എട്ടു പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി ദയാഭായി ഇപ്പോഴും നമുക്കിടയില്‍ സജീവ സാന്നിധ്യമായുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട്. ജീവിതം മാതൃകയാക്കി പാരിസ്ഥിതിക പ്രശ്നങ്ങളിലടക്കം തന്റേതായ നിലപാടുമായി അവര്‍ സമൂഹത്തോടു നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നു. കെ റെയില്‍ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ
ദയാഭായി ‘പുടവ’ക്ക് അനുവദിച്ച
അഭിമുഖത്തില്‍ നിന്ന്. >>>
കേരളത്തിന്റെ വികസന കാഴ്ച്ചപ്പാടുകള്‍ക്ക് ആകെ മാറ്റം വന്നിട്ടുണ്ടല്ലോ, എങ്ങനെയാണ് അതിനെ കാണുന്നത്?
അത്യാഗ്രഹമാണ് പ്രശ്‌നം. പണം, അധികാരം എന്നിവയാണ് ആത്യന്തിക ലക്ഷ്യം. വികസനമെന്നതിന്റെ ശരിയായ അര്‍ഥമെന്താണ്. കുറെ കെട്ടിടങ്ങള്‍, കുറെ റോഡുകള്‍, നല്ല ഫ്ളാറ്റുകള്‍ ഉയരുക എന്നതാണോ? ഒരിക്കലുമല്ല. രാജ്യത്തിലെ എല്ലാവരും ഒരുപോലെ സമത്വത്തോടെ കഴിയാനുള്ള അവസരമൊരുക്കുക. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള വകപോലുമില്ല. വേറൊരാള്‍ക്ക് നാലുനേരം ഇഷ്ടം പോലെ കഴിക്കാനും ബാക്കി കളയാനുമുണ്ട്. അതിന് വികസനം എന്നു പറയാനാവില്ലല്ലോ. ആര്‍ട്ടിക്കിള്‍ 21ല്‍ പറഞ്ഞതു പോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം. ഒരാള്‍ മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി കഴിക്കുക എന്ന അവസ്ഥ വരുമ്പോള്‍ അത് ആര്‍ട്ടിക്കിള്‍ 21ന് എതിരാവും.
പലപ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് ഇത് എതിരാവുന്നത് എന്തുകൊണ്ടാണ്?
കുറച്ചുപേര്‍ കയ്യിട്ടുവാരാനോ കമ്മീഷന്‍ വാങ്ങിക്കാനോ കച്ചവടതാല്‍പര്യത്തിത്തോടെ കോര്‍പ്പറേറ്റ് ബന്ധം പുലര്‍ത്തി വലിയ ആളാവാന്‍ ശ്രമിച്ചതോടെ വികസനത്തിന്റെ ആങ്കിള്‍ മാറിപ്പോവുകയാണ്. താഴെയുള്ളവര്‍ മുകളിലേക്ക് പോകണമെന്ന ചിന്തയൊന്നുമില്ല. വിദ്യഭ്യാസം, ഭക്ഷണം, വസ്ത്രം, വീട് എന്നീ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റികൊണ്ട് മുകളിലേക്ക് വളരുമ്പോഴേ വികസനമുള്ളു. അല്ലാതെ കുറെ എയര്‍പ്പോര്‍ട്ടുണ്ടാക്കി, വലിയ പാലങ്ങളുണ്ടാക്കിയത് കൊണ്ട് വികസനമാകില്ല. അതിന് വേണ്ടി പത്തുപേരെ പെരുവഴിയിലാക്കിയത് കൊണ്ട് വികസനമെന്ന് പറയാനൊക്കില്ല.
പലപ്പോഴും പുനരധിവാസമാണല്ലോ പ്രശ്നമായി വരുന്നത്. അതെന്തുകൊണ്ടാവും?
