തിരുവനന്തപുരത്തെ ഒരു ഐടി കമ്പനിയില്‍ ജോലിക്കാരിയാണ് നൈമ. ഭര്‍ത്താവ് ആദില്‍ എറണാകുളത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജരാണ്. മൂന്നു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് അവരുടെ വിവാഹം നടന്നത്.
രണ്ടു പേരുടെയും കുടുംബ പശ്ചാത്തലവും വളര്‍ന്നുവന്ന സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. ആദിലിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധം തീരെ താല്പര്യമില്ലായിരുന്നു. ആദ്യഘട്ടത്തില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അവന്റെ വാശിക്കും നിര്‍ബന്ധത്തിനും വീട്ടുകാര്‍ വഴങ്ങുകയായിരുന്നു.
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരെ ഉള്‍ക്കൊള്ളാന്‍ നൈമക്ക് സാധിച്ചിട്ടില്ല. അമ്മായിയമ്മക്കും നാത്തൂന്മാര്ക്കും മരുമകളെ അത്ര പിടിച്ചിട്ടുമില്ല. പ്രൊഫഷണല്‍ കാമ്പസില്‍ പഠിച്ച് മോഡേണ്‍ രീതിയില്‍ ജീവിക്കുന്ന തന്റെ രീതികള്‍ അവര്‍ക്ക് ദഹിക്കുന്നില്ല എന്നാണ് അവളുടെ പരാതി. ഭര്‍ത്താവും വീട്ടുകാരും പറയുന്നത് അപ്പടി കേട്ട് അവര്‍ പറയുംപോലെ വേഷം ധരിച്ച് ജോലിക്കൊന്നും പോവാതെ കുടുംബം നോക്കുന്നവളാണ് അവരുടെ വീക്ഷണത്തിലെ മരുമകള്‍. ധാരാളം പൈസ മുടക്കിയാണ് താന്‍ പഠിച്ചത്, ജോലി കളയാന്‍ തന്നെ കിട്ടില്ല എന്ന് നൈമയും പറയുന്നു.
കല്യാണത്തിനു ശേഷം രണ്ടാഴ്ച മാത്രമാണ് അവള് ഭര്‍തൃവീട്ടില്‍ താമസിച്ചത്. അവളുടെ ജോലിസ്ഥലത്തിനടുത്തുള്ള ഫ്ളാറ്റിലാണ് ഇരുവരും താമസിച്ചുവരുന്നത്.
മൂന്നു മാസം കഴിയുമ്പോള്‍ മാത്രമാണ് നാട്ടിലേക്ക് വരിക. ആദ്യത്തെ ഒന്നുരണ്ടു തവണ വെക്കേഷന് സമയത്ത് ഭര്‍ത്താവിനൊപ്പം ആ വീട്ടില്‍ പോയിരുന്നുവെങ്കിലും അമ്മായിയമ്മയെ സഹിക്കാന്‍ പറ്റാത്തതിനാല്‍ ഇപ്പോള്‍ ആദില്‍ ഒറ്റയ്ക്കാണ് വീട്ടില്‍ പോവുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ‘നീ കാരണം എന്റെ സുഹൃത്തുക്കളും വീട്ടുകാരും എന്നെ ഒഴിവാക്കി’ എന്ന് അയാള്‍ കുറ്റപ്പെടുത്തുന്നു. പുറത്തുള്ള ജോലി മതിയാക്കി നാട്ടില്‍ സെറ്റ്ലാവാനുള്ള ആലോചനയിലാണ് ആദില്‍. എന്നാല്‍ ആ വീട്ടിലേക്ക് ഞാനില്ലെന്ന് നൈമ തീര്‍ത്തു പറയുന്നു.
ദാമ്പത്യവും കുടുംബജീവിതവും മനുഷ്യ ജീവിതത്തെ മനോഹരമാക്കുന്ന അടിസ്ഥാന ഘടകമാണ്. ആധുനിക കാലത്ത് കുടുംബം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതില്‍ നേരിടുന്ന പ്രശ്നമാണ്. മുമ്പ് പുരുഷന്മാര് മാത്രമാണ് കുടുംബത്തിനു വേണ്ടി അധ്വാനിച്ചിരുന്നത്. പുതിയ കാലത്ത് കുടുംബം പുലര്‍ത്താനും മക്കളെ പഠിപ്പിക്കാനും ഒരാളുടെ ജോലി മാത്രം പോരാ എന്ന ചിന്തയാണുള്ളത്.
