പെണ്ണിനെ പെറ്റാല്‍ മണ്ണിലിട്ട് മൂടിയിരുന്ന കാലമുണ്ടായിരുന്നു. കാലം സഞ്ചരിച്ച് 2022ല്‍ എത്തി നില്‍ക്കുമ്പോഴും, നാമൊരുപാട് പുരോഗമിച്ചെന്ന് പറയുമ്പോഴും അന്നത്തെ മാനസികാവസ്ഥയില്‍ നിന്ന് സമൂഹം എത്രത്തോളം മാറിയിട്ടുണ്ടെന്നത് ആലോചിക്കേണ്ട വസ്തുതയാണ്. പെണ്ണ് ഇന്നും ഒരു ചര്‍ച്ചാ വിഷയം തന്നെയാണ്. പെണ്ണ് ഒരു വിഷയമാകുന്നിടത്തോളം മറ്റെന്തിനേക്കാളും ശ്രദ്ധയോടെയും കരുതലോടെയും അവള്‍ പൊതുസമൂഹത്തില്‍ ജീവിക്കുകയും ഇടപെടുകയും ചെയ്യേണ്ടി വരുന്നു. അടുക്കളയില്‍ നിന്ന് അരങ്ങത്തെത്താന്‍ പെണ്ണ് ഒരുമ്പെട്ടിറങ്ങിയതിന്റെ ബാക്കിപത്രം തന്നെയാണ് ഇന്ന് നാം അനുഭവിച്ചു വരുന്ന, അവള്‍ക്കും കൂടെ അവകാശം ലഭിക്കുന്ന പൊതുഇടങ്ങള്‍. എന്നിട്ടും സമൂഹത്തിലെ അവളിടങ്ങള്‍ എത്രമാത്രം ഇടുങ്ങിയതും നിയന്ത്രിതവുമാണ്. അവളുടെ പേഴ്സണല്‍ സ്പേസിന് പുറത്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍, അത് രാഷ്ട്രീയമോ സാംസ്‌കാരികമോ മതപരമോ ആകട്ടെ, ആരൊക്കെയോ പറഞ്ഞുവെച്ച പുരുഷ കേന്ദ്രീകൃത മാര്‍ഗനിര്‍ദേശങ്ങളിലൂടെ മാത്രമേ അവള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ഈ കാലഹരണപ്പെട്ട പൊതുബോധത്തിന്റെ അടിമകള്‍ ഒച്ചവെക്കുമ്പോള്‍ ഉയര്‍ത്തിയ മുഷ്ടികള്‍ വിറക്കാത്തൊരു കാലത്തിലേക്കുള്ള ചുവടുവെപ്പായാണ് ഇന്നു കാണുന്ന ഓരോ മാറ്റത്തെയും വിലയിരുത്തേണ്ടത്.
അവളിടങ്ങള്‍
അടുക്കളയില്‍ നിന്ന്, അല്ലെങ്കില്‍ വീട്ടിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന അവളിടങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്രത്തോളം ജനാധിപത്യപരമാണ് നമ്മളടങ്ങുന്ന പൊതുസമൂഹം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അവള്‍ ഭക്ഷണം പാകം ചെയ്യാനും പ്രസവിക്കാനുമുള്ള കേവല യന്ത്രമാകുന്ന കാഴ്ചപ്പാടില്‍ നിന്ന് അടുക്കളയില്‍ അവനും ഇടമുണ്ടെന്നും കിടപ്പറയില്‍ അവളുടെ താല്പര്യങ്ങള്‍ക്കും വിലയുണ്ടെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നിടത്തേക്കുള്ള മാറ്റമാണ് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള വിശാലമാനങ്ങള്‍ തുറക്കുന്നത്.
പെണ്ണായതുകൊണ്ട് അവളുടെ തൊഴിലിടങ്ങളിലെ കാര്യക്ഷമതയെ വില കുറച്ചു കാണുന്ന പുരുഷ കേസരികളോടാണ്, കാര്യക്ഷമതയിലല്ല ഗുണനിലവാരത്തിലാണ് മത്സരിക്കേണ്ടത്. അവരുടേതായ ഇടങ്ങളില്‍ ആരും ചെറുതല്ലെന്ന് മനസിലാക്കുക.
