LoginRegister

ഡോ. മുഹ്സിന കെ ഇസ്മായിൽ; വര: മറിയംബീവി പുറത്തീൽ

Feed Back


യൽദ നോക്കിനിൽക്കേ കീബോർഡിനു പിറകിൽ ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടു. അവർക്ക് യൽദയുടേതുപോലെ മയിലിന്റെ രൂപത്തിലുള്ള പച്ചയും പിങ്കും നിറത്തിലുള്ള മൂക്കുത്തിയുണ്ടായിരുന്നു.
അന്ധാളിപ്പ് മാറിത്തുടങ്ങിയപ്പോൾ യൽദയുടെ ഓർമകൾ ആ മുഖത്തിനൊരു പേര് ചാർത്തിക്കൊടുത്തു- അമീന.
പക്ഷേ, ആ ശബ്ദം… ശബ്ദം… യൽദയുടെ വാക്കുകൾ ഒരു നനുനനുത്ത ശബ്ദമായി തൊണ്ടക്കുഴിയിൽ കെട്ടിനിന്നു.
”നീയെന്തിനാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്? നീയാണ് എന്റെ ജീവിതം തകർത്തത്. എല്ലാത്തിനും കാരണക്കാരി നീയാണ്. അല്ലെങ്കിലിപ്പോൾ ഞാൻ സാഹിലും കുട്ടികളുമൊത്ത് സന്തോഷമായി ജീവിച്ചേനെ” എന്നു യൽദയ്‌ക്ക് ഉറക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു.
“എല്ലാം ശരിയാണ്. പക്ഷേ, നീ അവസാനം പറഞ്ഞത് മാത്രം കള്ളമല്ലേ? നീ നിന്റെ മനസ്സിനോടു തന്നെ ചോദിച്ചുനോക്ക്. ഞാൻ വരുന്നതിനു മുമ്പേ നീ സാഹിലുമായി വഴക്കല്ലായിരുന്നോ? അതോ, അതും ഞാനുണ്ടാക്കിയതാണെന്നാണോ?”
യൽദ ഞെട്ടിപ്പോയി.
താനൊന്നും പറഞ്ഞിട്ടില്ലല്ലോ? എന്നിട്ടും അമീനയെങ്ങനെ അതറിഞ്ഞു? താനെന്തിനാണ് കുട്ടികളെ വിട്ടു ദീർഘകാലം മാറിനിന്നത്? അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ തന്നെ കൂട്ടാതെ കുട്ടികൾ പോവില്ലായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ യൽദയുടെ മനസ്സിലൂടെ കടന്നുപോകുന്നതിനിടയ്‌ക്ക് ഗെയിമിൽ നിന്ന് ഒരു വലിയ ശബ്ദമുയർന്നു. നോക്കുമ്പോൾ ഹയയുടെയും ഇഷാനയുടെയും അവതാർ ചിന്നിച്ചിതറിക്കിടക്കുന്നു. യൽദയുടെ ഹൃദയവും ചിന്നിച്ചിതറി.
“ഹയാ… ഇഷാനാ…” എന്നു പറഞ്ഞു യൽദ ഗെയിം ബോർഡിനടുത്തേക്കോടിയടുത്തപ്പോൾ ഒരു വികർഷണശക്തി യൽദയെ തള്ളിത്താഴെയിട്ടു. യൽദ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റു വീണ്ടും ബോർഡിനടുത്തേക്ക് പാഞ്ഞു. ദൂരെക്കിടക്കുന്ന ഓരോ കഷ്ണങ്ങളും യൽദയുടെ കണ്ണിൽ കുത്തിക്കയറി രക്തം പൊഴിച്ചു. നോക്കി നിൽക്കെ, നാനാ ഭാഗത്തുനിന്നും കൂർത്ത പല്ലുകളോടു കൂടിയ ജോക്കറുകൾ ഹയയുടെയും ഇഷാനയുടെയും നേർക്ക് നടന്നടുത്തു. യൽദ വീണ്ടും താഴെ നിന്നെഴുന്നേറ്റ് സർവശക്തിയുമെടുത്ത് ഗെയിം ബോർഡിനടുത്തേക്ക് നടന്നടുത്തെങ്കിലും പെട്ടെന്നേറ്റ പ്രഹരത്തിൽ തെറിച്ചു താഴെ വീണു.
