LoginRegister

പെരുന്നാള്‍ കനവുകള്‍

കെ എം ശാഫി

Feed Back

ആകഴിഞ്ഞ പെരുന്നാളിന് ഇന്‍ഡോനേഷ്യയിലെ ബാലിക്ക് ബപ്പാനിലായിരുന്നു. പെരുന്നാളിന് നാല് ദിവസം മുമ്പാണ് സമറിന്ത വിമാനത്താവളത്തിലെ തിരക്കൊഴിഞ്ഞ മാര്‍ബിള്‍ തറയും കടന്ന് പുറത്തെ വരണ്ട കാഴ്ച്ചകളിലേക്ക് കണ്ണ് തുറന്നത്. ഒരു വിമാനത്താവളത്തിന് വേണ്ടതെന്നു നമ്മള്‍ കരുതുന്ന സൗകര്യങ്ങളൊന്നുമില്ലാത്ത ടെര്‍മിനലിനു പുറത്തെ വിളറിനരച്ച കാഴ്ച്ചപ്പുറത്തെവിടെയോ ധവാന്‍ എനിക്കായ് കാത്തുനില്‍പ്പുണ്ടായിരുന്നു. വാട്ട്സാപ്പ് ഡി പിയിലെ എന്‍റെ ചിത്രം കണ്ടാവും അകലെനിന്നേ പാന്‍കറ വീണ പല്ലും പുറത്തിട്ട് അയാള്‍ എനിക്ക് നേരെ നടന്നു വന്നു. സ്വീകരണമര്യാദ കണ്ട് ആദ്യം ഞാനൊന്ന് അന്തംവിട്ടു. ഇന്‍ഡോനേഷ്യയിലെ ഓരോ ദ്വീപുകളിലും സംസ്കാരങ്ങളുടെ നിറഭേദങ്ങളുണ്ട്. ഷേക്ക്ഹാന്‍റിനും ആലിംഗനത്തിനുമുള്ള സമയദൈര്‍ഘ്യം പലപ്പോഴും അസ്വസ്ഥനാക്കിയിട്ടുണ്ട് മുമ്പും. എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ജീവനക്കാരനായ ധവാനെ ചില കച്ചവടകാര്യങ്ങളിലൂടെയുള്ള പരിചയമാണ്. ഒരാഴ്ച്ച നീണ്ടുനിന്ന ആ യാത്രയിലെ പെരുന്നാള്‍ ദിനങ്ങള്‍ പഴയ പെരുന്നാള്‍ ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. നഗരത്തില്‍ നിന്ന് കുറച്ച് ദൂരെ ജനവാസകേന്ദ്രത്തിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു താമസം. സഞ്ചാരികളൊന്നും അധികമെത്താത്ത പ്രദേശമായത് കൊണ്ട് തന്നെ എന്‍റെ സാന്നിധ്യം പ്രദേശവാസികളില്‍ ചിലര്‍ക്കേറെ കൗതുകമായിരുന്നു. അടുത്ത് കൂടാനും പരിചയപ്പെടാനും സല്‍ക്കരിക്കാനും ഇഷ്ടമുള്ളവരാണ് ഇവിടത്തുകാര്‍. അവരുടെ സംസ്കാരങ്ങളുടെ നിറപ്പൊലിമകള്‍ക്കിടയില്‍ കൗതുകത്തോടെ കടന്നുപോയ നാളുകള്‍ മനസിലെന്നും തോരാതെ പെയ്തുകൊണ്ടിരിക്കും.
