LoginRegister

ഹൃദയത്തിനകത്ത് പരിമളം നിറയട്ടെ

Feed Back


അഭിലാഷങ്ങളുടെ പിറകെ സഞ്ചരിക്കുകയാണ് മനുഷ്യന്‍. ഓരോ അഭിലാഷങ്ങളുടെയും പൂര്‍ത്തീകരണം മറ്റൊരഭിലാഷത്തിലേക്ക് വഴിവെക്കും എന്നതാണ് പതിവ്. മനുഷ്യന്റെ പ്രകൃതം അങ്ങനെയാണ്. അനുഭവങ്ങളാണ് മനുഷ്യനെ പാകപ്പെടുത്തുന്നത്. ചെറുപ്പത്തിന്റെ തിളപ്പിലുള്ള ഓട്ടങ്ങളുടെ വ്യര്‍ഥത മധ്യവയസ്സു പിന്നിടുമ്പോഴേ തിരിച്ചറിയാനാവൂ.
ഓരോ പ്രായഘടനക്കും അതിന്റേതായ കടമ നിര്‍വഹിക്കാനുണ്ട്. അതുകൊണ്ടു തന്നെയാണ് ചെറുപ്പത്തിന്റെ ഓട്ടം നീതീകരിക്കപ്പെടുന്നതും. എല്ലാം സ്വന്തമാണെന്നു കരുതിയ ഓട്ടങ്ങള്‍ക്കു ശേഷം വിശ്രമജീവിതത്തിലാവും സ്വന്തം വീടകം പോലും സ്വന്തമാവുന്നില്ല എന്നു തിരിച്ചറിയുക.
നാം വഴിപോക്കര്‍ മാത്രമാണ്. കാറ്റു തെളിക്കുന്ന വഴിയില്‍ സഞ്ചരിക്കുകയും വഴിയില്‍ വിശ്രമത്തിനൊരിടം കണ്ടെത്തുകയുമാണ് മനുഷ്യന്‍.
പറയുമ്പോള്‍ എല്ലാം സ്വന്തമാണെങ്കിലും സ്വന്തമാക്കി വെക്കാന്‍ ഒന്നുമില്ലാത്തവനാണ് മനുഷ്യന്‍ എന്നു പറയാം. വെട്ടിപ്പിടിച്ചവയൊന്നും കൊണ്ടുപോകാനാകാത്ത യാത്രയെയാണ് നമുക്ക് അഭിമുഖീകരിക്കാനുള്ളത് എന്നു ചിന്തിച്ചു കഴിഞ്ഞാല്‍ ഈ മത്സരയോട്ടത്തിനറുതിയാവും.
പലപ്പോഴും പരാതികളുടെയും പരിഭവങ്ങളുടെയും അടിസ്ഥാനം തെറ്റിദ്ധാരണകള്‍ മാത്രമാവും. നമ്മുടെ ഹൃദയക്കൂട് മൂടി വെക്കുന്തോറും ബന്ധങ്ങളില്‍ നിന്ന് ആത്മാവ് അകലം പാലിച്ചു തുടങ്ങും. ഭാര്യാഭര്‍ത്താക്കന്മാരെ ശ്രദ്ധിച്ചു നോക്കൂ. അവര്‍ പരസ്പരം അറിയുന്നുണ്ടാകും, പുറമേക്ക് പ്രകടിപ്പിക്കുന്നില്ലെങ്കിലും. അവരുടെ പിണക്കങ്ങള്‍ക്ക് ഒരു തലോടലോ ചേര്‍ത്തുപിടിക്കലോ വരെയേ ആയുസു കാണൂ. ഹൃദയം കൊണ്ട് അടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നതു കൊണ്ടാണത്. അകലാനുള്ള ആഗ്രഹം ആര്‍ക്കു നേരെയും ഇല്ലാതിരിക്കുക എന്നതാണ് വേണ്ടത്.
നമ്മുടെ ഹൃദയങ്ങള്‍ ഒരു ഉദ്യാനം പോലെ തുറന്നിടണം. അവയിലൂടെയോ പരിസരത്തൂടെയോ കടന്നു പോകുന്ന മുഴുവന്‍ പേര്‍ക്കും അത് ആശ്വാസത്തിന്റെ പരിമളം പകരണം. അങ്ങനെയെങ്കില്‍ ജീവിതം സാര്‍ഥകമാകും. സ്‌നേഹത്തിന്റെ പങ്കുവെപ്പുകൊണ്ട് ഹൃദയം നിര്‍മലമാകും. ആയാസരഹിതമായ ജീവിതയാത്ര തെളിഞ്ഞു വരും. പുതിയ അഭിലാഷങ്ങള്‍ക്ക് യാഥാര്‍ഥ്യബോധവും കൈവരും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top