LoginRegister

ഏക സിവില്‍കോഡ് ആര്‍ക്കുവേണ്ടി?

ആയിശ സി ടി

Feed Back


ഏക സിവില്‍ കോഡ് പൗരന്റെ മേല്‍ തൂങ്ങിയാടുന്ന ഒരു വാളു പോലെയാണെന്നു ചര്‍ച്ചകളില്‍ പറയുന്നതു കേള്‍ക്കുന്നു. കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അന്തിമ തീരുമാനമായിട്ടില്ല. അതിന്റെ കരട് ഇറങ്ങിയതുമില്ല. ഇപ്പോള്‍ ഇന്ത്യയിലെ പുതിയ നിയമ കമ്മീഷന്‍ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കിയിരിക്കുന്നു.
2018ല്‍ അന്നത്തെ ലോ കമ്മീഷന്‍ ഈ അവസരത്തില്‍ ഏക സിവില്‍ കോഡ് ഇന്ത്യക്ക് അഭികാമ്യമോ ആവശ്യമോ അല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളും സിവില്‍ നിയമങ്ങളില്‍ ഏറെയും എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം പോലുള്ള ചിലത് അവരവരുടെ മതവിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ചെയ്യാന്‍ വിട്ടുകൊടുത്തുകൊണ്ടാണ് വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചത്. അതിനു കാരണം ഇന്ത്യ ആഴത്തില്‍ മതാത്മകമായ രാജ്യമാണ് എന്നതു തന്നെയാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം വിജയകരമായി നടപ്പാക്കി. ബ്രിട്ടീഷ് ഭരണകാലത്ത് മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മേല്‍ അവര്‍ കൈവെച്ചപ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുപോലെ പ്രതിഷേധിച്ചതും പ്രതികരിച്ചതും നമുക്ക് കാണാം.
ഏക സിവില്‍ കോഡ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മുസ്ലിംകളാണ് അതിന്റെ ഇരകളാവുക എന്ന് ബോധപൂര്‍വമുള്ള പ്രചാരണങ്ങള്‍ കാണാം. യഥാര്‍ഥത്തില്‍ ഇപ്പറയുന്ന വ്യക്തിനിയമങ്ങള്‍/ മതനിയമങ്ങള്‍ വളരെ ആഴത്തിലുള്ള വിശ്വാസത്തോടെ പാലിക്കുന്ന മതവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. പക്ഷേ, എല്ലാം മുസ്ലിംകളെ ഉന്നം വെച്ചാണ് എന്ന് ഈ അവസരത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ വരാനിരിക്കുന്ന ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് മുസ്ലിം വിരോധമുള്ളവരെ സന്തോഷിപ്പിക്കാനും അതുവഴി വീണ്ടും വിജയം കൊയ്യാനും കഴിയുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിലുള്ളത്.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഇനി മുതല്‍ ഒരേ നിയമം വേണമെന്നത് അപൂര്‍വമായ ചില അവസരങ്ങളില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ട്. 1988ല്‍ ഷാബാനു കേസിലും 1995ല്‍ സരള കേസിലും ഏക സിവില്‍ നിയമം വേണമെന്ന് സുപ്രീം കോടതി പരാമര്‍ശം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ സംഘടനകളില്‍ നിന്നു ഇത്തരം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.
ഒരു സെക്കുലര്‍ രാഷ്ട്രീയത്തില്‍ ചില വ്യക്തിനിയമങ്ങള്‍ മതങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടുവരുന്നത് ശരിയല്ല എന്നും, അപ്പോള്‍ ഇന്ത്യ ശരിക്കുള്ള സെക്കുലര്‍ രാഷ്ട്രമാകുന്നില്ല എന്നും, പല മതങ്ങളിലും ജെന്‍ഡര്‍ ഈക്വാലിറ്റി പ്രശ്നങ്ങള്‍ ഉണ്ടെന്നതും ഏക സിവില്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടുന്നുണ്ട്.
എന്നാല്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഏതൊരു ഇന്ത്യന്‍ പൗരനും അവന്റെ മതമനുസരിച്ച് ജീവിക്കാനും അത് വിശ്വസിക്കാനും പരിശീലിക്കാനുമുള്ള അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഏക സിവില്‍ നിയമം വഴി സംഭവിക്കുകയെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു. തന്റെ വ്യക്തിനിയമം തന്റെ വിശ്വാസത്തിന് അനുസരിച്ച് ചിട്ടപ്പെടുത്തി സമാധാനപൂര്‍വം ജീവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ വ്യക്തിജീവിതത്തിനു മേല്‍ ഒരു തടയിടലാണ് യുയുസി. പൗരന്റെ സ്വസ്ഥജീവിതത്തിനു വിഘാതമായ നീക്കങ്ങള്‍ സംഭവിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ നാളിതുവരെ രാജ്യത്തിന് ഉണ്ടായിരുന്ന മാനുഷിക സുന്ദരമുഖം കരുവാളിക്കുക. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30 ഇന്ത്യയിലെ സാംസ്‌കാരിക-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം, ഭാഷ എന്നിവയ്‌ക്കെല്ലാം സംരക്ഷണം നല്‍കുന്നു. നാഗാലാന്റ്, മണിപ്പൂര്‍, മിസോറം ആര്‍ട്ടിക്കിള്‍ 371-എ, 371-സി, 371-ജി എന്നിവയിലൂടെ പ്രത്യേക സംരക്ഷണം നല്‍കിയതായി കാണാം.
വ്യത്യസ്ത മതക്കാരും സംസ്‌കാരങ്ങളും ഭാഷക്കാരും ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന ഇന്ത്യയുടെ സൗന്ദര്യത്തിനു മേല്‍ കത്തിവെക്കുന്ന പ്രവര്‍ത്തനങ്ങളാണ് തീവ്ര വര്‍ഗീയ ചിന്തകളിലൂടെ കടന്നുവരുന്നത്. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ കലാപങ്ങള്‍ അഴിച്ചുവിടുന്നതുവഴി ജനത ധ്രുവീകരിക്കപ്പെടും. അപ്പോള്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാം. അങ്ങനെ ശാശ്വതമായി രാജ്യഭരണം കൈപ്പിടിയില്‍ ഒതുക്കാം. അതെല്ലാം നാനാത്വത്തില്‍ ഏകത്വമെന്ന, നാളിതുവരെ നാം ഉദ്ഘോഷിച്ച മഹത്തായ മൂല്യത്തെ തുടച്ചുനീക്കുക വഴി സാധ്യമാകും.

യുസിസി പ്രത്യക്ഷത്തില്‍ മുസ്ലിംകളെയാണ് ബാധിക്കുകയെന്ന് കണക്കുകൂട്ടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആഴത്തിലുള്ള പഠനം നടത്തിയില്ല എന്നു വേണം മനസ്സിലാക്കാന്‍. തികച്ചും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന പല ജാതികളും ഇന്ത്യയിലുണ്ട്. എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും മേല്‍ വരാനിരിക്കുന്ന ഏക സിവില്‍ കോഡിനെ മുസ്ലിംകള്‍ക്കെതിരെ മാത്രമുള്ളതാണെന്നു നിരന്തരം വിളിച്ചുപറയുകയാണ്. മുസ്ലിംകളെ ഭയപ്പെടുത്തി കീഴ്പെടുത്താനും മനസ്സുകളില്‍ എപ്പോഴും ഭയവും അരക്ഷിതത്വവും സൃഷ്ടിക്കാനും, പിറന്ന നാട്ടില്‍ അന്യതാബോധം ഉണ്ടാക്കാനുമുള്ള ഈ ശ്രമങ്ങള്‍ വെറും പാഴ്ശ്രമങ്ങളായി പരിണമിക്കുക തന്നെ ചെയ്യും. പിറക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം തയ്യാറാക്കുന്ന പണിയാണിത്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് യുയുസി നടപ്പാക്കാനുള്ള കടമ്പകളും പ്രശ്നങ്ങളും ഏറെയാണ്. അത് നടപ്പാക്കുമ്പോള്‍ ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും മതത്തിന്റെ നിയമങ്ങള്‍ മാത്രം സംരക്ഷിച്ചുനിര്‍ത്തുകയാണെങ്കില്‍ അത് ഏക സിവില്‍ കോഡ് ആകില്ല.
യഥാര്‍ഥത്തില്‍ തന്റെ മതവും വിശ്വാസവും അനുസരിച്ച് ജീവിക്കുന്നതിലൂടെ ഒരാളും എവിടെയും അസമാധാനവും കുഴപ്പവും സൃഷ്ടിക്കുന്നില്ല. ഏതു മതവും ധാര്‍മികവും സത്യസന്ധവുമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നു. മതങ്ങളും മതനിയമങ്ങളും മനുഷ്യനെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നു. പ്രശ്നം മനുഷ്യര്‍ക്കിടയില്‍ കണ്ടുകൂടായ്മയുടെ വേലിക്കെട്ടുകള്‍ ഉയര്‍ത്തുന്നതിനുള്ള തികച്ചും പൈശാചികമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്നതാണ്. അതിനെ ഏതെങ്കിലും ചില മതങ്ങളോ വിശ്വാസികളോ അല്ല കാരണമാകുന്നത്. അക്രമികളെ മതം തിരിച്ചു കാണുന്നതിനു പകരം ഒറ്റപ്പെടുത്താന്‍ സാധിക്കണം. നന്മകളും സുകൃതങ്ങളും മതം വെച്ചു വേര്‍തിരിക്കാത്തതുപോലെ അക്രമികളെ മതം വെച്ചു വേര്‍തിരിക്കുന്നതിനു പകരം അര്‍ഹമായ ശിക്ഷ നല്‍കാനുള്ള നിയമങ്ങള്‍ ശക്തിപ്പെടണം. സുന്ദരവും വിശാലവും ഉദാത്തവുമായ രാജ്യവും പൗരന്മാരെയും സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ കുറഞ്ഞുപോവുകയും ഭിന്നിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങും വ്യാപിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ പ്രതിസന്ധി.
ഏക സിവില്‍ കോഡിനെതിരില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളല്ല, എല്ലാവരെയും സംഘടിപ്പിച്ചും എല്ലാവരുമായി കൂടിച്ചേര്‍ന്നുമാണ് പ്രതിഷേധിക്കേണ്ടത്. സ്വന്തം മതമനുസരിച്ച് ജീവിക്കുന്ന ഏത് മതവിശ്വാസികളുടെ മേലുമുള്ള കടന്നുകയറ്റമാണിതെന്ന് ഇപ്പോള്‍ തന്നെ മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും അതു ഗുണം ചെയ്യും.
ഏതു പ്രശ്നവും മറ്റുള്ളവര്‍ക്ക് ബാധിക്കുമ്പോള്‍ നാം കൈയും കെട്ടി നോക്കി നില്‍ക്കും. തന്റെ നേര്‍ക്ക് അത് എത്തുമ്പോഴാണ് അതിന്റെ നോവും വ്യാപ്തിയും മനസ്സിലാവുക. അക്രമത്തിനിരയാകുന്നത് സ്വന്തത്തില്‍ പെട്ടവരല്ലെന്ന് ആശ്വസിച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് നമുക്കും രക്ഷയില്ലെന്ന് കാണുമ്പോഴാണ് എല്ലാവരുടെയും പ്രതികരണശേഷിയും ആര്‍ജവവും നാം കാണുന്നത്. തന്റെ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ എടുത്തുകളഞ്ഞുകൊണ്ട് ഏക സിവില്‍ കോഡ് എന്ന ആശയം നടപ്പാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും ജനങ്ങളെ മനഃപൂര്‍വം തള്ളിവിടലാകും അത്. അത് രാജ്യത്തിനു പുരോഗതിയും സമാധാനവുമല്ല പ്രദാനം ചെയ്യുക. മറിച്ച്, ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രം അതിന്റെ വിശാലമായ സഹിഷ്ണുത എന്ന ഗുണത്തെ തേച്ചുമായ്ച്ചു കളഞ്ഞുകൊണ്ട് ഉപമകളില്ലാത്ത അധഃപതനത്തിലേക്കും അപമാനത്തിലേക്കുമാണ് എത്തുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top