പണ്ടത്തെ നമ്മുടെ നാട്ടിലെ പാതിരാവയളുകളെ ഓര്‍മിപ്പിക്കുന്ന രാത്രിയോഗത്തിനിടയിലൂടെ മാര്‍ക്കറ്റിലേക്ക് നടക്കുമ്പോള്‍ ഓര്‍മകളുടെ വേലിയേറ്റമായിരുന്നു. ആ തിരക്കുകള്‍ക്കിടയിലൂടെ കുട്ടികള്‍ പൊരിച്ചെടുത്ത എന്തൊക്കെയോ പലഹാരങ്ങള്‍ വില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് പാതിരാവയളുകള്‍ ഞങ്ങള്‍ക്ക് രാത്രിസ്വാതന്ത്ര്യത്തിന്‍റെ ലൈസന്‍സായിരുന്നു. ഞങ്ങളുടെ നാട്ടിലൊക്കെ ഓരോ അങ്ങാടിയിലും അന്ന് രാത്രിവയളുകളുണ്ടാവും. ഉപ്പ ഗള്‍ഫിലായ കാലത്താണ് ഞാനൊക്കെ വയളിന്‍റെ പേരുംപറഞ്ഞ് പുറത്തിറങ്ങാന്‍ തുടങ്ങിയത്. ആര്‍ഭാടങ്ങളധികമില്ലാത്ത കാലമാണല്ലോ അന്ന്. പെരുന്നാളിനെ ഇച്ചിരിയെങ്കിലും ആഘോഷമാക്കാന്‍ നമ്മള് തന്നെ തീരുമാനിക്കണം. ഉമ്മയോ, ഉപ്പയോ പോക്കറ്റ് മണി തരുന്നത് പോയിട്ട് പെരുന്നാള്‍ കോടി വാങ്ങിത്തരാന്‍ വരെ എടങ്ങാറാകുന്ന കാലമാണ്. അന്ന് വയളുപറമ്പുകളില്‍ കടലകച്ചവടം ചെയ്യുന്നത് പതിവായിരുന്നു. പ്രാകിപ്പറഞ്ഞാണെങ്കിലും ഉമ്മ തന്നെയാണ് കച്ചവടത്തിനുള്ള കടല വറുത്ത് നിപ്പോ ബാറ്ററിയുടെ ചെറിയപെട്ടിയിലാക്കി തന്നിരുന്നത്. കുപ്പിമൂടി കൊണ്ടളന്ന് കടല വിറ്റ് കീശയിലൊരുപാട് നാണയത്തുട്ടുകളുമായി വീട്ടിലേക്ക് കേറിവരുമ്പോള്‍ ഉമ്മ ആകാംക്ഷയോടെ കാത്തിരിപ്പുണ്ടാകും. ഞാനും ഉമ്മയും കൂടി നാണയങ്ങളും നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയാണ്. ഇങ്ങനെ സമ്പാദിച്ച പൈസകൊണ്ടാണ് പെരുന്നാളോഘോഷം. പൂത്തിരിയും പമ്പരവും ഓലച്ചടക്കവും മേശപൂവ്വും പെരുന്നാള്‍ രാത്രി കത്തിയെരിയുമ്പോള്‍ ഒരു വീടൊന്നാകെ സന്തോഷാര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാവും. അവസാന നോമ്പും തുറന്ന് ഫിത്ര്‍ സക്കാത്തിന്‍റെ അരി കൊടുക്കാന്‍ അയല്‍പക്കങ്ങളിലേക്കും കുടുംബ വീടുകളിലേക്കും ഇടവഴികള്‍ താണ്ടിക്കടന്നൊരു യാത്രയുണ്ട്. ഉറക്കെ തക്ബീര്‍ ചൊല്ലിക്കൊണ്ടാണ് ഇരുട്ട് കുത്തിക്കിടക്കുന്ന ഇടുങ്ങിയ വഴികളിലൂടെ ടോര്‍ച്ചും മിന്നിച്ച് നടക്കുക. ഉപ്പ വീട്ടിലുണ്ടാവുന്ന കാലത്തൊക്കെ ഉപ്പ തന്നെയാണ് സക്കാത്തിനുള്ള അരി അളന്നു ഉറയിലിട്ട് തരിക. പെരുന്നാള്‍ തലേന്ന് രാത്രി സക്കാത്തിന്‍റെ അരിയുമായി കുടുംബക്കാരൊക്കെ ഓരോരുത്തരായി വീട്ടില്‍ വരും. അവരില്‍നിന്നൊക്കെ പെരുന്നാള്‍ പൈസയും വാങ്ങുകയെന്നതാണ് ഞങ്ങള്‍ കുട്ടികളുടെ പണി. ഇശാ നിസ്കാരത്തിന് പള്ളിയില്‍ പോയാല്‍ ജമാഅത്ത് കഴിഞ്ഞ് അവിടെത്തന്നെ മുട്ടിക്കൂടും. അന്നേരം മൊല്ലാക്ക സ്പീക്കര്‍ ഓണാക്കി ഞങ്ങള്‍ക്കിടയിലേക്ക് പാകപ്പെടുത്തി വെച്ച് തരും. മൈക്കിന് ചുറ്റും വട്ടം കൂടിയിരുന്ന് ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലും. ആര്‍ത്തുവിളിച്ചാണ് പലരും തക്ബീര്‍ ചൊല്ലുക. മൈക്കിനടുത്തേക്കെത്താന്‍ നടത്തുന്നൊരു മത്സരമുണ്ട് അന്നേരം. വീട്ടിലെത്തുമ്പോള്‍ ഉമ്മ പറയും 'മൈക്കിലൂടെ ങ്ങളെ തക്ബീര്‍ മ്മ കേട്ടല്ലോ'ന്ന്. അതൊരു വല്ലാത്ത അംഗീകാരമാണ്. ഓര്‍ക്കുമ്പോള്‍ ആ പെരുന്നാളൊക്കെ കാലം കവര്‍ന്നതില്‍ മനസ്സിലൊരു പുഴയിരമ്പലാണ്.
