സമ്മാനമോഹികളുടെ അവസാന സംഘവും സൗർ മലയിൽ നിന്നിറങ്ങി. ഗുഹാമുഖം വരെ അവരെത്തിയെങ്കിലും ഒന്ന് കുനിഞ്ഞുനോക്കി ഗുഹക്കകം പരതാൻ അവർക്കാർക്കും തോന്നിയില്ല. അസ്തമിച്ച സമ്മാനമോഹങ്ങളുമായി അവരും മലയിറങ്ങി.
മനം മടുത്ത ഖുറൈശികൾ പിന്നെപ്പിന്നെ അന്വേഷണങ്ങൾക്ക് വിരാമമിട്ടു. ബഹളം കെട്ടടങ്ങി. തങ്ങളുടെ കൈപ്പിടിയിൽ നിന്നു മുഹമ്മദും അബൂബക്കറും തലനാരിഴക്ക് രക്ഷപ്പെട്ടു എന്ന സത്യം അവർക്ക് അംഗീകരിക്കേണ്ടിവന്നു. മക്ക പതുക്കെ ശാന്തമായി.
ഗുഹാവാസത്തിന്റെ മൂന്നാം നാളിലെ സന്ധ്യ മയങ്ങി.ഇരുട്ട് പരന്നതോടെ തിരുനബിയും സുഹൃത്ത് അബൂബക്കറും സാവധാനം ഗുഹയുടെ പുറത്തെത്തി.
ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എങ്ങും പരിപൂർണ നിശ്ശബ്ദതയാണ്.
അതിനിടെ അടക്കിപ്പിടിച്ച ഒരു സംസാരം അവർ കേട്ടു. രാത്രിയിൽ അവരെ കാണാനെത്താറുള്ള അബ്ദുല്ലാഹിബ്‌നു അബൂബക്കറും സഹോദരി അസ്‌മാഉമായിരുന്നു അതെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവരോടൊപ്പം ഇത്തവണ പുതിയ ഒരാൾ കൂടി ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ഉറൈഖിദ്. തിരുനബിയോടൊപ്പം വീട്ടിൽ നിന്ന് മദീനാ പലായനവഴിയിലിറങ്ങും മുമ്പുതന്നെ അബൂബക്കർ മുൻകൂട്ടി പറഞ്ഞുറപ്പിച്ചു നിർത്തിയ വഴികാട്ടിയായിരുന്നു അദ്ദേഹം. വിശ്വസ്തനും സമർഥനും. രണ്ട് ഒട്ടകങ്ങൾ അദ്ദേഹത്തെ ഏൽപിച്ച് അബൂബക്കർ ഇങ്ങനെ പറഞ്ഞിരുന്നു: “ഇന്നേക്ക് മൂന്നാം നാൾ ഇവയെയും കൂട്ടി താങ്കൾ സൗർ മലയിലെ ഗുഹക്കു മുന്നിലെത്തണം. മുസ്‌ലിമല്ലാത്ത ആ മനുഷ്യൻ അതപ്പടി അനുസരിക്കുകയും ചെയ്തു.
ഖുറൈശി നേതൃത്വം ദൂതരുടെ തലക്ക് പ്രഖ്യാപിച്ച സുമോഹന സമ്മാനം അദ്ദേഹത്തെ ഒരു നിമിഷം പോലും മോഹിപ്പിച്ചില്ല. അത്രയ്ക്ക് തന്റെ യജമാനനായ അബൂബക്കറിനോട് കൂറുള്ളവനായിരുന്നു ഉറൈഖിദിന്റെ പുത്രൻ.
