വെളുപ്പിനേ എഴുന്നേറ്റു കുട്ടികളുടെ ബാഗ് പായ്ക്ക് ചെയ്തു ബ്രേക്ക്ഫാസ്റ്റും സ്നാക്സുമുണ്ടാക്കി ക്യാമ്പിൽ നിന്നുള്ള ഫോൺസന്ദേശത്തിൽ അക്കമിട്ടെഴുതിയിട്ടുള്ള സാധനങ്ങളടങ്ങുന്ന ഹയയുടെ സ്പോർട്സ് കിറ്റ് ശരിയാക്കുന്നതിനിടയിലാണ് കുട്ടികൾ എഴുന്നേറ്റുവന്നത്.
“മോളെ, നിന്റെ സ്പോർട്സ് കിറ്റിലെ പ്രൊട്ടക്റ്റീവ് ഗിയേഴ്സ് എവിടെ?”
“അതെന്റെ റൂമിൽ ഷെൽഫിനു മുകളിലുണ്ട്. ഞാൻ പോയി എടുത്തുകൊണ്ടുവരാം” എന്ന് പറഞ്ഞു ഹയ അകത്തേക്കോടി.
“ഇഷാനയ്ക്ക് ബോറടിക്കില്ലേ ക്യാമ്പിൽ ഫുൾ ടൈം നിന്നാ? നമുക്ക് കറങ്ങാൻ പോകാം.” തന്റെ ൈകയിലുള്ള സീക്രട്ട് ടിക്കറ്റിലേക്ക് ഒന്ന് കണ്ണയച്ച ശേഷം യൽദ ഹയയുടെ വാട്ടർ ബോട്ടിലെടുക്കാൻ ലിവിങ് റൂമിലേക്ക് പോകാനൊരുങ്ങി.
“മമ്മാ, മമ്മ വരണ്ട. ഹയയ്ക്കുമിഷ്ടമല്ല. മമ്മ ഫുൾ മെസ്സ് അപ് ചെയ്യും. മമ്മയ്ക്ക് ഞങ്ങടെ കാര്യങ്ങളൊന്നുമറിയില്ല. വല്യുമ്മയായാൽ ഒരു പ്രശ്നോമില്ല.”
“അത് ശരിയാ. മമ്മ എന്തിനാ വരണേ? മമ്മ എപ്പഴാ ഡിസപ്പിയറാകാന്നു പറയാൻ പറ്റില്ലല്ലോ.” പ്രോട്ടക്റ്റീവ് ഗിയേഴ്സ് ഉള്ള ബാഗും ഹെൽമറ്റും കൈയിൽ പിടിച്ചു മുറിയിലേക്ക് വന്ന ഹയ പറഞ്ഞു.
“അതു പറ്റില്ല. ഞാനുമുണ്ട്. ഞാൻ നിങ്ങടെ കാര്യങ്ങളൊക്കെ അപ്ഡേറ്റ് ചെയ്യുന്നതല്ലേയുള്ളൂ? കുറച്ച് ടൈം താ കിഡ്സ്.” യൽദ ചിരിച്ചു കൊണ്ട് തുടർന്നു: “അത് മാത്രമല്ല, നിങ്ങൾക്കൊരു സർപ്രൈസുണ്ട്. അതവിടെയെത്തുമ്പോ പറയാം.” യൽദ വാനിറ്റി ബാഗിൽ സൂക്ഷിച്ച ടിക്കറ്റ് പുറത്തെടുത്ത് കുട്ടികളുടെ മുന്നിൽ വീശിക്കൊണ്ട് പറഞ്ഞു.
“മമ്മാ, വീ ആർ സീരിയസ്. മമ്മ വരണുണ്ടെങ്കി ഞങ്ങളില്ല. വല്യുമ്മയോടും ഞങ്ങൾ പറഞ്ഞിട്ടുണ്ട്”- ഹയ തറപ്പിച്ച് പറഞ്ഞു.