രാത്രി ഏറെ വൈകിയാണ് ഉമ്മാനെ കാത്തിരുന്നുകാത്തിരുന്ന് ഉറക്കം പിടിക്കുക. ഉമ്മ അടുക്കളയില്‍ പിറ്റേന്നത്തേക്കുള്ള പെരുന്നാള്‍ വിഭവങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലായിരിക്കും. അതിനിടയില്‍ നാളെ പെരുന്നാളിനുടുക്കാനുള്ള പുത്തന്‍ കുപ്പായം തിരിച്ചും, മറിച്ചും നോക്കി എരിപിരി കൊള്ളും. ഒന്ന് നേരം വെളുത്തു കിട്ടിയാല്‍മതീന്ന് മനസ്സിങ്ങനെ പറഞ്ഞോണ്ടിരിക്കും. ഉമ്മാന്‍റെ വക ചെറിയൊരു മൈലാഞ്ചിവട്ടം കയ്യില്‍ ചാര്‍ത്തിയാണ് ഉറങ്ങാന്‍ കിടക്കുക. കൈയെവിടെയും തട്ടാതെ, മുട്ടാതെ ഏറെ ശ്രദ്ധയോടെ ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉടുത്ത തുണിയിലും കുപ്പായത്തിലുമൊക്കെ കയ്യിലെ മൈലാഞ്ചിബാക്കി പറ്റിപ്പിടിച്ചു കിടപ്പുണ്ടാവും.
പുലര്‍ച്ചെ എഴുന്നേറ്റാല്‍ ഉമ്മയാണ് എണ്ണയൊക്കെ തേപ്പിച്ചു കുളിപ്പിക്കുക. ഏറെ വളര്‍ന്നിട്ടും സ്വന്തം കുളിക്കാന്‍ തുടങ്ങിയിട്ടും പെരുന്നാള്‍ കുളി ഉമ്മ തന്നെയാവണമെന്ന് വല്ലാത്തൊരു നിര്‍ബന്ധമായിരുന്നു. ആ തേങ്ങാപീരിന്‍റെ മണം ഇന്നും ഓരോ പെരുന്നാളിനും എന്നെത്തേടി വരും. കുളി കഴിഞ്ഞ് പുത്തനുടുപ്പിട്ട് അത്തറും പൂശി പള്ളിയിലേക്ക് പോവുന്നൊരു പോക്കുണ്ട്. ലോകം തന്നെ നമ്മുടേതാവുന്ന ദിവസമാണത്. ഫോറിന്‍ കുപ്പായത്തിന്‍റെ കാലത്ത് ഞങ്ങള്‍ നാല് ആണ്‍കുട്ടികളും ഒരേ നിറത്തിലും, കോലത്തിലുമുള്ള കുപ്പായമാണിടുക. ഉപ്പ ഗള്‍ഫില്‍നിന്ന് കൊണ്ടുവന്നതോ, കൊടുത്തയക്കുന്നതോ ആയ ഒരു നീളന്‍ ശീലയില്‍നിന്നാണ് എല്ലാര്‍ക്കും കുപ്പായം തയ്ക്കുക. ശ്രീധരന്‍ ടൈലറാണ് ഞങ്ങളുടെ പാന്‍റ്സും കുപ്പായവുമൊക്കെ അടിച്ചിരുന്നത്. ഉപ്പാന്‍റെ വല്യ സുഹൃത്തായിരുന്നു ടൈലര്‍, ഞങ്ങളുടെ നാട്ടുകാരനൊന്നുമല്ല, പക്ഷെ കാലങ്ങളായി ഇവിടെ ജീവിച്ചു പോന്ന