LoginRegister

അദൃശ്യമായ ചരട്

സഹീറാ തങ്ങള്‍

Feed Back


നാമോരോരുത്തരുടെയും ജീവിതം അദൃശ്യമായ ഒരു ചരടിനാല്‍, നാമൊരിക്കലും കണ്ടിട്ടില്ലാത്ത ധാരാളം ചരാചരങ്ങളുമായി കെട്ടപ്പെട്ടിരിക്കുന്നു എന്നത് ഓരോ ദിവസം കഴിയും തോറുമുള്ള ജീവിതാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരള ഹൈകോര്‍ട്ടിലെ ഫാമിലി കൗണ്‍സലിങ് സെന്ററില്‍ സൈക്കോളജിസ്റ്റ് ആയി പ്രാക്ടീസ് ചെയ്തു തുടങ്ങിയിട്ട് ഇപ്പോള്‍ ആറു മാസം.
നിയമത്തിന്റെ കണ്ണടക്കോണിലൂടെ പിരിയാനും തകരാനും ക്രൂശിക്കാനുമെല്ലാം വളരെ എളുപ്പമാണ്. എന്നാല്‍ ചുരുക്കം ചില ന്യായാധിപന്മാര്‍, അവിടെയും മനുഷ്യത്വത്തിനും ക്ഷമയ്ക്കും ഒരു അവസാന അവസരം കൂടി നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുഷ്താഖ് മുഹമ്മദ് സര്‍.
അദ്ദേഹത്തിന്റെ കോടതിയില്‍ കൗണ്‍സലിങിന് പ്രാധാന്യം വളരെയേറെയാണ്. അതില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു.
ഒരു സൈക്കോളജിസ്റ്റ് /കൗണ്‍സലര്‍ തങ്ങളുടെ മുമ്പിലെത്തുന്ന ക്ലയന്റുമായി ഔദ്യോഗികമായ അടുപ്പമേ പാടുള്ളൂ എന്നും, ക്ലയന്റ് അനുഭവിക്കുന്ന മാനസിക അസന്തുലിതാവസ്ഥയില്‍, അവരെ തെറാപ്പിയിലൂടെ പുറത്തേക്കു കൊണ്ടുവരികയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളിലേക്ക് കൈപിടിച്ചു നടത്തുകയും മാത്രമേ പാടുള്ളൂ എന്നാണ് എത്തിക്‌സ്.
എന്നാല്‍ പലപ്പോഴും എനിക്ക് അതിനു സാധിക്കാറില്ല, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ, ആരോരുമില്ലാത്തവരുടെയെല്ലാം കാര്യത്തില്‍. അവരുടെ പ്രശ്നം എന്റേതുകൂടിയായി മാറും മിക്കപ്പോഴും. അത് അത്ര സുഖകരമായ ഒരു കാര്യമല്ല. ഒരേസമയം ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നതിനു തുല്യമാണത്.
മാസങ്ങള്‍ക്കു മുമ്പ് പെരിന്തല്‍മണ്ണക്കടുത്ത്, ഒരു കുടുംബത്തില്‍ അച്ഛന്‍, അമ്മ, രണ്ട് പിഞ്ചു പെണ്‍കുട്ടികള്‍ എന്നിവര്‍ ഒരു ഗുഡ്‌സ് ഓട്ടോയില്‍ അഗ്‌നിക്കിരയാവുകയും ആ കുടുംബത്തിലെ തന്നെ മൂത്ത പെണ്‍കുട്ടി, തന്റെ തൊട്ടടുത്ത് നടന്ന ആ കാഴ്ചയ്ക്കു സാക്ഷിയാവുകയും ചെയ്തത് കേരളം ഒന്നടങ്കം ഞെട്ടലോടെയാണ് കണ്ടത്.
ഏറ്റവും ഇളയ പെണ്‍കുട്ടി, മുക്കാല്‍ ഭാഗവും പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തോട് മല്ലിട്ടു കിടന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട പതിനെട്ടുകാരി അതിന്റെ ഒരു മാസം മുമ്പ് ഹൈ കോര്‍ട്ടില്‍ എന്റെ കൗണ്‍സലിങ് റൂമില്‍ വന്നു പോയവളായിരുന്നു.
കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (ഗഋഘടഅ) യുടെ റിസോഴ്‌സ് പേഴ്‌സണും ഢകഇഠകങ ഞകഏഒഠ ഇഋചഠഞഋന്റെ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററുമായ സീനിയര്‍ അഡ്വക്കേറ്റ് പാര്‍വതി മേനോന്‍, തന്നെക്കാള്‍ സഹജീവികള്‍ക്കായി ജീവിക്കുന്നവര്‍, കുറഞ്ഞ സമയം കൊണ്ട് തന്നെ എന്റെ ജ്യേഷ്ഠസഹോദരിയുടെ സ്ഥാനത്ത് എത്തിയിരുന്നവര്‍, ഈ വിവരം എന്നെ അറിയിക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ഷോക്ക് ആയിപ്പോയി.