പണ്ട് കുട്ടികൾ ചെറുതായിരുന്നപ്പോൾ താൻ ബാങ്കിലെന്തോ ആവശ്യത്തിന് അവരെ കൂട്ടാതെ പോയപ്പോൾ അവർ മമ്മ ഇന്നലത്തെപ്പോലെ എവിടെയും ഒറ്റയ്ക്ക് പോകില്ലെന്ന് ഉറപ്പു പറയണമെന്ന് പ്രോമിസ് ചെയ്യിപ്പിച്ചത് അതേ മുറിയിലിരുന്നാണെന്ന കാര്യം പശ്ചാത്തലത്തിലെവിടെയോ തത്തിക്കളിച്ചു. കുട്ടികൾ തന്നെ ആക്സെപ്റ്റ് ചെയ്യാൻ കുറച്ചു സമയമെടുക്കുമെന്നും എന്ത് കാരണത്താലായാലും അവരെ വിട്ടുപോയതിന്റെ വെറുപ്പ് അവരുടെ മനസ്സിലുണ്ടാകുമെന്നുമുള്ള തിയറികൾ അറിയാമായിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു വേദന യൽദയെ തൊട്ടുരുമ്മിക്കൊണ്ട് കടന്നുപോയി.
“പോട്ടെ മോളെ, എല്ലാം ശരിയാകും. ഞാനവരെ പറഞ്ഞു മനസ്സിലാക്കാം. അവരിപ്പോഴും കുട്ടികളല്ലേ?” അടുക്കളത്തിണ്ണ തുടക്കുന്നതിനിടയിൽ ഉമ്മ പറഞ്ഞു.
“വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ?” യൽദ പാത്രം കഴുകിവെക്കുന്നതിനിടയിൽ ചോദിച്ചു.
“ഉണ്ട്. നീ ഇവിടെ ഇല്ലാത്ത സമയത്ത് അവരെ സ്കൂളിൽ നിന്ന് കുട്ടികൾ കളിയാക്കുമായിരുന്നു, ആരുമില്ലാത്ത കുട്ടികളാണെന്നൊക്കെ പറഞ്ഞിട്ട്. ഒരു ദിവസം ക്ലാസിലെ ടീച്ചർ തന്നെ ഉമ്മയുടെയും ഉപ്പയുടെയും ഒരു ഫോട്ടോ കൊണ്ടുവരണമെന്ന് പറഞ്ഞു കളിയാക്കി. അന്നവർ രണ്ടുപേരും രാത്രി വൈകും വരെ കരച്ചിലായിരുന്നു. എന്നോട് പറയാത്ത എന്തൊക്കെയോ ഉണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്.” ഉമ്മ പറഞ്ഞത് കേട്ട് യൽദയ്ക്ക് തല ചുറ്റുന്നതു പോലെ തോന്നി. താനൊരിക്കലും കുട്ടികളെ ഒറ്റക്കാക്കി പോകരുതായിരുന്നുവെന്നു മനസ്സ് മന്ത്രിച്ചു.
……
കുട്ടികളെയും ഉമ്മയെയും റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം ഓട്ടോയിൽ വീട്ടിലേക്കു തിരിച്ചുവരുന്നതിനിടയിൽ സജ്ന വിളിച്ചു:
“ടീ, ഞാൻ നൗഫലിനെ വിളിച്ചിട്ടുണ്ടായിരുന്നു. അവനിന്ന് വരാമെന്നേറ്റിട്ടുണ്ട്. നിനക്ക് പറ്റോ?”
“എപ്പഴാ?”
“ഒരു പതിനൊന്നു മണിക്ക്.”
“നമ്മളിങ്ങനെ വെറുതെ ചെന്നാൽ അവർ സഹകരിക്കോ?”
“നമ്മളതിന് അങ്ങനെ വെറുതെയല്ലല്ലോ പോകണത്. ഞാൻ പറഞ്ഞില്ലേ നിത്യയുടെ കാര്യം? അവളുമുണ്ടാകും”- സജ്ന ഉറപ്പു നൽകി.
