LoginRegister

വീടുണര്‍ന്ന കാലം

ഷെരീഫ് സാഗര്‍

Feed Back

മനുഷ്യര്‍ക്കിടയില്‍ മതിമറന്ന് ജീവിച്ചിരുന്നവരെല്ലാം ഇപ്പോള്‍ ഏകാന്ത വാസത്തിലാണ്. ലോക്ക്ഡൗണില്‍ നാടാകെ ഉറങ്ങി. പക്ഷേ, വീടുകള്‍ ഉണര്‍ന്നു. വീടിന്‍റെ മുക്കിലും മൂലയിലും ആളനക്കമുണ്ടായി. പറമ്പിലും പാടത്തും ആള്‍പ്പെരുമാറ്റമുണ്ടായി. ഇത്രയും ആളുകള്‍ ഇവിടെയുണ്ടായിരുന്നോ എന്ന് വീടിനു പോലും അത്ഭുതമായി. അത്രത്തോളം ആളുകള്‍ വീടുമായി ഇഴുകിച്ചേര്‍ന്നു. എപ്പോഴെങ്കിലും മാത്രം വീട്ടിലേക്ക് കയറി വരുന്നവനും വീടിനോട് സ്നേഹമായി. അടുപ്പമായി. ഇഷ്ടമായി. ഇത് ചിലരുടെ മാത്രം കാര്യം. ചിലര്‍ ഇപ്പോഴും വീട്ടില്‍ കഴിയുന്നത് കാരാഗൃഹത്തില്‍ എന്ന പോലെയാണ്. എങ്ങനെയെങ്കിലും ഈ കാലം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് അവരുടെ പ്രാര്‍ഥന. അങ്ങനെ പലതരം വീടനുഭവങ്ങളുടെ കാലം കൂടിയാണിത്. ഏതു പ്രതിസന്ധികളെയും മറികടക്കാനുള്ള മരുന്ന് ആ പ്രതിസന്ധിയില്‍നിന്ന് പുതിയ അനുഭവങ്ങളെ ഉണ്ടാക്കുക എന്നതാണ്. ആ അനുഭവങ്ങള്‍ ആസ്വാദ്യകരമാവണം. അപ്പോള്‍ ആ പ്രതിസന്ധിയെക്കുറിച്ചു തന്നെ നമ്മള്‍ മറന്നു പോകും. ഒരുപക്ഷേ, ജീവിതത്തില്‍ അപ്രതീക്ഷിതമായ പുതുവഴികള്‍ തുറക്കപ്പെടുകയും ചെയ്യും. പ്രതിസന്ധിയെ പ്രാകിയും സ്വയം ശപിച്ചും സങ്കടപ്പെട്ടിരുന്നാല്‍ ആ ഇരിപ്പു മാത്രമായിരിക്കും ഫലം. ഏതു വഴി തെരഞ്ഞെടുക്കണം എന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടര്‍ന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. എല്ലാ നാടുകളും സ്വയം ഒറ്റപ്പെടാന്‍ തീരുമാനിച്ചു. വിമാനത്താവളങ്ങള്‍ വിജനമായി. തുറമുഖങ്ങളില്‍ കപ്പലോടാതായി. അതിര്‍ത്തികള്‍ക്ക് പൂട്ടിട്ടു. ഓരോ രാജ്യവും ഓരോ തുരുത്തുകളായി. ആഗോളീകരണത്തിന്‍റെ കാലത്ത് ഇങ്ങനെയൊരു അവസ്ഥ ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, മരണം ചോദിച്ചു വാങ്ങുന്നതിനേക്കാള്‍ നല്ലത് അല്‍പകാലം ക്ഷമിച്ചും സഹിച്ചും ഒറ്റക്ക് ജീവിക്കുന്നതാണെന്ന് ഓരോ രാജ്യവും തീരുമാനിച്ചു. അതുകൊണ്ട് ഫലവുമുണ്ടായി. കോവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാന്‍ സാധിച്ചു. ഇന്ത്യയില്‍ പ്രത്യേകിച്ചും. അതൊരു വലിയ നേട്ടം തന്നെയാണ്. ആ നേട്ടത്തേക്കാള്‍ വലുതല്ല നമ്മുടെ നഷ്ടങ്ങള്‍ എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. വാ പൊളിച്ചു നില്‍ക്കുന്ന മരണത്തിലേക്ക് എടുത്തു ചാടാതിരിക്കുക എന്ന വിവേകം. അതാണ് ഭരണാധികാരികള്‍ നമുക്ക് കാണിച്ചു തന്നത്. ആ വിവേകത്തോടാണ് നമ്മള്‍ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ടു തന്നെ സഹകരിക്കുന്നത്.

