LoginRegister

അഭിരുചികള്‍ കണ്ടെത്തി ജീവിതത്തിലേക്ക് വഴി കാണിക്കാം

സൗദ ഹസ്സന്‍

Feed Back


പുലരും മുമ്പേ തന്നെ പതിവുതെറ്റാതെ എന്നും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന ആമീറ, ഞൊടിയിടയില്‍ തന്റെ മൊബൈല്‍ ഇരുട്ടില്‍ പരതി തപ്പിപ്പിടിച്ചെടുക്കും. എന്നിട്ട് കണ്ണുകള്‍ നുള്ളിപൊളിച്ച് തുറന്ന് ഫെയ്സ്ബുക്കെടുത്ത് നോക്കും. ഈയിടെയായി ഇതവളുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന പോലെയാണ്. ഫെയ്ക്ക് പ്രൊഫൈലില്‍ ഒളിഞ്ഞുനിന്ന് താന്‍ എഴുതിവിടുന്ന ഓരോ കവിതക്കും കിട്ടുന്ന ലൈക്കും കമന്റും തന്റെ സ്വകാര്യ അഹങ്കാരത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി മാറിയിരിക്കുകയാണ് ഇന്നവള്‍ക്ക്. ഇത്തവണ ലൈക്കുകളും കമന്റുകളും ആയിരത്തില്‍ കവിഞ്ഞിരിക്കുന്നത് കണ്ടതും ഉള്ളില്‍ ഗാഢമായൊരു ആനന്ദം നടമാടി. ആദ്യമായാണ് തന്റെ എഴുത്തുകള്‍ക്ക് ഇങ്ങനെ അംഗീകാരം ലഭിക്കുന്നത്.
ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് നോവലുകളും കവിതകളും വായിച്ചുശീലിച്ചുതുടങ്ങിയത്, ആ നാള്‍ തൊട്ട് ഉള്ളില്‍ നാമ്പിട്ടു പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയ നൈസര്‍ഗിക വാസന ഇന്ന് അവളെപ്പോലെ ഏതൊരു സാധാരണക്കാര്‍ക്കും പ്രതിഭ തെളിയിക്കാന്‍ വഴിയൊരുക്കുന്ന സാമൂഹിക മാധ്യമമെന്ന പ്ലാറ്റ്ഫോമിലൂടെ വെളിച്ചം കണ്ടുതുടങ്ങി. വായനയോടും എഴുത്തിനോടും അമിത പ്രിയവും പഠനത്തില്‍ മാത്രം പിന്നോക്കവുമാവുന്നത് ശ്രദ്ധയില്‍ പതിഞ്ഞപ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നത് കൊണ്ടാണ്, വഴി തെറ്റാനുള്ള എളുപ്പമാര്‍ഗമാണ് ഇതൊക്കെയെന്ന ഉപ്പയുടെ സ്ഥിരം പഴികള്‍ കേള്‍ക്കാന്‍ വയ്യാതെ വായനയോട് അന്ന് തല്‍ക്കാലം വിടപറഞ്ഞതാണ്. അതീവ വ്യസനത്തോടെ പഴയ നോട്ടുബുക്കിന്റെ താളുകളില്‍ അന്ന് ആരും കാണാതെ എന്തൊക്കെയോ കോറിയിട്ടു. പക്ഷെ ധൈര്യം വന്നില്ല, ആരെയും കാണിക്കാന്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിവാഹാലോചന വന്നത്. വരന്‍ എം ബി എക്കാരനായ ഷഹീറിനോട് ഇഷ്ടങ്ങള്‍ തുറന്നു പറയുന്നതിനിടയില്‍ ഇക്കാര്യവും പറയാന്‍ മറന്നില്ല. ‘ആഹാ.. ഗുഡ്… കീപ്പിറ്റ് അപ്പ്’ എന്ന അവന്റെ മറുപടി അവള്‍ക്ക് ഒരുപാട് ആശ്വാസം പകര്‍ന്നു. അവള്‍ക്ക് വായിക്കാനായി അവന്‍ ഇടക്കിടെ പുസ്തകങ്ങള്‍ സമ്മാനമായി വാങ്ങി നല്‍കി.