“ഓകെ. എന്നാ ഞാനവിടെയുണ്ടാകും.” യൽദ ഓട്ടോ ഡ്രൈവറോട് എലിക്സിയർ മാളിലേക്ക് തിരിയാൻ പറഞ്ഞു.
……
മുകളിലേക്കും താഴേക്കും നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചില്ല് ലിഫ്റ്റും ആളുകളെ തിങ്ങി കയറാനാകാത്ത എസ്കലേറ്ററുകളും യൽദയെ അത്ഭുതപ്പെടുത്തിയെങ്കിലും ദിവസങ്ങൾ നീണ്ട അവധിദിനങ്ങളാണ് ഈ തിരക്കിനാധാരമെന്നു മനസ്സിലാക്കാൻ വലിയ താമസമുണ്ടായില്ല. ന്യൂ ഇയർ-ക്രിസ്മസ് അലങ്കാരങ്ങളിൽ കുളിച്ചുനിൽക്കുന്ന എലിക്സിയർ മാൾ കാണാൻ തന്റെ കൂടെ ഹയയും ഇഷാനയുമുണ്ടായിരുന്നുവെങ്കിലെന്നു യൽദ ഒരു നിമിഷം ആശിച്ചു.
“മാഡം, ഈ ഓഫറുകളൊന്നു നോക്കൂ. ഞങ്ങളുടെ പ്രമോഷന്റെ ഭാഗമായുള്ളതാണ്. ഫ്രീ മെയ്ക്ക് അപ്പ് ടെസ്റ്റുമുണ്ട് എന്ന് പറഞ്ഞു തന്റെ നേരെ നടന്നടുത്ത ചമയക്കാരിയോട് “സോറി, സമയമില്ല” എന്ന് പറഞ്ഞെങ്കിലും അവൾ നീട്ടിയ രജിസ്റ്ററിലേക്ക് താല്പര്യമില്ലാഞ്ഞിട്ടും അനുസരണയോടെ പേരും ഫോൺ നമ്പറും എഴുതിക്കൊടുത്തതിൽ യൽദയ്ക്ക് പിന്നീട് മനഃപ്രയാസം തോന്നി. താൻ വലിയ യൂട്യൂബറായിട്ടും ആരും തന്നെ തിരിച്ചറിയുന്നില്ലല്ലോ എന്ന ചിന്തയെ യൽദയുടെ ഫോണിന്റെ റിങ് ടോൺ മായ്ച്ചുകളഞ്ഞു.
“ടീ, നീയെവിടെയാ? ഞാനെത്ര നേരമായി ഈ പ്ലേ ഏരിയയിൽ കാത്തുനിൽക്കുന്നു?” സജ്ന അല്പം അസ്വസ്ഥതയോടെ ചോദിച്ചു.
“ഞാനിതാ എത്തി. ഇവിടെത്തന്നെയുണ്ട്” എന്നു പറഞ്ഞു മുകളിലേക്കുള്ള എസ്കലേറ്ററിൽ കയറുമ്പോൾ ബൊമ്മകളെ ക്രിസ്മസ് തൊപ്പി അണിയിച്ചുകൊണ്ടിരുന്ന പയ്യൻ “മാഡം, 25 പേർസന്റേജ് ഡിസ്കൗണ്ട് ഉണ്ട്” എന്ന് പറഞ്ഞു യൽദയെ തിളങ്ങുന്ന ക്രിസ്മസ് ട്രീയുടെ പിറകിലുള്ള കടയിലേക്ക് ക്ഷണിച്ചു.
അയാളെ അവഗണിച്ച് മുന്നോട്ടു നോക്കിയപ്പോൾ ൈകയിലുള്ള വലിയ പോപ്കോൺ ബാസ്കറ്റ് ഏറക്കുറെ കാലിയാക്കിയ സജ്നയെ കണ്ടു.
