ഫാര്‍മസി മേഖലയിലെ സാധ്യതകളും പഠനാവസരങ്ങളും വിശദീകരിക്കാമോ?
അമീന്‍ പട്ടാമ്പി്
വിവിധ മരുന്നുകളുടെ നിര്‍മാണം, വിതരണം, ഗുണനിയന്ത്രണം, അവയുടെ ഗവേഷണം, പാര്‍ശ്വ ഫലങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ഫാര്‍മസി. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ജോലിക്കും ഉപരി പഠനത്തിനുമുള്ള സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. ബയോടെക്നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ജനറ്റിക് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വന്‍ കുതിച്ചുചാട്ടം ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഫാര്‍മസി മേഖലകളിലുള്ള പ്രധാന പഠനാവസരങ്ങളെ പരിചയപ്പെടാം.
ബി.ഫാം
(ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി)
ഫാര്‍മസി മേഖലയിലെ ബിരുദ കോഴ്സാണ് ബി.ഫാം. നാല് വര്‍ഷമാണ് കോഴ്സ് കാലാവധി. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി വിഷയങ്ങള്‍ പഠിച്ച് ഓരോന്നും ജയിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്കും കൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാം പേപ്പര്‍ (ഫിസിക്സ്, കെമിസ്ട്രി) മാര്‍ക്ക് പരിഗണിച്ച് തയ്യാറാക്കുന്ന കീം റാങ്ക് ലിസ്റ്റില്‍ നിന്നാണ് കേരളത്തിലെ പ്രവേശനം.
കേരളത്തില്‍ 5 ഗവണ്‍മെന്റ് സ്ഥാപനങ്ങളും 52 സ്വാശ്രയ സ്ഥാപനങ്ങളുമാണുള്ളത്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളുമാണ് കീം റാങ്ക് ലിസ്റ്റ് വഴി നികത്തുന്നത്. ബാക്കി 50 ശതമാനം സ്വാശ്രയ സീറ്റുകള്‍ക്ക് കീം ബി.ഫാം റാങ്ക് നിര്‍ബന്ധമില്ല. താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നേരിട്ട് അപേക്ഷിച്ചാല്‍ മതി.
ബി. ഫാം പൂര്‍ത്തിയാക്കിയവര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി, ഹോസ്പിറ്റലുകള്‍, ഫാര്‍മസികള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട് മെന്റുകള്‍ (ഡ്രഗ് ഇന്‍സ്പെക്ടര്‍, ഡ്രഗ് അനലിസ്റ്റ്) തുടങ്ങിയവയില്‍ ജോലി സാധ്യതയുണ്ട്. അധ്യാപനം, ഗവേഷണം എന്നിവയില്‍ താല്‍പര്യമുള്ളവര്‍ ഉപരിപഠനത്തിന് തയ്യാറെടുക്കേണ്ടതുണ്ട് . ബി.ഫാം പഠനത്തിന് ശേഷം M Pharm (Master of Pharmacy), Pharm D (ലാറ്ററല്‍ പ്രവേശനം), MBA (Pharmaceutical Management), MBA (Pharma Marketing), MSc Clinical Research/ Bio informatics/ Pharmaceutical Chemistry, M.Tech Biotechnology/ Medical bio technology/ Bio informatics തുടങ്ങിയ മേഖലകളില്‍ ഉപരിപഠനം നടത്താം.
ഡി.ഫാം
(ഡിപ്ലോമ ഇന്‍ ഫാര്‍മസി)
രണ്ട് വര്‍ഷം പഠനവും മൂന്ന് മാസം (500 മണിക്കൂര്‍) പ്രായോഗിക പരിശീലനവുമടങ്ങിയ ഫാര്‍മസി ഡിപ്ലോമ കോഴ്സുകള്‍ സര്‍ക്കാര്‍ മേഖലയിലും അംഗീകൃത സ്വകാര്യ ഫാര്‍മസി കോളജുകളിലും ലഭ്യമാണ്. പ്ലസ്ടു വിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ വഴിയാണ് അഡ്മിഷന്‍. ഡി.ഫാമുകാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ബി.ഫാം പ്രവേശനത്തിന് അവസരമുണ്ട്. പ്രധാനമായും ഫാര്‍മസികളിലും മരുന്ന് ഉല്‍പാദന/ വിതരണ കമ്പനികളിലും ആശുപത്രികളിലുമാണ് ഡി.ഫാം യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഫാര്‍മസിസ്റ്റായി രജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം ഡിപ്ലോമ ഇന്‍ ഫാര്‍മസി എക്സിറ്റ് എക്സാമിനേഷന്‍ കൂടി ജയിക്കേണ്ടതുണ്ട്.