ഹരിതവിപ്ലവം
പൊതുഇടങ്ങളില്‍ ഇടപെടുന്ന സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധികളും പരിമിതികളുമാണ്. സ്ത്രീപക്ഷ ജീവിതത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ശബ്ദത്തില്‍ സംസാരിക്കുന്നവര്‍ പോലും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ കടുത്ത യാഥാസ്ഥിതികരും പിന്തിരിപ്പന്‍മാരുമായി മാറുന്നതു കാണാം. സ്ത്രീ നീതിക്കായി നിലകൊള്ളുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്നത് പലപ്പോഴും ആണ്‍കോയ്മയാല്‍ നിര്‍മിതമായ അസ്ത്രങ്ങളാണ്. ദിനേനയെന്നോണം ഉദാഹരണങ്ങള്‍ എല്ലാ മേഖലകളിലും കാണാന്‍ സാധിക്കുന്നുണ്ട്. തന്റെ ചെറിയ കാലത്തെ സാമൂഹിക രാഷ്ട്രീയ പ്രവത്തനത്തില്‍ ഒരുപാട് അനുഭവങ്ങളും ഉദാഹരണങ്ങളും തെളിവായി ഉന്നയിക്കാനാവും.
അടുത്ത കാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ‘ഹരിത’യുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അത് ബോധ്യപ്പെട്ടതുമാണ്. കാരണം ഹരിത ജനിക്കുന്നത് തന്നെ ചോദ്യ ശരങ്ങള്‍ എയ്തുകൊണ്ടാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ നേരിടുന്ന അന്യായമായ നീക്കങ്ങള്‍, സ്ത്രീയുടെ പക്ഷത്താണ് ശരിയെന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ പോലും കേവല മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള കൃത്യമായ ജനാധിപത്യ വിരുദ്ധതയാണ് പ്രകടമാവുന്നത്. അത്തരം സാഹചര്യങ്ങളില്‍ ചില വ്യക്തികളുടെ തീരുമാനങ്ങള്‍ പാര്‍ട്ടി നിലപാടുകളാവുന്നത് തികച്ചും അപലപനീയം തന്നെ.
പെണ്‍കുട്ടികളുടെ ഉന്നമനം സ്വപ്‌നം കണ്ടിരുന്ന സീതി സാഹിബിന്റെ സ്വപ്‌ന സാക്ഷാത്കാരമായ് സി എച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെങ്ങും വൈജ്ഞാനിക വിപ്ലവം തീര്‍ത്തപ്പോള്‍ അന്ധകാരത്തിന്റെ ഇരുട്ടില്‍ നിന്ന് ഒരു നാട് തന്നെ പുതുവസന്തത്തിലേക്ക് പുനര്‍ജനിക്കുകയായിരുന്നു. ഇന്ന് കലാലയങ്ങളില്‍ 80% പെണ്‍കുട്ടികളാണ് പഠിക്കുന്നത്. ഉറച്ചശബ്ദത്തില്‍ ഉരുവിടുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലാനുള്ള, കേവല ശക്തി പ്രകടനത്തില്‍ ആള്‍ബലം തെളിയിക്കാനുള്ള വോട്ട് ബാങ്കുകളല്ല പെണ്‍കുട്ടികള്‍. തന്റേതായ ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും സ്വത്വം സംരക്ഷിക്കാനുമുള്ള ഉറച്ച ശബ്ദവും മൂര്‍ച്ചയേറിയ വാക്കുകളും പണയം വെച്ചിട്ടില്ലാത്ത ആര്‍ജവവും ഉള്ളവരാണവര്‍. അവിടെനിന്ന് കൂടുതല്‍ മെച്ചപ്പെട്ട രാഷ്ട്രീയ അന്തരീക്ഷത്തിലേക്കെത്തുമ്പോള്‍ നേതൃത്വവും അതിനനുസൃതമായ പക്വതയും കൃത്യമായ വീക്ഷണവുമുള്ളവരായിരിക്കും. ഞങ്ങളുടെ സ്വത്വത്തിനു മുറിവേറ്റപ്പോഴാണ് ചേര്‍ന്നുനിന്ന് പോരാടിയത്. വ്യക്തികളുടെ മനോഭാവത്തിനെതിരെയുള്ള സന്ധിയില്ലാ കലഹത്തില്‍ മുന്നോട്ടുവച്ച കാല്‍ ആദര്‍ശം പണയം വെക്കാതെ ആണ്‍ അഹന്തക്കുമുന്നില്‍ അടിയറവു പറയാതെ പൊരുതുമ്പോള്‍ ബാക്കി വെക്കുന്ന ഒരു പാഠമുണ്ട്, അടിമകളാകാതിരിക്കുക, ആളുകളുടെയും സംഘടനകളുടെയും.
