LoginRegister

പഞ്ചാരക്കുന്നിലെ ഉറുമ്പ്‌

ഷെരീഫ് സാഗര്‍

Feed Back


ഒരു ടീച്ചര്‍ പറഞ്ഞ അനുഭവമാണ്.
ജീവിതത്തില്‍ അവര്‍ വളരെയധികം കുട്ടികളെ പഠിപ്പിച്ചു. അവരെല്ലാം ഉയര്‍ന്ന ഉദ്യോഗങ്ങളിലെത്തി. ചിലര്‍ ബിസിനസുകാരായി പണം സമ്പാദിച്ചു. സമൂഹത്തില്‍ വലിയ പദവികള്‍ നേടി. ഒരിക്കല്‍ തനിക്ക് അടിയന്തരമായി ഒരു സര്‍ജറി വേണ്ടി വന്നു. രക്തം കൊടുക്കാനായി നാല് പേരെയെങ്കിലും കിട്ടണം. പഠിക്കാന്‍ മിടുക്കരായ, പ്രിയപ്പെട്ട വിദ്യാര്‍ഥികളില്‍ ചിലരെ വിളിച്ചു. അവരെല്ലാം വലിയ തിരക്കുകളിലാണ്. പലരും വിദേശത്താണ്. ഇനി ആരെ വിളിക്കും എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കെ ജബ്ബാറിനെ വിളിക്കാമെന്ന് വെച്ചു. ക്ലാസ്സിലെ സ്ഥിരം തല്ലുകൊള്ളിയായിരുന്നു അവന്‍. ടീച്ചര്‍മാരുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങളില്ല. ഇപ്പോള്‍ അത്യാവശ്യം പൊതുപ്രവര്‍ത്തനവും കോണ്‍ട്രാക്ട് വര്‍ക്കുകളുമായി നടക്കുകയാണ്. വിളിച്ച ഉടനെ അവന്‍ ഓടി വന്നു. ‘നാലല്ല, നാല്‍പത് പേരെ തരു’മെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കി. ഓപ്പറേഷന്‍ സമയത്ത് ഒരു വണ്ടി നിറയെ കൂട്ടുകാരുമായി നാട്ടില്‍നിന്ന് വളരെ അകലെയുള്ള ആശുപത്രിയിലേക്ക് അവനെത്തി.
ഈ അനുഭവം പറഞ്ഞുകഴിഞ്ഞപ്പോള്‍ ടീച്ചറുടെ കണ്ണ് നിറഞ്ഞു.
”നമ്മുടെ കുട്ടികളൊന്നും നമ്മള്‍ വിചാരിക്കുന്ന പോലെയല്ല”. അവര്‍ പറഞ്ഞു.
”പഠിക്കാത്ത കുറ്റത്തിനും ബഹളം വെക്കുന്നതിനുമൊക്കെ എന്റെ കൈയില്‍നിന്ന് ഒരുപാട് അടികൊണ്ട കുട്ടിയാണ്. മറ്റുള്ളവരെ ചൂണ്ടി ഈ കുട്ടികളെ നോക്കി പഠിക്കെടാ എന്ന് പലപ്പോഴും പറയുമായിരുന്നു. കുരുത്തം കെട്ടവനേ എന്ന് അവനെ വിളിക്കാത്ത ദിവസങ്ങളില്ല. ഒടുവില്‍ എനിക്കൊരു ആവശ്യം വന്നപ്പോള്‍ ഞാന്‍ നല്ല കുട്ടികളെന്ന് കരുതിയ ആരെയും കിട്ടിയില്ല. എന്റെ ജബ്ബാറ് തന്നെ വേണ്ടി വന്നു. ഓപ്പറേഷന്‍ കഴിഞ്ഞിട്ടും അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. എത്ര സ്‌നേഹത്തോടെയാണ് അവന്‍ എന്നോട് പെരുമാറിയത്! പഴയ പക വെച്ച് വേണമെങ്കില്‍ അവന് എന്റെ വാക്ക് കേള്‍ക്കാതിരിക്കാമായിരുന്നു. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തി ഓടിവരികയാണ് എന്റെ കുട്ടി ചെയ്തത്”. -ടീച്ചര്‍ കരഞ്ഞു.
