”ഒരു രാത്രി മുരണ്ടുകൊണ്ടു എന്നെ ചുംബിക്കാനെത്തിയ അയാളെ തടഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു.
‘നിങ്ങള്‍ എന്നെ ചതിച്ചു അല്ലേ?’
തീപൊള്ളലേറ്റന്നോണം അയാള്‍ എന്റെ ശരീരത്തെ വിട്ടു. കുറച്ചു നേരം യാതൊരു അനക്കവും കേട്ടില്ല. എന്നെ ചേര്‍ത്തുപിടിച്ചു കുറ്റബോധത്തോടെ അയാള്‍ കരയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.
‘എന്നോട് പൊറുക്ക്. ഒറ്റതവണത്തേക്കു മാപ്പു താ..’ എന്ന് പറയുന്നത് കേള്‍ക്കാന്‍ എന്റെ കാതും മനസ്സും ഒന്നായി.
നീണ്ട നിശ്ശബ്ദതയ്‌ക്കൊടുവില്‍ അയാള്‍ പറഞ്ഞു.
‘ഞാന്‍ നിന്നെ ചതിച്ചിട്ടില്ല..’
മതി, ഇനി ഒരു വാക്കു പോലും അയാളില്‍ നിന്ന് പുറത്തേക്കു വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ അവസാനത്തെ ആശ്രയമായിരുന്നു ആ ചോദ്യം . അതിനുള്ള അയാളുടെ ഏറ്റുപറച്ചിലോടെയുള്ള ഉത്തരം.
ഒരോ ദിവസവും അയാള്‍ കയറി വരുമ്പോള്‍ ഞാന്‍ ഓര്‍ത്തു. വരും, ഇപ്പോള്‍ പറയും.
‘ഞാനെങ്ങനെ നിന്നോട് പറയും? പറ്റിപ്പോയി. അറിയാതെ സംഭവിച്ചു പോയി.എനിക്ക് മാപ്പു തരാനാവുമോ നിനക്ക് ?’
‘ഇത് അറിയാതെ അല്ലല്ലോ. അങ്ങനെയാണെങ്കില്‍ ഒരു തവണ, ഒറ്റ അബദ്ധം, കുറ്റബോധം കൊണ്ട് സ്വയം പുകഞ്ഞു ഇല്ലാതാവുന്ന ഒന്ന്. നിങ്ങള്‍ അത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.’
അപ്പോള്‍ അയാള്‍ വിളറും. വിറയലോടെ പിന്നെയും എന്റെ അരികിലേക്ക് വരും. കാല്‍ച്ചുവട്ടില്‍ ഇരിക്കും. എന്റെ മടിയില്‍ തല വെക്കാന്‍ ശ്രമിക്കും. ഞാന്‍ തട്ടിമാറ്റുമോ എന്ന ഭയപ്പാടോടെ.
എനിക്ക് കരച്ചില്‍ വന്നു. ഇത്രമാത്രം ഞാന്‍ എന്തിനാണ് ചിന്തിച്ചു കൂട്ടുന്നത്? എന്തിനു നടക്കാത്ത കാര്യമോര്‍ത്തു സ്വയം ശിക്ഷിക്കുന്നു? അയാള്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ഥമായും ഞാന്‍ ആഗ്രഹിച്ചു .”
എന്റെ, ‘വിശുദ്ധ സഖിമാര്‍’ എന്ന നോവലിലെ മുകളില്‍ കൊടുത്ത വരികള്‍ ഒരു പേപ്പറില്‍ എഴുതികൊണ്ടു വന്നു എന്റെ കയ്യില്‍ തരികയാണ് സുന്ദരിയായ ആ സ്ത്രീ ചെയ്തത്. കൗണ്‍സിലിങിനു ക്ലിനിക്കില്‍ എത്തിയതായിരുന്നു അവര്‍. എനിക്ക് അത് വിചിത്രമായി തോന്നി. ആദ്യായിട്ടാണ് ക്ലിനിക്കില്‍ ഇങ്ങനെ ഒരു അനുഭവം !
”മാം, ഈ നോവല്‍ എഴുതിയ ആളല്ലേ? ഈ വരികള്‍ എന്റെ മനസ് ആണ്. ഞാന്‍ ഇതിനു മുന്‍പ് ഒരു കൗണ്‍സലിങിനും പോയിട്ടില്ല. എന്ത് പറഞ്ഞു തുടങ്ങണം എന്നറിയില്ലായിരുന്നു…”
എന്റെ കണ്മുമ്പിലൂടെ കടന്നു പോയ എത്രയോ സ്ത്രീ അനുഭവങ്ങളുടെ നേര്‍ചിത്രമായിരുന്നു എന്റെ മുമ്പില്‍.
