LoginRegister

സോഷ്യല്‍വര്‍ക്ക് പഠനവും അവസരങ്ങളും

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


സോഷ്യല്‍വര്‍ക്ക് മേഖലയിലെ സാധ്യതകളും പഠനാവസരങ്ങളും വിശദീകരിക്കാമോ?
ഫാത്തിമ പയ്യന്നൂര്‍
സാമൂഹിക സേവനരംഗത്ത് തല്‍പരരായ വ്യക്തികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ശ്രദ്ധേയമായ കരിയര്‍ മേഖലയാണ് സോഷ്യല്‍വര്‍ക്ക്. വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെയും സമൂഹത്തെയും ശാസ്ത്രീയമായ രീതിയില്‍ സഹായിക്കുന്ന പ്രൊഫഷണലുകളാണ് സോഷ്യല്‍ വര്‍ക്കര്‍മാര്‍.
തൊഴിലില്ലായ്മ, ദാരിദ്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷിതത്വം, ശിശു-വനിതാ ക്ഷേമം, പുനരധിവാസം തുടങ്ങി നിരവധി മേഖലകളില്‍ ഇടപെടാനുള്ള അവസരമുണ്ടാകും. അനുകമ്പ, ക്ഷമ, ആശയവിനിമയശേഷി, സഹായ സന്നദ്ധത, പ്രശ്‌നപരിഹാര ശേഷി, അര്‍പ്പണബോധം, അപഗ്രഥനപാടവം തുടങ്ങിയ ഗുണവിശേഷങ്ങളുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയാണിത്. മെഡിക്കല്‍ ആന്റ് സൈക്യാട്രി, ഫാമിലി ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി, റീഹാബിലിറ്റേഷന്‍, കമ്മ്യൂണിറ്റി ആന്റ് പബ്ലിക് ഹെല്‍ത്ത്, ലീഗല്‍ വര്‍ക്ക്, ക്രിമിനോളജി ആന്റ് ജസ്റ്റിസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റൂറല്‍ ഡെവലപ്‌മെന്റ്, ലൈവ്‌ലിഹുഡ്‌സ് ആന്റ് സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ആന്റ് ലേബര്‍ വെല്‍ഫെയര്‍, വൊക്കേഷണല്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകള്‍ ഈ മേഖലയിലുണ്ട്.
പഠനാവസരങ്ങള്‍
ബിരുദ-ബിരുദാനന്തര മേഖലകളില്‍ നിരവധി പഠനാവസരങ്ങളുണ്ട്. ബിരുദതലത്തില്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ബിഎസ്ഡബ്ല്യൂ), ബിരുദാനന്തര തലത്തില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (എംഎസ്ഡബ്ല്യൂ), എം എ സോഷ്യല്‍വര്‍ക്ക് എന്നീ പ്രോഗ്രാമുകളുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു മതി. ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലുമൊരു ബിരുദവും. മികച്ച കരിയറുകളിലെത്താന്‍ ബിരുദാനന്തര ബിരുദ യോഗ്യത നേടണം. തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഗവേഷണ അവസരങ്ങളുമുണ്ട്.
പ്രധാന സ്ഥാപനങ്ങള്‍
പഠനത്തിനായി മികവുറ്റ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, പ്ലേസ്‌മെന്റ് തുടങ്ങിയ അവസരങ്ങളുണ്ടാകും.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്സ്) മുംബൈ-ഗുവാഹത്തി കാമ്പസുകള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, മുംബൈ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, നിര്‍മല നികേതന്‍ മുംബൈ, സ്റ്റെല്ലാ മേരീസ് ചെന്നൈ, എം എസ് യൂനിവേഴ്‌സിറ്റി ബറോഡ, കേരള, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു, ബിഹാര്‍, തേജ്പൂര്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയില്‍ വിവിധ പ്രോഗ്രാമുകളുണ്ട്. എം എസ് യൂനിവേഴ്‌സിറ്റി ബറോഡയിലും കൊല്ലം അമൃത വിശ്വപീഠത്തിലും അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുണ്ട്.
പഠനം കേരളത്തില്‍
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് കളമശ്ശേരി, മരിയന്‍ കോളജ് കുട്ടിക്കാനം, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാലടി, കാലിക്കറ്റ് സര്‍വകലാശാല (വയനാട് യൂണിവേഴ്‌സിറ്റി സെന്റര്‍, ചില അഫിലിയേറ്റഡ് കോളജുകള്‍), ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, സെന്റ് ജോസഫ് കോളജ് കോഴിക്കോട്, വിമല കോളജ് തൃശൂര്‍, ലിസ കോളജ് കോഴിക്കോട്, ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ ലഭ്യമാണ്.
തൊഴിലവസരങ്ങള്‍
സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക സംഘടനകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയില്‍ ജോലി സാധ്യതകളുണ്ട്. വെല്‍ഫെയര്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സലര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, ചാരിറ്റി ഓഫീസര്‍, സോഷ്യല്‍ പോളിസി അനലിസ്റ്റ്, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഓഫീസര്‍, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ട്രെയിനര്‍ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളിലും ജോലിസാധ്യതകളുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top