LoginRegister

വെറ്റിറിനറി ഡോക്ടറാവാന്‍ എന്തു ചെയ്യണം?

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് . വെറ്റിറിനറി ഡോക്ടറാകാനാണ് താല്‍പര്യം. സാധ്യതകളും പഠനാവസരങ്ങളും വിശദമാക്കാമോ?
ഹയ മുഹമ്മദ് മുട്ടില്‍

വന്യമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുകയും അവയോട് അനുകമ്പയും കരുണയും പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് വെറ്റിറിനറി സയന്‍സ്. രോഗചികിത്സയ്ക്കു പുറമേ ജന്തുജാലങ്ങളുടെ പരിപാലനം, ബ്രീഡിങ്, സര്‍ജറി, രോഗപ്രതിരോധം തുടങ്ങിയവയെല്ലാം വെറ്ററിനറി സയന്‍സിന്റെ പരിധിയില്‍ പെടുന്നു. ഓമനമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണത്തിലും അവയോട് താല്‍പര്യമുള്ളവരുടെ എണ്ണത്തിലുമുള്ള വന്‍ വര്‍ധനവ്, അവയ്ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നുള്ള അവബോധം, മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത, മനുഷ്യരില്‍ ജന്തുജന്യ രോഗങ്ങളുടെ വര്‍ധനവ് തുടങ്ങിയവയെല്ലാം ഈ മേഖലയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ബിവിഎസ്‌സി ആന്റ് എഎച്ച് (ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് ആനിമല്‍ ഹസ്ബന്ററി) കോഴ്സാണ് വെറ്ററിനറി ഡോക്ടറുടെ യോഗ്യത. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പടക്കം അഞ്ചര വര്‍ഷമാണ് കോഴ്സ്. കേരളത്തില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ തൃശൂര്‍ ജില്ലയില്‍ മണ്ണുത്തിയിലും വയനാട് ജില്ലയില്‍ പൂക്കോടുമായി 180 സീറ്റുകളുണ്ട്.
പ്ലസ്ടുവില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് യോഗ്യതാ മാര്‍ക്ക് നേടിയവര്‍ക്ക് നീറ്റ് യുജി പരീക്ഷ വഴിയാണ് പ്രവേശനം. 85 ശതമാനം സീറ്റുകള്‍ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് നികത്തുന്നത്. കമ്മീഷണര്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട് (വെബ്‌സൈറ്റ്: cee.kerala.gov.in). ബാക്കി 15 ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയാണ്. രാജ്യത്തെ 54ല്‍പരം വെറ്ററിനറി കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തുന്നത് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. നീറ്റ് യുജി പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പ്രത്യേകം അപേക്ഷ നല്‍കി അലോട്ട്മെന്റ് പ്രക്രിയയില്‍ പങ്കെടുക്കേണ്ടതുണ്ട്. (വെബ്സൈറ്റ്: vci.admissions.nic.in). ഐസിഎആര്‍-ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബറേലി, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷന്‍ & റിസര്‍ച്ച് ജയ്പൂര്‍, കോളജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് ബിക്കാനിര്‍, കോളജ് ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് ആനിമല്‍ സയന്‍സ് പട്ന, കോളജ് ഓഫ് വെറ്ററിനറി സയന്‍സസ് ഹിസാര്‍, കോളജ് ഓഫ് വെറ്ററിനറി സയന്‍സസ് ലുധിയാന തുടങ്ങിയവ പ്രവേശനത്തിന് പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളാണ്.
ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ആനിമല്‍ ന്യൂട്രീഷന്‍, ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ്, ലൈവ്‌സ്റ്റോക്ക് പ്രൊഡക്റ്റ്സ് ടെക്നോളജി, മൈക്രോബയോളജി, വൈറോളജി, ആനിമല്‍ ബ്രീഡിംഗ് ആന്റ് ജനറ്റിക്സ്, വെറ്ററിനറി മെഡിസിന്‍, വെറ്ററിനറി സര്‍ജറി, ഗൈനക്കോളജി ആന്റ് ഒബ്സ്റ്റെട്രിക്സ് തുടങ്ങിയ മേഖലകളില്‍ മാസ്റ്റേഴ്സ് ഡിഗ്രി (എംവിഎസ്‌സി) ചെയ്യാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും വിവിധ വിഷയങ്ങളില്‍ റിസര്‍ച്ചിനും അവസരങ്ങളുണ്ട്.
ജോലിസാധ്യതകള്‍
മൃഗസംരക്ഷണ വകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്, കേരള ഫീഡ്സ്, മില്‍മ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, മൃഗശാലകള്‍, പക്ഷി സങ്കേതങ്ങള്‍, ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ്, യൂനിവേഴ്സിറ്റികളില്‍ അധ്യാപനവും ഗവേഷണവും, ഭക്ഷ്യസുരക്ഷാ വിഭാഗം, വിവിധ ഫാമുകള്‍, മാംസ സംസ്‌കരണ യൂണിറ്റുകള്‍, പന്തയക്കുതിരകളുടെ റേസ് ക്ലബ്ബുകള്‍, വെറ്ററിനറി ഹോസ്പിറ്റലുകള്‍, പെറ്റ് ക്ലിനിക്കുകള്‍, ഇന്‍ഷൂറന്‍സ്, ബാങ്കിങ് മേഖല, സുരക്ഷാ സേനകളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡ്, മൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ നിര്‍മാണ കേന്ദ്രങ്ങളില്‍ ന്യൂട്രീഷനിസ്റ്റ് തുടങ്ങി നിരവധി മേഖലകളില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ജോലിസാധ്യതകളുണ്ട്. സ്വയംതൊഴില്‍ ചെയ്യാനുള്ള അവസരങ്ങളും കുറവല്ല. ഓമനമൃഗങ്ങള്‍ പ്രതാപത്തിന്റെ അടയാളമായതോടെ പ്രൈവറ്റ് വെറ്ററിനറി ആശുപത്രികളുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. കന്നുകാലി ഫാമുകള്‍ പോലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്റായും വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാം. തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കുക വഴി പേവിഷബാധ പോലുള്ള ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിലും വെറ്ററിനറി ഡോക്ടര്‍മാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വിപുലമായ അവസരങ്ങളുണ്ട്. യുഎസ്എ, യുകെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ പ്രാക്ടീസ്, അധ്യാപനം, ഗവേഷണം എന്നീ മേഖലകളില്‍ നിരവധി സാധ്യതകളുണ്ട്. ക്ലിനിക്കല്‍ പ്രാക്ടീസിന് അതത് രാജ്യങ്ങള്‍ നടത്തുന്ന പ്രത്യേക പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അല്‍മറായി, അല്‍സാഫി, നാഡെക്, അല്‍ വത്തനിയ്യ, അറാസ്‌കോ, നായിഫ് തുടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള ഡയറി ഫാമുകളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. കൂടാതെ ആട്, ചെമ്മരിയാട്, ഒട്ടകം, ഫാല്‍ക്കണ്‍ തുടങ്ങിയവയുടെ വളര്‍ത്തു കേന്ദ്രങ്ങള്‍, തീറ്റ നിര്‍മാണ യൂണിറ്റുകള്‍, പാല്‍-മാംസ സംസ്‌കരണ യൂണിറ്റുകള്‍, ഫാം ക്ലിനിക്ക്, പെറ്റ് ക്ലിനിക് തുടങ്ങിയവയിലും അവസരങ്ങളുണ്ട്. കൂടാതെ വെറ്ററിനറി ഫാര്‍മസികളില്‍ ഡോക്ടര്‍മാരായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ മാനേജര്‍മാരായും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കാറുണ്ട്. .
(ലേഖകന്‍: 94474 35775)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top