വീടിനെ അറിഞ്ഞു
വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതമായ ഈ കാലം ഫലപ്രദമായി ഉപയോഗിക്കാന്‍ തന്നെയാണ് ഭൂരിഭാഗവും തയ്യാറായത്. അതില്‍ ഒന്നാമത്തെ കാര്യം വീടിനെ സ്നേഹിക്കുക എന്നതു തന്നെയാണ്. വീട്ടില്‍ നമ്മുടെ കരസ്പര്‍ശമേല്‍ക്കാത്ത പല സ്ഥലങ്ങളുമുണ്ടായിരുന്നു. അവിടെയെല്ലാം എത്തിച്ചേര്‍ന്നു. ആള്‍പ്പെരുമാറ്റം കൂടുതലായതിനാല്‍ വീട് വൃത്തിയാക്കുന്നത് ശീലമാക്കി. നാളെയാവാം എന്നു പറഞ്ഞ് വര്‍ഷങ്ങളായി അടുക്കിപ്പെറുക്കി വെക്കാത്തതൊക്കെ അടുക്കിപ്പെറുക്കി വെച്ചു. ജനലുകളും വാതിലുകളും മേശകളും കസേരകളും ഫാനുകളും തുടച്ചു വെടിപ്പാക്കി. അത്തരം ജോലികള്‍ ചെയ്യുന്നത് കുടുംബ സമേതമാകുമ്പോള്‍ വീടിനോടുള്ള ഇഷ്ടം കൂടി. വീട്ടില്‍ അംഗസംഖ്യയും ആള്‍പ്പെരുമാറ്റവും കൂടിയ സമയമാണിത്. അതുകൊണ്ട് വീടകം വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാ അംഗങ്ങളും സമയം കണ്ടെത്തുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. പലരും അതൊക്കെ സ്റ്റാറ്റസാക്കി നാട്ടുകാരെ കാണിച്ചു. കൈയിലുള്ള പണവും ഭക്ഷ്യസാധനങ്ങളും കരുതലോടെ ചെലവഴിക്കാനും ഉപയോഗിക്കാനുമുള്ള ഫാമിലി പ്ലാനിങ് ലോക്ക്ഡൗണില്‍ പലരും ഉണ്ടാക്കിയിട്ടുണ്ട്. ഉണ്ടാക്കാത്തവര്‍ ഉണ്ടാക്കണം.