“നീ കൊറേ നേരായി വെയ്റ്റ് ചെയ്യുന്നതല്ലേ? സോറി. നിത്യ എവിടെ?”
“അവൾ അവിടെ റിപോർട്ടിന്റെ പകുതി ഷൂട്ട് ചെയ്തുകഴിഞ്ഞു.”
“റിപോർട്ടോ? എന്ത് റിപോർട്ട്?”
“അവളവിടെ പോയി പറഞ്ഞു, വെക്കേഷൻ ആയതുകൊണ്ട് കുട്ടികൾക്കുള്ള ഇവിടത്തെ എന്റർടെയ്ൻമെന്റുകളുടെ ഒരു റിപോർട്ട് തയ്യാറാക്കുകയാണെന്ന്. അതിനിടയിലൂടെ അന്നത്തെ ആക്സിഡന്റിെന്റ കാര്യവും കൂടി ചോദിച്ചറിയാനാണ് അവളുടെ പ്ലാൻ”- സജ്ന മസാല പോപ്കോൺ യൽദയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“അത് കൊള്ളാം. അവർക്കെന്തെങ്കിലും ഗുണമുണ്ടെങ്കിലല്ലേ അവർ കോ-ഓപറേറ്റ് ചെയ്യൂ” എന്നു പറഞ്ഞു തിരിഞ്ഞതും സ്കെർട്ടും സ്ലീവ്ലെസ് ടോപ്പുമണിഞ്ഞ് നിത്യ വന്നു.
“അത് നടക്കുംന്നു തോന്നണില്ല. വേറെല്ലാം അവര് പറയുന്നുണ്ട്. അന്നത്തെ ആക്സിഡന്റിനെക്കുറിച്ച് ചോദിക്കുമ്പോൾ അവര് മനഃപൂർവം ഒഴിഞ്ഞുമാറേണ്. ഒന്ന് രണ്ട് പ്രാവശ്യം ഇത് റിപ്പീറ്റു ചെയ്തപ്പോ മാനേജർ അടുത്ത് വന്നു അന്നത്തെ കാര്യത്തെക്കുറിച്ച് റിപോർട്ടിൽ ഉൾപ്പെടുത്തുന്നുവെങ്കിൽ അവർക്കിതു ചെയ്യാൻ താൽപര്യമില്ലെന്നു പറഞ്ഞു. വേറെയെന്തെങ്കിലും വഴി നോക്കിയാ മതിയായിരുന്നു. കൂടുതൽ കളിച്ചാ എന്റെ പണി പോകും. ഈ ഡ്രസ്സും മുടിയും മൂക്കുത്തിയും മാത്രേള്ളൂ. ജോലി ഞാണിൻമേൽ തൂങ്ങുന്ന ഒന്നാണ്. ടെംപററി. എപ്പോ വേണേലും പിരിച്ചുവിടും.”
……
“എന്തായി? പാക്ക് അപ് ആയോ? കാര്യം നടന്നോ?” മാളിലെ മുകളിലത്തെ ഫുഡ്കോർട്ടിലെ സോഫ കമ്പയിൻഡ് സീറ്റിലിരുന്നു പൊടിയിലും മുളകിലും പിന്നെ പേരറിയാത്ത ചില ചേരുവകളിലും മുങ്ങിപ്പൊരിഞ്ഞ ചിക്കൻ കഷ്ണങ്ങൾക്കും വ്യത്യസ്ത ഫ്ലേവറുകളിലുള്ള വാഫിളുകൾക്കും ചുറ്റുമിരിക്കുന്ന സംഘത്തിനടുത്തെത്തിയപ്പോൾ നടാഷ ചോദിച്ചു.
“ഇതായിരുന്നു നീ പറഞ്ഞത് സസ്പെക്ട്, അല്ലേ?”