ജീവനെപ്പോലെ കാണുന്ന സ്വന്തം ഭര്‍ത്താവ്, മറ്റൊരു സ്ത്രീയോടോ സ്ത്രീകളോടോ മനസ്സുകൊണ്ടും ശരീരം കൊണ്ടും അടുക്കുകയും അത് കണ്‍മുമ്പില്‍ തെളിവ് സഹിതം കിട്ടിയാലും ഭര്‍ത്താവ് പറയുന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ കേട്ടു, പൂര്‍ണ മനസ്സോടെ സ്‌നേഹത്തിന്റെ പേരില്‍, മക്കളുടെ, സ്വ മാതാപിതാക്കളുടെ പേരില്‍ എല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന, ഭാര്യമാരോട് അല്പം കൂടി കരുണയാവാം എന്ന് തോന്നുന്നു.
അവര് പ്രതികരിക്കാത്തത് അവരുടെ കഴിവ് കേടല്ല. മറിച്ചു അത്തരം പൊട്ടിത്തെറികള്‍ കൂടി വീട്ടില്‍ അസ്വാരസ്യം ഉണ്ടാക്കരുത് എന്ന് കരുതിയിട്ടാണ്.
തെറ്റ് ചെയ്താല്‍ അത് ഒളിപ്പിച്ചു വെച്ചു ജീവിതം മുന്നോട്ടു പഴയതു പോലെ കൊണ്ടുപോവാനാണ് പുരുഷന്മാര്‍ ബഹു ഭൂരിഭാഗവും ശ്രമിക്കുക. കണ്ടു പിടിച്ചാല്‍ പറയേണ്ട മറുപടികള്‍ കൂടി ചിലര്‍ നേരത്തെ മനസില്‍ തയാറാക്കി വെച്ചു കാണും.
”ഇനി ആവര്‍ത്തിക്കില്ല , പറ്റിപ്പോയി” എന്ന് നിങ്ങള്‍ക്ക് മനസ്സില്‍ തൊട്ടു പറയാന്‍ സാധിച്ചാല്‍ തന്നെ, അതിനുള്ളിലെ സത്യസന്ധത അവള്‍ക്കു മനസ്സിലാവും.
അബദ്ധവശാല്‍ ഒരു തെറ്റ് പറ്റിയാല്‍ പൊറുക്കാം. മനുഷ്യരല്ലേ . എന്നാല്‍ അത് രണ്ടാമത് ആവര്‍ത്തിച്ചാല്‍ ഒരു അബദ്ധം കൂടിയൊക്കെ പറ്റാം എന്ന് കൂടി കരുതാം, ക്ഷമിക്കാം. മൂന്നാമതും ആവര്‍ത്തിച്ചാല്‍ അത് പിന്നീട് ക്രിമിനല്‍ കുറ്റമാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കൊല്ലുകയാണ്.
വ്യക്തമായ അറിവോടെ, തെളിവോടെ, എത്രയോ വര്‍ഷങ്ങള്‍ ഭര്‍ത്താവിനാല്‍ ചതിക്കപ്പെടുന്നു എന്ന് പറഞ്ഞു നെഞ്ച് പൊട്ടി കരയുന്ന സ്ത്രീകള്‍ നല്കുന്ന നോവും നിസ്സഹായതയും ചെറുതല്ല.
ഈയടുത്ത കാലത്ത് സമാനമായ ഞെരിപ്പോടില്‍ എരിയുന്ന കുറേയേറെപ്പേര്‍ മുമ്പില്‍ എത്തി. വിവാഹം കഴിഞ്ഞു പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വന്തം പങ്കാളി കണ്ണടച്ച് പാല് കുടിക്കുന്ന കഥ പറഞ്ഞ്.
ഈ വര്‍ഷങ്ങളെല്ലാം മറ്റൊരാളോട് അത് ഒന്ന് പങ്കുവെക്കാന്‍ പോലും അവര്‍ ശ്രമിച്ചില്ല. അതിന്റെ കാരണം, കുട്ടികള്‍, ഭര്‍ത്താവിന് കുടുംബത്തിലും സമൂഹത്തിലും ഉള്ള അഭിമാനം തകരുമല്ലോ എന്ന ആധി…
സ്വയം എരിയുമ്പോഴും അത് തന്റെ പങ്കാളിക്ക് വെളിച്ചമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍! വിദ്യാസമ്പന്നകള്‍, സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍.