ആ മനുഷ്യന്‍ ഒടുവില്‍ ഇവിടെന്ന് വീടും, പറമ്പുമൊക്കെ വിറ്റ് എങ്ങോട്ടോ പോയി. ഭാര്യ പോസ്റ്റ്ഓഫീസിലെ കുറി നടത്തിപ്പുകാരിയായിരുന്നു. അച്ചടിഭാഷയിലുള്ള തെക്കന്‍വര്‍ത്താനം പറഞ്ഞ് ഈ നാടിന്‍റെ സ്നേഹവും ലാളനയും കൊണ്ടും കൊടുത്തും ജീവിച്ച ആ കുടുംബം ആരോടും യാത്രപോലും പറയാതെയാണ് നാടുവിട്ടത്. പടപ്പറമ്പ് റോട്ടിലെ കൊയാജിന്‍റെ യു.പി കോര്‍ട്ടേഴ്സിലായിരുന്നു ഒരുപാട് കാലം ശ്രീധരേട്ടന്‍ കുടുംബത്തോടൊപ്പം താമസിച്ചത്. പിന്നീട് തടത്തിലെ റുഖിയാത്താന്‍റെ വീടിനോട് ചാരി പുതിയ വീട് വെച്ചു. ആ വീടിന്‍റെ കുടിയിരിക്കലിന് ഉപ്പാന്‍റെ കൂടെ പോയതിന്നും മായാതെ നിനവിലുണ്ട്. നന്നായി പഴക്കം പറയുന്നൊരു തത്തയുണ്ടായിരുന്നു അവിടെ. അതിനെ കാണാനും കേള്‍ക്കാനും ഞങ്ങള്‍ മാത്രമല്ല ഒരുപാട് പേര്‍ അവിടം വരുമായിരുന്നു.
പെരുന്നാള്‍ പള്ളി കഴിഞ്ഞാല്‍ നേരെ തവാട്ടിലേക്ക് വെച്ച് പിടിക്കും. വല്ലിമ്മയും വല്ലിപ്പയും പേരക്കുട്ടികളുടെ വരവും കാത്ത് ഉമ്മറത്ത് കാത്തിരിപ്പുണ്ടാവും. പുതിയ കുപ്പായം മണത്തും, കെട്ടിപ്പിടിച്ചും വല്ലിമ്മ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കും. അന്നേരമുള്ള വെറ്റിലടക്കയുടെ മണത്തിന് അത്തറിനെക്കാള്‍ സുഗന്ധമാണിന്നും. എല്ലാരും കൂടെ ഓരോ കുടുംബവീട്ടിലും കേറിയിറങ്ങി, പാടവും പറമ്പും കയറി നിരങ്ങി ഉമ്മ വിളമ്പി വെച്ച തേങ്ങാച്ചോറിനടുത്തെത്തുമ്പോള്‍ ഉച്ചയോടടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ ചേറൂരിലേക്കുള്ള വിരുന്നുപോക്കിന്‍റെ ഒരുക്കങ്ങളാണ്. ഉമ്മാന്‍റെ വീട്ടിലെ രാത്രിപ്പെരുന്നാളാണ് നഷ്ടക്കണക്കുകളിലിന്നേറ്റവും മുഴച്ചു നില്‍ക്കുന്നത്. അമ്മോന്‍മാരൊക്കെ നാട്ടിലുള്ള ചില പെരുന്നാളുകള്‍ ശബ്ദായമാനമായ രാത്രികള്‍ സമ്മാനിക്കും.