അടുക്കള യുദ്ധം
ലോക്ക്ഡൗണ്‍ കാലത്ത് അടുക്കളകളില്‍ യുദ്ധസമാന സാഹചര്യമുണ്ട്. പുത്തന്‍ പരീക്ഷണങ്ങളെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട അടുക്കളകള്‍. സ്ത്രീകളുടെ ജോലിഭാരം കൂടി. നടുനിവര്‍ത്താന്‍ കഴിയാത്ത അവസ്ഥ പലര്‍ക്കുമുണ്ട്. അടുക്കളപ്പണിയില്‍ സഹായിക്കാന്‍ ഭര്‍ത്താവ് കയറിയാല്‍ പണി ഇരട്ടിയാകുന്ന അവസ്ഥയും ചിലയിടത്തുണ്ട്. വീട്ടുജോലികള്‍ വനിതാ റിസര്‍വ്വേഷനാക്കുന്നത് ഈ സമയത്ത് അത്ര നല്ല ശീലമല്ല. അവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന കുടുംബ സംതൃപ്തി ഒന്നു വേറെത്തന്നെയാണ്. അടുക്കള നന്നായാല്‍ കുടുംബം നന്നായി എന്നാണല്ലോ. സ്ഥിരമായി പുറത്തുനിന്ന് കഴിച്ചിരുന്ന പലര്‍ക്കും വീട്ടിലെ രുചികള്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ ഏകദേശം മാറിയിട്ടുണ്ട്. വീട്ടിലെ കഞ്ഞിക്കും പയറിനുമൊക്കെ എന്തൊരു രുചിയാണെന്ന് പറഞ്ഞ് ടിക് ടോക്ക് ചെയ്യുന്ന ചെറുപ്പക്കാര്‍ സ്ഥിരം കാഴ്ചയാണ്. പാചക സമയത്ത് എല്ലാവരും ഒന്നിച്ചിരുന്ന് വാചകമടിച്ച് പാചകപ്പണി പൂര്‍ത്തിയാക്കുന്നത് ഉണര്‍ന്ന വീടിന് ഉന്മേഷം പകര്‍ന്നു. കുടുംബിനിക്ക് അല്പം വിശ്രമിക്കാന്‍ അവസരം നല്‍കി അടുക്കള കയ്യേറുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. ഉണ്ടുറങ്ങിക്കഴിയുമ്പോള്‍ ബാക്കിയാകുന്ന എച്ചില്‍പാത്രങ്ങളുടെയും വൃത്തികേടുകളുടെയും ഭാരം ഭാര്യക്ക് കൊടുത്തുകൊണ്ടുള്ള സഹായം ഒഴിവാക്കുന്നതാകും ഉചിതം. ആണ്‍ ജോലി, പെണ്‍ ജോലി എന്നു തരംതിരിച്ചുള്ള വീട്ടുജോലി ക്രമീകരണം ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെക്കുറെ ഇല്ലാതായി. വീട്ടിലെ ജോലികള്‍ എല്ലാവരും ചേര്‍ന്നു തന്നെ ചെയ്യുന്ന മനോഹരമായ മാറ്റത്തിന് ലോക്ക്ഡൗണ്‍ കാരണമായി.

വര്‍ക്ക് അറ്റ് ഹോം
ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ നിരവധി പേര്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. ഫോണിലും കമ്പ്യൂട്ടറിലുമൊക്കെയായി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെയും ഭാര്യമാരുടെയും അവസ്ഥ മനസ്സിലാക്കാന്‍ പരസ്പരം ശ്രമിക്കണം. ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവം മനസ്സിലാക്കി വേണം അവരോടു പെരുമാറാന്‍. അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ കാലത്തെ വീട് നരകമാകും. തീരെ അരികില്‍ കിട്ടാത്ത ഭര്‍ത്താവിനെ അരികില്‍ കിട്ടിയ നേരത്ത് ഇതാണ് അവസ്ഥ എന്ന് പരിതപിക്കേണ്ട. വര്‍ക്ക് അറ്റ് ഹോം സംവിധാനത്തിലൂടെ പോലും വരുമാനം ലഭിക്കാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ചുറ്റുമുണ്ട്. അവസ്ഥയറിഞ്ഞു പെരുമാറുന്ന കുടുംബം. അതാണ് ഈ ലോക്ക്ഡൗണ്‍ കാലത്തെ മനോഹരമായ കാഴ്ചകളിലൊന്ന്. ആര്‍ക്കും മാളില്‍ പോകേണ്ട. ബീച്ചില്‍ പോകേണ്ട. ബര്‍ഗറും ബ്രോസ്റ്റും വേണ്ട. ചക്കയും മാങ്ങയുമാണ് താരങ്ങള്‍. ചക്കക്കുരു ഷെയ്ക്കാണ് ട്രെന്‍ഡിങ്.