ഇനിയൊരു അമ്മയുടെ കഥ പറയാം. പത്ത് മക്കളെ പെറ്റ ഒരമ്മ. വയസ്സുകാലത്ത് നോക്കാനാളില്ല. ഭര്‍ത്താവ് നേരത്തെ പോയി. അമ്മ മാത്രമാണ് ബാക്കി. ഇടക്കിടെ ആശുപത്രിയില്‍ പോകണം. ശുചിമുറിയിലേക്ക് പോകാന്‍ പോലും ഒരാളുടെ സഹായം വേണം. പക്ഷേ, മക്കള്‍ പന്ത് തട്ടുന്നത് പോലെ തട്ടുകയാണ്. ഒരിടത്തും കിടക്കപ്പൊറുതിയില്ല. സ്വത്തിനും മുതലിനും കുറവില്ല. അമ്മയുടെ ചെലവിനും മരുന്നുകള്‍ക്കും വേണ്ടത് കെട്ടിട വാടകയിനത്തില്‍ കിട്ടും. എന്നിട്ടും നോക്കാനാളില്ല. വൃദ്ധന്മാരെ താമസിപ്പിക്കുന്ന ഹാപ്പി ഈവനിങ് സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധസദനം എന്ന് പേരിട്ടാല്‍ ആളുകള്‍ വരാത്തത് കൊണ്ട് മനോഹരമായ പല പേരുകളിലേക്കും ഇത് മാറിയിരിക്കുന്നു. അവിടെ കൊണ്ടുപോകാനുള്ള പണം അമ്മയുടെ പേരിലുണ്ട്. അവിടെ പോയാല്‍ കുറച്ചുകൂടി നന്നായി അവസാനകാലം ചെലവഴിക്കാം. എന്നാല്‍, വയസ്സാന്‍ കാലത്ത് അമ്മയെ വൃദ്ധസദനത്തിലാക്കി എന്ന ചീത്തപ്പേര് കിട്ടുമോ എന്ന് പേടിച്ച് മക്കള്‍ അതിനും തയ്യാറാവുന്നില്ല.
നമ്മള്‍ മുന്‍വിധിയോടെ കാണുന്നത് പോലെയല്ല ഈ ലോകമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന രണ്ട് അവസ്ഥകളെയാണ് ഇവിടെ പരിചയപ്പെടുത്തിയത്. ആദ്യത്തെ അനുഭവത്തില്‍ വിദ്യാര്‍ഥികളെ മുന്‍വിധിയോടെ കാണുന്ന അധ്യാപികയാണ്. പഠിക്കാത്ത കുട്ടികളൊക്കെ ജീവിതത്തില്‍ ഒന്നിനും ഉപകാരപ്പെടാത്തവരായി മാറുമെന്ന അവരുടെ മുന്‍വിധിയാണ് തിരുത്തപ്പെട്ടത്. ചില അധ്യാപകര്‍ മാര്‍ക്ക് കുറയുന്ന കുട്ടികളെ ‘നിങ്ങള്‍ ഭാവിയില്‍ കന്ന് പൂട്ടാന്‍ പോകേണ്ടി വരും’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയിരുന്നു. കന്നുപൂട്ടുള്ള കാലത്തെ കഥയാണ്. എന്നാല്‍ അതേ കുട്ടികള്‍ മറ്റൊരു കാലസന്ധിയില്‍ ഈ അധ്യാപരേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മുന്നേറുന്നു. ജിവിതത്തില്‍ ആരൊക്കെ എന്തൊക്കെ ആകുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ നമുക്കാവില്ല. ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്. ഓരോ നിയോഗങ്ങളുണ്ട്.
പത്ത് മക്കളെ പെറ്റ അമ്മ കരുതിയത് അതില്‍ ആരെങ്കിലും ഒരാള്‍ അവസാന കാലത്ത് തന്നെ പരിചരിക്കാന്‍ അടുത്തുണ്ടാകുമെന്നാണ്. എന്നാല്‍ ആരുമുണ്ടായില്ലെന്ന് മാത്രമല്ല, ഉള്ളവര്‍ക്കെല്ലാം ആ അമ്മ ഒരു ബാധ്യതയായി മാറി. കുറെ മക്കളുണ്ടെങ്കില്‍ ഒരാളെങ്കിലും കൂടെയുണ്ടാകുമെന്ന് കരുതുന്ന മുന്‍വിധിയാണ് ഇവിടെ ഒന്നുമല്ലാതായി മാറിയത്. ഇത്തരം മുന്‍വിധികളും കണക്ക് കൂട്ടലുകളും ചിലപ്പോള്‍ പാളിപ്പോകും. എല്ലാം പാഴാകണമെന്നില്ല, ചിലത്. ആ ചിലതിനെക്കുറിച്ചുള്ള ജാഗ്രത എപ്പോഴും നമുക്കുണ്ടാവണം. എല്ലാം വിചാരിക്കുന്നത് പോലെ നടക്കുമെന്ന് കരുതാതിരിക്കുക. അതൊരിക്കലും ഒരു നെഗറ്റീവ് ചിന്തയല്ല. ഞെട്ടലും നിരാശയും ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ്.
രണ്ട് ഉറുമ്പുകളുടെ കഥ പറയാം. ഒരാള്‍ താമസിക്കുന്നത് പഞ്ചാരക്കുന്നിലാണ്. മറ്റൊരാള്‍ ഉപ്പുകുന്നിലും. ഒരു ദിവസം ഇവര്‍ രണ്ടുപേരും കണ്ടുമുട്ടി. ഉപ്പുകുന്നിലെ ഉറുമ്പ് വിളറിവെളുത്ത് ആകെ അവശനായിരുന്നു. പഞ്ചാരക്കുന്നിലെ ഉറുമ്പാണെങ്കിലോ, പഞ്ചസാര തിന്ന് തിന്ന് ആകെ തടിച്ച് കൊഴുത്ത് സുന്ദരനും.