ജീപ്പിലും ബസ്സിലുമൊക്കെ അന്നേ ദിവസം അഡാറ് തിരക്കായിരിക്കും. സ്വന്തമായി കാറും സ്കൂട്ടറുമെല്ലാം അപൂര്‍വമായ കാലം, കുന്നുംപുറത്ത് നിന്ന് വേങ്ങരയിലേക്ക് ജീപ്പ് പാരലല്‍ സര്‍വീസുണ്ട്. വീടിന് മുന്നിലെ കള്ളുഷാപ്പിനടുത്ത് ഉമ്മയും നാല് മക്കളും കൂടി വണ്ടി കാത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ പലരും നിര്‍ത്താതെ പോവും. കാരണം ഒന്നോ രണ്ടോ ടിക്കറ്റിന് വേണ്ടി ഒരു കുടുംബം മുഴുവന്‍ കൊണ്ട് പോകണമല്ലോ. അധികവും പി എം എസിലാണ് പിന്നെ ആ യാത്ര തരപ്പെടാറ്. കാട്ടം പൊട്ടുന്ന തിരക്കായിരിക്കും ബസില്‍. ചേറൂര്‍ ചെന്തത്തുപറമ്പിലിറങ്ങി ആലിന്‍ചുവട്ടിലേക്ക് നടക്കുമ്പോള്‍ യൂണിഫോമില്‍ (ഒരു പോലത്തെ പുത്തന്‍കുപ്പായമാണല്ലോ എല്ലാര്‍ക്കും) പോവുന്ന നാലാണ്‍കുട്ടികളെ നോക്കി നാട്ടുകാരൊക്കെ ചിരിക്കും. ഉമ്മാന്‍റെ വീട്ടിലെ പെരുന്നാളുകളാണ് ആത്മാവ് വിട്ടിറങ്ങാത്ത ഓര്‍മപ്പെരുക്കങ്ങള്‍. മൂത്തമ്മാന്‍റേം എളാമ്മന്‍റേം മക്കളൊക്കെ കൂടുന്ന ആ വിരുന്ന് ദിവസം വികൃതികളുടേയും ആഹ്ലാദത്തിന്‍റെയും നിറപെരുന്നാള്‍ തന്നെയായിരുന്നു.
ബാലിക്ക് ബപ്പാനിലെ പെരുന്നാളാണല്ലോ നമ്മള്‍ പറഞ്ഞ് തുടങ്ങിയത്. ചിലപ്പോഴങ്ങിനെയാണ് പറച്ചില് പോലെ എഴുത്തും കാട് കേറും. അവിടത്തെ ചില അനുഭവങ്ങള്‍ ഓര്‍മകളെ ഇളക്കിയിട്ടതാണ്. പെരുന്നാളിനെ ഇത്രയേറെ വര്‍ണശബളിമയോടെ കൊണ്ടാടുന്ന ഒരു ജനതയെ ഞാനാദ്യമായി കാണുകയാണ്. പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒന്നിച്ചണിചേരുന്നൊരു ഘോഷയാത്രയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പാട്ടുപാടിയും തക്ബീര്‍ വിളിച്ചും നിരത്തിലൂടെ ഒഴുകുന്നത് കാണാന്‍ നല്ല രസാണ്. എനിക്കേറെ കൗതുകം പകര്‍ന്നത് ആ ഘോഷയാത്രയില്‍ ഒരുപാട് പേര്‍ വേഷം കെട്ടി നൃത്തം ചെയ്യുന്നവരുണ്ട്. അതും ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ വേഷത്തിലുള്ളവര്‍. അത്ഭുതത്തോടെ കൂടെയുള്ളവരോട് ഞാന്‍ കാര്യം തിരക്കി. മറുപടിയാണ് എന്നിലേറെ ആശ്ചര്യമുണ്ടാക്കിയത്. ഇന്തോനേഷ്യന്‍ മുസ്ലിം ആചാരങ്ങളും ഹൈന്ദവ സംസ്കാരവും തമ്മില്‍ ഇഴചേര്‍ന്നു കിടക്കുന്ന ബന്ധമുണ്ട്.