അയല്‍വാസികളോട് ചോദിച്ചോ?
റേഷനൊക്കെ കിട്ടിയിട്ടുണ്ട്. ശരിയാണ്. പക്ഷേ, നമ്മള്‍ അയല്‍വാസികളോട് അവരുടെ അവസ്ഥ ചോദിച്ചിട്ടുണ്ടോ? അവര്‍ പട്ടിണിയിലാണോ? നോമ്പും പെരുന്നാളും വരുമ്പോള്‍ എന്താകും അവസ്ഥ? സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞത് രോഗം വരാതിരിക്കാനാണ്. പക്ഷേ, മാനസിക അകലം പാലിക്കാന്‍ ആരും പറഞ്ഞിട്ടില്ല. ഇടക്കിടെ അയല്‍വാസികളുടെ അവസ്ഥ അറിയാന്‍ ശ്രമിക്കുക. അവരെ കഴിയുന്നതു പോലെ സഹായിക്കുക. അല്ലെങ്കില്‍ സഹായിക്കാന്‍ കഴിയുന്ന സന്നദ്ധ സംഘങ്ങളോട് വിവരം പറയുക. നമ്മുടെ അവസ്ഥ മോശമാണെങ്കില്‍ ഒട്ടും മടിക്കാതെ സാമൂഹിക അടുക്കള ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുക. അതൊന്നും നമുക്ക് കിട്ടുന്ന ഔദാര്യമല്ല. അവകാശമാണ്. പ്രാദേശികമായി സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളുമൊക്കെ സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അകലെയുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ ശ്രദ്ധിക്കലാണ് പ്രധാനം. ഭക്ഷണവും മരുന്നും പച്ചക്കറികളുമൊക്കെയായി നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഈ കാലത്ത് വീടുകള്‍ കയറിയത്. നമ്മള്‍ മറ്റെല്ലാം മാറ്റിവെച്ച് മനുഷ്യരെ തിരിച്ചറിഞ്ഞ കാലം കൂടിയാണിത്

സോഷ്യല്‍ മീഡിയ
ടി.വി കണ്ടും ഇന്‍റര്‍നെറ്റില്‍ സിനിമ കണ്ടും സോഷ്യല്‍ മീഡിയയില്‍ സമയം പോക്കിയുമാണ് ചിലര്‍ ഈ കാലം ആഘോഷിക്കുന്നത്. അതൊന്നും മോശമാണെന്നല്ല. എന്നാല്‍ ഈ സമയം വിനോദത്തോടൊപ്പം വിജ്ഞാനം നേടാനും കൂടി ഉപയോഗിച്ചവരുണ്ട്. ഉദാഹരണത്തിന് നമ്മളിപ്പോള്‍ ലോക്ക്ഡൗണിലാണ്. എന്താണ് ലോക് ഡൗണ്‍, എന്താണിതിന്‍റെ പ്രയോജനം എന്നൊക്കെ നിങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അപ്ഡേറ്റുകള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഓരോ രാജ്യവും എങ്ങനെയാണ് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ? തീര്‍ച്ചയായും ഈ സമയത്ത് ഇന്‍റര്‍നെറ്റിനെ ഈ രീതിയിലും ഉപയോഗിച്ചവര്‍ ധാരാളമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാനുള്ള ഒരു യന്ത്രം കൂടിയാണ്. ഇടയ്ക്ക് അതൊന്ന് മാറ്റിവെച്ച് കുടുംബത്തിന് സമയം നീക്കിവെക്കണം. ചിലരുടെ കണ്ണുകള്‍ രാവിലെ എഴുന്നേറ്റാല്‍ കിടക്കുന്നതു വരെ ഫോണിലാണ്. ആ ശീലം നല്ലതല്ല. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ വേറൊന്നും ചെയ്യാനില്ലെന്ന തെറ്റിദ്ധാരണയാണ് ഈ ഫോണ്‍ അഡിക്ഷന് പിന്നില്‍. ഫോണൊന്ന് മാറ്റിവെച്ചാല്‍ കാണാം. ചെയ്യാനുണ്ട്, ഒട്ടേറെ കാര്യങ്ങള്‍.

