ലാദത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു. ‘നീ വലിയ എഴുത്തുകാരിയാവും എന്ന് മാസ്റ്റര്‍ പറഞ്ഞു. വല്യുപ്പ ഒന്നും പറയാതെ എന്നെ ചേര്‍ത്തുപിടിച്ചു കുറെ നേരം നിന്നു. ഞാന്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത് ആനന്ദാശ്രു ആയിരുന്നുവെന്നു എന്നിലെ കൊച്ചു കുട്ടിക്കുപോലും മനസ്സിലായി.
ആനക്കയം പുഴയോടു ചുറ്റപ്പെട്ട ചിറ്റത്തുപാറയില്‍ ആയിരുന്നു ഉപ്പയുടെ തറവാട്. എന്റെ ഉപ്പയും ഉമ്മയും സഊദി അറേബ്യയില്‍ ആയിരുന്നപ്പോള്‍ അഞ്ചാം തരത്തില്‍ ഞാന്‍ എന്റെ വല്യുപ്പ യുടെ കൂടെ നിന്നാണ് പഠിച്ചത്. മലേഷ്യയിലും സിംഗപ്പൂരിലും എല്ലാമായി പത്തുമുപ്പതു വര്‍ഷക്കാലം ജീവിച്ചതിനു ശേഷമാണ് അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ സ്ഥിരതാമസമാക്കിയത്. സ്വന്തമായി പാട്ടുകള്‍ കെട്ടിപ്പാടുമായിരുന്ന വല്യുപ്പ എന്നെ ആഹ്ലാദിപ്പിച്ചിരുന്നു. ആ ഗ്രാമത്തില്‍ എല്ലാവര്‍ക്കും എന്ത് പ്രയാസമുണ്ടായാലും തങ്ങളുപ്പാപ്പ ആയിരുന്നു അവസാന ആശ്രയം.
അവരില്‍ ആരെങ്കിലും ഒരാള്‍ എന്നെ അന്ന് നിരുത്സാഹപ്പെടുത്തിയിരുന്നെങ്കില്‍, ആ കുഞ്ഞു പ്രായത്തില്‍ പ്രണയം എഴുതിയതിനു വഴക്കു പറഞ്ഞിരുന്നെങ്കില്‍ എന്നിലെ എഴുത്തുകാരി മുളപൊട്ടുന്നതിനു മുന്‍പേ കരിഞ്ഞു പോയേനെ.
അതുപോലെ തന്നെ ആയിരുന്നു എന്റെ വായനയും. രണ്ടാം ക്ലാസ്സുകാരി, വാരികകളില്‍ വരുന്ന നീണ്ട നോവലുകള്‍ വായിക്കുന്നോ എന്ന് ആരും കണ്ണുരുട്ടിയില്ല. ഒരിക്കല്‍ പോലും ആരും അതിനു തടസ്സം പറഞ്ഞില്ല. വളരുന്നതിന് അനുസരിച്ചു വായനയും വളര്‍ന്നു. പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കാന്‍ തുടങ്ങി, ലൈബ്രറികളില്‍ പോയി. നീണ്ട നോവലുകള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് വായിച്ചുതീര്‍ത്തു.
ചപ്പുചവറുകള്‍ വായിക്കുന്നു എന്ന് പരാതി പറയുന്ന മാതാപിതാക്കള്‍ അറിയേണ്ടത് അങ്ങനെ ഒന്നും ഇല്ല എന്നതാണ്. കുട്ടികളുടെ പുറകെ ഇന്നത് വായിക്കണം ഇന്നത് വായിക്കരുത് എന്ന കാര്‍ക്കശ്യത്തോടെ സദാ കണ്ണുരുട്ടി നടന്നാല്‍ അവരുടെ വായന തന്നെ നിലച്ചു പോവും. വളരും തോറും സ്വയം തിരഞ്ഞെടുക്കാനുള്ള പക്വത അവരില്‍ ആര്‍ജിക്കുമെന്നതില്‍ സംശയമില്ല.