യാത്രാവസ്തുക്കളെല്ലാം അബ്ദുല്ലയും ഭൃത്യൻ ആമിറും ചേർന്ന് ഒട്ടകങ്ങളുടെ പുറത്ത് കയറ്റി. മക്കയുടെ മണ്ണിൽ നിന്ന് കാൽ പറിച്ചെടുത്ത് വാഹനപ്പുറമേറാൻ ഒരുങ്ങവെ, ഇബ്‌നു ഉറൈഖിദ് കൊണ്ടുവന്ന രണ്ട് ഒട്ടകങ്ങളെയും അബൂബക്കർ മാറിമാറി ഒന്ന് നോക്കി. ഏറ്റവും നല്ലതെന്ന് തോന്നിയ ഒട്ടകത്തിനു നേരെ മുഖം കൊണ്ട് ആംഗ്യം കാട്ടി അബൂബക്കർ പറഞ്ഞു: “നബിയേ, ഇത് അേങ്ങക്കുള്ള വാഹനമാണ്. ഇവളെ സ്വീകരിച്ചാലും.”
നിഷേധഭാവത്തിൽ തലയാട്ടിയുള്ള ദൂതരുടെ പ്രതികരണം സിദ്ദീഖിനെ തെല്ല് അമ്പരപ്പിച്ചു.
“ഈ യാത്രയിൽ എന്റേതല്ലാത്ത ഒട്ടകത്തെ ഞാൻ വാഹനമാക്കില്ല സിദ്ദീഖ്.”
“എങ്കിൽ ഞാനിവളെ താങ്കൾക്ക് സമ്മാനമായി നൽകുന്നു. ഇവളിനി താങ്കളുടേതു തന്നെയാണ്.”
ആ സമ്മാനം സ്വീകരിക്കാനും ദൂതർ തയ്യാറായില്ല.
“ഇവളെ താങ്കളിൽ നിന്ന് ഞാൻ വിലയ്ക്ക് വാങ്ങുകയാണ്.അതുകൊണ്ട് ഇവൾക്കുള്ള വില നിശ്ചയിക്കുക.”
ബാല്യം മുതൽ കളിക്കൂട്ടുകാരനും സുഹൃത്തുമായ അൽഅമീനെ സ്വന്തത്തെക്കാളധികം സിദ്ദീഖിനറിയാം. പല തവണ തന്റെ സമ്മാനം സ്വീകരിച്ച നബി ഇപ്പോൾ ഇങ്ങനെയൊരു നിലപാട് എടുക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവും. അതിനാൽ തന്നെ സിദ്ദീഖ് മറുത്തൊന്നും പറഞ്ഞില്ല. തെല്ലൊരു മടിയോടെ വില പറയുകയാണുണ്ടായത്- 400 ദിർഹം. തിരുനബിക്ക് അത് സമ്മതവുമായിരുന്നു. വില നൽകി അദ്ദേഹം ഒട്ടകത്തെ സ്വന്തമാക്കി.
സ്വശരീരം ഒഴികെയുള്ളതെല്ലാം ത്യജിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ പലായനത്തിനിറങ്ങുമ്പോൾ ആത്മസുഹൃത്ത് വെച്ചുനീട്ടിയ സ്നേഹസമ്മാനം പോലും തന്റെ കൈവശം പാടില്ലെന്ന് നബിക്ക് നിർബന്ധമുണ്ടായിരുന്നു. തന്റെ ഹിജ്റ തീർത്തും തന്റേതു മാത്രമായിരിക്കണമെന്ന നിർബന്ധം. ഹിജ്റയിൽ ദൂതരുടെ കൈവശമുണ്ടായിരുന്ന ഏക ഭൗതിക വിഭവം ചുവപ്പിൽ നേരിയ വെള്ള കലർന്ന, നാലു വയസ്സ് മാത്രമുള്ള ഈ ജീവി മാത്രമായിരുന്നു.
മരുഭൂമിയുടെ വന്യതയെയും മണൽപ്പരപ്പിനെയും കരിമ്പാറക്കൂട്ടങ്ങളെയും വകവെക്കാതെ ആദ്യം ഖുബായുടെ തണലിലേക്കും പിന്നെ യസ്‌രിബിന്റെ പച്ചപ്പിലേക്കും പുണ്യദൂതരെ വഹിച്ച് 12 ദിനരാത്രങ്ങൾ ശാന്തമായി സഞ്ചരിച്ച ഇവളെ തിരുനബി സ്നേഹത്തോടെ വിളിച്ചത് ഖസ്‌വാ എന്നാണ്. ജീവിതാന്ത്യം വരെ പ്രിയ നബിയെ സുപ്രധാന യാത്രകളിലെല്ലാം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട യാത്രാവാഹനമാണിവൾ.