സുഹൃത്തുക്കളെ വിളിച്ചോ?
ഈ ലോക്ക്ഡൗണ്‍ കാലത്ത് നമുക്ക് നഷ്ടമാകുന്ന പ്രധാന കാര്യങ്ങളിലൊന്ന് സുഹൃത്തുക്കളോടൊപ്പമുള്ള ഇരുത്തവും വര്‍ത്തമാനവുമൊക്കെയാണ്. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആരോ എഴുതിയ മെസ്സേജില്‍ സ്വന്തം പേരു വെച്ച് സുഖവിവരം അന്വേഷിക്കുന്നതിനു പകരം അവരെയൊന്ന് വിളിക്കാമല്ലോ. അത്രയും അടുപ്പവും ആത്മാര്‍ത്ഥതയും നിങ്ങളുടെ റെഡിമെയിഡ് ഫോര്‍വേഡ് മെസ്സേജു കൊണ്ട് സാധിക്കില്ല. നിങ്ങളുടെ ഫോണ്‍ കോണ്ടാക്ടില്‍ കുറഞ്ഞത് അഞ്ഞൂറു നമ്പരെങ്കിലും ഉണ്ടായിരിക്കും. നിങ്ങള്‍ കഴിഞ്ഞ കുറെ നാളായി ഒരിക്കല്‍ പോലും ഫോണില്‍ വിളിച്ചിട്ടില്ലാത്ത പലരും നമുക്ക് ഒരുനാള്‍ പ്രിയപ്പെട്ടവരായിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ പരസ്പരമുള്ള വിളികളും സൗഹൃദവും മുറിഞ്ഞുപോയി. ചിലപ്പോള്‍ ഓര്‍മിക്കുന്നതേ ഉണ്ടാകില്ല. വെറുതെയിരിക്കുകയാണെങ്കില്‍ എ മുതല്‍ ഇസഡ് വരെയുള്ള കോണ്ടാക്ട് ലിസ്റ്റ് ഒന്നു നോക്കി എല്ലാവരെയും ഒന്നു വിളിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം അഞ്ചു പേരെയെങ്കിലും ഇങ്ങനെ വിളിക്കുക. ശബ്ദം കൊണ്ടെങ്കിലും ആളുകള്‍ ആശ്വാസം ആഗ്രഹിക്കുന്ന ഇക്കാലത്ത് അതൊരു നല്ല അനുഭവമായിരിക്കും. പഴയ ആല്‍ബങ്ങള്‍ തപ്പിയെടുത്ത് സുഹൃത്തുക്കളെ തിരയുന്നതും അവരെ വിളിക്കുന്നതും നല്ലതാണ്. നാലോ അഞ്ചോ അടുത്ത കൂട്ടുകാരെ കിട്ടിയാല്‍ ഗ്രൂപ്പ് കോള്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടുകൊണ്ട് സംസാരിക്കുകയും ചെയ്യാം. അതുപോലെ വായിച്ചു തീരാത്തവയും മറിച്ചു നോക്കാത്തവയുമായ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തവരും ഈ ലോക്ക്ഡൗണ്‍ കാലം ഉപയോഗിച്ചവരാണ്. രാവിലെ എഴുന്നേറ്റാല്‍ വെയില്‍ പൊന്തുന്നതു വരെ വായിച്ചിരിക്കാന്‍ പറ്റിയാല്‍ അത് ഈ കാലത്തെ നല്ലൊരു അനുഭവം തന്നെയാണ്.