ദാമ്പത്യജീവിത്തിന്റെ പുതുമകള്‍ മായും മുമ്പേ കുവൈറ്റിലേക്ക് തിരികെ പോകുന്നതിന്റെ മുന്നൊരുക്കങ്ങളില്‍ ഷഹീര്‍ വ്യാപൃതനായിത്തുടങ്ങി. എന്നത്തെയും പോലെ വര്‍ണനാതീതവും മാസ്മരികവുമായ കാവ്യഭംഗിയില്‍ ചാലിച്ചെടുത്ത ഹൃദ്യവും അതിമനോഹരവുമായ ഒരു കവിത ആമീറ അവന് വായിക്കാന്‍ നല്‍കി. അവനെ പിരിയാന്‍ പോകുന്ന വിരഹത്തിന്‍ നോവും ഒപ്പം തന്റെ പ്രിയതമനോട് തോന്നിയ പ്രണയവും പകര്‍ത്തിവെച്ചത് വായിച്ചപ്പോള്‍ അരിശം മൂത്തുകയറിയ ഷഹീര്‍ ആ പേപ്പര്‍ വലിച്ചുകീറി കൈയിലിട്ടു ഞെരിച്ചു ദൂരെക്കളഞ്ഞു. ഷഹീറിനെ, തന്റെ തോഴനെ അത്രയേറെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു അവള്‍. ”ഈയിടെയായി നദിയും നിലാവും പ്രണയവും, വല്ല ഭ്രമവും കയറിയിരിക്കുന്നോ നിനക്ക്? നീ ഇനി എഴുതണ്ട.. വായനയും കഴിയുമെങ്കില്‍ നിര്‍ത്തിയേക്ക്. എന്നിട്ട് ഇവിടെ അടങ്ങി ഒതുങ്ങി ജീവിച്ചോ…” അതായിരുന്നു അവന്റെ ആജ്ഞ.
ഷഹീറിന്റെ ഭാവമാറ്റം ഉള്‍കൊള്ളാനാവാതെ, ഒരക്ഷരം ഉരിയാടാതെ അവള്‍ മനം തകര്‍ന്ന് നാളുകളോളം തനിച്ചിരിപ്പായി. എഴുത്തു നിര്‍ത്താന്‍ എന്നിട്ടും അവള്‍ക്ക് കഴിഞ്ഞില്ല, വ്രണപ്പെട്ട മനസ്സിന്റെ നൊമ്പരങ്ങളെ മറികടക്കാന്‍ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല മുന്നില്‍. അല്ലെങ്കിലും പൊതുവെ ഉള്‍വലിഞ്ഞു നില്‍ക്കുന്ന, അന്തര്‍മുഖരായ വ്യക്തികള്‍ മനസ്സിനെ പ്രയാസങ്ങളില്‍ നിന്നും ആത്മനൊമ്പരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഇത്തരം വഴികള്‍ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. മറ്റൊരാളുമായി സ്വകാര്യദുഃഖങ്ങള്‍ പങ്കിടാന്‍ അവര്‍ പലപ്പോഴും ഇഷ്ടപ്പെടാറില്ല. തീക്ഷ്ണമായ വേദനകളില്‍ നിന്ന് ആര്‍ദ്രതയും നൊമ്പരവും പേറുന്ന രചനകള്‍ പിറക്കുമ്പോള്‍ വായനക്കാരന്‍ അതിനെ ഇരുകയ്യോടെ സ്വീകരിച്ച് നെഞ്ചിലേറ്റും. അതാണ് പിന്നീടുണ്ടായത്.
ആമീറ നിര്‍ത്താതെ എഴുതിത്തുടങ്ങി. വര്‍ഷം ഒന്ന് കഴിഞ്ഞു. അവള്‍ എഴുതി നിറച്ച പുസ്തകകെട്ടുകള്‍ കാണാനിടയായ കസിന്‍, ശബ്‌നത്തിന്റെ നിര്‍ബന്ധപ്രകാരമാണ് കൈയിലിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണില്‍ അവള്‍ ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തത്. മറ്റു ദുരുദ്ദേശ്യങ്ങള്‍ ഒന്നുമില്ലെങ്കിലും ആരെങ്കിലും അറിഞ്ഞാലുണ്ടാകുന്ന പുകിലും അനന്തരഫലവും ഓര്‍ക്കുമ്പോഴുള്ള ഭീതിയും ആശങ്കയും തെല്ലൊന്നുമല്ലായിരുന്നു. രാത്രികള്‍ അടച്ചിട്ട റൂമില്‍ ഭാവനയുടെ ചിറകുകള്‍ വിരിച്ചു പറന്ന മനസ്സ്.. പൂവിന്റെ ചിത്രം പ്രൊഫൈല്‍ പിക്കായി വെച്ച ‘ആമി’യെന്ന തൂലികാനാമം പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. ദിനേന വായനക്കാരും ഫോളോവേഴ്സും കൂടിക്കൂടി വന്നപ്പോള്‍ തൂലികത്തുമ്പില്‍ വിസ്മയം വിരിയിക്കുന്ന ഈ കവിയിത്രി ആര്? എന്നതൊരു സംസാരവിഷയമായി. എഴുത്തുകള്‍ ക്രോഡീകരിച്ച് പുസ്തകമാക്കാന്‍ നാലുപാടും നിന്ന് തുരുതുരാ അഭ്യര്‍ഥനകളുണ്ടായി.
