LoginRegister

അങ്കമാലി മാങ്ങാക്കറിയും ചക്കപ്പപ്പടവും

ഫാത്തിമ ഫസീല

Feed Back


”ടീച്ചറേ, ചക്കപ്പപ്പടത്തിന്റെ റെസീപ്പി ഒന്നു പറഞ്ഞ് തര്വോ?”
”ഓ, ചക്കപ്പപ്പടമുണ്ടാക്കാന്‍ പോവേന്ന്… ഞാന്‍ റെസീപ്പി വാട്സ്ആപ്പിലിട കെട്ടാ… പിന്നാ എല്ലും ആക്കീറ്റ് വെയിലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിറ്റ് ചക്ക മാവിന്റെ ചെറിയ ഉരുള അതില് വെച്ച് ഒരു ബോണി കൊണ്ട് അമര്‍ത്തണം കെട്ടാ. പിന്നീണ്ടല്ലാ പ്ലാസ്റ്റിക് ഷീറ്റില് വെളിച്ചണ്ണ തടവണം…”
സാവിത്രി ടീച്ചര്‍ പിന്നെയും പല നിര്‍ദേശങ്ങളും തന്ന് ഫോണ്‍ കട്ട് ചെയ്തു.
”അപ്പൊ രണ്ട് ദിവസം ഉണക്കിയാ മതി അല്ലേ” – ഞാന്‍ സ്വയം പറഞ്ഞു.
പുഴുങ്ങിയ ചക്കച്ചുളകള്‍ കുരു കളഞ്ഞ് മിക്സിയുടെ ജാറിലേക്കിട്ട് കൂടെ ഉണക്കമുളകും ചേര്‍ത്ത് നന്നായി അരച്ചെടുത്തു. പാകത്തിന് ഉപ്പും എള്ളും ചേര്‍ത്ത് കുഴച്ചെടുക്കുമ്പോള്‍ മനസ്സ് നിറയെ സാവിത്രി ടീച്ചറുടെ സൗമ്യമായ മുഖവും പതിഞ്ഞ ശബ്ദവുമായിരുന്നു.
എനിക്ക് അപരിചിതമായ ഒട്ടേറെ രുചിവൈവിധ്യങ്ങളുടെ മാസ്മരികത പകര്‍ന്നുതന്നിട്ടുണ്ട് ഉമ്മയുടെ സഹപ്രവര്‍ത്തകയായിരുന്ന സാവിത്രി ടീച്ചര്‍. താമരത്തണ്ട് ഉണക്കിയെടുത്ത കൊണ്ടാട്ടം, പഴുത്ത മാങ്ങയുടെ ചാറ് പിഴിഞ്ഞ് വെയിലത്തുണക്കിയെടുത്ത മാങ്ങാത്തെര, ചക്കയും ശര്‍ക്കരയും വഴറ്റിയെടുത്തുണ്ടാക്കുന്ന ചക്കവരട്ടി, വിനാഗിരി ചേര്‍ക്കാത്ത കാലപ്പഴക്കമേറുന്തോറും സ്വാദ് കൂടി വരുന്ന പലയിനം അച്ചാറുകള്‍…
ചക്ക അരച്ചത് ഉരുട്ടിപ്പരത്തി ഉണക്കാനിടുമ്പോള്‍ ഓര്‍മകള്‍ മനസ്സിലേക്ക് ഒഴുകിയെത്തി. ആറാം ക്ലാസുവരെ ഞാന്‍ പഠിച്ച, ഉമ്മ പഠിപ്പിച്ചിരുന്ന വെങ്ങര മാപ്പിള യുപി സ്‌കൂളിലെ സ്റ്റാഫ് റൂമിലെ ചില ദിവസങ്ങളിലെ എന്റെ ഉച്ചയൂണനുഭവങ്ങള്‍. തേങ്ങ അരക്കാതെ വെള്ളരിയിലും പരിപ്പിലുമൊക്കെ ചിരകിയ തേങ്ങയിട്ട കറികളുമായി വരുന്ന സുജാത ടീച്ചര്‍, പഞ്ചസാര ചേര്‍ത്ത പഴുത്ത മാങ്ങാക്കറിയുമായി വരുന്ന വനജ ടീച്ചര്‍, ചോറിനടിയില്‍ മുരിങ്ങയില പച്ചക്ക് നിരത്തിയ ടിഫിന്‍ ബോക്സുമായി വരുന്ന തങ്കമണി ടീച്ചര്‍, ഒരു ചോറ്റുപാത്രത്തില്‍ എനിക്ക് തരാനായി കോര്‍ത്ത മുല്ലമൊട്ടുകള്‍ വെള്ളം തളിച്ചതുമായി വരുന്ന ലക്ഷ്മി ടീച്ചര്‍…
നല്ല വെയിലുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് ഉണങ്ങി റെഡിയാവുന്ന ചക്കപ്പപ്പടം എണ്ണയിലിടുമ്പോള്‍ ഞെരിഞ്ഞു പൊരിഞ്ഞ് വരുന്നത് മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കാത്തിരുന്നു.
