LoginRegister

വർത്തമാനത്തിൽ ജീവിക്കൂ

Feed Back


ചില മനുഷ്യരുണ്ട്. പ്രതീക്ഷയിലായിരിക്കും അവർ ജീവിക്കുന്നതു തന്നെ. വന്നു ചേരാനുള്ളവയെ കാത്തു നിന്ന് അവർ കാലം കഴിക്കും. മറ്റു ചിലരുണ്ട്, അവർ എക്കാലത്തും ഭൂതകാലത്താവും ജീവിക്കുന്നത്. കഴിഞ്ഞുപോയ നിമിഷങ്ങളിൽ കുരുങ്ങിക്കുരുങ്ങി അവരുടെ ജീവിതവും തീരും.
ഈ രണ്ടു തരം മനുഷ്യർക്കും വർത്തമാനത്തിൽ ഒരു ജീവിതം സാധ്യമാവില്ല എന്നതാണ് കാര്യം. അമിതമായ പ്രതീക്ഷകൾ നമ്മെ വലിയ നിരാശകളിലേക്കു നയിക്കാനുള്ള സാധ്യതകളേറെയാണ്. ഇപ്പോഴുള്ളതിനെ ആസ്വദിക്കാൻ സാധിക്കാത്ത വിധം അവർ പരിവർത്തിക്കപ്പെടും. തങ്ങൾ പ്രതീക്ഷിക്കുന്നതു തന്നെ സംഭവിക്കണമെന്നില്ലല്ലോ ജീവിതത്തിൽ. പ്രതീക്ഷക്കൊത്തുയരാത്ത ജീവിതത്തെച്ചൊല്ലി അവർ വലിയ ആധിയിലായിരിക്കും.
ഭൂതകാലത്തോടു കെട്ടുപിണഞ്ഞു കിടക്കുന്നവരുടെ അവസ്ഥയും മറ്റൊന്നല്ല. പിന്നോട്ടു നോക്കിയിരിക്കുന്നവർക്ക് ഇക്കാലത്ത് ചെയ്തു തീർക്കേണ്ടവയെ പരിഗണിക്കാനാവില്ല.
നിങ്ങൾ വാഹനങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? വാഹനങ്ങളുടെ മുൻവശത്തെ ചില്ല് ഏറെ വലുതായിരിക്കും. ഡ്രൈവർക്ക് തന്റെ മുന്നിലുള്ള കാഴ്ചകൾ സ്പഷ്ടമായി കാണാവുന്ന തരത്തിലാണ് അത് സംവിധാനിച്ചു വെച്ചിട്ടുള്ളത്. മുന്നിലുള്ള ഓരോ അടയാളങ്ങളും കണ്ടു മനസിലാക്കി സമീപ ഭാവിയെ ഡ്രൈവർക്ക് തിരിച്ചറിയാനാവും. എന്നാൽ, പിന്നിട്ട പാതയെ കാണാൻ ചെറിയ രണ്ടു കണ്ണാടികൾ മാത്രമാണ് വാഹനത്തിനുണ്ടാവുക. ഒന്നു നോക്കി മനസിലാക്കി മുന്നോട്ടു ദൃഷ്ടി പായിക്കുകയേ വേണ്ടതുള്ളൂ. അതിന് ആ കണ്ണാടികൾ തന്നെ ധാരാളമാണ്.
ഈ വാഹനത്തെ ഉദാഹരണമാക്കിയാൽ നമ്മുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണ രൂപപ്പെടുത്താനാവും. ഭൂതകാലത്തിൽ നിന്ന് പാഠങ്ങളുൾക്കൊള്ളുകയും ഭാവിയിലേക്ക് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയുമാണ് വേണ്ടത്.
ഓർമകളും പ്രതീക്ഷകളും നമ്മുടെ ഇപ്പോഴത്തെ യാത്രയ്ക്ക് സഹായകമാവുകയാണ് വേണ്ടത്. നമ്മുടെ വാഹനത്തെ അലങ്കരിക്കുന്ന കൊടിതോരണങ്ങളായേ അവ മാറാൻ പാടുള്ളൂ. ആ തോരണങ്ങൾ വാഹനത്തിന്റെ ഗതി മാറ്റും വിധം ചക്രത്തിൽ കുരുങ്ങാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top