പിന്നീടങ്ങോട്ടു കവിതയും കഥയും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രണ്ടാമത്തെ നോവല്‍ എഴുതുകയും ആദ്യമായി കഥാമത്സരത്തിനു പങ്കെടുക്കുകയും ചെയ്തു. അതിനു ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ എന്റെ മലയാളം അധ്യാപകന്‍ ബലറാം സര്‍ (വൃത്തവും അലങ്കാരവും എല്ലാം കണിശമായി പഠിപ്പിക്കുന്ന ആളാണ്. ഒരു ചെറിയ തെറ്റ് പോലും അദ്ദേഹം കണ്ടുപിടിക്കുമായിരുന്നു) വളരെയേറെ സന്തോഷത്തോടെ എന്നെ അഭിനന്ദിച്ചത് ലഭിച്ച ഒന്നാം സമ്മാനത്തെക്കാള്‍ മാറ്റേറിയതായിരുന്നു.
സ്‌കൂള്‍കാലഘട്ടമാണ് ഒരു കുട്ടിയുടെ കഴിവുകളെ വാര്‍ത്തെടുക്കുന്ന തട്ടകം. അധ്യാപകരുടെ പ്രോത്സാഹനം എന്തും നേടാനുള്ള ആത്മവിശ്വാസം അവരില്‍ ഉണ്ടാക്കും.
സൈനുദ്ദീന്‍ മാസ്റ്റര്‍, വിജയലക്ഷ്മി ടീച്ചര്‍, ബലറാം സര്‍, ഉമ്മര്‍ മാസ്റ്റര്‍, അനിത ടീച്ചര്‍, അസ്മ ടീച്ചര്‍, അംബിക ടീച്ചര്‍, തങ്കമണി ടീച്ചര്‍, ബാബു സര്‍, അസീസ് മാസ്റ്റര്‍, നസീം സര്‍ തുടങ്ങിയ അധ്യാപര്‍ക്കു എന്നിലെ ആത്മം എനിക്ക് കണ്ടെത്തി തന്നതില്‍ നല്ല പങ്കുണ്ട്.
സ്‌കൂളില്‍ നൃത്തക്ലാസ് ആരംഭിച്ചപ്പോള്‍ എന്നെയും അതിനു ചേരാന്‍ എന്റെ വല്യുപ്പ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഭരതനാട്യം പഠിക്കില്ലായിരുന്നു. പത്താം ക്ലാസ്സില്‍ വെച്ചു അരങ്ങേറ്റം നടത്തില്ലായിരുന്നു. ഒപ്പനക്കു സബ് ജില്ലാ തലത്തില്‍ ലഭിച്ച സമ്മാനം, കൂടെ നിന്ന് പ്രോത്സാഹനം നല്കിയ പ്രിയപ്പെട്ട ഉമ്മര്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കാനാണ് ഇന്നും ഞാന്‍ ആഗ്രഹിക്കുന്നത്.
കുട്ടികളായിരിക്കുമ്പോള്‍ അവരുടെ ജൈവിക ചോദനകളെ, സര്‍ഗാത്മക കഴിവുകളെ ഒന്നും അളന്നു മുറിക്കാതെ ഇരിക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന കുടുംബവും അധ്യാപകരുമാണ് ഈ ലോകത്തിലെ അവരുടെ ഏറ്റവും വലിയ പുണ്യം. അമിത വിമര്‍ശനങ്ങളും കര്‍ശന നിയന്ത്രണങ്ങളും കുഞ്ഞുങ്ങളിലെ ദൈവീക വെളിച്ചത്തെ കെടുത്തിക്കളയും. ഒപ്പമുണ്ടെന്നു പറയുന്ന, ധൈര്യമാവണം കുട്ടിക്കാലത്തെ വളര്‍ത്തുന്ന ഈ രണ്ട് പശ്ചാത്തലങ്ങളും.
ചെങ്കുത്തായ ഒരു മലമുകളിലേക്കുള്ള യാത്രയാണ് ജീവിതം. വഴികള്‍ അത്ര സുഗമമായിരിക്കില്ല. പാതി കയറ്റത്തില്‍ കിതച്ചു ശ്വാസം മുട്ടുമ്പോള്‍ നമ്മെ പിടിച്ചു കയറ്റിയ കൈകളെ മറക്കാതിരിക്കുക. ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അഹംഭാവം വാക്കുകളില്‍ പോലും പ്രതിഫലിക്കാതെ നോക്കുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top