LoginRegister

സൈതാലിക്കയുടെ ആടുകള്‍

സലീമാബീഗം

Feed Back


സെയ്താലിക്ക മരിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആഞ്ഞു വീശിയ, കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെട്ട സെയ്താലിക്ക ഇന്നലെ മരണപ്പെട്ടു.
അന്ന്, ഏതാനും ആടുകള്‍ മാത്രമായിരുന്നു സെയ്താലിക്കാന്റെ സമ്പാദ്യം. രാവിലെ ആടുകളുമായി കുന്നിന്‍ പുറമേറും. ആടുകള്‍ വയറു നിറക്കുന്നതും നോക്കി സെയ്താലിക്ക പുല്ലിലോ, പാറപ്പുറത്തോ ഇരിക്കും. ഉച്ചക്ക് ആടുകളെയും കൂട്ടി മടങ്ങും. കുളിയും നമസ്‌കാരവും കഴിഞ്ഞ് ചോറും തിന്ന് ഒന്ന് മയങ്ങും. വൈകുന്നേരം അങ്ങാടിയിലേക്ക്. കുറച്ചു സമയം തന്നെ അങ്ങാടിക്ക് വിട്ടുനല്‍കും. നാട്ടുവിശേഷങ്ങള്‍ അറിഞ്ഞു, വീട്ടുസാമാനങ്ങളുമായി മടങ്ങും. പിറ്റേന്നും ആടുകളെ മുന്നിലും മൂപ്പര്‍ പിന്നിലുമായി കുന്ന് കേറും.
കാഞ്ഞിരംപാടം മരമില്ല് കഴിഞ്ഞ്, ആലിങ്ങല്‍ എസ്റ്റേറ്റിലേക്കുള്ള റോഡിലേക്ക് കയറി. റോഡിനിരുവശവുമുള്ള പൊന്തക്കാടുകള്‍ തൊട്ടും തലോടിയും അവയങ്ങനെ നീങ്ങി. പിന്നാലെ മറ്റൊരാടു പോലെ സെയ്താലിക്കയും.
പെട്ടെന്ന്, കണ്ടത്തില്‍ വീട്ടിലെ, സര്‍വ സൈന്യാധിപന്‍, ജീപ്പില്‍ ചീറിപ്പാഞ്ഞുവന്ന്, സെയ്താലിക്കയുടെ അടുത്ത് ബ്രേക്കിട്ടു.
”അല്ലാ, കൊന്നനെങ്ങോട്ടാ…”
സെയ്താലിക്ക ജവാനെ അങ്ങനെയാണ് വിളിക്കാറ്.
”ഞാന്‍ പട്ടാളത്തില്‍ പോവുന്നു. വരുന്നോ.”
സെയ്താലിക്കയെ കാണുമ്പോഴൊക്കെ ജവാന്‍ ചോദിക്കും.
”പിന്നേ, അങ്ങോട്ട് ചെന്നാ മതി. ചെമ്പും കലോം മോറാന്‍ വരെ ഈ കൊന്നനെ കൊള്ളൂല.”
ജവാന്‍ അതു കേട്ട് ഉറക്കെ ചിരിക്കും.
പട്ടാളത്തീന്ന് പിരിഞ്ഞാപ്പിന്നെ അങ്ങോട്ട് അടുക്കാന്‍ പറ്റില്ലാന്നു സെയ്താലിക്കാക്ക് അറിയാം.
”ന്നാപ്പിന്നെ നിങ്ങടെ രണ്ടാടിനെ ഞാന്‍ വളര്‍ത്തിക്കോളാം. എനിക്ക് തന്നോളൂ.”
”അത് വേണ്ട. തോക്ക് പിടിച്ച കൈ കൊണ്ട് ആടിനെ തൊടണ്ട.”
അവരങ്ങനെ സംസാരിക്കുന്നതിനിടയില്‍, ആടുകള്‍ എസ്റ്റേറ്റിന്റെ ഉള്ളിലേക്ക് കടന്നു. മുള്ളും മുള്‍ച്ചെടിയും കടിച്ചു തിന്നാന്‍ തുടങ്ങി.
ആലിങ്ങള്‍ എസ്റ്റേറ്റ് സുപ്രണ്ട് അസീസ്‌ക്ക ഈ സമയം ഷീറ്റ് അടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. കുറച്ചു സമയം അസീസ്‌ക്കയോട് വര്‍ത്താനം പറഞ്ഞു സെയ്താലിക്ക പണിക്കാര്‍ ഷീറ്റ് അടിക്കുന്നതും നോക്കി നിന്നു. പിന്നെ മുകളിലേക്ക് കയറിപ്പോയി.
അന്തരീക്ഷം ശാന്തമായിരുന്നു. അന്ന് സെയ്താലിക്ക ഒരു പാറപ്പുറത്താണ് ഇരുന്നത്. ആടുകളും ശാന്തരായി തീറ്റ തുടര്‍ന്നു.
സമയം പതിനൊന്നു മണി ആയി. എസ്റ്റേറ്റ് തൊഴിലാളികള്‍ കഞ്ഞിക്കു കേറി. അസീസ്‌ക്കാന്റെ ഭാര്യ ഇമ്മുട്ടി കഞ്ഞിയും ചമ്മന്തിയും ഉപ്പേരിയും വിളമ്പി. ഇമ്മുട്ടി ആള് തടിച്ചിപ്പാറു ആണെങ്കിലും ഓടി നടന്നു എല്ലാ ജോലികളും ചെയ്യും.
ഉണക്ക മീന്‍ തലയും കാന്താരിയും വാളന്‍പുളി പിഴിഞ്ഞ് അമ്മിക്കല്ലില്‍ അരച്ചെടുക്കുന്ന ചമ്മന്തി. കേട്ടാല്‍ തന്നെ നാവില്‍ രസമുകുളങ്ങള്‍ മുത്തുക്കുട ചൂടും.
ചൂടുള്ള കഞ്ഞി ചമ്മന്തിയും ഉപ്പേരിയും കൂട്ടി പണിക്കാര്‍ വയറു നിറച്ചു. അസീസ്‌ക്ക കഞ്ഞി കുടിക്കാന്‍ ഇരുന്നിട്ടില്ല. സെയ്താലിക്കാക്ക് എസ്റ്റേറ്റിലെ സുഖകരമായ കാലാവസ്ഥയില്‍ കുറേശ്ശെ ഉറക്കം വന്നു. എങ്കിലും, എന്തോ അയാള്‍ ഉറങ്ങിയില്ല.
കഞ്ഞി കുടി കഴിഞ്ഞു പണിക്കാര്‍ എണീറ്റു. ഇനി പത്തു മിനിറ്റ് വിശ്രമിക്കാം. അവര്‍ വീട്ടു കാര്യങ്ങളും നാട്ടു കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു.
അന്തരീക്ഷം അപ്പോഴും ശാന്തമായിരുന്നു.
പെട്ടെന്ന് സെയ്താലിക്കയുടെ ഒരാട് ഭയങ്കരമായ രീതിയില്‍, പേടിപ്പെടുത്തുന്ന ഭാവത്തില്‍, കരഞ്ഞുകൊണ്ട് ഒറ്റഓട്ടം. പിന്നാലെ മറ്റു ആടുകളും. ഓടെടാ ഓട്ടം എന്ന പോലുള്ള ആടുകളുടെ മരണപ്പാച്ചില്‍ കണ്ട് കാര്യമറിയാതെ സെയ്താലിക്കയും ഓടി.
സെയ്താലിക്കയും ആടുകളും എസ്റ്റേറ്റ് ഗേറ്റ് കടന്നതും ഒരു നിമിഷം പോലും വൈകാതെ എസ്റ്റേറ്റ് തകര്‍ന്നടിഞ്ഞതും സെക്കന്റുകൊണ്ട്. വീശിയടിച്ച കാറ്റില്‍ ഒരു മരം പോലും ബാക്കിയാവാതെ കടപുഴകി.
എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.അത്ര ഭീതിദമായിരുന്നു അവസ്ഥ. ചില മരങ്ങള്‍ വാള് വെച്ച് ഈര്‍ന്നെടുത്ത പോലെ. ചിലത് കട്ടര്‍ കൊണ്ട് വൃത്തിയായി മുറിച്ചെടുത്ത പോലെ. കാറ്റിന്റെ കരവിരുത്. എസ്റ്റേറ്റ് തകര്‍ന്നടിഞ്ഞു എന്നതിനപ്പുറം, ആളപായമുണ്ടായില്ല.
മരിക്കുന്നത് വരെ സെയ്താലിക്ക ആടുകളെ പിരിഞ്ഞിരുന്നിട്ടില്ല.
മക്കള്‍ക്ക് ജോലിയായില്ലേ, ഇനി വിശ്രമിച്ചൂടെ എന്ന് ചോദിക്കുന്നവരോട്, ആടുകളാണെന്റെ ജീവിതം തിരിച്ചു തന്നത് എന്ന് സെയ്താലിക്ക പറയുമായിരുന്നു.
ഇന്നലെയും ആടിന്റെ കരച്ചില്‍ സെയ്താലിക്ക കേട്ടിരുന്നു. സെയ്താലിക്ക മാത്രമല്ല വീട്ടുകാരും നാട്ടുകാരും കേട്ടു, ആടുകളുടെ കൂട്ടക്കച്ചില്‍.
പക്ഷെ, ആടുകളുടെ കരച്ചില്‍ കേട്ട് സൈതാലിക്കാക്ക് ഇറങ്ങി ഓടാനായില്ല. അപ്പോള്‍ കൊടുങ്കാറ്റ് പുറത്തായിരുന്നില്ല, സൈതാലിക്കയുടെ അകത്തായിരുന്നു. ആ കാറ്റടങ്ങിയപ്പോഴേക്കും സൈതാലിക്കയുടെ വീട്ടുമുറ്റത്ത് ആളുകള്‍ നിറഞ്ഞിരുന്നു.
പള്ളിയില്‍ നിന്ന് ആരോ കൊണ്ടുവന്ന മയ്യത്ത് കട്ടില്‍ ആട്ടിന്‍കൂടിന് മേലാണ് ചാരിവെച്ചിരിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top