പങ്കാളി സുന്ദരമായി പറ്റിക്കുകയാണെന്നറിയുമ്പോഴും എല്ലാം ഇട്ടെറിഞ്ഞു രക്ഷപ്പെടാന്‍ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്യാന്‍ മുതിരുന്നില്ല എന്ന എന്റെ ചോദ്യത്തിന് പറഞ്ഞ മറുപടി, എന്റെ കണ്ണുകളെ എന്നത്തേയും പോലെ ഈറനണിയിച്ചു.
”സ്‌നേഹം കൊണ്ടാണ് മാം, ഉപേക്ഷിച്ചു പോകാന്‍ ആവുന്നില്ല. ഒരു ഡിവോഴ്‌സിനെക്കുറിച്ചു ആലോചിക്കാന്‍ പോലും വയ്യ.”
സ്‌നേഹം സഹനം മാത്രമാണെന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും ധരിച്ചു വെച്ചിരിക്കുകയാണല്ലോ എന്നോര്‍ത്തു. ഒരു ദാമ്പത്യത്തില്‍ നമ്മള്‍ നിക്ഷേപിക്കുന്നത് പണമല്ല, സ്വന്തം മനസും ജീവനും ജീവിതവും ആണെന്ന് തിരിച്ചറിയേണ്ട കാലം ഇപ്പോഴും വിദൂരത്തിലാണോ? എല്ലാം ഉള്ളിലൊതുക്കുന്ന സ്ത്രീയോ പുരുഷനോ ദാമ്പത്യത്തില്‍ ജീവിക്കുകയല്ല; ദിനേന ആത്മഹത്യ ചെയ്യുകയാണ്.
എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും അഗ്‌നിപര്‍വതം ഒരിക്കല്‍ പൊട്ടിത്തെറിച്ചു ഉരുകിയൊലിക്കും. അതില്‍ നിന്ന് കുതിച്ചൊഴുകുന്ന ലാവ ഒരു പുരുഷനെ ജീവനോടെ മിന്നല്‍പിണര്‍ ആക്കി മാറ്റും.
നിങ്ങളുടെ പങ്കാളി, നിങ്ങള്‍ ചെയ്യുന്ന ഒരോ വീര സാഹസിക കാര്യങ്ങളും വിവാഹേതര റൊമാന്‍സും അറിയുക തന്നെ ചെയ്യും. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അത് മനസ്സിലാക്കാനുള്ള ഒരു ഉള്‍വിളി അവരില്‍ ഉണ്ട്.
തെളിവോടെ കണ്ടുപിടിക്കപ്പെടുമ്പോഴെങ്കിലും ഏറ്റു പറയാനുള്ള സത്യസന്ധത കാണിക്കുക. എന്നോട് പൊറുക്കു, ഇനി ഞാന്‍ ആവര്‍ത്തിക്കില്ല എന്ന് ചങ്കില്‍ തട്ടി പറയുന്നത് കേള്‍ക്കാന്‍ അവള്‍ കൊതിക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഇന്നത്തെ സമൂഹത്തില്‍ വിവാഹമോചനം ഏറ്റവും കൂടുതല്‍ തകര്‍ക്കുന്നത് പുരുഷനെയാണ്. അവന്‍ കെട്ടിപ്പൊക്കിയ പൊള്ളയായ അഭിമാനക്കോട്ടയാണ് ആദ്യം തകര്‍ന്നു വീഴുന്നത്.
സഹിച്ചു സഹിച്ചു , സഹനത്തിനൊടുവില്‍ സ്ത്രീ അവസാനം ആ കോട്ടയില്‍ നിന്ന് നടന്നകലും. ആത്മാഭിമാനം ഇല്ലാതാവുന്നത് മരണത്തിനു തുല്യമായി അവള്‍ കാണും.
അത്തരം സന്ദര്‍ഭങ്ങളില്‍ കരഞ്ഞു മാപ്പു പറയുകയും വിട്ടുപോവല്ലേ എന്ന് കെഞ്ചുകയും തകര്‍ന്നു തരിപ്പണമാവുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരേയും കണ്ടിട്ടുണ്ട്. സത്യത്തില്‍ എല്ലാ സഹനവും ഫുള്‍ സ്റ്റോപ്പ് ഇട്ടു കഴിഞ്ഞു പാറപോലെ ഉറച്ചവളെ ഇളക്കാന്‍ അതിനൊന്നും കഴിയാറില്ല എന്ന വസ്തുതകൂടി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.
ജീവിതത്തിനു മാത്രം റീ-ടേക്ക് ഇല്ല.