ഏതോ പ്രസാധകര്‍ അതില്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നപ്പോള്‍ തനിക്ക് അതിനുള്ള വകയൊന്നും ഇല്ലെന്ന് പറഞ്ഞ് പിന്തിരിഞ്ഞത് അറിഞ്ഞ കസിന്‍ തന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ വഴി പണം ശേഖരിച്ചെടുത്ത് ആ യത്‌നവും പൂര്‍ത്തിയാക്കി. പുസ്തക പ്രകാശനത്തിന് ആമീറയെ വേദിയില്‍ എത്തിക്കുക എന്നതായി അടുത്ത വെല്ലുവിളി. ഒരു സുപ്രഭാതത്തില്‍ തന്റെ മേശപ്പുറത്ത് എത്തിയ പാര്‍സല്‍ എടുത്ത് പൊളിച്ചുനോക്കിയ ഷഹീറിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അപമര്യാദയോടെ പെരുമാറിയതിന് ക്ഷമ ചോദിക്കാനും കൂടി ഷഹീര്‍ ഒന്നും നോക്കാതെ നാട്ടിലേക്ക് പറന്നെത്തി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
അങ്ങനെ ആമീറ നാലാള്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി.
മനുഷ്യന്റെ ഭാവനാ സൃഷ്ടികളാണ് മിക്ക എഴുത്തുകളും അതുപോലെ ഏത് കലാരൂപങ്ങളും. മനുഷ്യര്‍ നേരിടുന്ന വൈകാരിക സംഘര്‍ഷങ്ങളുടെ അജ്ഞാതവും ഇരുണ്ടതുമായ വഴികളിലൂടെ സഞ്ചരിച്ച് വൈകാരികതയുടെ വേലിയേറ്റയിറക്കങ്ങളിലൂടെ കയറിയിറങ്ങി, മനോരഥത്തില്‍ ഭാവനയുടെ മഴവില്‍ വിരിയിച്ച് സര്‍ഗാത്മകമായ ഛായക്കൂട്ടില്‍ തീര്‍ത്ത, വാക്കുകള്‍ക്കതീതമായ രചനകള്‍ തനിമ നിറഞ്ഞ ഭാഷാശൈലിയിലൂടെ അവതരിപ്പിക്കുമ്പോള്‍ അനുവാചകന്റെ മനസ്സിനെ പിടിച്ചിരുത്തുന്നെങ്കില്‍ അയാള്‍ ആ യജ്ഞത്തില്‍ വിജയിച്ചു എന്ന് പറയാം.
ഒന്നു നോക്കിയാല്‍ നമുക്ക് ചുറ്റിലുമുള്ള ഓരോ മനുഷ്യരും സ്വന്തമായ പൊട്ടന്‍ഷ്യലുള്ള പ്രതിഭകളാണ്. ദൈവീക സ്പര്‍ശനമേറ്റ ഒട്ടനവധി കഴിവുകളും അഭിരുചികളും ഓരോ മനുഷ്യരിലും ഉണ്ട്. നിര്‍ഭാഗ്യവശാല്‍ സാഹചര്യങ്ങളോട് മല്ലിട്ട് കഴിവു തെളിയിച്ചവര്‍ മാത്രമേ അംഗീകരിക്കപ്പെടാറുള്ളൂ, അവരെ മാത്രമേ അഭിനന്ദങ്ങള്‍ക്ക് അര്‍ഹരായി ഇവിടെ പരിഗണിക്കപ്പെടാറുള്ളൂ. അതിലെ മുഖ്യവിഷയം പ്രതിഭ തെളിയിക്കാന്‍ എപ്പോഴും ആത്മബോധത്തിലും ആത്മവിശ്വാസത്തിലും ജീവിക്കുന്നവര്‍ക്കെ കഴിയാറുള്ളൂ എന്നതാണ്. ഒപ്പം സ്വന്തമായൊരു വിഷന്‍, ദീര്‍ഘവീക്ഷണം ഇവയെല്ലാം സ്വന്തം കഴിവില്‍ വിശ്വസിച്ച് ഉന്നതി പ്രാപിക്കാന്‍ ഒരാള്‍ക്ക് തുണയും കരുത്തുമാവാറുണ്ട്.