പൊടുന്നനെ, ചുറ്റും ചിതറിക്കിടക്കുന്ന ചെറിയ കഷ്ണങ്ങൾ കൂടിച്ചേർന്ന് വീണ്ടും ഹയയുടെയും ഇഷാനയുടെയും അവതാർ പുനഃസൃഷ്ടിക്കപ്പെട്ടു. വലിയ ബീപ് ശബ്ദത്തോടെ ഒരു സന്ദേശം അവിടെയെങ്ങും മുഴങ്ങിക്കേട്ടു: ”വൺ ലൈഫ് ഡൗൺ, ടൂ മോർ ലെഫ്‌റ്റ്.
കുട്ടികളുടെ രൂപം പൂർവ സ്ഥിതിയിലായത് യൽദയ്‌ക്ക് ആശ്വാസമായെങ്കിലും വൺ ലൈഫ് ഡൗൺ എന്ന വാക്കുകൾ യൽദയുടെ മനസ്സിൽ തീക്കനൽ വിതറി.
“മക്കൾക്ക് രണ്ടു ലൈഫ് കൂടിയുണ്ടല്ലോ. പിന്നെന്തിനാ പേടിക്കുന്നത്” എന്ന ഫസയുടെ വാക്കുകൾ യൽദയുടെ ശ്രദ്ധ തിരിച്ചു. താനാണ് ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിയെന്ന ചിന്ത യൽദയുടെ മനസ്സിനെ പിച്ചിച്ചീന്തി. തന്റെ നിരപരാധിത്വം തെളിയിക്കാനായി താൻ എലിക്‌സിയർ മാളിലെ ഗെയിം സോണിൽ പോയി കാര്യങ്ങൾ അന്വേഷിച്ചത് വിഡ്ഢിത്തമായിപ്പോയെന്ന് മനസ്സ് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ഗെയിം സോണിൽ നിന്നു കിട്ടിയ ആ ഫോട്ടോ യൽദയുടെ ഓർമയിലേക്കോടി വന്നെങ്കിലും അമീന എന്തോ പറയുന്നതായി തോന്നിയപ്പോൾ യൽദ മുഖമങ്ങോട്ട് തിരിച്ചു.
“അയാളെക്കുറിച്ചാണ് ചിന്തിക്കുന്നതല്ലേ? അതാരാണെന്ന് നിനക്കറിയാമോ?”
താൻ ചിന്തിക്കുന്ന കാര്യങ്ങൾ എങ്ങനെ അമീന അറിയുന്നുവെന്ന ചോദ്യം പിന്നെയും യൽദയുടെ മനസ്സിനെ വലയം ചെയ്തു.
