LoginRegister

അയമ്മദൂന്റെ ആണ്‍മക്കള്‍

തെസ്‌ന വീരാന്‍

Feed Back


റൂഹ് ഒഴിയാന്‍ നേരം അയമ്മദു ചോദിച്ചു: ”പാത്തൂ… തുള്ളി വെള്ളം തെര്വോ.. ചങ്ക് വരളണെടീ…”
ചുറ്റിലും കൂടിയ നാലാണ്‍മക്കള്‍ താടിയും ഉഴിഞ്ഞ് കണ്ണില്‍ തുപ്പലും തേച്ച് മിണ്ടാതിരുന്നു. ഇന്നോളം പച്ചവെള്ളം പോയിട്ട് നേരെ നോക്കി ചിരിക്കുക പോലും ചെയ്യാത്ത മരുമക്കള്‍ നെഞ്ചത്തടിക്കാന്‍ റെഡിയായി കൊണ്ട് കളിക്കളത്തിലേക്ക് കണ്ണും നട്ടുനിന്നു.
അയമ്മദു മുറ്റത്തെ സ്റ്റെപ്പ് വഴുക്കി വീണതില്‍ പിന്നെ പാത്തുമ്മ കണ്ണിന്റെ പോള ചിമ്മീട്ടില്ല, പള്ള നിറച്ച് വെയിച്ചിട്ടില്ല. റാക്കിന്റെ മുക്കും മൂലേം തിരഞ്ഞ് കിട്ടിയ സംസക്കുപ്പി പൊടിതട്ടി പാത്തുമ്മ ബിസ്മി ചൊല്ലി. പതിയെ ഔണ്‍സ് പാത്രത്തിലേക്ക് ചരിച്ചു. അവിടെയും അളവും തൂക്കവും കിറുകിറുത്യം. മക്കളെ പേടിക്കണോല്ലോ.
മൂത്തോന്‍ ജബ്ബാറിനെ പാത്തുമ്മ നിറഞ്ഞ മിഴിയില്‍ ഇടം കണ്ണോണ്ട് നോക്കി. ഓന്റെ കൊമ്പന്‍ മീശേം ചുളിഞ്ഞ നെറ്റിയും പെറ്റുമ്മയാണേല്‍ പോലും പാത്തുമ്മാക്ക് പേടിയാ.
ഓന്റോള്ക്ക് മാസം തെറ്റീതറിഞ്ഞപ്പൊ കൊണ്ടന്ന സംസം കന്നാസാ. ഉണ്ടാകുന്ന കൊച്ചിന് നാക്കില് ഇറ്റിക്കാന്‍. അതില്‍ നിന്ന് ഒരു തുള്ളി എടുത്താല്‍ എന്തേലും പിറുപിറുക്കോ എന്ന ആധി.
മരണ വെപ്രാളത്തില്‍ അയമ്മദു ഇടയ്ക്കിടക്ക് കണ്ണുകള്‍ തുറിച്ചു നോക്കി പതിയെ അടയ്ക്കുന്നു. സംസം തൊട്ട് ആദ്യം പാത്തു തന്നെ കെലിമ ചൊല്ലി കെട്ട്യോന്റെ ചുണ്ടില്‍ ഇറ്റിച്ചു.
”നാലാള് കൂടുമ്പൊ നല്ലത് പറയണെങ്കില് മയ്യത്താകും മുന്നേ വെള്ളെങ്കിലും കൊടുക്കാ..”
മൂത്തോന്‍ ചെറ്യോന്റെ ചന്തിമ്മെല് തോണ്ടി. മാലമാലയായി ഓരോരുത്തര് വെള്ളം കുടിപ്പിച്ചു. അയമ്മദു കണ്ണ് നിറച്ചു. മക്കള് വെള്ളം കുടിപ്പിച്ച ആനന്ദത്തില്‍ ഉള്ള് നിറഞ്ഞ് മനസ്സ് കുളിര്‍ന്ന് മയ്യത്തായി.
കരുതിയതിലപ്പുറം നാട്യവും കഴിഞ്ഞ് മുറ്റത്തെ നീല ഷീറ്റ് പൊളിച്ച് കസേരകള്‍ അടുക്കിവെച്ച് അകത്ത് കയറിയ ചെറ്യോന്‍ സങ്കടത്തിന്റെ കുപ്പായം ഊരിവെച്ചു. എന്നിട്ട് മറീലിരിക്കണ ഉമ്മാന്റെ അടുത്ത് ചെന്നിരുന്നു. പതിയെ ചെവീല് പറഞ്ഞു.
”വാപ്പ വീണ അഞ്ചാം പടിന്റെ മേലെ ആറാമത്തെ സ്റ്റെപ്പ് ന്റെ കയ്യായിരുന്നു. ഞാന്‍ ഉന്തിട്ടതാ.. ഇക്കമാരും ഞാനും ചേര്‍ന്ന് പ്ലാന്‍ ചെയ്തതാണ്… ഇങ്ങളും വാപ്പീം പള്ളിക്കല്‍ക്ക് പറഞ്ഞു വെച്ച പറമ്പ് ന്റെ ആക്കിക്കോളീ… മറ്റോലൊന്നും അറിയണ്ട, ഇങ്ങളായിട്ട് ആരോടും പറയേം വേണ്ട. അല്ലെങ്കിഞ്ഞി വഴുക്കല് പിടിച്ച പടികളെ നാട്ടാര് പിന്നീം കുറ്റം പറയും, ഓര്‍ത്തോളി.”