പൊതുരംഗത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ കുറച്ചൂടെ കരുത്തോടെയും ഇച്ഛാശക്തിയോടെയും നിലയുറപ്പിക്കുക എന്നതു മാത്രമാണ് പുരുഷാധിപത്യ മനോഭാവങ്ങളെ ചെറുക്കാനുള്ള വഴി.
സ്ത്രീ സുരക്ഷിതയല്ല
‘ബുള്ളി ബായി’യിലും ‘സുള്ളി ഡീല്‍സി’ലും പെണ്ണുടലുകള്‍ വില്പനച്ചരക്കാകുമ്പോള്‍ രാജ്യത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. മാനുഷികതയെയും മതേതരത്വത്തെയും കാര്‍ന്നുതിന്നുന്ന ഇസ്‌ലാമോഫോബിയ സമാധാനത്തിന്റെ സന്തുലിതാവസ്ഥയെയാണ് തകര്‍ക്കുന്നത്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സമാധാന ജീവിതം നയിക്കാന്‍ ഒരു ജനതക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ആ നാട്ടിലെ സര്‍ക്കാരിന്റെ പിടിപ്പുകേടു തന്നെയാണ്. ഇല്ലായിരുന്നുവെങ്കില്‍ ബിന്ദു അമ്മിണി അക്രമിക്കപ്പെടില്ലായിരുന്നു. തന്റേതായ ഇടം കണ്ടെത്തുന്ന തന്റേടി, അവള്‍ പല തരത്തിലും തലത്തിലും ആക്രമിക്കപ്പെടുന്നത് കെട്ടകാലത്തിന്റെ ആവര്‍ത്തിക്കാനാഗ്രഹിക്കാത്ത ഇരുണ്ട അധ്യായങ്ങളാണ്.
പണവും സ്വാധീനവുമുള്ളവര്‍ നിയമം അട്ടിമറിക്കുമ്പോള്‍ അതിനു അവസരം ലഭിക്കാത്തവണ്ണം പഴുതടച്ച് തുറുങ്കിലടക്കാനാവാത്ത നീതി പീഠം നാടിനൊരു ഭാരമാണെന്ന് തെളിയിക്കുന്നതാണ് നടന്‍ ദിലീപിന്റെ കേസും ഫാദര്‍ ഫ്രാങ്കോ മുളക്കലിന്റെ കേസിലെ വിധിയും.
പ്രിയപ്പെട്ട സിസ്റ്റര്‍മാരോടാണ്, നിങ്ങള്‍ പൊരുതുന്നത് ആഴത്തില്‍ വേരൂന്നിയ, മുമ്പേ മാറേണ്ടിയിരുന്ന ഒരു സംവിധാനത്തോടാണ്. നിങ്ങള്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷത്തിന്റെ ഭീകരത അതിന്റെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കിക്കൊണ്ട് നല്‍കാനാകുന്നത് ഹൃദയം തുറന്ന ഐക്യദാര്‍ഢ്യമാണ്. തളരരുത്, തകരരുത്, താണ്ടാന്‍ ഒത്തിരിയുണ്ട് ദൂരം. കൂടെയുണ്ടാകും എന്ന മനസാക്ഷി തൊട്ട ഉറപ്പേ നല്‍കാനാവുന്നുള്ളു.
ഇത് ഫെമിനിസമല്ല
നീതി ലഭിച്ചില്ലെങ്കില്‍ പെണ്ണെ നീ ‘തീ’യാകുക എന്നൊക്കെ പറയാന്‍ എളുപ്പമാണ്. നീതിക്കായുള്ള അവളുടെ കലഹത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും എളുപ്പമാണ്. അതേസമയം ദിനേനെയെന്നോണം നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും വന്നുപോകുന്ന പൊളിറ്റിക്കല്‍ ഇന്‍കറക്ട്‌നെസ്സിനെ തിരുത്താനോ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനോ സൗകര്യപൂര്‍വം നാം മറന്നുപോകുന്നു. അവയെല്ലാം തിരുത്തേണ്ടവയാണെന്ന് ഓര്‍മിപ്പിക്കുന്നവര്‍ ‘ഭീകര ഫെമിനിസ്റ്റുകളുമാകുന്നു’.