കുടിയൊഴിപ്പിക്കുന്നതിന് പകരം വേറെ സംവിധാനം വേണം. നര്‍മത ആന്ദോളനില്‍ സ്ഥലം കൊടുക്കാമെന്നു പറഞ്ഞതുകൊണ്ടു മാത്രം അവര്‍ക്കെന്തു പ്രയോജനമെന്ന് നാം ആലോചിക്കണം. ആദിവാസികള്‍ ഒരു സമൂഹമായി ജീവിക്കുന്നവരാണ്. മനുഷ്യര്‍ ഏറെക്കുറെ അങ്ങനെയുള്ളവര്‍ തന്നെയാണ്. അവരുടെ സാമൂഹിക രീതി തന്നെ നശിപ്പിക്കുകയാണ്. സംസ്‌കാരവും ജീവിത രീതിയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത രീതിയിലേക്കവര്‍ മാറിക്കഴിഞ്ഞിരുന്നു. സ്ഥലം കൊടുത്തത് ഒരേ സ്ഥലത്ത് പലരുടെ പേരുകള്‍. അവരെ പറ്റിക്കുകയായിരുന്നു എന്നല്ലേ പറയേണ്ടത്. കുറെ പേരെ നശിപ്പിക്കുകയും കുറെ പേരെ ഉയര്‍ത്തിവെക്കുകയും ചെയ്യുകയെന്നതല്ല വികസനം.
മലയാളിയുടെ പാരിസ്ഥിതിക അവബോധത്തെക്കുറിച്ച്?
പാരിസ്ഥിതിക അവബോധം കുറഞ്ഞൊരു സമൂഹമാണ് മലയാളികള്‍ എന്നാണ് എനിക്ക് തോന്നിയത്. വിദ്യഭ്യാസമുണ്ട്. എന്നാല്‍ വിവേകമുണ്ടോ എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം മുട്ടിപ്പോകും. പാരിസ്ഥിതിക അവബോധം ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ? നമ്മള്‍ ജീവിക്കുന്ന മണ്ണിനെക്കുറിച്ച്, നമ്മുടെ പ്രകൃതിയെക്കുറിച്ചല്ലേ നമുക്കെല്ലാം അറിയേണ്ടത്. വിവേകവും ബോധവും കുറഞ്ഞ സമൂഹമായി മാറുകയാണ് നാം.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് എല്ലാവരും ശരിയായി വായിച്ചുമനസ്സിലാക്കിയിട്ടുണ്ടോ എന്ന് നോക്കിയാല്‍ മതി ഇതറിയാന്‍. കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ സമരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഒരു ക്രഷര്‍ വരുന്നിടത്ത് പോകാന്‍ സാധിച്ചത്. അവിടെ തൊട്ടടുത്ത് മലയുടെ മുകളില്‍ പൊട്ടാറായ മല തുരന്നെടുക്കുകയാണ്. അവിടെ നിന്ന് കല്ലു പൊട്ടിച്ചാലുള്ള ആഘാതമൊന്നും അവരെ ബാധിക്കുകയില്ലെന്ന നിലപാടാണ് അതിന്റെ ആളുകള്‍ക്ക്. അതേക്കുറിച്ചൊന്നും ആര്‍ക്കും ചിന്തിക്കേണ്ട. രണ്ടു ക്വാറികളാണ് അടുത്തടുത്തായുള്ളത്. സമീപ പ്രദേശത്തുകാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല. ശബ്ദ മലിനീകരണം വേറെയുമുണ്ട്. ആര്‍ക്കും ഒന്നും മനസ്സിലാവാത്ത നാടായി മാറുകയാണ്.
ചൂഷണങ്ങള്‍ക്ക് പിന്നിലെ ചേതോവികാരമെന്തായിരിക്കും?
