ആ വാര്‍ത്ത കേട്ട് ഫലസ്തീനില്‍ നിന്നുള്ള അഹമ്മദ് ഹമൗദ തരിച്ചിരിക്കുകയാണ്. തന്റെ ഉപ്പയും ഉമ്മയും സഹോദരിയും ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചിരിക്കുന്നു. ഗസ്സയിലെ ഇടത്തരം കുടുംബത്തിലെ അംഗമായ അഹമ്മദ് എം ബി ബി എസ് പഠനത്തിനായി അയല്‍ രാജ്യമായ കിര്ഗസ്ഥാനിലായിരുന്നു. ഓഷ് സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അവന് തന്റെ കുടുംബമായിരുന്നു എല്ലാം. പഠനം കഴിഞ്ഞ് നാടിനെ സേവിക്കാന്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഉറ്റവരാണ് ഇസ്രായേലിന്റെ കിരാത ആക്രമണത്തില്‍ മണ്മറഞ്ഞത്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വേര്‍പാട്. ജീവിതത്തില്‍ പുഞ്ചിരി മാറുമ്പോഴും അവന് പറയുന്നുണ്ടായിരുന്നു. അതായിരിക്കും ദൈവഹിതം എന്ന്. കാരണം അവനും കുടുംബവും അത്രക്കും അരക്ഷിതരായാണ് ഗസ്സയില്‍ താമസിച്ചിരുന്നത്.
ബാര്‍ബര്‍ ഷാപ്പില് ബന്ധുവിനെ സഹായിക്കാനാണ് ബാലനായ മഹ്മൂദ് തെരുവിലേക്കിറങ്ങിയത്. കടയുടെ പ്രവേശന കവാടത്തിനുമുന്നിലെ പടിയില്‍ നില്‍ക്കുമ്പോഴാണ് ഇസ്രാഈലിന്റെ വ്യോമാക്രമണം ഉണ്ടായത്. ബോംബിന്റെ കഷ്ണങ്ങള്‍ കഴുത്തിലും തലയിലും പതിച്ച് ബോധം കെട്ട് വീണ അവന് മരിച്ചു. ഇതുപറയുമ്പോള്‍ ഗസ്സയിലെ പഴക്കച്ചവടക്കാരനായ മുഹമ്മദ് മഹമൂദ് കണ്ണീര് തുടക്കുകയാണ്.
ഖുര്‍ആന്‍ മനപ്പാഠമാക്കിയ പതിമൂന്നുകാരന് യ്ഹ്യ ഖലീഫ ജറൂസലമിലെ അഖ്സ മസ്ജിദിലേക്ക് പോയതായിരുന്നു. തിരിച്ചുവരുമ്പോള്‍ തൈരും ഐസ്ക്രീമും കൊണ്ടുവരാന്‍ ഉമ്മ അവനെ ഏല്‍പ്പിച്ചതുമാണ്. തിരിച്ചുവരുമ്പോള്‍ ആക്രമണം കനത്തിരുന്നു. പിന്നീട് അവനെ കാണാതായ വിവരമാണ് കിട്ടിയതെന്ന് പിതാവ് മസെന്‍ ഖലീഫ പറഞ്ഞു.
ഫലസ്തീനില്‍ നിന്നുള്ള ഉള്ളുലക്കുന്ന വാര്‍ത്തകള്‍ ലോകത്തെ കണ്ണീരണിയിക്കുകയാണ്.
ഐസ്ക്രീം നുണയുന്ന പുഞ്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളുള്ള ഐസ്ക്രീം ട്രക്കുകള്‍ ഇന്ന് താത്ക്കാലിക മോര്‍ച്ചറികളാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഐസ്ക്രീം എത്തിക്കാനുപയോഗിക്കുന്ന ഈ ശീതീകരിച്ച ട്രക്കുകളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ല. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞു. അതിനാലാണ് മൃതദേഹങ്ങള്‍ ഐസ്ക്രീം ട്രക്കുകളില്‍ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഐസ്ക്രീം ട്രക്കുകളും നിറഞ്ഞതോടെ മൃതദേഹങ്ങള്‍ ടെന്റുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് ആശുപത്രി കിടക്കകളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന നൂറുകണക്കിന് കുട്ടികള്‍ ഗസ്സയുടെ നൊമ്പരമാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 2000ലേറെ പേര് കുട്ടികളാണ്. യുദ്ധത്തില്‍ ഏറ്റവും അധികം കുട്ടികള്‍ കൊല്ലപ്പെട്ട യുദ്ധമാണിത്. പരിക്കേറ്റ കുട്ടികളുടെ എണ്ണം 5000ത്തിനു പുറത്താണ്. 40 ശതമാനം പേരും കുട്ടികള്‍. പലരും കുടുംബാംഗങ്ങളെയും വീടും നഷ്ടപ്പെട്ടവരാണ്. കാണാതായ 1400 പേരില്‍ 720 പേരും കുട്ടികളാണ്. ആശുപത്രിയിലുള്ള കുട്ടികള്‍ക്ക് മതിയായ ഭക്ഷണം നല്കാനാവുന്നില്ലെന്ന് ഷുഹാദ അല്‍ അഖ്സ ആശുപത്രിയിലെ ഡോക്ടര്‍ യാസര്‍ അലി പറയുമ്പോള്‍ അവര്‍ക്ക് കരച്ചില് അടക്കാന്‍ കഴിയുന്നില്ല.