വായിച്ചിയുടെ രുചിക്കഥകള്‍
പരിപ്പ് കുതിര്‍ത്തത് അരച്ചെടുത്ത് ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചെറുതായരിഞ്ഞുചേര്‍ത്ത് ഉപ്പിട്ട് കുഴച്ച്, കൈ തൊട്ട് നനച്ച് ഉരുട്ടിപ്പരത്തിയെടുക്കാനായി ഒരു പിഞ്ഞാണത്തില്‍ പച്ചവെള്ളവുമെടുത്ത് എണ്ണ കായുന്നത് നോക്കിയിരിക്കുമ്പോഴായിരുന്നു വായിച്ചി അടുക്കളയിലേക്ക് കയറി വന്നത്.
”പരിപ്പുവടയില്‍ പച്ചമുളകല്ല ഉണക്കമുളക് ചെറുതായി അരിഞ്ഞിടണം… എന്റെ ഉമ്മ പണ്ട് പലേ വക സാധനങ്ങളും ഉണ്ടാക്കുമായിരുന്നു. വല്ല്യേ ചെമ്മീനൊക്കെ കിട്ടിയാല്‍ അമ്മിക്കുട്ടി കൊണ്ട് ചതച്ച് അരിപ്പൊടിയും ചെറിയുള്ളിയും വെളുത്തുള്ളിയും ചതച്ചതും മുട്ടവെള്ളയും മുളകുപൊടിയുമൊക്കെ കുഴച്ച് പുരട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ കുറേശ്ശെ ചേര്‍ത്ത് മൊരിച്ചെടുക്കും.” വായിച്ചി നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.
ഞാന്‍ കഥകളില്‍ മാത്രം കേട്ട പാചകറാണിയായ ഗ്രേറ്റ് ഗ്രാന്‍മയെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു.
വായിച്ചി പിന്നെയും പല കഥകളും പറഞ്ഞു. വെള്ളം തൊട്ട് കൈവെള്ളയില്‍ പരത്തിയെടുത്ത പരിപ്പുരുളകള്‍ ശീ…ശീ… ശബ്ദത്തോടെ എണ്ണയിലേക്ക് എടുത്തിടുമ്പോള്‍, മൊരിഞ്ഞു തുടങ്ങിയ വടകളെ എണ്ണയില്‍ കുളിപ്പിച്ച് മറിച്ചിടുമ്പോള്‍ ഒക്കെ വായിച്ചിയുടെ ഓര്‍മക്കഥകള്‍ വെള്ളപ്പൊക്കത്തിന്റെ കാലത്തെത്തിയിരുന്നു.
