LoginRegister

സമ്പന്നരാവാനുള്ള രഹസ്യം

സഹീറ തങ്ങള്‍

Feed Back

പലപ്പോഴും ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. എനിക്ക് അങ്ങനെ ഒരു അത്യാര്‍ത്തിയൊന്നും ഇല്ല ജീവിതത്തില്‍; ഉള്ളതുകൊണ്ട് കഷ്ടപ്പെടാതെ, മറ്റുള്ളവരെ ആശ്രയിക്കാതെ അങ്ങനെ അങ്ങു ജീവിച്ചുപോണം എന്ന്. കഠിനമായ സ്വാര്‍ഥതയാണ് അവിടെ ഒളിഞ്ഞിരിക്കുന്നത്. അവരവര്‍ക്ക് ഉള്ളതുകൊണ്ട്, അവരവര്‍ക്ക് ജീവിച്ചു പോണം എന്നു വിചാരിക്കുന്നത് സ്വാര്‍ഥതയല്ലെങ്കില്‍ പിന്നെന്ത്? നമ്മുടെ പ്രശ്നങ്ങള്‍, നമ്മുടെ മക്കള്‍... നമ്മുടെ വീട്. അതില്‍പ്പരം മറ്റൊന്നുമില്ല. നമ്മുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പിനു പിറകില്‍ സര്‍വേശ്വരനു വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. നമ്മെക്കൊണ്ട് ഈ ലോകത്ത് പൂര്‍ത്തീകരിക്കാനുള്ള ഒരുപാട് കര്‍മങ്ങളും.

പണവും അധികാരവും അധികമായാല്‍ ധാരാളിയും ദുഷ്ടനും അഹങ്കാരിയുമൊക്കെയാവുന്ന ധാരാളം ഉദാഹരണങ്ങള്‍ നമുക്കു മുമ്പില്‍ ഉണ്ട്. എന്നാല്‍ ആ പണവും അധികാരവും നന്മډനിറഞ്ഞ ഒരാളുടെ കൈവശമാണെങ്കിലോ? അത് മനുഷ്യനും പ്രകൃതിക്കും ഗുണമായി ഭവിക്കുന്നു എന്നു കാണാം. അപ്പോള്‍ സമ്പത്തല്ല പ്രശ്നം. അതു കൈയിലെത്തുന്ന വ്യക്തിയുടെ സ്വഭാവം തന്നെയാണ്. നമ്മുടെ കഴിവിന്നനുസരിച്ച് സഹായങ്ങള്‍ നല്‍കുമ്പോഴും പലപ്പോഴും നിസ്സഹായരായി സഹായിക്കാനാവാതെ കൈമലര്‍ത്തേണ്ട അവസ്ഥയിലൂടെയും ഹൃദയവേദനയോടെ കടന്നുപോവേണ്ടി വന്നിട്ടുമുണ്ടാവും. സ്വന്തം ആവശ്യങ്ങള്‍ തന്നെ നേരാംവണ്ണം നിര്‍വഹിക്കാനാവാതെ വീടും കാറും കുട്ടികളുടെ പഠനവും വാഷിംഗ് മെഷീനും ഫ്രിഡ്ജും എ സിയും എല്ലാം ലോണില്‍ നടത്തിക്കൊണ്ടു പോവുന്ന മധ്യവര്‍ഗമാണ് കേരളത്തില്‍ അധികവും എന്ന് ചുറ്റിലും ഒന്ന് അന്വേഷിക്കുമ്പോള്‍ തന്നെ നമുക്ക് അറിയാം. അനാഥകള്‍, അശരണര്‍, പ്രകൃതി ദുരന്തത്തിന്‍റെ ഇരകള്‍, അഭയാര്‍ഥികള്‍, വിധവകള്‍, ഭ്രാന്തര്‍, തെരുവിന്‍റെ മക്കള്‍, അയല്‍വാസി, വിശന്നു വരുന്നവന്‍, കുടുംബത്തില്‍ വലഞ്ഞവര്‍ തുടങ്ങി സഹായം അത്യന്താപേക്ഷിതമായ വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.