പെട്ടെന്ന് പണക്കാരനാവണം എന്ന ചിന്തയാണ് ചൂഷണങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും. ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നിടത്ത് നിന്നു മാറിപ്പോയിരിക്കുന്നു. പ്രകൃതി ബോധം ചെറുപ്പത്തിലേ വീട്ടില്‍ നിന്ന് വരേണ്ടതാണ്. അങ്ങനെയെങ്കിലേ നാളത്തെ തലമുറയില്‍ ഈ ബോധമുണ്ടാവൂ. എനിക്കെന്റെ രക്ഷിതാക്കള്‍ തന്ന അറിവ് കൊണ്ടായിരിക്കും ഞാനിങ്ങനെ ആയത്. കുട്ടികള്‍ക്ക് ചെറുപ്പത്തിലേ അതു കൊടുക്കണം. ഇഷ്ടംപോലെ പറമ്പും കൃഷികളുമൊക്കെ ഉണ്ടായിരുന്ന കുടുംബത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പോലും വെറുതെ കളയാന്‍ സമ്മതിച്ചിരുന്നില്ല. ജീവിത മൂല്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് പറയും. നമുക്ക് ഇഷ്ടം പോലെ ഭക്ഷിക്കാനുണ്ട്. അതില്ലാത്തവരെ ഓര്‍ക്കണമെന്നു പറയും. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ഇത്തരം മൂല്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണം. വീട്ടില്‍ നിന്ന് കിട്ടണം. ഇതു കഴിഞ്ഞേ സ്‌കൂളിന് സ്ഥാനമുള്ളു. അതുപോലെ പരിസ്ഥിതി ക്ലബുകള്‍, കൂട്ടായ്മകള്‍ ഉയര്‍ന്നുവന്ന് പാരിസ്ഥിതിക അവബോധം കൂടുതല്‍ സജീവമാകേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാമോ?
സമൂഹം ഒന്നിച്ചാല്‍ മാത്രേമേ ഇത് സാധ്യമാകൂ. വിദേശങ്ങളിലൊക്കെ പോയപ്പോള്‍ ഇത് നേരില്‍ കാണാന്‍ സാധിച്ചതാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍. അവിടുത്തെ രക്ഷിതാക്കള്‍ മക്കളെ എല്ലാം പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. 1980 കാലഘട്ടത്തില്‍ ഞാന്‍ യൂറോപ്പില്‍ പോയപ്പോള്‍ ഇത് നേരിട്ടനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. അവിടുത്തെ റേഡിയോയില്‍ എന്നെക്കുറിച്ചൊരു വാര്‍ത്ത വന്നപ്പോള്‍ അത് നാട്ടുകാരില്‍ വലിയ ആവേശമാണുണ്ടാക്കിയത്. അവിടുത്തെ പല കൂട്ടായ്മകളും ബന്ധപ്പെടുകയും പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോഴും പ്രകൃതിയെക്കുറിച്ചുള്ള ബോധം അവരില്‍ ശക്തമാണ്.
ഈസ്റ്റ് ജര്‍മനിക്കും വെസ്റ്റ് ജര്‍മനിക്കും ഇടയിലുള്ള മതില്‍ എടുത്തുമാറ്റിയതിന്റെ ഉടനെയാണ് ഞാനവിടെ പോയത്. ട്രെയിനിലൊക്കെ യാത്ര ചെയ്യുമ്പോള്‍ വേഷം കൊണ്ട് പെട്ടെന്നവരെ തിരിച്ചറിയാന്‍ സാധിച്ചു. വെസ്റ്റ് ജര്‍മനിയില്‍ നിന്നുള്ളവര്‍ വലിയ ആഡ്യത്തത്തോടെ ആരോടും മിണ്ടാതെ ഇങ്ങനെ ഇരിക്കും. ഈസ്റ്റിലുള്ളവരാകട്ടെ എന്നോടടക്കം ഇടപെടും, ചിരിക്കും, വിശേഷം ചോദിക്കും. അവര്‍ പ്രകൃതിയുമായി കൂടുതല്‍ ഇടപഴകി ജീവിക്കുന്നവരായിരുന്നു.