“ഹായ്, ഞാൻ നടാഷ” എന്ന് അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ ഒരു മറയുമില്ലാതെ നൗഫൽ മുഖത്തു നോക്കി ചോദിച്ചു. പെണ്ണുങ്ങളുടെ (പ്രത്യേകിച്ച് കുറച്ച് ആക്റ്റീവ് ആയ പെണ്ണുങ്ങളുടെ) മുൻപിൽ ആളാകാനുള്ള ഒരു അവസരവും കളയാത്ത നൗഫൽ അങ്ങനെ ചോദിച്ചതിൽ യൽദയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും, നടാഷയ്ക്ക് ഇഷ്ടക്കേടായോ എന്ന് ആദ്യമൊന്നു ഭയന്നെങ്കിലും നടാഷ മനസ്സാന്നിധ്യത്തോടെ ഒന്ന് ചിരിച്ചു. അത് ഞാൻ തന്നെയെന്ന് പറഞ്ഞപ്പോൾ യൽദയ്ക്ക് ആശ്വാസമായി.
“പ്ലാൻ പൊളിഞ്ഞു. അവരതിനെക്കുറിച്ചൊന്നും തുറന്നുപറയാൻ കൂട്ടാക്കുന്നില്ല”- യൽദ ചാടിക്കേറി പറഞ്ഞു.
“അതിനല്ലേ ഈ തരികിട രാജ്ഞി വന്നിരിക്കുന്നത്”- നടാഷ കുർത്തയുടെ കോളറുയർത്തി പറഞ്ഞു.
“എന്താ നിന്റെ പ്ലാൻ?”
“നിങ്ങടെ പ്ലാൻ കേട്ടപ്പഴേ അറിയാം, അത് പൊളിയുംന്ന്. ആരൊക്കെയാ നേരത്തെ അകത്തു പോയത്?”
“ഞാൻ മാത്രം”- ഗ്രൂപ്പിലെ ലീഡറുടെ സ്ഥാനം നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവോടെ നിത്യ പറഞ്ഞു.
“എന്താ, എന്താ പേര് പറഞ്ഞത്?”
“നിത്യ.”
“എന്നാ നിത്യ തൊട്ടടുത്തുള്ള കടയിൽ കയറി സ്പൈ വർക്കു ചെയ്യണം. മറ്റുള്ളവർക്ക് സിഗ്നലുകൾ കൊടുക്കുക എന്നതാണ് നിന്റെ ജോലി…”- നടാഷ സംസാരിച്ചുകൊണ്ടേയിരുന്നു: “യൽദയും ഞാനും അവിടത്തെ ഇൻസ്ട്രക്ടേഴ്സിനെ വാചകമടിച്ചു വീഴ്ത്താൻ നോക്കാം. വല്ല നല്ല ചുള്ളന്മാരുമുണ്ടെങ്കിൽ ഞാൻ ഹാൻഡിൽ ചെയ്തോളാം”- നടാഷ നൗഫലിനെ നോക്കി കണ്ണിറുക്കിക്കാണിച്ചു. ഇത്രയും ആത്മവിശ്വാസത്തോടെ പെരുമാറാൻ നടാഷയ്ക്കെങ്ങനെ കഴിയുന്നുവെന്നു യൽദ അത്ഭുതപ്പെട്ടു.
“അവരുടെ വിശ്വാസം നേടിയെടുത്ത്, അവർ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയുമ്പോൾ അവിടെയുള്ള രജിസ്റ്ററും മറ്റു രേഖകളും തപ്പുകയാണ് നമ്മുടെ ജോലി. ആൾറെഡി ആ ആക്സിഡന്റിനെക്കുറിച്ച് ചോദിച്ചതുകൊണ്ട് അവർ വിജിലന്റ് ആയിരിക്കും. അതിനെക്കുറിച്ചായിരിക്കും അവിടെ മിക്കവരുമിപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അവരറിയാതെ അവർ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഈ മൈക്രോ ക്യാമറ ഒളിപ്പിച്ചുവെക്കുകയെന്നതാണ് പയ്യൻസിന്റെ ജോലി. അത്യാവശ്യം ഫിറ്റിങ്സും കാര്യങ്ങളും നിനക്കറിയുമായിരിക്കുമല്ലോ. നമ്മൾ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോയെന്ന് സിഗ്നൽ തരുകയാണ് നിന്റെ ജോലി”- നടാഷ നിത്യയുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
പരിചയപ്പെട്ട മാത്രയിൽ തന്നെ നടാഷ തങ്ങളെ കേറി ഭരിക്കുന്നതിൽ എല്ലാവർക്കും അൽപം ഇഷ്ടക്കേട് തോന്നിയെങ്കിലും ഒന്നുമില്ലാത്തിടത്തുനിന്ന് ഒരു പ്ലാൻ പൊന്തിവന്നത് അവർക്കൊരാശ്വാസമായിരുന്നു.