ഒന്ന് കിടുങ്ങിയെങ്കിലും പാത്തു പുറത്ത് കാണിച്ചില്ല.
”എടാ..നന്ദി കെട്ടോനേ.. ഇങ്ങളെ ചൊല്ലി അന്യ നാട്ടില് പട്ടിനെ പോലെ പണിയെടുത്ത് ഇങ്ങളെ തീറ്റിപോറ്റിയ തന്തനെ തന്നെ ജ്ജ് കൊന്നില്ലേ.. ബാക്കിള്ളതൊക്കെ ഓരി വെച്ച് തന്നതല്ലേ ഇങ്ങക്കെല്ലാര്ക്കും… അത് അനക്കെന്നല്ല ആര്ക്കും കൊടുക്കൂല. അന്റെ വാപ്പാന്റെ മരിക്കണേന്റെ മുന്നെള്ള വസ്വിയത്താണ്”.
ദേഷ്യം കൊണ്ട് ചുവന്ന മകന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ പാത്തൂമ്മാന്റെ ഉള്ളൊന്നു വിറച്ചു ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി പെറ്റ തള്ളയ്ക്ക് താക്കീതും കൊടുത്ത് ഓന്‍ വലിഞ്ഞു നടന്നു.
ഭാഗം വെക്കാന്‍ ബഹളം വെച്ചപ്പോഴും അര്‍ഹതയുടെ വിലയും പറഞ്ഞ് വേണ്ടതൊക്കെ പെറുക്കി കൊണ്ടുപോയപ്പോഴും മക്കളോട് അരുതെന്ന് രണ്ടാളും പറഞ്ഞിട്ടില്ല. ചിറക് മുളച്ചപ്പൊ മക്കള് നിലക്കും വിലക്കും കുറച്ചിലാണെന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നു ഓടിട്ട വീടും അതിരിക്കുന്ന നാല് സെന്റും. ഒരുപാട് തുനിഞ്ഞെങ്കിലും അത് അയമ്മദു വിട്ടുകൊടുത്തില്ലായിരുന്നു.
നാലാളും പിന്നെ ഇരുനില കെട്ടിടം പണിതു. പടച്ചോന്റെ ഖുദ്‌റത്ത് കൊണ്ട് അയമ്മദുവും പാത്തുവും ആ വീട്ടില്‍ നിന്ന് ഒഴിഞ്ഞില്ല.
മക്കള് മാറി മാറി വിളിക്കാന്‍ വരും.
”ഇങ്ങള് ഇബടെ നിന്നാല്‍ ഞങ്ങള്‍ക്കാ അതിന്റെ കുറച്ചില്‍… ഈ കൂരയില്‍ വെച്ചെങ്ങാനും വാപ്പീം ഉമ്മീം മയ്യത്തായാല്‍ പിന്നെ തീര്‍ന്നു ഞങ്ങളെ ഇമേജ്.”
”സാരല്ലെടീ, ഓല് ഞമ്മളെ മക്കളല്ലേ.. ഇതൊക്കെ ബെറും കോപ്രായം. ജ്ജ് ഇതൊന്നും കേട്ട് പേടിക്കരുത്‌ട്ടൊ… അനക്ക് ഞാനില്ലേ”- എന്നും പറഞ്ഞ് അയമ്മദു പാത്തൂന്റെ തോളത്ത് തട്ടി. തോന്നലാണ് എന്നറിഞ്ഞിട്ടും പാത്തൂന് അതൊരു കരുത്തായി.
നിറഞ്ഞ കണ്ണുകള്‍ തുടച്ച് പാത്തു അലമാരയില്‍ അടുക്കി വെച്ച അയമ്മദൂന്റെ കുപ്പായങ്ങള്‍ക്ക് അടിയില്‍ തപ്പി. ഒളിപ്പിച്ചു വെച്ചതു പോലെ ഒരു തുണിയില്‍ കെട്ടിയ കുറച്ച് കടലാസു കെട്ടുകള്‍ എടുത്തു.
”ടാ.. ജബ്ബാറേ… അന്റെ കീഴ്പ്പിട്ടില്ലെ മൂന്നണ്ണത്തിനീം വിളിച്ച് ഇവടെ വാ…”
പൊതുവെ സൗമ്യവതിയായ ഉമ്മാന്റെ ഈ ശബ്ദം വീടാകെ മുഴങ്ങി. മിട്ടായി വീതിച്ചതു വാങ്ങാന്‍ വന്ന പോലെ മൂന്നാളും കൗതുകത്തില്‍ ഹാജരായി. നാലമത്തോന്‍ എന്തോ നടക്കാന്‍ പോകുന്നു എന്ന ആശങ്കയില്‍ മടിച്ച് മടിച്ച് പിന്നില്‍ വന്നു നിന്നു.