”പൊഴേല് പണ്ട് വെള്ളം കേറുമ്പോ ഞാനും ബിച്ചിക്കോയയും മൊഹമ്മദും പിന്നെ കോറേ കുട്ടികളും തോണിയുമെടുത്ത് വാഴത്തോട്ടത്തിലൂടെ ഒരു പോക്കുണ്ട്. ഒടിഞ്ഞുവീണ വാഴക്കുലകളൊക്കെ എടുത്തുകൊണ്ടുവന്ന് വെട്ടിയിട്ട് ഉപ്പിട്ട് പുഴുങ്ങും. ഹൊ! അയിന്റെ ഓക്കൊര് രസം. എറച്ചി മൊളീര്ണ്ടേല്‍ പിന്നൊന്നും പറയണ്ട.”
തേഞ്ഞുമാഞ്ഞുപോയ ഒരു കാലത്തിന്റെ രുചിക്കൂട്ടുകളുടെ കഥകളൊക്കെ എന്റെ മനസ്സിലേക്ക് കയറി വരും, വായിച്ചിയോടൊപ്പമുള്ള മറക്കാനാവാത്ത ആ പഴയ നിമിഷങ്ങളോടൊപ്പം. ശൂന്യതയിലേക്ക് നഷ്ടപ്പെട്ട് മറഞ്ഞുപോയ ആ ചിരിയും എന്തിനും ഏതിനുമുള്ള കൂട്ടിരിപ്പും ഇടപെടലുമൊക്കെ ഓര്‍മകളില്‍ നിറയും.

മൂത്തമ്മയുടെ രുചിക്കൂട്ടുകള്‍
ഒരു വലിയ വട്ടച്ചെമ്പില്‍ നിറയെ കോഴിമുട്ട പൊട്ടിച്ചൊഴിച്ച് പൊടിച്ച പഞ്ചസാര, മൈദ, എള്ള് തുടങ്ങിയവ ചേര്‍ത്ത് വെട്ടുകേക്ക്, കുഴലപ്പം, പൊട്ട്ന്നപ്പം തുടങ്ങിയ കേട്ടിട്ടില്ലാത്ത പലതരം അപ്പങ്ങള്‍ക്കുള്ള മാവ് റെഡിയാക്കുകയാണ് അയല്‍പക്കത്തെ പെണ്ണുങ്ങളെല്ലാവരും ചേര്‍ന്ന്. കണ്ണൂരില്‍ കല്യാണത്തിന്റെ ഒരാഴ്ച മുന്നേയുള്ള പ്രധാന പരിപാടിയാണിത്. നസീത്താന്റെ മോള്‍ ഫാസിയുടെ കല്യാണത്തിനുള്ള അപ്പം ചുടുന്ന പെണ്ണുങ്ങളുടെ നടുക്ക് ഒരു കസേരയിട്ടിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു ചെറുകുന്നുകാര്‍ മൂത്തമ്മ എന്നു വിളിക്കുന്ന പ്രമുഖ പാചകവിദഗ്ധ.
”മൂത്തമ്മാ, ഉപ്പെത്രെ ബേണ്ട്? കൊയലപ്പം പരത്താനായ്നാ… ബേണങ്കി കുംസിയെല്ലം രണ്ടൂസം മുന്നെ ചുട്ടാ മത്യല്ലെ.”
ഓരോ നിസ്സാര കാര്യത്തിനും മൂത്തമ്മയുടെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു ഓരോരുത്തരും.
ഒരിക്കല്‍ മൂത്തമ്മയുടെ രുചിക്കൂട്ടുകളുടെ കഥകള്‍ പകര്‍ത്തിയെഴുതാന്‍ ചെന്നപ്പോള്‍ മനസ്സു മുഴുവന്‍ മൂത്തമ്മയുടെ സ്വാദിഷ്ടമായ വിഭവങ്ങളായിരുന്നു. മൂത്തമ്മയുടെ അധികം മസാലയില്ലാത്ത ബിരിയാണി പോലത്തെ രുചികരമായ ഒന്ന് വേറെയെവിടെയും കണ്ടിട്ടില്ല.
