LoginRegister

സ്ത്രീകളും ചരിത്രത്തിന്റെ ഭാഗമാണ്‌

ഉര്‍വശി ബൂട്ടാലിയ/ ഫാത്തിമ ഫസീല

Feed Back


ഇന്ത്യ പാക് വിഭജനത്തിനു ശേഷമുള്ള അസ്വസ്ഥജനകമായ ഇന്ത്യയിലെ താമസം വെടിഞ്ഞ് നയതത്ര പ്രതിനിധിയായ ബകുലിനെ വിവാഹം ചെയ്ത് വിദേശ രാജ്യങ്ങളിലൂടെ ജീവിതം കഴിച്ചുകൂട്ടുന്ന താര. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ബാബ എന്ന സഹോദരനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ബീം. ഉര്‍ദു സാഹിത്യത്തില്‍ ആകൃഷ്ടനായി അടുത്ത വീട്ടിലെ താമസക്കാരനായ ഭൂവുടമ ഹൈദര്‍ അലിയോട് ചങ്ങാത്തം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്ത് ഹൈദരാബാദിലേക്ക് ജീവിതം പറിച്ചുനട്ട രാജ. നാലംഗങ്ങള്‍ അടങ്ങിയ സഹോദരീ സഹോദരന്മാരുടെ ജീവിതങ്ങളിലൂടെ സ്വതന്ത്രാനന്തര ഭാരതത്തിലെ അസ്വസ്ഥതകളും അസഹിഷ്ണുതയും വെല്ലുവിളികളും നിര്‍വികാരതയും സ്ത്രീശാക്തീകരണവും ശക്തമായി പകര്‍ത്തി വെച്ചിട്ടുണ്ട്, അനിത ദേശായിയുടെ ‘ക്ലിയര്‍ ലൈറ്റ് ഓഫ് ഡേ’ എന്ന നോവലില്‍.
സമാനമായ ജീവിത പരിസരങ്ങളിലുള്ള ഓര്‍മകളുമായി പത്മശ്രീ ഉര്‍വഷി ബൂട്ടാലിയ മനസ്സു തുറന്നപ്പോള്‍ കുറച്ചു കൂടി ഭയാനകമാം വിധത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചിത്രമാണ് തെളിഞ്ഞുവന്നത്.
വിഭജനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട അഭയാര്‍ഥി കുടുംബങ്ങളിലൊന്നില്‍ പിറന്ന ബൂട്ടാലിയ ‘അദര്‍ സൈഡ് ഓഫ് സൈലന്‍സ്’ എന്ന വിഖ്യാത പുസ്തകത്തിലൂടെ തുറന്ന് കാട്ടിയത് അഭയാര്‍ഥികളുടെ ജീവിതത്തിലെ അന്നേവരെ ലോകം അറിഞ്ഞിട്ടില്ലാത്ത പൊള്ളുന്ന ജീവിതാനുഭവങ്ങളെയാണ്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ്സിലും ഇസെഡ് ബുക്കിലും പ്രവര്‍ത്തനിച്ച ഭൂട്ടാലിയയാണ് ഇന്ത്യയിലെ ആദ്യ വനിതാ പ്രസ്സായ കാളി ആരംഭിച്ചത്. പിന്നീടത് സുബാന്‍ പ്രസ്സ് ആക്കി മാറ്റുകയും അതിന്റെ ലേബലില്‍ ഒട്ടേറെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. ‘യുവത ബുക്ക്ഹൗസ്’ പ്രസിദ്ദീകരിച്ച ‘1921 മലബാര്‍ സമരം: ആറാം വാള്യം’ പ്രകാശന വേളയില്‍ വിവിധ കലാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചരിത്ര വിദ്യാര്‍ഥികളോട് സംവദിക്കാനാണ് ഫാറൂഖ് കോളജില്‍ എത്തിയിരുന്നത്.
‘പുടവ’ക്ക് വേണ്ടി ഭൂട്ടാലിയയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍.
വിഭജനത്തിന്റെ തീരാമുറിവുകള്‍
ലാഹോറിലെ ജന്മ ഗൃഹം ഉപേക്ഷിച്ച് നാട് വിട്ടുവന്നതായിരുന്നു എന്റെ അമ്മയും സഹോദരങ്ങളും. എന്നാല്‍ അമ്മാവനും അമ്മയുടെ അമ്മയും ഇസ്‌ലാം മതം സ്വീകരിച്ച് ലാഹോറില്‍ തന്നെ തുടര്‍ന്നു. അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ അറ്റുപോകുന്നതിലുള്ള തീരാവേദനകളുടെ കഥകള്‍ കേട്ടു വളര്‍ന്ന കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാല്‍ ഈ മുത്തശ്ശിക്കഥകളെയൊന്നും കാര്യമായെടുത്തിരുന്നില്ല. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സിക്കുവേട്ടയില്‍ ആളുകള്‍ അനുഭവിച്ച മാനസിക പീഡകള്‍ നേരില്‍ കണ്ടതിനു ശേഷമാണ് എന്റെ കുടുംബത്തെ പോലെ വിഭജനത്തിന്റെ അസ്വസ്ഥതകള്‍ പേറി ജീവിക്കുന്ന എണ്ണമറ്റ കുടുംബങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങിയത്. കാപട്യം, ഭയം, സംശയം തുടങ്ങിയ ഭീതിതമായ വികാരങ്ങളാല്‍ ചുറ്റപ്പെട്ടതിനാല്‍ അന്യോന്യം സുഹൃത്തുക്കളായി നടക്കുന്ന വിഭിന്ന മതങ്ങളിലുള്ളവര്‍ പോലും ആയുധങ്ങള്‍ ഒരുക്കി വെച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്വാതന്ത്ര്യമെന്ന വെളിച്ചത്തിന്റെ ഒരു ഇരുണ്ട വശമാണ് വിഭജനം.
അദര്‍ സൈഡ് ഓഫ് സൈലന്‍സ്
ഏതൊരു നിശ്ശബ്ദതയ്ക്കും പിറകില്‍ ഒന്നൊച്ച വെക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള വേദനകളും അശാന്തതയും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. വിഭജനത്തിന്റെ ഭാഗമായി പെട്ടെന്നൊരു ദിവസം ആളുകള്‍ക്ക് തങ്ങളുടെ എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടി വന്നു. അവര്‍ അഭയാര്‍ഥികളായി മാറിയപ്പോള്‍ അനുഭവിക്കേണ്ടി വന്ന അസ്വസ്ഥതകളും സ്വത്വ പ്രതിസന്ധിയുമാണ് ഈ പുസതകത്തില്‍. പല നാടുകളില്‍ അലഞ്ഞ് എഴുപതില്‍ പരം ആളുകളില്‍ നിന്ന് വാമൊഴിയായി കേട്ട ജീവിത കഥകള്‍ പകര്‍ത്തിയെഴുതിയാണ് ഈ കൃതി സാധ്യമായത്ത്. ഈ കഥകളൊക്കെ അത്രയും കാലം നിശ്ശബ്ദതയില്‍ ആണ്ടു കിടക്കുകയായിരുന്നു.