ഇതിനു പുറമേ ഉന്നത വിദ്യാഭ്യാസം നേടുകയും പ്രഫഷണല്‍ ബിരുദങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നതില്‍ പെണ്‍കുട്ടികള്‍ മികച്ചുനില്ക്കുന്നു. അതനുസരിച്ച് അവരുടെ സാമൂഹിക അവബോധവും ജീവിത നിലവാരവും ഉയരുന്നു. പഠിച്ച് ജോലി നേടാനുള്ള താല്പര്യം പെണ്‍കുട്ടികള്‍ക്ക് വളരെ കൂടുതലാണ്. പുരുഷന്റെ കീഴില്‍ ജീവിക്കുക എന്നത് ഒരുതരം പഴഞ്ചന്‍ ഏര്‍പ്പാടായിട്ടാണ് ന്യൂജന്‍ പെണ്‍കുട്ടികള്‍ വിലയിരുത്തുന്നത്. ജോലിയായിട്ട് മതി കല്യാണം എന്ന് യുവാക്കള്‍ മാത്രമല്ല യുവതികളും പറയുന്ന കാലമാണിത്.
വിവാഹത്തെ കേവലം വ്യക്തിപരമായ കാര്യമായി മാത്രം പരിമിതപ്പെടുത്തുകയാണ് പുതിയ തലമുറ. വിവാഹത്തിലൂടെ ഒരുമിക്കുന്നത് രണ്ട് വ്യക്തികള്‍ മാത്രമല്ല. അവരുടെ കുടുംബം, ബന്ധുക്കള്‍, ജീവിത പരിസരം, സംസ്കാരം, സാമൂഹിക ഘടകങ്ങള്‍ എന്നിവയെല്ലാം ഈ ഒത്തുചേരലില്‍ പങ്കാളികളാകുന്നു. വധൂവരന്മാരുടെ ജീവിത പശ്ചാത്തലവും വളര്‍ന്നുവന്ന സാഹചര്യവും അവരുടെ ദാമ്പത്യ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ വസ്തുതകള്‍ മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും പരാജയപ്പെട്ടാല്‍ അത് കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വിവാഹിതരാവുന്ന സ്ത്രീയും പുരുഷനും മാത്രമല്ല അവരുടെ മാതാപിതാക്കളും ബന്ധുക്കളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കണം.
രണ്ട് പെണ്‍കുട്ടികളും ബാപ്പയും ഉമ്മയും മാത്രമടങ്ങിയ, ടൗണില്‍ ജീവിക്കുന്നവരാണ് നൈമയുടെ കുടുംബം. പിതാവിന് വര്‍ഷങ്ങളോളം ദുബൈയില്‍ ബിസിനസായതിനാല്‍ അവിടെയാണ് അവള് വളര്‍ന്നത്. മക്കളുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യം നല്കുന്ന മാതാവും പിതാവും. ഫാസ്റ്റ് ഫുഡ്, ഷോപ്പിങ്, ടൂര്‍ എന്നിങ്ങനെ അടിച്ചുപൊളിയായി ജീവിച്ചവള്‍.
എന്നാല്‍ ഗ്രാമത്തിലെ കൂട്ടുകുടുംബത്തിലാണ് ആദില്‍ വളര്‍ന്നത്. നാല് സഹോദരിമാര്‍ക്ക് ഒരു കുഞ്ഞാങ്ങള. ബാപ്പയുടെ മൂന്നു സഹോദരങ്ങള്‍ തൊട്ടടുത്ത് താമസിക്കുന്നു. വീട്ടില്‍ കൃഷിയും അതുമായി ബന്ധപ്പെട്ട ജോലിക്കാരും എപ്പോഴും സജീവം. പിതാവിനെപ്പോലെ നാട്ടിലെ സാമൂഹിക സേവനരംഗങ്ങളില്‍ ആദിലും നന്നായി പ്രവര്‍ത്തിക്കുന്നു.