സ്ഫോടനങ്ങളുടെ ഭയാനകമായ ശബ്ദം കേട്ട് ഞെട്ടിയുണരുന്ന ബാല്യങ്ങളാണ് ഫലസ്തീനിലുള്ളത്. ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയില്‍ 47 ശതമാനം കുട്ടികളാണ്. ദിവസവും അമ്പതിലധികം ആക്രമണങ്ങളാണ് ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്നത്. 15 മിനിറ്റില്‍ ഒരു കുട്ടി എന്ന നിലയില്‍ മരിച്ചുവീഴുന്നു. വീടും കുടുംബവും നഷ്ടമായ കുട്ടികള്‍ തെരുവില്‍ നിരാലംബരാവുന്നു. മാരകമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ പരിചരിക്കാന്‍ ആളില്ലാതെ ദുരിതത്തിലാവുന്നു.
ആയിരത്തിലധികം കുട്ടികള്‍ മരിച്ച യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. 2008ല്‍ 23 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 341 കുട്ടികളാണ് മരിച്ചത്. 2012ല്‍ എട്ടു ദിവസത്തെ യുദ്ധത്തില്‍ 35 കുട്ടികള്‍ മരിച്ചപ്പോള്‍ 2014ല്‍ 50 ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ 532 പേര് കൊല്ലപ്പെട്ടു. 2021ല്‍ 11 ദിവസം നീണ്ട ആക്രമണത്തില്‍ 66 കുട്ടികള്‍ക്കാണ് ജീവന് നഷ്ടമായത്. 2000 മുതല്‍ ഫലസ്ഥീനില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശ യുദ്ധത്തില്‍ 2,300 കുട്ടികളാണ് കൊല്ലപ്പെട്ടത്. വര്‍ഷവും 12നും 17നും ഇടയില്‍ പ്രായമുള്ള 700 കുട്ടികളെ ഈസ്രായേല്‍ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.
വീടില്ല, പഠിക്കാന്‍ സ്കൂളും മദ്രസയുമില്ല. അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനായി നീണ്ട ക്യൂ. മുറിവുകള്‍ കാരണം നടക്കാന്‍ വയ്യ. ഭയം മൂലം കിടന്നാല്‍ ഉറക്കമില്ല. ഉറ്റവരെ കാണാഞ്ഞിട്ട് കരച്ചില് അടങ്ങുന്നില്ല. മക്കളെ രക്ഷിക്കാന്‍ ഉറങ്ങാതിരിക്കുന്ന മാതാക്കളുടെ രോദനം തീരുന്നില്ല. ഗസയിലെ 80 ശതമാനം കുട്ടികളും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
79 ശതമാനം പേര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. ഞെട്ടിയുണരുകയും ഉറക്കത്തില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നു. 77 ശതമാനം കുട്ടികളും എപ്പഴും ദു:ഖിതരാണ്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കുട്ടികളുടെ അവസ്ഥ അതീവ ദയനീയമാണ്. ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടമായ ഇവര്‍ വിഷാദത്തിലാണ് ജീവിക്കുന്നത്.
കുട്ടികള്‍ നഷ്ടപ്പെട്ട മാതാക്കളുടെ കരച്ചില് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ വിവരിക്കുന്നു. നാലു മക്കളുടെ മയ്യത്ത് ഒന്നിച്ച് സംസ്ക്കരിക്കേണ്ടി വന്ന ഒരു ഉമ്മയുടെ സങ്കടം ഡോ. ഇമാം ഫറജല്ലാഹ എന്ന ഫലസ്തീന് സൈക്കോളജിസ്റ്റ് വിവരിക്കുന്നുണ്ട്. ദൈവഹിതം എന്നു പറഞ്ഞുതുടങ്ങുന്ന അവരുടെ സംസാരം മക്കളെ കുറിച്ചുള്ള ഓര്‍മയില്‍ തടഞ്ഞ് കണ്ണീരായി മാറി. പുരുഷന്മാര് യുദ്ധരംഗത്തും പരിക്കേറ്റ് ആശുപത്രിയിലുമാണ്. അതിനാല്‍ മക്കളെ കാത്തുസൂക്ഷിക്കേണ്ട ചുമതല ഉമ്മമാര്‍ക്കാണ്. യുദ്ധം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ മനമുരുകുന്ന ഇവര്‍ മക്കള്‍ക്ക് രാപ്പകല്‍ കൂട്ടിരിക്കേണ്ട അവസ്ഥയാണ്. മതിയായ ഭക്ഷണമോ അവശ്യമരുന്നോ ഇല്ലാതെ കഷ്ടപ്പെടുകയാണ് അധിക വീടുകളും. എന്നിട്ടും പിടിച്ചുനില്‍ക്കുന്ന ഫലസ്തീന് മാതാക്കളുടെ ചങ്കുറപ്പ് മാതൃകയാണ്. തലമുറക്ക് സമാധാനം കൊണ്ടുതരാന്‍ മക്കളെ പ്രസവിക്കുന്നതില്‍ സന്തുഷ്ടരാണ് ഈ വനിതകള്‍.