“ഓകെയല്ലേ?” തന്റെ പ്ലാനിനെ അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്യാതെ അവരവരുടെ ചിന്തകളിൽ മുഴുകിയിരിക്കുന്ന ടീമംഗങ്ങളെ നോക്കി നടാഷ ചോദിച്ചു.
“റിസ്ക്കാണ്, നോക്കാം”- നൗഫൽ പുച്ഛഭാവം മറച്ചുവെക്കാതെ പറഞ്ഞു.
“സംസാരിച്ചു സമയം പോയതറിഞ്ഞില്ല. പ്ലേ ഏരിയ ഇന്നു മൂന്ന് മണിക്കടക്കുംന്ന് അവര് നേരത്തെ നിത്യയോട് പറഞ്ഞിരുന്നു. എന്തോ റിപ്പയർ വർക്കുണ്ടത്രേ. ആൾറെഡി ഒന്നര ആയി. വീ ഷുഡ് ഹറി,” ടേബിളിൽ നിന്ന് ഫോൺ എടുത്തു ബാഗിലിട്ടു എഴുന്നേൽക്കുന്നതിനിടയിൽ യൽദ പറഞ്ഞു.
……
വിവിധ നിറങ്ങളിൽ മിന്നുന്ന ഗെയിം സോൺ എന്ന ബോർഡും വ്യത്യസ്ത റൈഡുകളിൽ നിന്നുയർന്നുവരുന്ന നഴ്സറി റൈമും മറ്റു ശബ്ദങ്ങളും ദൂരെ നിന്നുതന്നെ യൽദയെയും സംഘത്തെയും ആകർഷിച്ചു.
“നിത്യ, യൂ ഗോ. നമ്മൾ ഒരുമിച്ച് പോകണ്ട. വേറെ വേറെ പോകാം. അവർക്കൊരിക്കലും സംശയം തോന്നരുത്. കമ്യൂണിക്കേറ്റ് ചെയ്യണമെങ്കിൽ ഫോൺ വഴി മാത്രം. നമ്മൾ തമ്മിലറിയില്ല”- അതും പറഞ്ഞു നടാഷ മുന്നിൽ നടന്നു. മക്കൾ ക്യാമ്പിലെന്തു ചെയ്യുകയാകും? ഹാപ്പി ആയിരിക്കുമോ എന്നുള്ള ചിന്തകളും അന്ന് പ്ലേ ഏരിയ അടച്ചാൽ തങ്ങൾ തുടങ്ങിയേടത്തു തന്നെ അന്വേഷണം അവസാനിപ്പിച്ച് വെറും കയ്യോടെ മടങ്ങേണ്ടിവരുമെന്ന സത്യവും യൽദയെ ഇടയ്ക്കിടക്ക് വാച്ചിലേക്കു നോക്കാൻ പ്രേരിപ്പിച്ചു.
“നീയെന്താ ഇങ്ങനെ നിൽക്കുന്നേ? പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ”- മാളിലേക്ക് കയറുന്നതിനിടയിൽ മുന്നോട്ടുതന്നെ നോട്ടമുറപ്പിച്ചുകൊണ്ട് കടിച്ചുപിടിച്ച പല്ലുകൾക്കിടയിലൂടെ നടാഷ യൽദയോട് ചോദിച്ചു.