”നീ വരുന്നത് എവിടെ നിന്നാണ്?”
പഞ്ചാരക്കുന്നിലെ ഉറുമ്പ് സങ്കടത്തോടെ ചോദിച്ചു.
ശോഷിച്ച് അവശനായ ഉറുമ്പ് പറഞ്ഞു. ”ഞാന്‍ താമസിക്കുന്നത് ഉപ്പുകുന്നിലാണ്”.
ഇത് കേട്ട് മനസ്സലിഞ്ഞ പഞ്ചാരക്കുന്നിലെ ഉറുമ്പ് ഉപ്പുകുന്നിലെ കൂട്ടുകാരനോട് പറഞ്ഞു. ”നീ എന്റെ കൂടെ വാ. നമുക്ക് പഞ്ചാരക്കുന്നില്‍ സുഖമായി കഴിയാം”.
അങ്ങനെ ഇരുവരും പഞ്ചാരക്കുന്നിലേക്ക് വെച്ചുപിടിച്ചു. അവിടെ എത്തിയാല്‍ ഉപ്പുകുന്നിലെ ഉറുമ്പ് ഡുണ്ടുമണിയാകും എന്നാണ് കരുതിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശരീരത്തിന് മാറ്റമൊന്നുമില്ല. അത് കണ്ട് സുന്ദരനായ ഉറുമ്പിന് പിന്നെയും സങ്കടമായി.
”ഇങ്ങനെ വരാന്‍ വഴിയില്ലല്ലോ. നമുക്കൊരു ഡോക്ടറെ കാണാം”. അവന്‍ പറഞ്ഞു.
അങ്ങനെ അവര്‍ രണ്ടാളും കൂടി ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ ഉപ്പുകുന്നിലെ ഉറുമ്പിനോട് വാ തുറക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ വായ്ക്കുള്ളില്‍ ഒരു കഷ്ണം ഉപ്പ്.
”ഈ ഉപ്പ് വെച്ചാല്‍ എങ്ങനെയാണ് പഞ്ചസാരയുടെ മധുരം കിട്ടുക?” ഡോക്ടര്‍ ചോദിച്ചു.
ജീവിതകാലം മുഴുവന്‍ ഉപ്പ് രുചിച്ച ആ ഉറുമ്പിന് ഉപ്പില്ലാതെ ജീവിക്കാന്‍ പറ്റാതായി. കൈയില്‍ കരുതിയ ഉപ്പ് വായിലിട്ടാണ് അവന്‍ നടന്നിരുന്നത്. അതിനിടയില്‍ പഞ്ചസാരയുടെ മധുരം അനുഭവിക്കാന്‍ സാധിച്ചില്ല. ഉപ്പിന്റെ ആ മുന്‍വിധിയെ വായിലിട്ടാണ് ഉറുമ്പ് പഞ്ചാരക്കുന്നിലെത്തിയത്. കുന്ന് നിറയെ പഞ്ചസാരയുണ്ടായിട്ടും അത് ആസ്വദിക്കാനുള്ള അറിവില്ലെങ്കില്‍ എന്ത് പ്രയോജനം!
ഉള്ളിലുള്ള മുന്‍വിധിയെന്ന ഉപ്പ് ഇല്ലാതായാല്‍ മാത്രമേ ജീവിതത്തെ പോസിറ്റീവായി സമീപിക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ ആ ഉപ്പ് പോലെയാണ് എല്ലാം എന്ന് കരുതി ജീവിതകാലം മുഴുവന്‍ ഉപ്പില്‍ കഴിയേണ്ടി വരും. പുതിയ ജീവിത പരിസരങ്ങളെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് ഈ ഉപ്പ് വായിലിട്ടത് കൊണ്ടാണ്. പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തതും അതുകൊണ്ടാണ്. മുന്‍വിധികളെന്ന ഈ പ്രതിലോമ മനോഭാവത്തെ തൂത്തെറിഞ്ഞിട്ട് വേണം ജീവിതത്തിലെ ഓരോ സാഹചര്യത്തെയും നേരിടാന്‍. ജീവിതമെന്നത് ഓരോ ദിവസവും നമ്മെ തേടിയെത്തുന്ന പുതിയ അനുഭവങ്ങളാണ്. പുതിയ പഞ്ചാരക്കുന്നുകളാണ്. മുന്‍വിധികള്‍ മാറ്റിവെച്ച് ജീവിതത്തെ സ്വാദോടെ നുണയാനുള്ള ശേഷി നമുക്കുണ്ടാകണം. വിഷമത്തെ അതേ അവസ്ഥയില്‍ സ്വീകരിക്കാനും സന്തോഷത്തെ അതേ അവസ്ഥയില്‍ ആസ്വദിക്കാനും കഴിയണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top