അതുകൊണ്ട് എത്രമാത്രം സമ്പന്നരാവാന്‍ നമുക്ക് സാധിക്കുമോ, അത്രമേല്‍ ആവണം. മാനുഷിക മൂല്യങ്ങളും നന്മകളുമുള്ള വ്യക്തികള്‍ തീര്‍ച്ചയായും വലിയ കോടീശ്വരന്മാര്‍ ആവുക തന്നെ വേണം. കാരണം അവരുടെ കൈയിലിരിക്കുന്ന കോടികള്‍ക്ക് കോടി പുണ്യങ്ങളും നിറവേറ്റാനാവും. വരും കാലങ്ങളില്‍ പട്ടിണി ഇരട്ടിയാകുമെന്ന് ലോകാരോഗ്യസംഘടന ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തി പ്രഖ്യാപിച്ചുകഴിഞ്ഞു. സമ്പന്നരാവണം എന്നു നമ്മള്‍ വിചാരിക്കുന്നിടത്ത് നിന്ന് അതിനുള്ള തുടക്കവും ആരംഭിച്ചു എന്ന് മനസ്സിലാക്കുക. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന് നമ്മള്‍ക്കറിയാം. എന്നാല്‍ സമ്പന്നതയും വിദ്യാഭ്യാസവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. സമ്പന്നരാവുന്നതിന്‍റെ ശാസ്ത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അത് മനസ്സിലാവും. കിടപ്പാടം പോലുമില്ലാത്ത, മക്കളെ പോറ്റാന്‍ വീട്ടുജോലി ചെയ്തു ദാരിദ്ര്യത്തില്‍ കുഴങ്ങുന്ന ഉമ്മയുടെ മക്കള്‍, ചായക്കടയില്‍ പാത്രം കഴുകാന്‍ സഹായികളായി നിന്ന കൊച്ചു പയ്യന്മാര്‍, ലോട്ടറി വിറ്റും പത്രം വിറ്റും നിത്യച്ചെലവിനു വരുമാനം കണ്ടെത്തുന്നവര്‍, രണ്ടാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാതെ കുടുംബം പോറ്റുന്നവര്‍ തുടങ്ങി പില്‍ക്കാലത്ത് കോടീശ്വരന്മാരായവരുടെ കുറേയേറെ ചിത്രങ്ങള്‍ നമുക്കു മുമ്പിലുണ്ട്.

സമ്പന്നരാവനുള്ള സീക്രട്ട്
അപ്പോള്‍ എന്താവും?
സമ്പന്നരാവണം എന്ന ഉറച്ച സ്വപ്നം. ആ സ്വപ്നം നമ്മെ അതിലേക്കുള്ള മാര്‍ഗമെന്താണെന്ന് അന്വേഷിക്കാന്‍ പ്രേരിപ്പിക്കും. അതിലേക്കെത്താനായി എന്തു കഷ്ടതകളും കഠിനപ്രയത്നവും ചെയ്യാന്‍ നാം തയ്യാറാവും. ദുര്‍ഘടമായ വഴികളും പ്രതിസന്ധിഘട്ടങ്ങളും ആത്മവിശ്വാസത്തോടെ തരണം ചെയ്യും, ലക്ഷ്യം വലിയ ഒരു പണക്കാരനാവുക എന്നതായിരിക്കെ മാര്‍ഗതടസ്സങ്ങള്‍ ദൈവത്തിന്‍റെ കൈകള്‍ എടുത്തു മാറ്റപ്പെടും. വഴികള്‍ എളുപ്പമാവും. കാഴ്ചകള്‍ കൂടുതല്‍ തിളക്കമാര്‍ന്നതാവും. കൈയിലുള്ള ധനം അപരിചിതനായ വഴിപോക്കനും ചോദിച്ചു വരുന്നവനും നല്‍കുമ്പോള്‍ അതിന്‍റെ മൂല്യം വര്‍ധിക്കും. അതുകൊണ്ട് സ്വപ്നം കാണുന്നതില്‍ ഒരു കുറവും വരുത്തരുത്. അത് പരിശ്രമിക്കുവാനുള്ള ഊര്‍ജമാണ്. എത്ര കുത്തനെയുള്ള ഏണപ്പടിയാണെങ്കിലും ഏറ്റവും മുകളില്‍ നമ്മെ കാത്തു നില്‍ക്കുന്ന സ്വപ്നം നമ്മെ മുമ്പോട്ടു കൊണ്ടുപോവുക തന്നെ ചെയ്യും.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നുള്ള ചൊല്ലിനോട് നമ്മള്‍ യോജിക്കരുത്. മറ്റൊരാളെ പറ്റിച്ചിട്ടോ, ചതിച്ചിട്ടോ ജീവനെടുത്തിട്ടോ നമ്മള്‍ നേടുന്നത് പൈശാചികതയാണ്. സ്വന്തം അച്ഛനമ്മമാരില്‍ നിന്നുപോലും ചതിയിലൂടെ കരസ്ഥമാക്കുന്ന സ്വത്തുക്കള്‍ ഒരു ജന്മത്തിലും മക്കളുടെ മാര്‍ഗത്തെ സാധൂകരിക്കുന്നില്ല.

