വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം അവന്റെ വിശ്വാസം (ഈമാന്‍) തന്നെയാണ്. ലോകത്ത് കോടിക്കണക്കിന് മനുഷ്യരില്‍, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന ഏകദൈവ വിശ്വാസത്തിന്റെ സത്ത ഉള്‍ക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും ഭാഗ്യം ലഭിച്ചവരില്‍ ഒരാളാണ് താന്‍ എന്നത് വിശ്വാസി എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഇത് കൂടുതല്‍ നന്ദി ബോധത്തിലേക്ക് അവനെ എത്തിക്കും.
ഒരുപാട് മനുഷ്യര്‍ക്കിടയില്‍ നിന്ന് അല്ലാഹു എന്തുകൊണ്ട് നമ്മെ തിരഞ്ഞെടുത്തു? നമ്മള്‍ ജന്മം കൊണ്ട് എന്തെങ്കിലും പ്രത്യേകതയുള്ളവരല്ല. കുടുംബ മഹിമയോ ഭൗതികമായ മറ്റു കാര്യങ്ങളോ ഈമാന്‍ ലഭിക്കാന്‍ കാരണമല്ല. തീര്‍ത്തും അല്ലാഹുവിന്റെ മഹത്തായ കാരുണ്യം മാത്രമാണ് നമ്മുടെ വിശ്വാസം എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പോഴാണ് വിശ്വാസജീവിതത്തെ കൂടെക്കൊണ്ടു പോകാനും അത് പുതുക്കാനും കറകളഞ്ഞ് കൂടുതല്‍ സുന്ദരമാക്കാനും സാധിക്കുന്നത്.
ഈ തിരിച്ചറിവോടൊപ്പം തന്നെ വിശ്വാസം നമ്മളില്‍ നിന്ന് അകലുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം.
സമകാലിക ജീവിതത്തില്‍ ഭൗതികമായ അനേകം ചിന്താധാരകളോടും ഇസങ്ങളോടും നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നതാണ് നമ്മുടെ വിശ്വാസം. ചോദ്യങ്ങളും സംശയങ്ങളും കേള്‍ക്കുമ്പോള്‍ ശങ്കിച്ചുനില്‍ക്കുകയാണ് പലരും. എന്താണ് യാഥാര്‍ഥ്യമെന്ന് പഠിക്കാതെ കൂടുതല്‍ ആലോചിക്കാതെ വിശ്വാസത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സ്വഭാവം നമുക്ക് ഉണ്ടാവരുത്.
മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ സത്കര്‍മങ്ങള്‍ക്ക് തിടുക്കം കാണിക്കുക. ഒരാള്‍ രാവിലെ വിശ്വാസിയായിരിക്കും. എന്നാല്‍ വൈകുന്നേരത്തോടെ അയാള്‍ അവിശ്വാസിയാകുന്നു. അല്ലെങ്കില്‍ ഒരാള്‍ വൈകുന്നേരം വിശ്വാസിയായിരിക്കും. രാവിലെയാവുന്നതോടെ അയാള്‍ അവിശ്വാസിയാകുന്നു. ദുനിയാവിന്നു വേണ്ടി അയാള്‍ മതത്തെ വില്‍ക്കുന്നു (മുസ്ലിം 118).
വിശ്വാസം നിലനിര്‍ത്താന്‍ നിരന്തരം പ്രാര്‍ഥിക്കണം. പ്രവാചകന്റെ ദിനേനയുള്ള പ്രാര്‍ഥനകളില്‍ വിശ്വാസം നിലനിര്‍ത്താനുള്ള തേട്ടവുമുണ്ടായിരുന്നു.
പ്രാര്‍ഥനയില്‍ സൂചിപ്പിച്ച അതേ ആശയത്തെ വിശ്വാസികളുടെ പ്രാര്‍ഥനയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ”അവര്‍ പ്രാര്‍ഥിക്കും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു” (ഖുര്‍ആന്‍ 3:8).
മരണം വരെ വിശ്വാസം നിലനിര്‍ത്താതെ ജീവിതത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ട് കാര്യമില്ല. വിശ്വാസമില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായിത്തീരും. അതിനാല്‍ ജീവിതത്തില്‍ വിശ്വാസം മുറുകെപ്പിടിക്കാനും വിശ്വാസത്തോട് കൂടി മരിക്കാനും കഴിയണം.