എന്നാല്‍ എന്താണ് ഫെമിനിസം? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിക്കുന്നതോ? വിവാഹപ്രായം 21 ആക്കിയതിനെ കണ്ണടച്ചു സ്വാഗതം ചെയ്യുന്നതോ? അല്ല, ഒരിക്കലുമല്ല.
യൂനിസെക്‌സ് യൂണിഫോമുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് വസ്ത്രധാരണത്തിലെ കംഫര്‍ട്‌നെസ്സ് ആണെങ്കില്‍, കുട്ടികള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍, അത് ചുരിദാറോ പാന്റോ ആകട്ടെ, അത്തരത്തില്‍ വസ്ത്രം ധരിക്കാനുള്ള അനുമതിയാണ് നല്‍കേണ്ടത്. വിവാഹപ്രായം 21 ആക്കിയാല്‍ മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനുമുള്ള പക്വതയും ബോധവും പ്രായം കൂടുന്നതുകൊണ്ടു മാത്രം ഉണ്ടായി വരുന്ന പ്രതിഭാസമല്ല. അത് നാം ഇടപഴകുന്ന ചുറ്റുപാടും അന്തരീക്ഷവും അനുസരിച്ചായിരിക്കും ഓരോ മനുഷ്യനിലും ഉണ്ടാകുന്നത്. പ്രായമല്ല മാറ്റേണ്ടത് വിവാഹത്തോടുള്ള ആളുകളുടെ കാഴ്ചപ്പാടാണ്. 18 ആയാല്‍ അവളെ കല്യാണം കഴിപ്പിച്ചോളണമെന്നും അല്ലെങ്കില്‍ അവള്‍ കുടുംബത്തിനും നാടിനും ഒരു ഭാരമാണെന്ന ചിന്തയാണ് മാറ്റേണ്ടത്. വിവാഹപ്രായം 21 ആക്കുന്നതിലെ രാഷ്ട്രീയ അജണ്ട കൂടി തിരിച്ചറിയേണ്ടതുണ്ട്.
18ല്‍ വിവാഹം കഴിക്കുന്നതിനു അവള്‍ക്ക് സമ്മതമാണെങ്കില്‍ ആവാം എന്നല്ലാതെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രായത്തിനല്ല, അവളുടെ സ്വമേധയാ ഉള്ള അനുമതിക്കാകട്ടെ പ്രാഥമിക മുന്‍ഗണന.
പൊന്നില്ലേല്‍ പെണ്ണാവില്ലേ?
ആഭരണങ്ങള്‍ ഭരിക്കുന്ന ദാമ്പത്യ ജീവിതത്തില്‍ സ്വര്‍ണത്തിന്റെ തൂക്കത്തിലാണ് നമ്മുടെ പെണ്‍മക്കളുടെ സമാധാനം. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഇണകള്‍ തമ്മിലുണ്ടാകേണ്ടത്. സ്ത്രീ നല്‍കുന്ന ധനം അതിനൊരു മാനദണ്ഡമാകുന്നിടത്ത് സ്‌നേഹവും പങ്കുവെക്കലുകളും കേവലം കാട്ടിക്കൂട്ടലുകളാകുന്നു.
‘ഇങ്ങള് ഇങ്ങളെ കുട്ടിക്ക് എന്താന്ന് വച്ചാ കൊടുത്തോളീ..’