കുട്ടികളുടെ കാര്യം
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന വേവലാതി. പുറത്തേക്ക് കളിക്കാന്‍ വിടുന്നതിന് പരിമിതിയുണ്ട്. അകത്തിരുന്നാല്‍ അടിയും ബഹളവും. അല്ലെങ്കില്‍ ഗെയിമും കാര്‍ട്ടൂണും മാത്രം. ഇവരിലേക്ക് ഒന്നു ശ്രദ്ധ കൊടുത്ത് അവരോടൊപ്പം കളിക്കാനും അതുപോലെ പൂട്ടിവെച്ച പുസ്തകങ്ങള്‍ തുറന്നുവെച്ചോ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയോ അവരുടെ അറിവ് വര്‍ദ്ധിപ്പിക്കാനും ഈ സമയം ഉപയോഗിക്കാം. പുസ്തകങ്ങളിലെ പാഠങ്ങള്‍ വെച്ച് ചലഞ്ചുകള്‍ നല്‍കുകയോ ഗെയിമുകള്‍ ഉണ്ടാക്കുകയോ ചെയ്യാം. ഉദാഹരണത്തിന് അക്ഷരം പഠിച്ചുവരുന്ന കുട്ടിക്ക് കഥപുസ്തകങ്ങള്‍ നല്‍കി അവ വായിപ്പിക്കാം. കഥകളിലെ ഒരേ വാക്കുകള്‍ അടയാളപ്പെടുത്തുന്നതുപോലുള്ള എന്‍ഗേജ്മെന്‍റുകള്‍ നല്‍കാം. അങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെ ഈ സമയം ഉപയോഗിക്കാം. ജോലിയുടെ ആകുലതകള്‍ മാറ്റിവെച്ച് ഇടയ്ക്ക് കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നത് മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമാണ്. അവരോടൊപ്പം അവരെപ്പോലെ കളിക്കുന്നതിന്‍റെ സുഖം ഒന്നു വേറെത്തന്നെയാണ്. അവരുടെ കഴിവുകള്‍ കണ്ടെത്താനും അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാനും അവരെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഈ സമയം ഉപയോഗിച്ചവരുണ്ട്.

വല്ല്യുപ്പയും വല്ല്യുമ്മയും
പ്രായമായ ഉപ്പൂപ്പയും ഉമ്മൂമ്മയുമൊക്കെ എല്ലാവരെയും കൂടുതല്‍ നേരം കാണുന്നത് ഈ നേരത്താണ്. ഒറ്റക്ക് കളിക്കാനും ഒറ്റക്ക് ചിരിക്കാനും സമയം കണ്ടെത്തുന്നതിനു പകരം കുടുംബാംഗങ്ങള്‍ക്കിടയില്‍ അവരെയും ഇരുത്തി കഥകള്‍ പറഞ്ഞിരിക്കാം. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ അവര്‍ക്കറിയാം. അവരുടെ കുട്ടിക്കാലത്തെ ഒരുപാട് അനുഭവങ്ങള്‍. വസൂരിയും കോളറയും പടര്‍ന്നുപിടിച്ച കാലത്തെ സംഭവങ്ങള്‍. അങ്ങനെ പലതും ചോദിച്ചറിയാം. പൂന്തോട്ടത്തിലേക്കും പച്ചക്കറിത്തോട്ടത്തിലേക്കും അവരെയും കൊണ്ടുപോകാം. അതുപോലെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത് മനസ്സിന് ഭാരം കൂട്ടാനല്ലെന്നും വിവരങ്ങള്‍ അറിഞ്ഞ് ജാഗ്രത വര്‍ധിപ്പിക്കാനാണെന്നും മനസ്സിലാക്കുക. തമാശകള്‍ ആസ്വദിക്കാനും മനസ്സിന്‍റെ പിരിമുറുക്കം കുറക്കാനുമുള്ള അവസരങ്ങള്‍ സ്വയം സൃഷ്ടിക്കുക. കൊറോണക്ക് അധികം ആയുസ്സുണ്ടാകില്ലെന്നും കാരണം അതൊരു ചൈന മെയിഡ് വൈറസാണെന്നുമുള്ള തമാശ ലോകമാകെ ആസ്വദിച്ച ഒന്നാണ്. കൊറോണ അല്പം ഈഗോയുള്ള വൈറസാണെന്നും പുറത്തേക്ക് പോയി ക്ഷണിച്ചുകൊണ്ടുവന്നാലേ അത് ശരീരത്തിലേക്ക് പ്രവേശിക്കുകയുള്ളൂ എന്നതാണ് മറ്റൊന്ന്. ഭീതിയുടെ ഈ കാലത്തും ഇത്തരം തമാശകള്‍ മനുഷ്യര്‍ സൃഷ്ടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