എന്റെ മുമ്പില്‍ ഇരുന്ന ആ മെലിഞ്ഞ പെണ്‍കുട്ടിയുടെ തിളക്കവും പ്രതീക്ഷയും നിറഞ്ഞ കണ്ണുകള്‍ മനസ്സില്‍ തുറന്നിരുന്നു. പഠിച്ച് ഒരു ഐ എ എസുകാരിയാവണം എന്നു പറഞ്ഞത് ഓര്‍ത്തു. അത്തവണ അവധിക്കു താമസിക്കുന്ന ഗേള്‍സ് ഹോമില്‍ നിന്ന് തറവാട് വീട്ടിലേക്കു പോവാന്‍ കോടതിയുടെ അനുവാദത്തിനായി വന്നതായിരുന്നു അവള്‍.
അവളെ കാണാനായി ഞാനും പാര്‍വതി മാഡവും അവളുടെ മെന്ററായ അഡ്വ. രശ്മിയും കൊച്ചിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കു പോയി. ഉമ്മയും കൂടപ്പിറപ്പുകളും ഒരു തീഗോളമായി കത്തിയമരുന്നത് കണ്ട അവള്‍ ഒരു ജീവനുള്ള ജഡമായിരുന്നു ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍.
ഞാന്‍ ചേര്‍ത്തുപിടിച്ചപ്പോള്‍, മോളേ എന്ന് വിളിച്ചപ്പോള്‍ കുറേയേറെ സമയത്തിനു ശേഷം അവള്‍ ഒന്ന് തേങ്ങി. അവളെയും അവളുടെ മരണത്തോട് മല്ലിടുന്ന കുഞ്ഞനുജത്തിയെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രാര്‍ഥിച്ചത്… ഒാരോ ആഴ്ചയും മുടങ്ങാതെ അവളെ വിളിക്കുമ്പോള്‍ ഇന്നെങ്കിലും അവള്‍ എന്തെങ്കിലും കൂടുതലായി സംസാരിച്ചെങ്കില്‍ എന്നു മനസ്സുകൊണ്ട് അതിയായി ആഗ്രഹിക്കും.
ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുന്ന കുഞ്ഞനുജത്തിയെപ്പറ്റി വിങ്ങുന്ന ചങ്കുമായി ‘കുട്ടിക്കു വേണ്ടി പ്രാര്‍ഥിക്കണേ ആന്റീ’ എന്നു മാത്രമാണ് അവള്‍ക്കു പറയാനുണ്ടായിരുന്നത്. അവള്‍ പറയാതെ തന്നെ അതു മനസ്സില്‍ ഒരു മൗനപ്രാര്‍ഥനയായി മാറിക്കഴിഞ്ഞിരുന്നു.
മാസങ്ങള്‍ ഒന്നുരണ്ടു കടന്നുപോയപ്പോള്‍, അനുജത്തി അത്യാസന്ന നില തരണം ചെയ്തു എന്നു കണ്ടപ്പോള്‍, ഇനി നിര്‍ത്തിയ പഠനം തുടര്‍ന്നാലോ എന്നു ചോദിച്ചു. ”എനിക്ക് ഇനി ഒന്നും വേണ്ട ആന്റീ” എന്നു പറഞ്ഞ് അവള്‍ കരഞ്ഞു.
പക്ഷേ, ആ പാവം പെണ്‍കുട്ടിയെ അങ്ങനെ അനാഥയാക്കി വിടാന്‍ മനസ്സു തയ്യാറല്ലായിരുന്നു.
ജീവിതത്തില്‍ പലപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍, എന്തെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍, നിരാലംബരായവരെ ചേര്‍ത്തുപിടിക്കേണ്ടി വരുമ്പോള്‍ നമ്മില്‍ പലരും പതറുകയും പകച്ചുനില്‍ക്കുകയും ചെയ്യും. ഇത് ഏറ്റെടുത്താല്‍ തലവേദനയാകുമോ പിന്നീട് എന്ന ആധിയാണ് അതിന് പിറകില്‍. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ കണ്ണു തുറന്നു കരുണയുടെ കൂടെ നില്‍ക്കുക എന്നതാണ് പോംവഴി.