“അയാളുടെ പേരാണ് ഫാരിസ്. അയാളാണ് യൽദയെ അന്ന് ലൈവ് പ്രോഗ്രാമിന് വിളിച്ചതും ആ ഫോട്ടോകളെല്ലാം മെർജ് ചെയ്ത വീഡിയോ കാണിച്ചതും. നീ കണ്ടെത്തിയതുപോലെ അയാൾ എലിക്‌സിയർ മാളിലെ ജോലിക്കാരനായിരുന്നു. ഫാരിസിന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് അന്ന് ആ റൈഡ് പൊട്ടിവീണത്. ഒരു കയ്യബദ്ധം. പക്ഷേ, അയാൾക്കത് ഉൾക്കൊള്ളാനായില്ല. അയാളതിൽ പശ്ചാത്തപിക്കുന്നുമുണ്ട്. അങ്ങനെ മനസ്സ് നീറിനീറി അയാളൊരു രോഗിയായി മാറി. ഷിസോഫ്രീനിയ സ്ഥിരീകരിച്ച ഒരാളെ ജോലിക്കു വെച്ചതിനാൽ പ്ലേ ഏരിയയുടെ ലൈസൻസ് വരെ നഷ്ടപ്പെടാമെന്ന അവസ്ഥയായപ്പോഴാണ് അധികൃതർ ആ സംഭവമങ്ങ് മറന്നുകളയാമെന്ന് വെച്ചത്”- ഫസയുടെ ശബ്ദം ആധികാരികതയോടെ ഹാളിലെ ഗെയിം സോണും കടന്നു ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
താൻ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള, എന്നാൽ ശബ്ദം ആവർത്തിച്ചു കേട്ടു മനഃപാഠമാക്കുകയും ജീവിതത്തിലിതുവരെ താൻ ഏറ്റവുമധികം വെറുക്കുകയും ചെയ്തിട്ടുള്ള ആളുടെ പേര് തനിക്കു മുന്നിൽ വെളിവായപ്പോൾ യൽദയുടെ മനസ്സ് സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ തിയറിയിലെ മനസ്സെന്ന ഐസ്ബർഗിലെ ഏഴിൽ ആറ് ഭാഗത്തെപ്പോലെ നിഗൂഢമായി കാണപ്പെട്ടു. അതിനടിയിൽ നിന്നുമുയർന്നുവരുന്ന വികാരങ്ങളിൽ വെറുപ്പാണോ ദേഷ്യമാണോ മുൻപന്തിയിലെന്ന് നിശ്ചയിക്കാനാകാത്തതുപോലെ യൽദ ഹയയെയും ഇഷാനയെയും ഗെയിമിനു പുറത്തെത്തിക്കാനാകുമോ എന്നാലോചിച്ച് ആവലാതിപ്പെട്ടുകൊണ്ടിരുന്നു.
“അവരെ അത്ര പെെട്ടന്ന് നിനക്ക് ഗെയിമിനു പുറത്തെത്തിക്കാനാകില്ല”- അമീന നിഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
ആശ്ചര്യത്തോടെ യൽദ അമീനയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അമീനയുടെ മുഖത്തിനു വരുന്ന മാറ്റങ്ങൾ യൽദയുടെ ശ്രദ്ധയിൽ പതിഞ്ഞു. അവളുടെ മൂക്കുത്തിയണിഞ്ഞ നീണ്ട മൂക്ക് പരന്ന മൂക്കായി മാറിക്കഴിഞ്ഞിരുന്നു. അമീനയുടെ കൂട്ടുപുരികങ്ങൾ മാഞ്ഞ് അകന്നു തുടങ്ങിയിരുന്നു. അവളുടെ സ്‌ട്രെയ്റ്റൻ ചെയ്ത മുടിയിഴകൾ ചുരുണ്ടുവരുന്നുണ്ടായിരുന്നു. യൽദയുടെ മുഖം അപ്രതീക്ഷിതമായി വിടരുകയും മനസ്സിൽ സന്തോഷത്തിന്റെ അലകൾ വീശിത്തുടങ്ങുകയും ചെയ്തപ്പോൾ ഗെയിമിൽ നിന്ന് ഒരു ബീപ് ശബ്ദം കൂടി മുഴങ്ങി.
‘അച്ചീവ്ഡ് വൺ ലൈഫ്’- ഗെയിമിൽ നിന്ന് ഒരു സന്ദേശം പുറത്തുവന്നു.
തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നടാഷയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ യൽദ വാചാലയായി.
“നടാഷാ, നീ അമീനയെ തോൽപിച്ചതെങ്ങനെ? നീയെങ്ങനെയാ അവളെ റീപ്ലെയ്സ് ചെയ്തത്? പെട്ടെന്ന്‌ ഇവരെയും ഉമ്മയെയും രക്ഷിക്ക്. നീയത് ശ്രദ്ധിച്ചോ? എന്റെ ചിന്തകളനുസരിച്ചാണ് ഈ ഗെയിമിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്”- യൽദ നടാഷയുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
“നമ്മളൊരിക്കൽ സംസാരിച്ചിട്ടില്ലേ മൈൻഡ് കൺട്രോൾ ടെക്‌നോളജിയെക്കുറിച്ച്? അതാണ് അമീന വികസിപ്പിച്ചെടുത്തിരിക്കുന്നത്. നമ്മുടെ ന്യൂറോണുകളിലെ സിനാപ്‌സുകളും കണക്‌ഷനുകളും വെച്ചൊരു മെക്കാനിസം…” യൽദ ആവേശഭരിതയായി.