മാറ്റിയെഴുതപ്പെടുന്ന ചരിത്രം
ചരിത്രം ആര്‍ക്കോ വേണ്ടി സൃഷ്ടിച്ചെടുക്കുന്നത് പോലെയാണ്. പലതും മനപൂര്‍വം മായ്ച്ചു കളയും. എനിക്ക് തന്നെ ഞങ്ങളുടെ പഴയ തലമുറ അനുഭവിച്ച വിഭജന കഥകളൊക്കെ ഒരു കെട്ടുകഥകള്‍ പോലെയാണ് തോന്നിയിരുന്നത്. എനിക്ക് ചരിത്രം എന്ന് പറഞ്ഞാല്‍ നെഹ്‌റുവും ജിന്നയും പട്ടേലുമൊക്കെയായിരുന്നു. അത് മാത്രമാണ് പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്നത്. കലാപ കാലങ്ങളില്‍ അഭയ കേന്ദ്രങ്ങളായ പല ഇടങ്ങളേയും ചരിത്രം മനപൂര്‍വം വിസ്മരിച്ചതായി കാണാം.
ഇന്ത്യ പാക് ബന്ധം
എന്തിനാണ് രണ്ട് രാജ്യങ്ങളിലും സഞ്ചരിക്കാനുള്ള കടമ്പകള്‍ ഇത്ര കഠിനമാക്കുന്നത്? വേരുകളറ്റു പോയ കുറേ കുടുംബങ്ങള്‍ രണ്ട് രാജ്യത്തുമുണ്ട്. ആ ആളുകള്‍ എങ്ങനെയാണ് ശത്രുക്കളാകുന്നത്. വിഭജന സമയത്ത് എന്റെ അമ്മാവന്‍ പാകിസ്താനാണ് തെരഞ്ഞടുത്തത്. അമ്മയുടെ അമ്മ അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഇസ്‌ലാം മതം സ്വീകരിച്ച് അവിടെ കല്യാണം കഴിച്ച് കുടുംബമായി പാകിസ്താനില്‍ കഴിയുമ്പോഴും അമ്മാവന്റെയുള്ളില്‍ ഇന്ത്യ എന്ന വികാരവും ഇവിടത്തെ സംസ്‌കാരവും ചരിത്രവും ഒരു തീവ്രമായ അഭിവാഞ്ഛയായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ആരാണ് അപ്പോള്‍ ശത്രുക്കള്‍.
ചരിത്രമെഴുത്തിനെക്കുറിച്ച് നമുക്ക് ഇതിനോട് കൂട്ടി വായിക്കാന്‍ കഴിയും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചെറിയ ദൂരവ്യത്യാസം മാത്രമേ ഉള്ളൂവെങ്കിലും അമ്മമ്മ മരിച്ചത് എന്റെ അമ്മ അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഒരിക്കല്‍ അമ്മാവനെ കാണാന്‍ നേരിട്ട് പാകിസ്താനിലേക്ക് പോയിരുന്നു. വളരെ സ്‌നേഹത്തില്‍ സ്വന്തം മോളെപ്പോലെയാണ് അമ്മാവനും അദ്ദേഹത്തിന്റെ പാക് കുടുംബവും എന്നെ വരവേറ്റത്. പാകിസ്താനില്‍ എനിക്ക് നല്ല അനുഭവം മാത്രമായിരുന്നു.
പ്രസാധക സംരംഭം
പ്രസാധക എന്ന നിലയില്‍ ഒരു സ്ത്രീ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ആദ്യകാലങ്ങളില്‍ ഒരു പ്രസാധക കമ്പനിയില്‍ ജോലി തേടിയപ്പോഴുള്ള അനുഭവമാണ് സ്ത്രീകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പ്രസ്തുത സ്ഥാപനത്തിലെ ആളുകള്‍ വളരെ നല്ല പെരുമാറ്റമുള്ളവരായിരുന്നിട്ടുപോലും സ്ത്രീ ജോലിക്കാര്‍ക്ക് വ്യത്യസ്തമായ അഭിരുചികളുണ്ടെന്ന് തിരിച്ചറിയാത്തവരായിരുന്നു. പല പ്രസിദ്ധീകരണശാലകളും അക്കാലത്ത് സ്ത്രീകളെ ജോലിയില്‍ തെരഞ്ഞെടുക്കാതിരുന്നത് അവര്‍ കല്ല്യാണം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുമ്പോള്‍ ജോലിയില്‍ ശ്രദ്ധകുറയും എന്ന കാരണത്താലാണ്. എനിക്ക് സ്ത്രീ എന്നതില്‍ കുറ്റ ബോധമൊക്കെ തോന്നിപ്പോയി. സ്ത്രീ സൗഹൃദ പ്രസിദ്ധീകരണ ശാല തുടങ്ങാനുള്ള ഒരു കാരണം ഇതാണ്. മാത്രവുമല്ല സത്രീകള്‍ വിവേചനം അനുഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ പോലും അക്കാലത്ത് സ്ത്രീകള്‍ക്കായിരുന്നില്ല.
ചരിത്രത്തില്‍ സ്ത്രീകളുടെ ശക്തമായ പ്രതിനിധാനങ്ങള്‍ എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. സത്രീധനത്തിന്റെ ചരിത്രത്തെക്കുറിച്ചൊക്കെ ഞാന്‍ പഠനങ്ങള്‍ നടത്തിയിരിന്നു. പക്ഷെ സ്ത്രീത്വ രചനകളും പുസ്തകങ്ങളും വിരളമായിരുന്നു. അത്തരം അവസ്ഥയിലാണ് സ്ത്രീകളുടെ രചനതള്‍ മാത്രം പ്രസിദ്ധീകരിക്കാനായി ‘കാളി’ തുടങ്ങിയത്. ഇപ്പോള്‍ അത് ‘സുബാന്‍’ ആണ്. എന്റെ സ്ഥാപനത്തിലെ ആളുകള്‍ക്ക് കുട്ടികളുടെ കാര്യങ്ങളില്‍ സമയം ചെലവഴിക്കാനും വീടുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ വ്യാപൃതരാകാനുമൊക്കെയായി ഒരു ഫ്‌ലക്‌സിബ്ള്‍ ടൈം എന്ന ഓപ്ഷന്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്.

മലബാര്‍ സമരം
പുസ്തക പരമ്പര

‘യുവത’യുടെ ‘മലബാര്‍ സമരം’ പുസ്തക പരമ്പര വാമൊഴിയായി ശേഖരിക്കപ്പെട്ട ‘അദര്‍ സൈഡ് ഓഫ് സയലന്‍സ്’ എന്ന എന്റെ പുസ്തകം ഓര്‍മപ്പെടുത്തുന്നു. പലപ്പോഴും വരമൊഴിയായി രേഖപ്പെടുത്താത്ത ചരിത്രങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കുക എന്നത് മഹത്തായ ഉദ്യമം തന്നെയാണ്. ഏത് കലാപത്തിലും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളായിരിക്കും. എന്നാല്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെക്കുന്നവരെപ്പോലും വിസ്മരിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്. 1921 ലെ മലബാര്‍ കലാപത്തെ മലബാര്‍ സമരം എന്ന് തന്നെ വിളിക്കണം. അതുകൊണ്ട് തന്നെ ഈ പുസ്തകം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാലഹരണപ്പെട്ടു പോകുന്ന സത്യങ്ങളെ തിരിച്ചു പിടിക്കാനുള്ള യുവതയുടെ ഉദ്യമത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top