“ഓകെ”- നടാഷയുടേതുപോലെത്തന്നെ കടിച്ചുപിടിച്ച പല്ലുകൾക്കിടയിലൂടെ യൽദ പറഞ്ഞു.
ഫൺ വേൾഡിലേക്ക് നടന്നടുക്കുന്തോറും യൽദയുടെ ഹൃദയധമനികളിൽ നിന്നുള്ള രക്തം സ്ട്രൈക്കിങ് കാറുകളേക്കാൾ വേഗത്തിൽ കുതിക്കാൻ തുടങ്ങിയിരുന്നു.
……
“വീടെവിടെയാ?” പ്ലേ ഏരിയയിലെ തൂണിനേക്കാൾ നേർത്ത പയ്യനോട് യൽദ അന്വേഷിച്ചു. മുന്നിലേക്ക് വെട്ടിയിട്ട മുടിയിഴകൾക്കിടയിലൂടെ മൊബൈൽ ഫോണിൽ വരുന്ന സന്ദേശങ്ങളിൽ മുഴുകിയിരുന്ന പയ്യൻസ് യൽദ പറഞ്ഞതോ ഒരു രക്ഷിതാവ് വന്ന് “എത്രയാ ചാർജ്” എന്ന് ചോദിച്ചതോ കേട്ടില്ല.
“വൺ ട്വന്റി”- യൽദ പ്ലേ ഏരിയയുടെ സൂപ്പർ വൈസറാണെന്ന അധികാരത്തോടെ രക്ഷിതാവിനോട് പറഞ്ഞു.
“വൺ അവറിനാണോ?”
പണ്ട് താൻ കുട്ടികളായി വന്നപ്പോഴുള്ള ഓർമയിൽ യൽദ “അല്ല, മുപ്പതു മിനിറ്റ്” എന്ന് പറഞ്ഞെങ്കിലും ഉറപ്പിനായി ഫോണിൽ മുഴുകി ഇടയ്ക്ക് ചിരിക്കുകയും മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും ചെയ്യുന്ന പയ്യനെ നോക്കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. രജിസ്റ്ററിൽ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരും മറ്റു വിവരങ്ങളും എഴുതിച്ചേർത്ത് പിന്നീട് വന്ന മൂന്നാലു രക്ഷിതാക്കളോടുകൂടി യൽദ വിവരങ്ങൾ പറഞ്ഞുകൊടുത്തെങ്കിലും അതൊന്നും ആ പയ്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോഴോ മുഖമുയർത്തി നോക്കിയപ്പോൾ രജിസ്റ്ററിലോ അവിടെ നടക്കുന്ന മറ്റു കാര്യങ്ങളിലോ ആ പയ്യനെപ്പോലെത്തന്നെ യൽദയും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതോടെ ആ പയ്യൻ തന്റെ ഫോണിലേക്കു തന്നെ മടങ്ങി. അല്പനേരം കഴിഞ്ഞു ഒരു ഫോൺ വന്നപ്പോൾ താൻ ആരാണെന്നുപോലും അന്വേഷിക്കാതെ ‘ഞാനിപ്പോ വരാ’മെന്ന് പറഞ്ഞു ഫോൺ ചെവിയിലുറപ്പിച്ച് ‘സ്റ്റാഫ് ഒാൺലി’ എന്ന് എഴുതിവെച്ച വാതിൽ തള്ളിത്തുറന്നു അകത്തേക്കു കയറിപ്പോയപ്പോൾ പയ്യന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിൽ യൽദ ആശ്ചര്യം പൂണ്ടു. പ്ലേ ഏരിയയിൽ കളിക്കുന്ന അഞ്ചാറു