اَللَّهُمَّ أَصْلِحْ لِي دِينِي اَلَّذِي هُوَ عِصْمَةُ أَمْرِي, وَأَصْلِحْ لِي دُنْيَايَ اَلَّتِي فِيهَا مَعَاشِي, وَأَصْلِحْ لِي آخِرَتِي اَلَّتِي إِلَيْهَا مَعَادِي, وَاجْعَلْ اَلْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ, وَاجْعَلْ اَلْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ
അല്ലാഹുവേ, എന്റെ കാര്യങ്ങളുടെ സംരക്ഷണമായ എന്റെ മതം നേരെയാക്കേണമേ, എന്റെ ജീവിതമുള്ള ദുനിയാവും എനിക്ക് നേരെയാക്കിത്തരേണമേ, എന്റെ മടക്കസ്ഥലമായ പരലോകവും എനിക്ക് നേരെയാക്കിത്തരേണമേ, എന്റെ ജീവിതത്തെ എല്ലാ നന്മകള്‍ കൊണ്ടും സമൃദ്ധമാക്കേണമേ, എന്റെ മരണത്തെ ഉപദ്രവങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നുമുള്ള ആശ്വാസമാക്കേണമേ. (സ്വഹീഹു മുസ്‌ലിം: 2820)
ജീവിതത്തില്‍ എപ്പോഴും നന്മ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നാം ഇടപെടുന്ന മുഴുവന്‍ മേഖലകളിലും നന്മയും സുകൃതവും ഉണ്ടാവാനാണ് എല്ലാവരുടെയും താല്‍പര്യം. ഇഹലോക ജീവിതവും പരലോക ജീവിതവും സമാധാന പൂര്‍ണവും അനുഗ്രഹീതവുമാവാന്‍ മത ജീവിതത്തെ ഏറ്റവും നല്ല രീതിയിലാക്കി തീര്‍ക്കാന്‍ സാധിക്കണം. മതം, ഇഹലോകം, പരലോകം, ജീവിതം, മരണം എന്നീ അഞ്ചുകാര്യങ്ങള്‍ ഏറ്റവും നന്നാക്കി തീര്‍ക്കുവാന്‍ വേണ്ടി പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ഥനയാണിത്.
പ്രാര്‍ഥനയില്‍ പ്രഥമമായി ചോദിക്കുന്നത് മതത്തെ നന്നാക്കുവാന്‍ വേണ്ടിയാണ്. മതത്തെ അഥവാ ഇസ്‌ലാമിനെ കാര്യങ്ങളുടെ സംരക്ഷണമെന്നാണ് പ്രവാചകന്‍ (സ്വ) പരിചയപ്പെടുത്തിയത്. നമ്മുടെ വ്യക്തിത്വം, സ്വഭാവം, ഇടപെടലുകള്‍, ഇടപാടുകള്‍ തുടങ്ങിമുഴുവന്‍ കാര്യങ്ങളെയും ഉദാത്ത മാതൃകയില്‍ നിലനിര്‍ത്തുന്നത് നമ്മുടെ ഇസ്‌ലാമാണ്. അത് നഷ്ടപെട്ട് കഴിഞ്ഞാല്‍ മേല്‍ സൂചിപ്പിച്ച പോലുള്ള ധാരാളം കാര്യങ്ങള്‍ നമുക്ക് നഷ്ടമാവും.
ജീവിതത്തില്‍ മത കല്‍പനകളെ മുറുകെ പിടിക്കുന്നതോടു കൂടി ഭൗതിക ജീവിതം ഉപേക്ഷിക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. മറിച്ച് ഭൗതിക ജീവിതത്തില്‍ നിന്നുള്ള ഓഹരി വിസ്മരിക്കരുതെന്നാണ് ഖുര്‍ആനിക കല്‍പന. അതോടൊപ്പം മതജീവിതം നല്ല രീതിയിലാക്കി തീര്‍ക്കുവാന്‍ ഭൗതിക ജീവിതം നന്നാവേണ്ടതുമുണ്ട്. അതിനാലാവാം പ്രാര്‍ഥനയുടെ രണ്ടാം ഭാഗമായി ദുനിയാവ് നന്നാക്കുവാന്‍ വേണ്ടി പ്രവാചകന്‍ (സ്വ) പ്രാര്‍ഥിച്ചത്.
മത ജീവിതവും ഭൗതിക ജീവിതവും നന്നായാല്‍ മാത്രം മതിയാവില്ല. ഏറ്റവും ആത്യന്തികമായി പരലോക ജീവിതം ലക്ഷ്യം വെക്കുന്ന വിശ്വാസിക്ക് അതിന്ന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കാന്‍ കഴിയില്ല. പ്രാര്‍ഥനയുടെ അവസാന ഭാഗത്ത് ജീവിതത്തില്‍ എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും തേടുകയാണ്. അതോടൊപ്പം ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്നുള്ള ആശ്വാസമായി മരണത്തെ മാറ്റുവാന്‍ കൂടി പ്രാര്‍ഥിക്കുന്നു.
നമ്മുടെ ഇരുലോകത്തെയും ജീവിത ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്ന പ്രാര്‍ഥനയാണിത്. അതിനാല്‍ നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം.