തിരക്കിനിടയിലും
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍
ചാടിയെത്തുന്ന നിന്നെ
ഒരിക്കലും മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിട്ടില്ല!
കാലിന്റിടയിലൂടെ
ഊര്‍ന്നുവീഴുന്ന മീനിനെപോലെ
വഴുതിപ്പോയതല്ലാതെ…..
എന്തിനാണ് നീയെന്റെ
പിന്നാലെ വന്ന് വാലാട്ടുന്നത്?
ഈ നിശ്ശബ്ദതയിലെ
ചൂരറിയുന്നതെന്തിന്?
ഖലീല്‍ ജിബ്രാന്റെ വരികള്‍
ചിലപ്പോഴൊക്കെ
ഈ ചങ്കിനകത്തു കയറാറുണ്ട്
വേരാഴത്തിലൊഴുകുന്ന ഈ നെഞ്ചില്‍
ആര്‍ക്കും കവര്‍ന്നെടുക്കാനാകാത്ത
ഒരു സ്നേഹമെപ്പോഴുമതിലൊഴുക്കുന്നുണ്ട്.
എനിക്കൊരു ജീവിതമുണ്ടെന്നും
പൂര്‍ണമായി ഞാനതില്‍ തൃപ്തയാണെന്ന്
വിശ്വസിക്കുന്നുമുണ്ട്….
പിന്നെന്തിനാണ് ഈ പൊരിവെയിലത്ത്
നീയിരുന്ന് കിനാവ് കാണുന്നത്?
ഒരു ഭൂപടമായി ഞാനെന്റെ പ്രണയം
ചോരയില്‍ ചേര്‍ത്തതാണ്
അത്, ചുടുക്കാറ്റിലിട്ട് പാറ്റിക്കളയാനായി
ഞാനിതുവരെ ശ്രമിച്ചിട്ടില്ല!
എന്റെ തിരക്കും എന്റെ യാത്രയും
എന്റെ ജീവിതമാണ്.
ജീവിതം അതെന്റെ സ്വന്തമാണ്
ചില്ലുജാലകങ്ങള്‍ക്കപ്പുറം
കാണുന്ന മാമരങ്ങള്‍
പച്ചിലക്കാട്ടുകള്, തളിരിടും
ചെറുകാറ്റുകള്‍….
കുഞ്ഞിളം കിളികള്‍…..
ഇവരില്‍ ഒരാളാണ് ഞാന്‍
ഇവരൊക്കെയാണെന്റെ പ്രണയിനികള്‍…
യാത്രയാണെന്റെ പ്രണയം…