സ്വന്തം സഹജീവികളോടും രക്തബന്ധുക്കളോടും കാരുണ്യം കാണിക്കാതെ മതപരമായ നിയമങ്ങളെ മുറുകെപിടിച്ചു സ്വത്തുക്കള്‍ കൈക്കലാക്കുന്നത് ദൈവത്തെ വന്ദിക്കലല്ല, നിന്ദിക്കലാണ്. സ്വന്തം കുടിലത കണ്ടില്ലെന്നു വരുത്താനുള്ള സ്വാര്‍ഥ ന്യായങ്ങളായി മാത്രം അവ അധ:പതിക്കും. സഹജീവികളോടു കരുണ എന്നു പറയുമ്പോള്‍, അത് നാം നമ്മുടെ പരിസരങ്ങളില്‍ ആരും കാണാതെ തള്ളുന്ന പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും മറ്റു അവശിഷ്ടങ്ങളുടെ കാര്യത്തില്‍ പോലും വേണമെന്നര്‍ഥം. ഒരു കുമ്പിള്‍ ജലം കൊണ്ടു ആവശ്യം നിര്‍വഹിക്കാനാവുമെങ്കില്‍ അതു മാത്രമാണ് നമുക്ക് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളുവെന്നു മഹാത്മാ ഗാന്ധി പറഞ്ഞു. അതു നാം ഉപയോഗിക്കുമ്പോള്‍ വെറുതെ ഒഴുക്കിക്കളയാതെ; ഒരു മരത്തിനോ ചെടിക്കാ താഴെ പോയി ഉപയോഗിക്കുക. ബാക്കി വരുന്നത് നമ്മുടെ പുറകെ വരുന്നവര്‍ക്കുള്ളതാണ് എന്ന മഹത്തായ ദീര്‍ഘവീക്ഷണം പഠിപ്പിക്കുന്നത് ഈ പ്രപഞ്ചം സര്‍വ ചരാചരങ്ങള്‍ക്കും തുല്യമാണ് എന്നതു തന്നെ.

സമ്പന്നത പാരമ്പര്യസ്വത്തായി അഹങ്കരിക്കാതെ മക്കളെ അധ്വാനത്തിന്‍റെ വിലയറിയുന്ന ആത്മാഭിമാനികളായി വളര്‍ത്തണം. എന്‍റെ മാതാപിതാക്കള്‍ സമ്പന്നരായതു കൊണ്ട് ഞാന്‍ അധ്വാനിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതി, മടിയന്മരായി വളരുന്ന മക്കള്‍ ധൂര്‍ത്തന്മാരാവും. ഒരു ധാരാളിക്ക് ദരിദ്രനാവാന്‍ കണ്ണടച്ചു തുറക്കുന്ന സമയം മതിയെന്നറിയുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top