കുട്ടികളിലേക്കൊന്നു കണ്ണോടിച്ച ശേഷം സ്റ്റാഫ് ഒാൺലിയെന്ന വാതിലിൽ മനസ്സുറപ്പിച്ചു രജിസ്റ്റർ തുറന്നപ്പോൾ കേട്ട ബീപ് ശബ്ദം യൽദയുടെ നെഞ്ചിലൂടെ ഒരു തീപ്പൊരി കടത്തിവിട്ടെങ്കിലും അത് തന്റെ ഫോണിൽ നിന്നുള്ള മെസേജ് അലേർട്ട് മാത്രമായിരുന്നെന്നും നിത്യ ‘ദി കോസ്റ്റ് ഈസ് ക്ലിയർ’ എന്നയച്ചതാണെന്നുമറിഞ്ഞപ്പോൾ തങ്ങളുടെ പ്ലാനിലുള്ള കുറവുകൾ മുഴച്ചുനിൽക്കുന്നതായി യൽദയ്ക്ക് തോന്നി. സംഭവം നടന്ന ദിവസവും തീയതിയും നിരവധി തവണകളിലെ ആവർത്തനം കൊണ്ട് യൽദയുടെ ഓർമകളിൽ മുദ്ര പതിപ്പിച്ചതിനാൽ ആ വലിയ രജിസ്റ്ററിലെ പ്രസ്തുത ദിവസത്തെ പേജ് തപ്പിയെടുക്കാൻ യൽദയ്ക്ക് പ്രയാസമൊന്നുമുണ്ടായിരുന്നില്ല. അതിൽ താൻ തന്റെ തന്നെ കൈപ്പടയിൽ ബാങ്കിൽ പോകാനുള്ള തിരക്കിൽ കോറിയിട്ട ഹയയുടെയും ഇഷാനയുടെയും തന്റെയും വിവരങ്ങൾ യൽദയുടെ മസ്തിഷ്ക്കത്തെ പിടിച്ചുലച്ചു. പൊട്ടി വീണ റൈഡിന്റെ സ്ഥാനത്തുള്ള സ്ട്രൈക്കിങ് കാറുകൾ ഒരു ചോരക്കുളത്തിൽ നീന്തുന്നതായി യൽദയ്ക്ക് തോന്നി.
……
‘ഡെഡ് എൻഡ്’ എന്ന നടാഷയുടെ വാട്സാപ് സന്ദേശം സ്ക്രീനിനു മുകളിൽ പോപ്പ് ചെയ്തു വന്നതിനു പിറകേ വന്ന ‘ഉമ്മ കോളിങ്’ എന്ന സന്ദേശം മരുഭൂമിയിലെ മരീചിക പോലെ യൽദയുടെ ഹൃദയത്തെ കുളിരണിയിച്ചു. ഇനിയെപ്പോഴും കേട്ടുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിച്ച ശബ്ദം വളരെ അകലെ നിന്ന് കേട്ടപ്പോൾ യൽദയുടെ കണ്ണുനീർ ധമനികൾ നിറയാൻ തുടങ്ങിയെങ്കിലും “മമ്മാ, ഇവിടെ നല്ല രസാ. വീ മിസ്സ് യൂ” എന്ന ഹയയുടെ വാക്കുകൾ അവയുടെ ഒഴുക്കിന് തടയിട്ടു.
“വീ ഹാവ് എ ഫങ്ഷൻ ഹിയർ’ എന്ന് ഇഷാന പറഞ്ഞപ്പോൾ “ഈ അങ്കിൾ സംസാരിക്കുന്നതു കേൾക്കാൻ എന്തൊരു രസമാണ്” എന്ന് ഹയ പറഞ്ഞു. അത് യൽദയെ കേൾപ്പിക്കാനെന്ന മട്ടിൽ അവർ കുറച്ച് നേരം നിശ്ശബ്ദത പാലിച്ചു. അപ്പോൾ സ്പോർട്സ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്ന ശബ്ദം കേട്ടപ്പോൾ യൽദയുടെ മുഖം വിളറി വെളുത്തു. ഇത് ആ ശബ്ദം തന്നെയാണ്- അവൾ തന്നോടെന്നപോലെ പറഞ്ഞു.
(തുടരും)