നേരിട്ടു പോയി അവളോടു സംസാരിക്കാന്‍, അവള്‍ക്കും കുടുംബത്തിനും വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പെരിന്തല്‍മണ്ണയില്‍ നിന്നുതന്നെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതും, അത് സുഹൃത്തും എഴുത്തുകാരനുമായ ഷൗക്കത്തിനോടു പറഞ്ഞപ്പോള്‍ ‘കൂടെ’ എന്ന എന്‍ ജി ഒയെ കുറിച്ചും ഡോ. ഫെബീന സീതിയെ കുറിച്ചും അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഫെബീന വളരെ സന്തോഷത്തോടെ അവരുടെ ഗ്രൂപ്പിന്റെ എന്തു സഹകരണവും ഉറപ്പു നല്‍കി.
കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്ന് ഞാനും പാര്‍വതി മാഡവും കുട്ടിയുടെ മെന്റര്‍ അഡ്വ. രശ്മിയും കൂടി പെരിന്തല്‍മണ്ണയിലെത്തുമ്പോള്‍ ഫെബീനയും സൈക്കോളജിസ്റ്റ് റസലയും മലപ്പുറം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി മാഡവും കാത്തുനില്‍ക്കുന്നുണ്ടായിരൂന്നു.
രണ്ടു കുട്ടികളുടെയും കാര്യത്തില്‍ ഞങ്ങളോടൊപ്പം നില്‍ക്കാന്‍ എത്ര പേരാണ് കൂട്ടുചേര്‍ന്നത്?
സാമൂഹിക സേവനം എന്നു പറയുമ്പോള്‍ അത് എന്തോ വലിയ പെടാപ്പാടാണ് എന്ന് കരുതുന്ന, നല്ല സമ്പത്തുള്ളവര്‍ നമുക്കിടയിലുണ്ട്. അത് അന്വേഷിച്ചു കണ്ടെത്തേണ്ട എന്തോ ഒന്നാണെന്ന് കരുതുന്നവര്‍. അതിനുള്ള മനസ്സ് നമുക്കുണ്ടാവുക എന്നതാണ് പ്രധാനം.
നമ്മളെ മാത്രം കാണാതിരിക്കുമ്പോള്‍, ചുറ്റിലുമുള്ള നിസ്സഹായരായ ജീവജാലങ്ങള്‍ വെളിപ്പെടും. ഞങ്ങളുടെ കൈ പിടിക്കൂ എന്ന് ദയനീയരാവും. വിശന്നു കരയുന്ന ഒരു പൂച്ചക്കുഞ്ഞു പോലും അതില്‍ ഉള്‍പ്പെടും. വാനോളം വളര്‍ന്നു പന്തലിച്ച, നൂറ്റാണ്ടുകളുടെ പഴക്കമുള്ള വന്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നത് കാണുമ്പോള്‍ മനസ്സ് വിങ്ങും.
നാല് മാസങ്ങള്‍ക്കിപ്പുറം അനുജത്തി പൂര്‍വാധികം സുഖം പ്രാപിച്ചു. മൂത്തവള്‍ കോളജില്‍ പോവാം എന്നു സമ്മതിച്ചു. കാസര്‍കോട്ടുള്ള, പഠിച്ചിരുന്ന കോളജില്‍ നിന്ന് അവള്‍ക്ക് കോടതി വിധിയിലൂടെ യൂനിവേഴ്‌സിറ്റി മാറ്റം അനുവദിക്കുകയും പെരിന്തല്‍മണ്ണയിലെ ഏറ്റവും നല്ല കാമ്പസ് ആയ പി ടി എം കോളജില്‍ പ്രവേശനം സാധ്യമാവുകയും ചെയ്യുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ആ അനാഥബാല്യങ്ങളെ ഇരുട്ടറയില്‍ നിന്ന് പുറത്തേക്കു നടത്തിക്കാന്‍ ഇപ്പോഴും ഒപ്പം നില്‍ക്കുന്നത്, അന്നേവരെ അദൃശ്യരായ എത്രയോ പേര്‍.
‘കരുണ’യോടൊപ്പം യാത്ര ചെയ്യാന്‍ ടിക്കറ്റ് പോലും ആവശ്യമില്ല എന്ന് മനസ്സിലാവുന്നിടങ്ങള്‍! സഹയാത്രികരായി ആരൊക്കെയോ, ഏതൊക്കെയോ അപരിചിത സ്റ്റോപ്പുകളില്‍ നിന്ന് നമ്മോടൊപ്പം കൂടും.
അദൃശ്യമായ ചരടിനാല്‍ അവരെ ചേര്‍ത്തുവെച്ചത് പ്രപഞ്ച നാഥന്‍ തന്നെ!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top