”എന്താ ഉമ്മാ…”
തേനും പാലും ഒന്നിച്ച് ഒഴുകി.
”ന്റെ കുട്ട്യാള് ഉമ്മാന്ന് കൂട്ടി വിളിക്കാന്‍ മറന്നിട്ടില്ലല്ലേ.. എബടെ ഇങ്ങളെ പെണ്ണ്ങ്ങളാള്. ഓലും അറിയട്ടെ..”
അരികിലും മുക്കിലും പരുങ്ങി നിന്ന നാല് പെണ്ണുങ്ങളും എത്തി.
”ഇതാണ് വാപ്പാനെ കൊന്നോന് ഓനൊറ്റക്ക് വേണംന്ന് പറഞ്ഞതിന്റെ രേഖ..”
മൂന്നാളും പിന്നില്‍ നില്‍ക്കുന്നവന്റെ നേരെ തിരിഞ്ഞു.
”ആലോയ്ച്ചണ്ട, ഒന്നരേക്കര്‍ പറമ്പ് പള്ളിക്കല്‍ക്ക് എഴുതി കൊടുത്തു എന്ന് അന്റെയൊക്കെ വാപ്പാ ഇടക്ക് പറയാറില്ലേ ആ കടലാസിതാ…”
”വായിച്ച് നോക്കടാ…”
ഒരുത്തന്‍ വായിച്ച ശേഷം കൈ വിറച്ച് കൊണ്ട് കൈമാറി. മാറി മാറി വായിച്ച് എല്ലാരും അന്തം വിട്ട് നിന്നു.
”ഉമ്മാ…”
കുറ്റബോധത്തിന്റെ ദയനീയ വിളി കണ്ണീരും ചേര്‍ന്ന് മുഴങ്ങി.
”വിളിക്കണ്ടങ്ങളാരും ന്നെ ഉമ്മാന്ന്!”
ദേഷ്യത്തില്‍ പത്തുമ്മ കാലാസ് പിടിച്ച് വാങ്ങി.
”ഇത്‌പ്പൊ എന്താ ചെയ്യണ്ടെ. പെറ്റ തള്ളനേക്കൂടി തള്ളിയിട്ടതിന് ശേഷം മുറിച്ച് തിന്നാ മതിയോ…”
ആരും മിണ്ടിയില്ല.
”ഹും, ഞാനന്നേ പറഞ്ഞതാ മൂപ്പരോട് ഈ കളി വേണ്ടാന്ന്. മക്കള് നന്നാക്കാന്‍ മെനക്കെട്ടതാ… ഇപ്പൊ എന്ത്ണ്ടായി… വാപ്പാനെ ഉന്തിട്ടത് പോലും… എടാ… അനക്കൊക്കെ ബോധം വരാന്‍ വാപ്പ വെറുതെ പറഞ്ഞതാടാ… ഇന്നിട്ടും ആ മന്‍സനെ കൊന്നില്ലേ…”
അരിശവും അമര്‍ഷവും കടിച്ചുപിടിച്ച് പാത്തുമ്മ എല്ലാവരെയും മാറി മാറി നോക്കി. മടക്ക് നിവര്‍ത്താതെ പാത്തുമ്മ ആ പേപ്പറുകള്‍ കീറിയിട്ടു.
”ദാ നാലാക്കീട്ട്ണ്ട്. പറ്റ്യേ കഷ്ണം എടുത്തോളി.”
കുറ്റബോധം കൊണ്ടോ നഷ്ടബോധം കൊണ്ടോ നാലാളും വിളറി വെളുത്തു.
”ദാ ഇനിക്കീ ഇട്ടിരിക്കണ നിസ്‌കാരക്കുപ്പായോം ഈ മുസല്ലയും മാത്രം മതി. ആ പെരയും നാല് സെന്റും അതും തിന്നോ. ഉമ്മാക്കായിട്ട് ന്റെ മക്കള് ഒന്നും ബാക്കി വെക്കണ്ട.”
ഉമ്മാന്റെ മുഖത്ത് നോക്കാന്‍ പോലും അര്‍ഹതയില്ലാതെ അവര്‍ കൊച്ചു കുട്ടികളെ പോലെ തേങ്ങി. നാലാളും ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
”ഉമ്മാ ഈ പാപം ഞങ്ങള് എവടെ പോയിട്ടാ കളയാ… തെറ്റ് പറ്റിപ്പോയി… ഇങ്ങളെ മനസ്സിലാക്കാന്‍ വൈകിപ്പോയി ഉമ്മാ…”
ഉമ്മയും മക്കളും കണ്ണീരില്‍ നനഞ്ഞു.
ആ വീട് മരണ വീടിനെക്കാള്‍ ശോകമായത് അപ്പോഴായിരുന്നു…

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top