അവസാനമായി കമ്മ്യൂണിസം യൂറോപ്പില്‍ നശിച്ചത് പോളണ്ടിലാണ്. ആ പോളണ്ടിലെ കമ്മ്യൂണിസം വീഴുന്ന സമയത്ത് ഞാനവിടെയുണ്ട്. അവിടെ ആ സമയത്ത് ഭരണം നടത്തിയത് ഒരു സ്ത്രീയായിരുന്നു. അവിടെ നാലുസീസണുകളില്‍ താമസിക്കാനായി നാലു ബംഗ്ലാവുകള്‍ നിര്‍മിച്ച് അതിലായിരുന്നു താമസം. തന്നെക്കുറിച്ച് മറ്റുള്ളവരെക്കൊണ്ട് കുറെ പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതായിരുന്നു അവരുടെ ഭരണ രീതി. ഒടുക്കം മടുത്ത് തുടങ്ങിയ പൊതുജനം കൂട്ടായ്മകളുണ്ടാക്കി ഭരണകൂടത്തെ എതിര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. ഒടുക്കം ഭരണകൂടത്തെ താഴെയിറക്കാന്‍ അവര്‍ക്ക് സാധിച്ചു.
കമ്മ്യൂണിസമെന്നാല്‍ എന്താണെന്ന് പോലും ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് അറിയുമോ എന്ന് സംശയമാണ്. ഏറ്റവും താഴെത്തട്ടിലുള്ളയാള്‍ മുകളിലേക്ക് വരുന്ന ആശയമാണത്. നല്ലൊരു ലോകം ഉയര്‍ന്നുവരണം. ആരും ആരെയും പേടിക്കാതെ ജീവിക്കാന്‍ സാധിക്കണം. ഈ പ്രകൃതി പോലും പേടിച്ചുകൊണ്ടാണ് കഴിയുന്നത്. കൊറോണ വന്നപ്പോള്‍ നമ്മളത് കണ്ടതാണ്. മനുഷ്യനെത്ര നിസാരനാണ്. പ്രകൃതിയെ ദ്രോഹിച്ചപ്പോള്‍ തിരിച്ചു കിട്ടിയതിന്റെ ഫലമാണ് മാനവരാശി അനുഭവിക്കുന്നത്. ഇങ്ങനെ പോയാല്‍ പോളണ്ട് കേരളത്തിനും ആവര്‍ത്തിച്ചേക്കാം.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഇപ്പോഴും എപ്പോഴും വാര്‍ത്തകളില്‍ ഉണ്ട്. അവിടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നു?
അട്ടപ്പാടി മേഖലയില്‍ ആദിവാസികള്‍ നേരിടുന്ന ദുരിതങ്ങളുടെ മൂലകാരണം ഭരണകൂടത്തിന്റെ അവഗണനയും സ്ഥാപിത താല്‍പര്യക്കാരുടെ ചൂഷണവുമാണ്. ആദിവാസികളുടെ കൃഷിഭൂമി വ്യക്തികളുടെ കരങ്ങളിലെത്തിയതാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നം. പ്രകൃതിജീവനത്തില്‍നിന്ന് അന്യംനില്‍ക്കേണ്ടിവന്നതിനാല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ പോഷകാഹാരക്കുറവുമൂലം മരണഭീഷണിയിണ്. അട്ടപ്പാടിയില്‍ അമിത മദ്യ ഉപഭോഗമുണ്ടെന്നുള്ളത് പ്രശ്‌നത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. എല്ലാ തൊഴിലും നഷ്ടപ്പെട്ടതുമൂലം ആദിവാസി സമൂഹത്തിലെ ഒരു ന്യൂനപക്ഷം മദ്യ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാവാമെന്നും ഇവര്‍ക്ക് കൃഷിഭൂമി നല്‍കി കാര്‍ഷികവൃത്തിയില്‍ വ്യാപൃതരാക്കുകയാണ് വേണ്ടതെന്നും ഭരണാധികാരികള്‍ മനസ്സിലാക്കണം. ശിശു മരണം മാത്രം വരുമ്പോള്‍ അവിടേക്ക് ശ്രദ്ധ പതിയുകയും അല്ലാത്തപ്പോള്‍ അവഗണിക്കുകയും ചെയ്യുന്നത് എത്ര മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് ഇവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? .