ഫലസ്തീനിലെ ജനസംഖ്യയില്‍ പകുതിയും 17 വയസിനു താഴെയുള്ള കുട്ടികളാണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയിലും കഴിയുന്ന ഇവര്‍ക്ക് മേല്‍ എന്നും യുദ്ധഭീതി നിഴലിച്ചു നില്‍ക്കുകയാണ്. ഉപരോധം കാരണം മതിയായ ഭക്ഷണവും മരുന്നും ഇവര്‍ക്ക് അന്യമാണ്. തകര്‍ന്ന കെട്ടിടത്തിലാണ് താമസം. ആക്രമണത്തില്‍ സ്കൂളുകള്‍ തകര്‍ന്നതിനാല്‍ പഠനം എന്നും താല്‍ക്കാലിക ഷെഡിലും സന്നദ്ധ സംഘടനകളുടെ ക്യാമ്പിലുമാണ്. അതിനാല്‍ പഠനവും പാതിവഴിയില്‍ മുറിയുന്നു. ജോലിയെന്നത് സ്വപ്നം മാത്രമാണ്. ഉന്നത പഠനത്തിന് സൗകര്യമില്ല. ജീവിതം ബാല്യത്തില്‍ തന്നെ അരക്ഷിതമായ ഒരു സമൂഹം ലോകത്ത് വേറെ ഉണ്ടാവില്ല.
കുട്ടികള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. വംശീയ കലാപത്തില്‍ മുതിര്‍ന്നവരെ കൊന്നതുകൊണ്ടുമാത്രം ശത്രുക്കള്‍ തൃപ്തരാകുന്നില്ല; ശത്രുവിന്റെ മക്കള്‍ ഭാവി ശത്രുക്കളായിട്ടാണു വീക്ഷിക്കപ്പെടുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന മിക്ക കുട്ടികളും ബോംബിനാലോ വെടിയുണ്ടകളാലോ അല്ല കൊല്ലപ്പെടുന്നത്, പട്ടിണിയാലും രോഗങ്ങളാലുമാണ്. ആഫ്രിക്കന്‍ യുദ്ധങ്ങളില്‍ ആഹാരത്തിന്റെയും വൈദ്യസഹായത്തിന്റെയും അഭാവംമൂലം യഥാര്‍ഥ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതിന്റെ 20 ഇരട്ടി ആളുകള്‍ മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാതിരിക്കുന്നത് ആധുനിക കാലത്ത് നിഷ്ഠൂരമായ ഒരു യുദ്ധതന്ത്രമാണ്. ധാന്യശേഖരങ്ങളും ജലവിതരണ വ്യവസ്ഥകളും അവര്‍ നശിപ്പിക്കുന്നു, ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചുവാങ്ങുന്നു. അവര്‍ ആരോഗ്യ ചികിത്സാലയങ്ങള്‍ തകര്‍ത്ത് ചികിത്സകരെ ഭയചകിതരാക്കി ഓടിക്കുന്നു.
യുദ്ധത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെടുന്നതുകൊണ്ടു മാത്രമല്ല കുട്ടികള്‍ അനാഥരാകുന്നത്. കുടുംബാംഗങ്ങള്‍ ചിതറിപ്പോകുന്നതുകൊണ്ടുകൂടിയാണ്. ഫലസ്തീനില്‍ ഒരു ലക്ഷം ആളുകള്‍ തങ്ങളുടെ ഭവനങ്ങള്‍ വിട്ട് പലായനം ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷം പേര് അഭയാര്‍ഥി കേന്ദ്രങ്ങളിലാണ്. ഇവരില്‍ പകുതിയോളം കുട്ടികളാണ്. പരിഭ്രാന്തിപൂണ്ട് പലായനം ചെയ്യുന്നതിനിടയില്‍ കുട്ടികള്‍ മിക്കപ്പോഴും കൂട്ടംതെറ്റിപ്പോകുന്നു.
നന്നേ ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളില്‍നിന്ന് അകന്നുപോയതിന്റെ ഫലമായിട്ടുണ്ടാകുന്ന മാനസികക്ഷതം യുദ്ധത്തിന്റെ വേദനയാണ്.
കുഴിബോംബുകളാണ് മറ്റൊന്ന്. കളിക്കാനും കന്നുകാലികളെ മേയ്ക്കാനും വിറകു പെറുക്കാനും വിളകള്‍ നടാനുമായി വീടിനു വെളിയില്‍ പോയ ലക്ഷക്കണക്കിനു കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധ സംഘര്‍ഷ മേഖലകളില്‍ കുഴിബോംബുകള്‍ മാസംതോറും 800 ആളുകളെ വീതം കൊല്ലുന്നുവെന്നാണ് കണക്ക്.