രണ്ട് തട്ടുള്ള കണ്ണൂരപ്പത്തെക്കുറിച്ചാണ് അവര്‍ ആദ്യം പറഞ്ഞത്. കാരപ്പച്ചട്ടിയില്‍ പകുതി വേവുന്ന അപ്പത്തെ അപ്പക്കൊള്ളി കൊണ്ട് മെല്ലെ മേലോട്ട് കുത്തിയെടുക്കും. അപ്പോള്‍ വേവാത്ത മാവൊക്കെ അടിയിലേക്ക് പോയി എണ്ണയില്‍ കിടന്ന് അട്ടിയട്ടിയായി ഒട്ടിപ്പിടിച്ച രൂപത്തില്‍ വെന്തുവരുന്ന അപ്പങ്ങള്‍.
”പഞ്ചാരപ്പാറ്റ ഒരു മാസം വരെയെല്ലാം കേടാവാണ്ട് സൂക്ഷിക്ക കെട്ടാ… ഒരു കപ്പ് അരി കുതിര്‍ത്ത് അരച്ചതിലേക്ക് ആറ് മുട്ടയെട്ക്കണം. എന്നിട്ട് ബീറ്റ് ചെയ്യണം. പണ്ടെല്ലും നമ്മ മുട്ട കടയുന്ന മന്താന്ന് എട്ക്കല്. രണ്ടാള് വേണം ഇത് ഉണ്ടാക്കാന്. ഒരാള്‍ കടയണം. അപ്പോള്‍ പൊങ്ങിവരുന്ന പതയെല്ലാം കോരിയെട്ത്ത്റ്റ് മറ്റേയാള്‍ എണ്ണയിലേക്കിട്ട് പൊരിച്ച് കോരണം. മൂന്ന് ദിവസം എണ്ണ വാലാന്‍ വെച്ച് കയ്ഞ്ഞിറ്റ് ഒരു മാസെല്ലും നമ്മക്ക് ഇത് സൂക്ഷിച്ച് വെക്ക കെട്ടാ… പുതിയാപ്ലെല്ലും വരുമ്പം ബേനും എട്ത്ത്റ്റ് കൊടുക്കാലാ…”
പഞ്ചാരപ്പാറ്റ പഞ്ചസാരയും തേങ്ങ ചിരകിയതും പഴവും കൂട്ടി ഉടച്ചു കഴിക്കുന്നത് ഓര്‍ത്താണ് അന്ന് തിരിച്ചുപോന്നത്.

ശബേരിച്ചേച്ചിയുടെ
രുചിപ്പൊതി

അന്ന് ശബേരിച്ചേച്ചി വരുമ്പോള്‍ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു:
”ടീച്ചറേ, ഏട്ടന്റെ മോള് സ്‌കൂളില്‍ പോവാന്‍ മടിച്ചിരിക്കുവാരുന്നു. അതാ ഞാന്‍ ലേറ്റായത്. ഓള് പറയ്ന്ന്, പാലും ചിപ്സും സ്‌കൂള്‍ല് കൊണ്ടോയിറ്റ്‌ല്ലെങ്കില് മാഷ് ക്ലാസ്‌ല് കേറ്റൂലാ പോലും. രാവിലെ എവിടെന്നാന്ന് വെച്ചാ ഞാന്‍ ചിപ്സ് വാങ്ങണ്ടേ?”
എനിക്കപ്പോള്‍ മിച്ചറിന് വിശക്കുന്നൂന്ന് ഇടക്കിടെ പറയുന്ന എന്റെ കസിനെ ഓര്‍മ വന്നു. ചേച്ചി പൊതിയഴിച്ച് അതിലുള്ളത് എനിക്കും ഫായിസിനുമായി ഓരോ ചെറിയ പാത്രങ്ങളിലിട്ട് തന്ന് ഫെബിക്കുള്ള കുറുക്കുണ്ടാക്കാന്‍ തുടങ്ങി.