ഇത്തരം ഒരു സാഹചര്യത്തിലേക്ക് മേല്‍ സൂചിപ്പിച്ച രീതിയില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി വരുമ്പോള്‍ അപരിചിതത്വം നേരിടുക സ്വാഭാവികം. സാമൂഹികവും പ്രാദേശികവുമായ പ്രത്യേകതകളും വ്യത്യസ്തതകളും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ദമ്പതികള്‍ ഒരിക്കലും മറ്റുള്ളവരുടെ വ്യത്യസ്തതകളെ പരിഹരിക്കുകയോ ചെറുതായി കാണുന്നതോ നല്ലതല്ല. വിരുദ്ധമായ സാഹചര്യത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് ആവശ്യമായ കരുതലും കരുണയും നല്‍കേണ്ടത് ഭര്‍തൃവീട്ടുകാര്‍ തന്നെയാണ്.
‘ഞാനും എന്റെ കെട്ടിയോനും’ എന്ന ചിന്ത മാത്രമാണ് ഇന്ന് പല പെണ്‍കുട്ടികള്‍ക്കുമുള്ളത്. ‘ഭര്‍ത്താവിന്റെ കാര്യം നോക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരിചരിക്കാന്‍ എനിക്കാവില്ല’ എന്ന മനോഭാവം. കല്യാണത്തിനു മുമ്പുതന്നെ ‘എനിക്ക് ജോലിയാണ് കാര്യം. കുടുംബം നോക്കാന്‍ എന്നെ കിട്ടില്ല’ എന്ന് തുറന്നു പറയുന്നവരുമുണ്ട്.
സന്തോഷകരമായ കുടുംബമുണ്ടാവുക, മക്കളെ നന്നായി വളര്‍ത്തുക, സ്നേഹത്തില്‍ കഴിയുക എന്നൊക്കെ പറയുന്നത് വില കുറഞ്ഞ കാര്യമാണോ? ഭര്‍ത്താവിനെ മാത്രം സ്നേഹിക്കുക, അദ്ദേഹത്തിന്റെ ബന്ധുക്കളെ അവഗണിക്കുക എന്നത് സന്തുഷ്ട ദാമ്പത്യത്തിന് ചേര്‍ന്നതല്ല. ഭര്‍ത്താവിനും അദ്ദേഹം സ്നേഹിക്കുന്നവര്‍ക്കും അദ്ദേഹം സ്നേഹിക്കുന്നവര്‍ക്കുമെല്ലാം സ്നേഹവും അംഗീകാരവും നല്‍കുമ്പോഴാണ് മരുമകള്‍ പ്രിയപ്പെട്ടവരാകുന്നത്.
സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക എന്ന ലളിതമായ മനഃശാസ്ത്ര സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ഉമ്മയും മരുമകളും സ്നേഹം പിടിച്ചുപറ്റാനുള്ള മത്സരം നടത്തുമ്പോഴാണ് പ്രശ്നം രൂക്ഷമാവുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ആണ്മക്കള് ബുദ്ധിപൂര്‍വം പെരുമാറണം. ഭാര്യയുമായി സഹകരിച്ച് ഉമ്മയെ പിണക്കാതിരിക്കാന്‍ തന്ത്രപൂര്‍വം ശ്രമിക്കണം. മരുമകളുടെ വരവോടെ ഉമ്മയും സഹോദരിമാരും ഒറ്റപ്പെട്ടുവെന്ന് അവര്‍ക്ക് തോന്നരുത്. അവരുമായി വീട്ടുകാര്യങ്ങള്‍, ജോലി, താമസം, യാത്ര, ഭാവിപദ്ധതികള്‍ എന്നിവ കൂടിയാലോചിക്കുന്നത് അവരുടെ ഇഷ്ടം നേടാനുള്ള മാര്‍ഗമാണ്.
മരുമകളെ മകളായി കാണാന്‍ അമ്മായിയമ്മയും തയ്യാറാവണം. ആങ്ങളയെ സങ്കടപ്പെടുത്താതിരിക്കാന്‍ സഹോദരിമാരും ശ്രദ്ധിക്കണം. ഒരു കുടുംബാംഗത്തിന് ഉണ്ടാവുന്ന വിഷമം മൊത്തം കുടുംബത്തിന്റെ സന്തോഷം കെടുത്തുമെന്ന സത്യം മനസ്സിലാക്കണം. വിട്ടുവീഴ്ചാ മനോഭാവം, സല്‍സ്വഭാവം എന്നിവയാണ് നമ്മുടെ ജീവിതം വിജയപ്രദമാക്കുക.
ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് മുഹമ്മദ് നബി(സ) പറഞ്ഞു: ”അല്ലാഹുവോടുള്ള ഭയഭക്തിയും സല്‍സ്വഭാവവും” (തിര്‍മിദി).