രക്ഷിതാക്കള്‍ മക്കളില്‍ പ്രകടമായി കണ്ടുവരുന്ന സാമര്‍ഥ്യവും ചാതുര്യവും എന്തിലാണെന്ന് കണ്ടെത്തി അര്‍ഹിക്കുന്ന പ്രോത്സാഹനം കൃത്യമായി നല്‍കി അതിന് അനുയോജ്യമായ മേഖല തിരഞ്ഞെടുക്കാനും അതേ മേഖലയില്‍ കൂടുതല്‍ അറിവും പരിജ്ഞാനവും സിദ്ധിയുമാര്‍ജിക്കാന്‍, സെല്‍ഫ് എക്സ്പ്ലോറിങിലൂടെ സ്വയം വളരാന്‍ മാര്‍ഗങ്ങള്‍ ഒരുക്കികൊടുത്താല്‍ മക്കള്‍ക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാം. ജ്വലിക്കും താരങ്ങളെപ്പോല്‍ വേറിട്ടു തന്നെ ശോഭിക്കും മക്കള്‍. നല്ലൊരു ഉപജീവനമാര്‍ഗമായി മാറ്റാനും അത് തന്നെ മതിയാവും. സ്വയം തിരഞ്ഞെടുക്കുന്ന പ്രവൃത്തി മണ്ഡലത്തില്‍ മണിക്കൂറുകള്‍ കര്‍മനിരതയോടെ ഇരുന്നാലും മുഷിപ്പോ, വിരക്തിയോ ക്ഷീണമോ അനുഭവപ്പെടില്ല. ആത്മാര്‍ഥതയും സമര്‍പണവും കൂറും മറ്റേതൊരു തൊഴിലിനോട് തോന്നാത്തത്രയും ഇവിടെ പ്രകടമാകും.
ആരും ആരെക്കാളും ചെറുതോ വലുതോ അല്ല ഇവിടെ. തന്നില്‍ അധിഷ്ഠിതമായ ഓരോ ധര്‍മങ്ങളും നിറവേറ്റി കടന്നുപോകേണ്ടവരാണ് നാം. ആത്മാര്‍ഥതയോടെയും അര്‍പണബോധത്തോടെയും ഇഷ്ടമുള്ള ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും മനസ്സില്‍ സന്തോഷവും സംതൃപ്തിയും വിളയും. ചില മനുഷ്യരില്‍ വലത് ബ്രെയിന്‍ ആയിരിക്കും ഡൊമിനന്റ് ആയി പ്രവൃത്തിക്കുന്നത്. അവരില്‍ ക്രിയേറ്റീവിറ്റി കൂടുതലായിരിക്കും. ലോജിക്കലി ചിന്തിക്കേണ്ട ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയവ അവര്‍ക്ക് തീരെയും വഴങ്ങില്ലെന്നു മാത്രമല്ല ഇക്കാരണത്താല്‍ തങ്ങളുടെ മേലുണ്ടാകുന്ന ബാഹ്യസമ്മര്‍ദം അവരുടെ മനോനിലയെ വരെ തകരാറിലാക്കിയേക്കാം. നേരെ തിരിച്ചും, ഇടതു ബ്രെയിന്‍ ഡൊമിനന്റ് ആയ കുട്ടികളെ കലാതിലകം ആവാനും ചിത്രകാരനോ ഡാന്‍സറോ മറ്റോ ആക്കാനായ് ശ്രമിച്ചാല്‍ വിപരീതിഫലം പ്രതീക്ഷിക്കാം.