“അതിനെത്ര സാധ്യതകളുണ്ടെന്ന് നിനക്കറിയോ?” നടാഷ ചോദിച്ചു.
“സമയം വേസ്റ്റാക്കണ്ട. അമീന ഏതറ്റം വരെ പോയിട്ടുണ്ടെന്നറിയില്ല. നമുക്കിവിടന്ന് രക്ഷപ്പെടാം. ഉമ്മയെയും രക്ഷിക്കണം”- യൽദ ഗെയിമിനടുത്തേക്ക് നടന്നുകൊണ്ടു പറഞ്ഞു.
“ഒരു ദിവസം നീയെന്നോട് പറഞ്ഞതോർമയുണ്ടോ? അന്ന് പ്ലേ ഏരിയയിൽ ആക്സിഡന്റ് നടന്ന ദിവസം ഹയയുടെയും ഇഷാനയുടെയും അടുത്തു നിന്നു കുറച്ചു നേരം നീ മാറിനിന്നപ്പോൾ അനുഭവിച്ച മനഃസമാധാനത്തെക്കുറിച്ച്. ചിലപ്പോഴെങ്കിലും അവരെത്രയോ ഇറാഷനലായാണ് പെരുമാറിയിരുന്നതെന്നതിനെക്കുറിച്ച്. അതിനിടയിൽ നീ ഫാരിസിനെ കണ്ടുമുട്ടിയതിനെക്കുറിച്ച്. അവനെവിടെ പോകുന്നുവെന്നറിയാൻ നീയവനെ പിന്തുടരുന്നതിനെക്കുറിച്ച്…”
യൽദയുടെ മനസ്സ് ഒരു കാന്തം പോലെ തന്റെ ഭൂതകാലത്തിലെ നെഗറ്റീവ് എനർജി മുഴുവൻ വലിച്ചെടുക്കാൻ തുടങ്ങി. ഹയയുടെ നിലവിളി ഒരു വണ്ടിനെപ്പോലെ ചെവിക്കു ചുറ്റും മൂളിപ്പറന്നു. ചോരയിൽ മുങ്ങിയ ഹയയുടെ ശരീരം യൽദയുടെ കൺമുന്നിൽ മിന്നിമറഞ്ഞു. ഒരു വലിയ ബീപ് ശബ്ദത്തോടെ ഹയയുടെയും ഇഷാനയുടെയും അവതാർ ഉടഞ്ഞുവീണു.
“വൺ മോർ ലൈഫ് ഈസ് ഡൗൺ” എന്ന പ്രഖ്യാപനമുണ്ടായി.
ഒരു പൊട്ടിച്ചിരി കേട്ട് യൽദ ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കി.
“നിനക്കോർമയുണ്ടോ അന്ന് സാഹിൽ ഹയയോട് ക്യാമ്പിൽ പങ്കെടുക്കേണ്ടെന്ന് കയർത്ത ദിവസം? അന്ന് അയാളുടെ മനസ്സ് കുറ്റബോധം കൊണ്ട് ഉരുകുകയായിരുന്നു. എന്നോടൊപ്പം അയാൾ ചെലവഴിച്ച നാളുകൾ, എന്നെ കല്യാണം കഴിക്കാമെന്ന് വാക്കു തന്ന ദിവസം. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അയാൾ നീയുമായുള്ള കല്യാണത്തിന് സമ്മതിച്ച ദിവസം. ദിവസത്തിൽ എണ്ണമറ്റ തവണ എന്നെ വിളിച്ചിരുന്ന സാഹിൽ അതിനു ശേഷം ഒരു തവണ പോലും വിളിക്കാതിരുന്നത്. അന്നെല്ലാം ഞാൻ തീ തിന്നുകയായിരുന്നു. ഞാൻ സാഹിലിനെ ഒരുപാടു തവണ വിളിച്ചു. പക്ഷേ, ഒരു പ്രാവശ്യം പോലും ദയയോടെ സംസാരിക്കാൻ അവൻ കൂട്ടാക്കിയില്ല. അന്നുവരെയുള്ള ഓർമകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഞാൻ ചതിക്കപ്പെടുകയായിരുന്നുവെന്ന ചിന്ത എന്നെ തകർത്തുകളഞ്ഞു.”
യൽദയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.

“നടാഷാ, നിനക്കെന്ത് പറ്റി? ഇത് നീ തന്നെയല്ലേ?”
“അതേ, ഞാൻ തന്നെ. നിനക്കറിയാവുന്ന നടാഷ തന്നെ. പക്ഷേ, ഒരു വ്യത്യാസമുണ്ടെന്നു മാത്രം. ഞാൻ നിന്റെ ശത്രുവായിരുന്നു. നീ തിരിച്ചറിയാതെപോയ നിന്റെ എനിമി…” നടാഷ പുച്ഛത്തോടെ പറഞ്ഞു.
മറ്റൊരു വലിയ ശബ്ദം പശ്ചാത്തലത്തിൽ മുഴങ്ങിയത് കേട്ട് യൽദ ഞെട്ടിത്തിരിഞ്ഞു നോക്കി. ഗെയിം എനർജി എന്നെഴുതിയ ഗെയിജിൽ സൂചി പൂജ്യത്തിനു താഴെ പോയിരുന്നു. തനിക്ക് മാത്രമേ ഹയയെയും ഇഷാനയെയും ഗെയിമിനകത്തുനിന്നു രക്ഷിക്കാനാവൂ എന്ന ബോധം യൽദയുടെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി. കുറ്റങ്ങൾ കൊണ്ട് മൂടുന്നതിനു പകരം തന്നോടു ക്ഷമിച്ചാൽ പ്രശ്നങ്ങൾ തീരുമെന്ന് മനസ്സു മന്ത്രിച്ചു. തന്നോടുതന്നെ ദയ കാണിക്കാമെന്ന ആശയം യൽദയിൽ പോസിറ്റീവ് എനർജി നിറച്ചു. എല്ലാ കുറ്റങ്ങളും ഏറ്റെടുക്കുന്ന സ്വഭാവം തന്റെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവ് യൽദയ്‌ക്കുണ്ടായി. ഗെയിമിൽ നിന്നു “വൺ മോർ ലൈഫ് ഗെയിൻഡ്” എന്ന സന്ദേശം പുറത്തുവന്നു.
“നിനക്കോർമയുണ്ടോ ഹയയുടെ കാലു മുറിഞ്ഞ ദിവസം? അന്ന് നീയവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കുട്ടികൾ ആ റൈഡിൽ കയറാതെ നിന്റെ കൂടെ ഫുഡ് കോർട്ടിലേക്ക് വന്നേനെ”- നടാഷ യൽദയുടെ മനസ്സിൽ നെഗറ്റീവ് എനർജി കുത്തിനിറയ്‌ക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
നടാഷ തന്റെ മനസ്സിനെ തളർത്താൻ നോക്കുകയാണെന്ന ചിന്ത യൽദയ്‌ക്ക് കൂടുതൽ മനക്കരുത്തു നല്കി. അവൾ ഹയയുടെയും ഇഷാനയുടെയുമൊപ്പമുള്ള നല്ല ചിന്തകൾ കൊണ്ട് മനസ്സ് നിറച്ചു.
“മമ്മാ, ഒരു കഥ പറഞ്ഞുതരോ?” “മമ്മാ, ഇത് നോക്കിക്കേ, ഈ പാവ കണ്ടോ?” ഹയയും ഇഷാനയും തന്റെ കൂടെയുള്ളതായി യൽദ സങ്കൽപിച്ചു. അവരുടെ കൂടെ കളിച്ചും അവർക്ക് പുതിയ പാട്ടുകൾ പാടിക്കൊടുത്തും യൽദ അവരുടെ കൂടെ സമയം ചെലവഴിച്ചു.