സ്ത്രീധനം ചോദിക്കലിന്റെ ആധുനിക രീതിയാണിത്. തുറന്നങ്ങ് പറഞ്ഞേക്കണം, പൈസ തന്ന് ഉറപ്പിക്കാന്‍ ഇത് കാലിച്ചന്തയല്ല, അവളെ ഞങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്/ അവള്‍ക്ക് നല്ലൊരു ജോലിയുണ്ട്. മഹര്‍ അവള്‍ ആവശ്യപ്പെടുന്നത് നല്‍കുക, അല്ലാതെ അവളുടെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നോട്ട് അട്ടികളിലല്ല അവളുടെ സാമ്പത്തിക ഭദ്രത. അവള്‍ കയറിച്ചെല്ലുന്ന പുതിയ വീട്ടിലെ മനുഷ്യരോടാണ്, വേരുകള്‍ ആണ്ടിറങ്ങിയ ഒരു മരത്തെയാണ് പറിച്ചെടുത്ത് പുതിയ മണ്ണില്‍ കുഴിച്ചിടുന്നത്. അതിന്റെ സ്വാഭാവിക ചുറ്റുപാടില്‍ നിന്ന് മാറി, മറ്റൊരു മണ്ണിനെ പരിചയപ്പെട്ട്, ആ മണ്ണിന്റെ ഭാഗമായി ചേര്‍ന്നുജീവിക്കേണ്ടവളാണ്. അവള്‍ക്ക് അവളായിരിക്കാനുള്ള ഇടമാകട്ടെ ഈ പുതിയ, കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കൂട്. ഓരോ കൂടും വ്യത്യസ്തം തന്നെയാണ്. എന്നുകരുതി, അവളുടേതായ സ്വാതന്ത്ര്യങ്ങളെയും ബന്ധങ്ങളെയും ഇഷ്ടതാല്‍പര്യങ്ങളെയും ഹനിക്കാനുള്ള കാരണമാകാതിരിക്കട്ടെ ഓരോ വിവാഹങ്ങളും. കാരണം സ്വാതന്ത്ര്യത്തോടെ അവള്‍ നടന്നിരുന്ന വഴികളും യാത്രകളും, ഏറെ പ്രിയപ്പെട്ട അവളുടെ സൗഹൃദങ്ങളും, ചെറിയ വലിയ സന്തോഷങ്ങളും ഇഷ്ടങ്ങളും എല്ലാം ചേരുമ്പോള്‍ മാത്രമേ അവള്‍ പൂര്‍ണമാകുന്നുള്ളു.
അവളുടെ ലോകം ഒരു വ്യക്തിയിലേക്ക് ശുഷ്‌ക്കിച്ച് പോകാതിരിക്കാന്‍ ആ ഒരൊറ്റ വ്യക്തി വിചാരിച്ചാല്‍ മതിയാകും. നിങ്ങള്‍ അവളുടെ ആകാശത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാകാന്‍ ശ്രമിക്കൂ, അവളുടെ ദുനിയാവങ്ങനെ വലുതാകട്ടെ.
അംഗീകരിക്കുക
അവളിടങ്ങള്‍ കൂടുതല്‍ ബലമുള്ളതാകുന്നത് ആശയങ്ങളുടെ പങ്കുവെക്കലുകള്‍ക്ക് സുതാര്യതയുണ്ടാകുമ്പോഴാണ്. നമ്മുടെ ഇന്ത്യയിലാണ് സാവിത്രി ഭായ് ഫൂലെയും ഫാത്തിമ ഷെയ്ക്കും ഉണ്ടായിരുന്നത്. സാധ്യതകള്‍ ഒരുപാടുണ്ട് ചെയ്യാനിറങ്ങി തിരിച്ചവര്‍ക്ക്. മാറിത്തുടങ്ങേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്, പൊളിറ്റിക്കലി ഇന്‍കറക്ട് ആകാതിരിക്കാനാണ് നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടത്.
അവളെ മറ്റെല്ലാവരെയും പോലെ അംഗീകരിക്കുമ്പോഴാണ് എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ നമ്മുടെ ഹൃദയങ്ങളും വിശാലമാകുന്നത്. സഹതാപമല്ല സഹാനുഭൂതിയാണ് വേണ്ടത്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ കണ്ണുകളിലൂടെ കാണാന്‍ സാധിക്കുന്നവരാകുക. വലിയ കണ്ണുകളും വലിയ ഹൃദയങ്ങളുമുള്ളവരുമാകുക. എന്നാല്‍ വലിയ ആകാശം സ്വപ്നം കാണുന്നവരെ അടുത്തറിയാന്‍ സാധിക്കും. അവര്‍ നയിക്കുന്ന കലഹങ്ങളറിയാന്‍ സാധിക്കും. അവരുടെ വിപ്ലവങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ആരൊക്കെയോ കുറിച്ചുവച്ച ചരിത്രം വായിച്ചുപഠിക്കുക മാത്രമല്ല ചിലപ്പോഴെങ്കിലും ചരിത്രങ്ങളുടെ ഭാഗമാകാന്‍, അല്ലെങ്കില്‍ കാരണമാകാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും നമ്മുടെ ജീവിതം കൊണ്ട് അടയാളപ്പെടുത്താനാകുന്ന വലിയ കാര്യം. .