മാര്‍ക്ക് ലിസ്റ്റ് നോക്കി കുഞ്ഞുങ്ങളുടെ ഭാവി പ്രവചിക്കുന്ന രീതി ഇനിയെങ്കിലും മാതാപിതാക്കള്‍ വെടിയണം. കുട്ടികളിലെ യഥാര്‍ഥ സാധ്യതകള്‍ തിരിച്ചറിയാന്‍ കുഞ്ഞിലേ തന്നെ അല്പം നിരീക്ഷണബുദ്ധിയോടെയും അവധാനതയോടെയും അവരെ അടുത്തറിയാനും മനസ്സിലാക്കാനും ശ്രമിച്ചാല്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ അവരില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാനും താല്പര്യങ്ങള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ജീവിതാഭിലാഷങ്ങള്‍ അച്ഛനമ്മമാരുമായി പങ്കുവെക്കാനും തുറന്നിടപഴകല്‍ വളരെ അത്യന്താപേക്ഷിതമാണ്.
അനന്തവും അപാരവുമായ സാധ്യതകളുടെ വിശ്വപ്രപഞ്ചത്തിലേക്ക് വിഭിന്നവും വിസ്മയജനകവുമായ കഴിവുകളുടെ നിറകുടമായിട്ടാണ് ഓരോ കുഞ്ഞും പിറവിയെടുക്കുന്നത്. വളര്‍ച്ചക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളാല്‍ അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ അനാവൃതമാക്കപ്പെടാതെ, പുറംലോകമറിയതെ മുളയിലെ നശിച്ചുപോവുകയാണ്. അതില്‍ ചിലര്‍ക്ക് ടെക്‌നോളജിയോടാവും ആഭിമുഖ്യം, വേറെ ചിലര്‍ക്ക് കൃഷിയോട്, ചിത്രരചനയോട്, കരകൗശലനിര്‍മാണത്തോട്, ജനസേവനത്തോട്, അധ്യാപനത്തോട്. അവര്‍ അവരുടെ ഫീല്‍ഡ് സ്വയം തിരഞ്ഞെടുക്കട്ടെ. മനുഷ്യന്റെ അഭിരുചികളിലും കഴിവിലും ഇതുപോലെ വൈവിധ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എന്താവുമായിരുന്നു? വിശപ്പകറ്റാന്‍ അന്നം വേണമെങ്കില്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ തന്നെ വേണം, ഡോക്ടറും എഞ്ചിനീയറും അതിന് നില്‍ക്കുമോ? ചായക്കടയോ തട്ടുകടയോ ഇല്ലാത്തൊരു മലയാളനാട് നമുക്ക് ഓര്‍ക്കാന്‍ സാധിക്കുമോ? ചായ വില്‍ക്കുന്നതില്‍ എന്താണ് കുറച്ചില്‍? സയന്‍സ് പഠിക്കാനുള്ള ബൗദ്ധികപരമായ വികാസം അഥവാ വേണ്ടത്ര ഇന്റലക്ച്വലി വളരാത്ത, ഏതെങ്കിലും തരത്തില്‍ പഠന വൈകല്യങ്ങള്‍ നേരിടുന്ന, ശരിയായ ഭാഷാ നൈപുണ്യമില്ലാത്ത കുട്ടികളെ അവരിലെ ബൗദ്ധികപരമായ ശേഷിക്ക് ഗ്രഹിച്ചെടുക്കാന്‍ പറ്റുന്നതിന് അപ്പുറത്തുള്ളത് ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രേരിപ്പിക്കുന്നതിന്റെ ദൈന്യതയും മന:പ്രയാസവും രക്ഷിതാക്കള്‍ തിരിച്ചറിടേണ്ടതുണ്ട്. കൊക്കില്‍ ഒതുങ്ങുന്നതല്ലേ ആര്‍ക്കും കൊത്താനാവൂ, തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ മക്കളെ കഷ്ടപ്പെടുത്തരുത്. അത്യാവശ്യം വേണ്ട അറിവു നേടിക്കഴിഞ്ഞാല്‍ ഇനി പഠനത്തില്‍ താല്‍പര്യം കാണിക്കാത്ത ഒരു ഘട്ടമെങ്കില്‍ തനിക്ക് വഴങ്ങുന്ന സ്വന്തമായൊരു തട്ടകം തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കലാണ് ഉത്തമം. എന്നുവെച്ചാല്‍ കഴിവിനൊത്ത് വളരാന്‍ അവര്‍ക്ക് ഊര്‍ജവും ഉത്തേജകവുമായി മാറണം അച്ഛനമ്മമാര്‍. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top