ലോക്ക്ഡൗണ്‍ ചലഞ്ച്
ലോക്ക്ഡൗണ്‍ കാലത്ത് സ്വയം നവീകരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ചലഞ്ചുകള്‍ സ്വയം ഏറ്റെടുത്തവരുണ്ട്. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തവര്‍ക്ക് ഈ സമയം സാധ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് മെച്ചപ്പെടുത്താം. പ്രാര്‍ഥനക്കും പ്രകൃതിയെ നിരീക്ഷിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം. ഒറ്റക്ക് മനസ്സിനെ ഏകാഗ്രമാക്കിയുള്ള പ്രാര്‍ഥനക്ക് ഈ സമയത്ത് പ്രസക്തിയുണ്ട്. അതുപോലെ ഖുര്‍ആന്‍ ഓതി തീര്‍ക്കുന്നതു പോലെയുള്ള ചലഞ്ചുകള്‍ സ്വീകരിക്കാം. ഡയറ്റിങും വ്യായാമവും കൃത്യമാക്കി ശരീരം നന്നാക്കിയെടുക്കാം. അങ്ങനെ എന്തെല്ലാം സാധ്യതകള്‍.... പക്ഷേ, പലയിടത്തും പ്ലാനിങ് മാത്രമാണ് നടക്കുന്നത്. പിന്നെ ഉറക്കവും. ഈ സമയം കടന്നു പോയാലേ ഇതിന്‍റെ വില മനസ്സിലാകൂ എന്ന് അത്തരം ആളുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മുടെ ആരോഗ്യമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണ ശീലം ഉറപ്പുവരുത്താനും നമ്മുടെ ജീവിതശൈലി കൊണ്ട് ആശുപത്രിയില്‍ പോകേണ്ട ഗതികേട് ഒഴിവാക്കാനും ഇക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?
വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് നമ്മുടെ തൊഴില്‍/ ബിസിനസ്സ് സംബന്ധമായതും ഭാവി ജീവിതവുമായും ബന്ധപ്പെട്ട പ്ലാനിങ്. പ്രതിസന്ധിഘട്ടത്തെ പ്രതീക്ഷയോടെ തരണം ചെയ്യാനുള്ള പ്ലാനിങ് ആണ് ഇപ്പോള്‍ വേണ്ടത്. ഈ പ്രതിസന്ധിയെ അവസരമായി കണ്ട് പുതിയ തൊഴില്‍ മേഖലകള്‍ വികസിപ്പിക്കുന്നവരുണ്ട്. തൊഴില്‍ വിപണിയില്‍ വലിയ പ്രയാസമാണ് നമ്മെ കാത്തിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവന്നാലുള്ള അവസ്ഥ ഭീകരമായിരിക്കും. ഇതൊക്കെ മുന്‍കൂട്ടി കണ്ട് പ്ലാനിങ് നടത്താനുള്ള സമയമാണിത്. ഭാവി ഇരുള്‍ മൂടിയതല്ല. ഇതിനേക്കാള്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ലോകം ഈ കാണുന്ന അവസ്ഥയിലെത്തിയത്. അതീജിവനം സാധ്യമാണ്. മനസ്സുവെക്കണമെന്നു മാത്രം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top