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്തോനേഷ്യന്‍ ദ്വീപുകളിലെ ജനതയൊന്നാകെ ഘട്ടംഘട്ടമായി ഇസ്ലാമിക വിശ്വാസങ്ങളിലേക്ക് കൂടുമാറുകയായിരുന്നുവത്രേ. എന്നാലവരുടെ പൂര്‍വസംസ്കാരങ്ങളെ ജീവിതത്തില്‍നിന്ന് പറിച്ചെറിയാത്ത ജനതയാണവര്‍. അതുകൊണ്ടാണ് ഇന്തോനേഷ്യയുടെ ദേശീയ ബാങ്കിന്‍റെ പേരിന്നും 'ഗണേശാ ബാങ്ക്' എന്നായത്. ബഹുഭൂരിപക്ഷം മുസ്ലിംകളുള്ള രാജ്യത്ത് നഗരങ്ങളിലെ നാല്‍ക്കവലകളില്‍ ഇപ്പോഴും രാമായണ കഥാപാത്രങ്ങളുടെ ശില്‍പ്പങ്ങള്‍ കാണാം. എന്തിനേറെ ആരാധാനാചാരങ്ങളില്‍ പോലും അങ്ങിനെയാണ്. എന്‍റെ സുഹൃത്ത് റോമ പെരുന്നാള്‍ രാത്രി റൂമില്‍ വന്നുകേറിയത് ഒരു ചെറിയ കുട്ട നിറയെ പൂവുമായിട്ടാണ്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വാ കാണിക്കാമെന്ന് പറഞ്ഞ് മുകളിലേക്ക് നടന്നു. അടുക്കളയില്‍ പോയി ഒരു ഗ്ലാസില്‍ കട്ടന്‍കാപ്പിയുമെടുത്ത് പൂവും കാപ്പിയും ഒരു പാത്രത്തില്‍ വെച്ച് പുറത്തൊരു മൂലയില്‍ മാറ്റി വെച്ചു.മ രിച്ചുപോയ വീട്ടിലെ കാരണവര്‍ അഥവാ റോമയുടെ വല്യാപ്പ അന്നേദിവസം രാത്രി ആ കാപ്പികുടിക്കാന്‍ വരുമെന്നാണ് അവന്‍റെ വിശ്വാസം.
പെരുന്നാള്‍ തലേന്ന് നമ്മളൊക്കെ കുടുംബവീടുകള്‍ കേറിയിറങ്ങുമ്പോള്‍ ഇവിടത്തുകാര്‍ ദര്‍ഗകളിലേക്കാണ് പോക്ക്, പുലരുന്നത് വരെ ദര്‍ഗകള്‍ കയറിറങ്ങി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. പൂമൂടലും, യാറം മൂടലും, നേര്‍ച്ചയും ഇവിടന്നാണോ കേരളത്തിലേക്ക് വന്നതെന്ന് തോന്നിപ്പോകുന്ന കാഴ്ച്ചകള്‍. അവന്‍റെ കൂടെയാണ് പിറ്റേന്ന് പെരുന്നാള്‍ പള്ളിക്ക് പോയത്. താഴ്ത്തി വെച്ച സ്പീക്കറിന് മുമ്പില്‍ പിഞ്ചുബാല്യങ്ങളുടെ തിരക്കാണ്. തക്ബീറിന്‍റെ ഈണത്തിന് നമ്മളേതിനേക്കാള്‍ ഇമ്പമുണ്ട്. നിസ്കാരം കഴിഞ്ഞാല്‍ പിന്നെ പരസ്പരം കെട്ടിപ്പിടിക്കാനുള്ള തിരക്കാണ്. എല്ലാം കണ്ട് ഓരോരത്ത് മാറി നില്‍ക്കുന്ന എന്നെ കെട്ടിപ്പിടിക്കാനും ചിലര്‍ വന്നു. മൂക്ക് തുളക്കുന്ന അത്തറിന്‍റെ മണം വല്ലാത്ത ഹരമുണ്ടാക്കി. ആചാരങ്ങളുടെ കൊടുക്കല്‍വാങ്ങലിനെ കുറിച്ച് വാചാലനായ ഒരു പെരുന്നാള്‍ദിനം കടം കൊണ്ട് ഞാനും അവരും മാളുകളുടെ തിരക്കുകളിലേക്ക് യാത്ര തിരിച്ചു..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top