ഫാം.ഡി (ഡോക്ടര്‍ ഓഫ് ഫാര്‍മസി)
ഇന്ത്യയിലെ ഫാര്‍മസി പഠന രംഗത്ത് താരതമ്യേന പുതിയ കോഴ്സാണ് ഫാം.ഡി. ഗവേഷണത്തിനും ക്ലിനിക്കല്‍ പ്രാക്ടീസിനും പ്രാധാന്യം നല്‍കികൊണ്ട് വിഭാവനം ചെയ്ത കോഴ്സാണിത്. ബയോളജി/ മാത്തമാറ്റിക്സില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുമുള്ള പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത്. അതാത് സ്ഥാപനത്തില്‍ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ആറ് വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. അവസാന വര്‍ഷം ഇന്റേണ്‍ഷിപ്പാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായി പ്രവര്‍ത്തിക്കാം. ഇന്ത്യയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും വിദേശ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മികച്ച തൊഴിലവസരങ്ങളുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, ഗവേഷണം, മാര്‍ക്കറ്റിംഗ് മേഖലകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ബി.ഫാം ബിരുദ ധാരികള്‍ക്ക് ഫാം.ഡി ( Post baccalaureate ) കോഴ്സ് വഴി മൂന്ന് വര്‍ഷം കൊണ്ട് ഫാം.ഡി ബിരുദം കരസ്ഥമാക്കാവുന്നതാണ്. രണ്ട് വര്‍ഷം പഠനവും ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും.
പ്രമുഖ സ്ഥാപനങ്ങള്‍
NIPER(National Institute of Pharmaceutical Education & Research)ന്റെ വിവിധ കാമ്പസുകളായ മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി എന്നിവിടങ്ങളില്‍ ഫാര്‍മസി മേഖലയിലെ വിവിധ കോഴ്സുകള്‍ ലഭ്യമാണ്.
ജാമിയ ഹംദര്‍ദ്, പഞ്ചാബ് യൂനിവേഴ്സിറ്റി, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സ് പിലാനി, ജെ എസ് എസ് കോളജ് ഓഫ് ഫാര്‍മസി ഊട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ, മണിപ്പാല്‍ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് മണിപ്പാല്‍, എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്നോളജി ചെന്നൈ, അമൃത വിശ്വപീഠം കോയമ്പത്തൂര്‍, അമിറ്റി യൂനിവേഴ്സിറ്റി, ജാദവ് പൂര്‍ യൂനിവേഴ്സ്റ്റി കൊല്‍ക്കത്ത തുടങ്ങിയവയും ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളാണ്. GPAT (Graduate Pharmacy Aptitude Test) എന്ന ദേശീയ തല പ്രവേശന പരീക്ഷ വഴി സ്‌റ്റൈപ്പന്റോടു കൂടി, വിവിധ സ്ഥാപനങ്ങളില്‍ M.Pharm (Master of Pharmacy) കോഴ്സ് പഠിക്കാവുന്നതാണ്. മൊനാഷ് യൂനിവേഴ്സിറ്റി (ഓസ്ട്രേലിയ), ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി (യു.എസ്), ഓക്സ് ഫോര്‍ഡ് യൂനിവേഴ്സിറ്റി (യു.കെ), യു സി എല്‍ (യു കെ), നോട്ടിംഗ് ഹാം യൂനിവേഴ്സിറ്റി (യു കെ), കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി (യു കെ), ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി (യു എസ്), ടൊറണ്ടോ യൂനിവേഴ്സിറ്റി (കാനഡ) തുടങ്ങിയ വിദേശ യൂനിവേഴ്സിറ്റികളും ഫാര്‍മസി പഠന രംഗത്ത് ശ്രദ്ധേയമായ കോഴ്സുകള്‍ നല്‍കുന്നുണ്ട്.