ചെങ്കടലിന്റെ തീരത്തുകൂടി അനേകം കാതങ്ങൾ താണ്ടി യസ്‌രിബിന്റെ ആമോദാരവങ്ങളിലേക്ക് ദൂതരെ കൊണ്ടിറക്കുമ്പോൾ ഖസ്‌വാ അനുഭവിച്ച ആനന്ദം ചരിത്രം ആയിരം നാവുകളോടെയാണ് വർണിക്കുന്നത്.
മാമലകൾക്കപ്പുറത്തേക്ക് മനസ്സും മിഴികളുമെറിഞ്ഞ് ആകാംക്ഷയോടെയാണ് യസ്‌രിബുകാർ ദൈവദൂതരെ കാത്തിരുന്നത്. അവരിൽ മുസ് ലിംകൾ മാത്രമല്ല, ജൂതരും ക്രൈസ്തവരും സത്യനിഷേധികളും വരെയുണ്ടായിരുന്നു.പാട്ടുപാടി തുള്ളിച്ചാടിയിരുന്ന ബാലികാബാലൻമാരും വിസ്‌മയം നിറഞ്ഞ മിഴികളുമായി പുരുഷാരവും സൃഷ്ടിച്ച ആഹ്ളാദപ്പകലിലേക്ക് ഖസ്‌വാ നടന്നെത്തിയത് രാജകീയമായാണ്.
ഔസ്-ഖസ്റജുകാരിലെ പടച്ചട്ടയും വാളുമണിഞ്ഞ യുവാക്കൾ ഖുബാ മുതൽ നബിയുടെ സംഘത്തിന് അകമ്പടി നൽകിയിരുന്നു.ഇവർക്കു മുന്നിലായിരുന്നു തിരുനബിയെയും വഹിച്ചുളള ഖസ്‌വായുടെ സഞ്ചാരം. യസ്‌രിബിലെത്തിയപ്പോഴാകട്ടെ ഇരുഭാഗങ്ങളിലുമുയർന്ന മനുഷ്യ മതിലുകൾക്ക് മധ്യെ രൂപപ്പെട്ട രാജകീയ വഴിത്താരയിലൂടെയും. അവളുടെ നടത്തത്തിന് അപ്പോൾ ഒരു പ്രത്യേക താളവുമുണ്ടായിരുന്നു.
തിരുനബി എവിടെ ഇറങ്ങുമെന്ന ആകാംക്ഷയിലായിരുന്നു അവിടെ കൂടിയ ഓരോരുത്തരും. അതുകൊണ്ടുതന്നെ നബിയെ കണ്ടുകണ്ട് കൊതി തീർന്നവരുടെ അടുത്ത നോട്ടം ഖസ്‌വായിലേക്കായിരുന്നു.അവൾ എവിടെ മുട്ടുകുത്തും എന്ന് ഇമവെട്ടാതെ അവർ നോക്കിക്കൊണ്ടേയിരുന്നു.അവൾ തന്റെ കുടിലിന്റെ മുറ്റത്ത് മുട്ടുകുത്തിയെങ്കിൽ എന്ന് ആശിക്കാത്ത ഒരാളും ആ ജനാവലിയിൽ ഉണ്ടായിരുന്നില്ല. തങ്ങളുടെ വീടിനെയും വിട്ട് ശാന്തമായി കടന്നുപോകുന്ന ഖസ്‌വായെ നിരാശയോടെ പലരും നോക്കി. ക്ഷമകെട്ട അവരിൽ ചിലർ അതിന്റെ കടിഞ്ഞാൺ പിടിച്ചുവലിക്കുന്നതും കാണാനായി. അവരെ നോക്കി പുഞ്ചിരിയോടെ ദൂതർ പറഞ്ഞു: “ഖസ്‌വായെ അതിന്റെ പാട്ടിനു വിട്ടേക്കൂ, അല്ലാഹുവിന്റെ കല്പന പ്രകാരമാണ് അവൾ സഞ്ചാരം തുടരുന്നത്.”
അതിനിടെ നജ്ജാർ കുടുംബത്തിന്റെ വാസസ്ഥലമെത്തിയപ്പോൾ അവളൊന്ന് നിന്നു. സന്തോഷത്താൽ മതിമറന്ന ആ വീട്ടുകാർ നബിയെ ഇറങ്ങാൻ നിർബന്ധിക്കുന്നതിനിടെ ഖസ്‌വാ വീണ്ടും നടന്നുതുടങ്ങി. ആ സഞ്ചാരം അവസാനിച്ചത് അസദ് കുടുംബക്കാർ പ്രാർഥനക്കായി ഒരുക്കിയ ഒരു വേലിക്കെട്ടിനകത്തായിരുന്നു. അതിന്റെ കവാടത്തിൽ അവൾ നിന്നു.പിന്നെ മുട്ടുകുത്തി. പള്ളഭാഗം മണ്ണോട് ചേർത്ത് അവൾ കിടക്കുകയും ചെയ്തു, ദൈവനിശ്ചയം പോലെ.
ഹിജ്റയുടെ വഴി അവസാനിച്ച, ഈത്തപ്പഴം ഉണക്കാൻ ഉപയോഗിച്ചിരുന്ന ആ മുറ്റമാണ് പിന്നീട് തിരുനബി തന്റെ പാർപ്പിടമാക്കിയത്.
ഖസ്‌വാ മുട്ടുകുത്തിയ ഇതേ വിശുദ്ധ മണ്ണ് അതിന്റെ ഉടമയിൽ നിന്ന് നബി വിലകൊടുത്തു വാങ്ങി. ആ സ്ഥലം സൗജന്യമായി നൽകാമെന്ന ഉടമയുടെ വാഗ്ദാനം നബി അംഗീകരിച്ചില്ല. തിരുനബിയുടെ തന്നെ നാമധേയത്തിൽ അറിയപ്പെട്ട മസ്ജിദിന് അടിക്കല്ലിട്ടത് ഇതേ ഭൂമിയിലാണ്.എക്കാലത്തും വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയാവേശം നിറച്ച് പത്തോളം മിനാരങ്ങൾ വിണ്ണിലുയർത്തി നിൽക്കുന്ന പ്രിയപ്പെട്ട മസ്ജിദുന്നബവിയാണത്. ആ മിനാരങ്ങൾ കാണുമ്പോഴൊക്കെയും ഖസ്‌വാ നമ്മുടെ മനസ്സിൽ ഓർമയായി നിറയും. ആ മസ്ജിദിൽ സുജൂദിലമരുമ്പോഴെല്ലാം ഖസ്‌വായുടെ അടിവയറിന്റെ ചൂടും ചൂരും നമുക്ക് അനുഭവിക്കാനാവും.
ഹിജ്റയിലൂടെ നബിയുടെ വാഹനമായി ചരിത്രത്തിലേക്ക് പാദമൂന്നിയ ഖസ്‌വാ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലെല്ലാം തലയുയർത്തി മുന്നിൽ തന്നെയുണ്ടായിരുന്നു. അവളുടെ പുറത്തെ കട്ടിലിൽ പ്രിയ നബിയുമുണ്ടാവും.
ബദ്റിൽ, ഹുദൈബിയാ സന്ധിയിൽ, മക്കാ വിജയത്തിൽ, ഒടുവിൽ വിടവാങ്ങൽ ഹജ്ജിൽ… ഒരു ദശകത്തിലേറെ കാലം നബിയുടെ പ്രിയ വാഹനമായി മദീനയിൽ വിരാജിച്ച ഖസ്‌വാ തിരുവിയോഗത്തിന്റെ വേദന കൂടി അനുഭവിച്ച ശേഷമാണ് മൃതിയടഞ്ഞത്. .