അത് ഉപ്പിലിട്ട് വെയിലത്തുണക്കിയെടുത്ത കരീക്കയായിരുന്നു. ഞാന്‍ മുട്ടത്ത് മാത്രം കണ്ട ഒരു പ്രത്യേക കായ. ഞങ്ങള്‍ കുട്ടികള്‍ ഇടക്കൊക്കെ ചതുപ്പ് പോലത്തെ സ്ഥലത്ത് പോയി ചില പുല്ലൊക്കെ പറിച്ചുനോക്കുമായിരുന്നു. ചില പുല്ലുകളുടെ അടിയില്‍ നിന്ന് ഒന്നോ രണ്ടോ കരീക്ക കിട്ടും. പുറംഭാഗം കറുത്ത, ഉള്ള് നല്ല വെളുത്ത നിറത്തിലുള്ള വളരെ ചെറിയ കായകള്‍. ശബേരിച്ചേച്ചി എത്ര കഷ്ടപ്പെട്ടായിരിക്കും ഇതൊക്കെ പറിച്ചെടുത്തത് എന്നായിരുന്നു എന്റെ ചിന്ത.
ഒരു ദിവസം ഉച്ചക്ക് അന്നുവരെയില്ലാത്ത ഒരു പ്രത്യേക തരം മണം അടുക്കളയെ പൊതിഞ്ഞു. ചോറ് വിളമ്പിത്തരുമ്പോള്‍ ചേച്ചി പറഞ്ഞു:
”ഇത് അങ്കമാലി മാങ്ങാക്കറിയാ. ഇത് തലേന്നേ വെച്ചാലാണ് കൂടുതല്‍ രുചിയുണ്ടാവുക. എറണാകുളംകാരൊക്കെ കല്യാണത്തിനൊക്കെയാ ഇതുണ്ടാക്കുന്നെ…”
ഈയടുത്ത് അശ്വതിയുടെ സ്റ്റാറ്റസിലാ പിന്നീട് അങ്കമാലി മാങ്ങാക്കറിയും പത്തലും അലങ്കരിച്ചുവെച്ച ഫോട്ടോ കണ്ടത്.
എനിക്ക് ശബേരിച്ചേച്ചിയെ ഓര്‍മ വന്നു. മുട്ടത്തെ ആമ്പല്‍ കുണ്ടുകള്‍ക്കിടയിലൂടെ ഞങ്ങളുടെ കൈ പിടിച്ച് അവര്‍ നടക്കുന്നത് മനസ്സിലേക്ക് വന്നു. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കുമായി കൊണ്ടുവരാറുണ്ടായിരുന്ന ചെറിയ ചെറിയ പൊതികള്‍ കണ്ണില്‍ തെളിഞ്ഞു.
അശ്വതി തന്ന റെസിപ്പി വെച്ച് ഞാന്‍ കുട്ടിക്കാലത്തെ ആ ഉച്ച വീണ്ടെടുത്തു.
ചെറിയുള്ളി, കറിവേപ്പില, ഇഞ്ചി ഇവ ചട്ടിയിലിട്ട് തിരുമ്മി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കിയത് ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാലൊഴിച്ച് അതിലേക്ക് നീളത്തിലരിഞ്ഞ മാങ്ങാക്കഷണങ്ങള്‍ ചേര്‍ത്ത് വെന്തുവന്നപ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു. അവസാനം ചെറിയുള്ളിയും കറിവേപ്പിലയും ഉണക്കമുളകും ചേര്‍ത്ത് താളിച്ചൊഴിച്ചു. വിനാഗിരി ഞാന്‍ മനഃപൂര്‍വം സ്‌കിപ് ചെയ്തു. ഓരോ ചോറ്റുരുള വായിലേക്കിടുമ്പോഴും തേങ്ങാപ്പാലിന്റെ മയത്തില്‍, മാങ്ങയുടെ ഇളംപുളിയില്‍, ഉണക്കമുളക് പ്ലേറ്റിലിട്ട് ഞരടുമ്പോള്‍ പുറത്തേക്ക് വരുന്ന ചുവന്ന വെളിച്ചെണ്ണയുടെ ശൂരില്‍ അത് അലിഞ്ഞുപോയി, ഓര്‍മകളിലേക്ക് ഞാന്‍ കുതിര്‍ന്നുപോകുന്നതുപോലെ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top