“നീ സാഹിലിനോട് ഹയയ്‌ക്ക് സ്‌പോർട്സിൽ ഇന്ററസ്റ്റ് ഉണ്ടെന്നു പറഞ്ഞതോർമയുണ്ടോ? അപ്പോഴുള്ള സാഹിലിന്റെ പ്രതികരണവും? നിനക്കു കാര്യങ്ങൾ നൈസ് ആയി പറയാനറിയില്ല.” നടാഷ കൺകോണുകൾക്കിടയിലൂടെ യൽദയെ നോക്കി.
“എന്റെ കുറവുകളെക്കുറിച്ച് എനിക്കു നല്ല ബോധ്യമുണ്ട്”- യൽദ നടാഷയോട് പറഞ്ഞു.
“നിനക്കു കുറവുകൾ മാത്രമല്ലേയുള്ളൂ. നിന്നെ ഏറ്റവുമധികം സ്നേഹിച്ച നിന്റെ ഉമ്മയോട് നീയെന്ത് ചെയ്തു?” നടാഷ യൽദയെ മാനസികമായി തളർത്താനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു.
“എന്റെ ഉമ്മയെവിടെ?” നിർവികാരയായി യൽദ ചോദിച്ചു.
“നീയത് എന്തിന് അന്വേഷിക്കണം? നിനക്കു സ്നേഹമെന്തെന്ന് അറിയുമോ?”
‘തളരരുത്. എനിക്കു മാത്രമേ ഇപ്പോൾ എന്നെ സഹായിക്കാൻ പറ്റൂ. ഞാൻ തകർന്നു പോയാൽ കുട്ടികളെയും ഉമ്മയെയും ആര് സഹായിക്കും? ഞാനാണ് അവരുടെ മാലാഖ…’ യൽദ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകളെ ആവാഹിച്ചുകൊണ്ടിരുന്നു.
“നിനക്കോർമയുണ്ടോ? അന്ന് കുട്ടികൾ ശല്യപ്പെടുത്തുമെന്നു പറഞ്ഞു നീ യൂട്യൂബ് വീഡിയോ എടുക്കാനായി എന്റെ ഫ്ലാറ്റിലേക്ക് വന്നത്? നീ ഒരു നല്ല ഉമ്മയേയല്ല. അവർക്ക് ഉമ്മയെ ഏറ്റവും വേണ്ട സമയത്ത് നീ അവരെയിട്ടിട്ട് പോയി”- നടാഷ യൽദയെ തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.
‘താനെന്തുകൊണ്ട് അന്ന് കുട്ടികളൊരു ശല്യമാണെന്ന് വിചാരിച്ചു? താൻ യൂട്യൂബ് ചാനലിനോട് അത്രമേൽ അടിമപ്പെട്ടിരുന്നോ?’
‘അങ്ങനെയൊന്നും ഞാൻ വിചാരിച്ചിട്ടില്ലല്ലോ. അത് വെറും താൽക്കാലികമായ ചിന്താശകലങ്ങൾ മാത്രമായിരുന്നില്ലേ?’ യൽദയിലെ ജവാരിയ വാദിച്ചു.
ഗെയിമിൽ നിന്ന് ഒരു ബീപ് ശബ്ദം കേട്ടപ്പോൾ ചിന്നിച്ചിതറിയ കുട്ടികളുടെ അവതാർ പ്രതീക്ഷിച്ച് യൽദ ഗെയിം ബോർഡിലേക്ക് നോക്കി. ഗെയിമിനകത്തുനിന്നു മോചിതനായ ഫാരിസിനെക്കണ്ട് എന്തു ചെയ്യണമെന്നറിയാതെ യൽദ തരിച്ചുനിന്നു. ഇനിയെന്തും സംഭവിക്കാമെന്ന സത്യം യൽദയെ ശ്വാസം മുട്ടിച്ചു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top