വേനൽക്കാലത്ത് ഉപ്പ്, എരിവ്, പുളി എന്നിവ കൂടുതലുള്ള ആഹാരപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ചേർത്ത ചെറുനാരങ്ങാവെള്ളം തളർച്ചയ്ക്ക് താൽക്കാലിക ആശ്വാസമാകുമെങ്കിലും പിത്തവൃദ്ധിയെ ഉണ്ടാക്കും. എളുപ്പം ദഹിക്കാവുന്നതും എണ്ണമയമുള്ളതും തണുത്തതും ജലാംശം അധികമുള്ളതുമായ ആഹാര പാനീയങ്ങൾ ചൂടുകാലത്ത് ഉചിതമാണ്. പഴച്ചാറുകൾ, പഴങ്ങൾ എന്നിവ പ്രധാന ആഹാരത്തിനു മുമ്പായി കഴിക്കാം. ചെന്നെല്ലരിക്കഞ്ഞിയിൽ പശുവിൻ നെയ്യ് ചേർത്ത് കഴിക്കുന്നതും നന്ന്. ചെന്നെല്ലരിച്ചോറ്, പാൽ, നെയ്യ്, മുന്തിരിങ്ങ, നാളികേരവെള്ളം എന്നിവ കഴിക്കുന്നത് വേനൽക്കാലത്ത് ശരീരബലം കുറയാതെ നോക്കും.
വറുത്തവ, കൃത്രിമാഹാരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. വെണ്ണ കടഞ്ഞെടുത്ത മോര് ധാരാളം കഴിക്കാം.
ഉറങ്ങാൻ കിടക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും രാത്രിഭക്ഷണം കഴിക്കണം. ചെന്നെല്ലരിച്ചോറ്, കഞ്ഞി, ഗോതമ്പ് കഞ്ഞി, പലഹാരങ്ങൾ എന്നിവ കഴിക്കാം. ഗോതമ്പ് ചില ദേഹപ്രകൃതിക്കാർക്ക് ചൂട് കൂട്ടും എന്നതിനാൽ പാൽക്കഞ്ഞിയായി കഴിക്കുന്നതാണ് നല്ലത്.
രാമച്ചം, ചന്ദനം, ജീരകം, ചുക്ക്, മല്ലി, പതിമുകം, മുത്തങ്ങ തുടങ്ങിയവയിട്ട് തിളപ്പിച്ചാറ്റി യ വെള്ളം ഉപയോഗിക്കുന്നത് ശരീരോഷ്മാവ് നിയന്ത്രിക്കും.
മുന്തിരിങ്ങ, ചക്ക, കദളിപ്പഴം, തേങ്ങ ചിരകിയത് എന്നിവ കറുവപ്പട്ട, ഏലത്തരി, നാഗപ്പൂവ്, പച്ചില, മാതളനാരങ്ങ എന്നിവകളോട് ചേർത്ത് പുതിയ മൺപാത്രത്തിലാക്കി അടച്ചുവെച്ച് പുളിപ്പിച്ച് കുടിക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ടുള്ള ക്ഷീണാവസ്ഥയെ ഇത് കുറയ്ക്കും. സൂര്യാഘാതത്തെ ഒരു പരിധി വരെ തടയാനും ഇതുകൊണ്ടു കഴിയും. തൈരിൽ അല്ലെങ്കിൽ മോരിൽ പഞ്ചസാര, ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം എന്നിവ അടിച്ചുചേർത്തുണ്ടാക്കുന്ന ‘രസാളാ’ കുടിക്കുന്നതും ഉൻമേഷം നൽകും. ഇഞ്ചി, കറിവേപ്പില, പച്ചമുളക് ചേർത്തുണ്ടാക്കുന്ന ‘സംഭാരം’ ശരീരത്തിലെ കൊഴുപ്പിനെയും ദുർമേദസ്സിനെയും കുറയ്ക്കുവാൻ സഹായിക്കും. പഴച്ചാറുകൾ പാലും മധുരവും ചേർക്കാതെ ഉപയോഗിക്കാം.
മുന്തിരിങ്ങക്കഷായത്തിൽ മലര്, ഏലത്തരി, കറുവപ്പട്ട, പച്ചില, മല്ലി എന്നിവയുടെ പൊടി, ശർക്കര, പഞ്ചസാര, കൂവപ്പൊടി, തേൻ എന്നിവ ചേർത്തുവെച്ചുണ്ടാക്കുന്ന ‘രാഗം’ എന്ന പാനകം, വേനൽക്കാലത്തുണ്ടാകാവുന്ന വിളർച്ചയെ തടയും. ഇതിൽതന്നെ മാതളനാരങ്ങ കൂടി ചേർത്ത് ‘ഷാഡബം’ എന്ന പാനകവും നല്ലതാണ്.
രാത്രി കിടക്കാൻ നേരം തണുത്ത എരുമപ്പാലിൽ പഞ്ചസാര ചേർത്ത് കുടിക്കുകയാണെങ്കിൽ നല്ല ഉറക്കം കിട്ടും. കൂവ, ഉണങ്ങലരി തുടങ്ങിയവ പാലും പഞ്ചസാരയും ശർക്കരയും ചേർത്തുണ്ടാക്കുന്ന പായസം വേനൽക്കാലത്ത് കഴിക്കുന്നത് ഉചിതമാണ്. നാളികേരം ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന പായസമാണ് ഇതിൽ ഏറ്റവും നല്ലത്. .