LoginRegister

ഒരു സ്പര്‍ശത്തിന്‍റെ പ്രസാരണ ശേഷി

മുജീബ് റഹ്മാന്‍ കിനാലൂര്‍

Feed Back

ആല്‍ബേര്‍ കാമുവിന്‍റെ വിശ്വ വിഖ്യാതമായ ഒരു നോവലുണ്ട്, പ്ലേഗ്. ആള്‍ജീരിയയിലെ ഒറാന്‍ നഗരത്തെ പ്ലാഗ് എന്ന മഹാമാരിഗ്രസിക്കുന്നതാണ് 1947-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലിന്‍റെ പ്രമേയം. പ്ലാഗ് ബാധിതരായ ഒറാനിലെ ഓരോ മനുഷ്യനും അവിടുത്തെ ജനത ഒന്നടങ്കവും അതിഭയാനകമായ ഒറ്റപ്പെടലില്‍ നീറുന്ന ഒരു കാലത്തെയാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. പുറം ലോകവുമായുള്ള ബന്ധങ്ങള്‍ അറ്റുപോകുന്ന മനുഷ്യരുടെ ഏകാന്തത, ഭീതി പരക്കും എന്ന് ഭയന്ന് രോഗപ്പകര്‍ച്ചയെ പറ്റി പുറത്തു പറയുന്നത് വിലക്കുന്ന ഭരണാധികാരികള്‍, കുറച്ചു കൂടി കാത്തു നില്‍ക്കാം എന്ന പ്രതീക്ഷ വെച്ച് പുലര്‍ത്തി നടപടികള്‍ താമസിപ്പിക്കുന്ന അധികാരികള്‍, എല്ലാം നിയന്ത്രണ വിധേയമാണെന്ന് വരുത്തി തീര്‍ക്കുന്ന മാധ്യമങ്ങള്‍, ആളുകള്‍ മരിച്ചു വീഴുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും രോഗം തങ്ങളെ ബാധിക്കില്ലെന്ന് ആശ്വസിക്കുന്ന ഒരുകൂട്ടം ജനങ്ങള്‍, ഒടുവില്‍ സമ്പൂര്‍ണ സമ്പര്‍ക്ക നിരോധം പ്രഖ്യാപിക്കുന്ന ഒറാന്‍ നഗരം, അണുബാധ ഭയന്ന് കത്തയക്കുന്നതിന് പോലും വിലക്ക്, ഈ വിലക്കുകളില്‍ അസ്വസ്ഥരാകുന്ന ജനതയും മതാധികാരികളും ഭരണകൂടവുമായി നടത്തുന്ന കലഹം.. ഇങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കാമു നോവലില്‍ ചിത്രീകരിക്കുന്ന പോലുള്ള ഒരു മഹാവ്യാധി കാലത്തിന്‍റെ ഉദ്വേഗജനകമായ അനുഭവങ്ങള്‍ ഇപ്പോള്‍ നമ്മള്‍ കണ്‍മുന്നില്‍ കാണുകയാണ്. കാലമേറെ ചെന്നിട്ടും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഏറെ കൊയ്തിട്ടും മനുഷ്യരുടെ നിസ്സഹായതകള്‍ക്ക് അറുതി വരുത്താന്‍ അതിനൊന്നും സാധിക്കുന്നില്ലെന്ന് ഇപ്പോള്‍ കോവിഡ്-19 പകര്‍ച്ച വ്യാധിയെ തുടര്‍ന്നു വീടുകളില്‍ ഒറ്റപ്പെട്ടുപോയ നമ്മള്‍ തിരിച്ചറിയുന്നു.

രാവിലെ കുളിച്ചു മാറി പുറത്തേക്ക് പോകുന്നവര്‍ വീട്ടില്‍ വെറുതെ ഇരിക്കുകയാണ്. കോവിഡ്-19 വൈറസ് ഭീകരനെ തളയ്ക്കാന്‍ വേറെ ഫലപ്രദമായ വഴി ഒന്നുമില്ലെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാറുകള്‍ കര്‍ഫ്യുവും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു ലോകത്ത് നിരവധി രാജ്യങ്ങളില്‍. നിരത്തില്‍ ഇറങ്ങിയാല്‍ പോലീസ് പിടികൂടുന്നു, ഫൈന്‍ ചുമത്തുന്നു!. പൊതുഗതാഗതം സ്തംഭിക്കുന്നു. സ്കൂളുകളും കോളജുകളും അടച്ചിരിക്കുന്നു. കളിസ്ഥലങ്ങളും തിയേറ്ററുകളും മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ശൂന്യമാകുന്നു. ശബ്ദായമാനമായ ഇടങ്ങളിലെല്ലാം ഭയാനകമായ നിശബ്ദത കൂടുകൂട്ടിയിരിക്കുന്നു. എത്ര പെട്ടെന്നാണ് ജീവിതം തകിടം മറിഞ്ഞത്! പത്രം വായിക്കാന്‍ പോലും മനസ്സ് വരുന്നില്ല. മരിച്ചു വീഴുന്ന മനുഷ്യരുടെ എണ്ണങ്ങള്‍ മാത്രമാണതില്‍ വായിക്കാനുള്ളത്. ടെലിവിഷനില്‍ കോമഡി ഷോകള്‍ മടുപ്പുളവാക്കുന്നു. അല്‍പനേരം പുസ്തകങ്ങള്‍ വായിക്കുമ്പോഴേക്കും വീടുകളില്‍ ഒറ്റപ്പെട്ട വൃദ്ധരെ ഓര്‍മ വരുന്നു. തൊഴില്‍ ചെയ്യാന്‍ കഴിയാതെ വീടുകളില്‍ പട്ടിണിയായി പോകുന്ന നിത്യ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ചുമട്ടുകാരെയും പറ്റിയുള്ള ചിന്തകള്‍ അസ്വസ്ഥമാക്കുന്നു. നിത്യരോഗികളായി ശയ്യയില്‍ കിടക്കുന്നവരുടെയും ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം മൂലം ചികിത്സ വൈകുന്ന നിരാശ്രയരായ രോഗികളുടെയും മുരള്‍ച്ചകള്‍ കാതില്‍ അലയ്ക്കുന്നു. പക്ഷെ, എന്ത് ചെയ്യാനാകും?.

സോഷ്യല്‍ മീഡിയ ഒരേ സമയം ആശ്വാസവും ഭീതിയും തരുന്നുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കള്‍ മെസഞ്ചറിലും വാട്ട്സാപ്പിലും വന്നു സുഖവിവരം അന്വേഷിക്കുന്നു. തിരിച്ച്, നമുക്ക് പ്രിയപ്പെട്ട പലരും വൈറസിന് പിടികൊടുക്കാതെ ഒളിച്ചുമാറി നടക്കുകയാണെന്നറിയുമ്പോള്‍ നമ്മളും ആശ്വസിക്കുന്നു. എന്നെ ഏറെ വിഷമിപ്പിച്ച ഒരു ഫോണ്‍കാള്‍ കഴിഞ്ഞ ദിവസം വന്നു. അത് കാശ്മീരില്‍ നിന്നായിരുന്നു. എന്‍റെ ഒരു സുഹൃത്തായ കോളജ് പ്രഫസറുടെ മകള്‍ അംന. ചെറുപ്പം മുതലേ അവള്‍ക്ക് എന്നെ അറിയാം. ഞാന്‍ അവരുടെ വീട്ടിലും അവര്‍ എന്‍റെ വീട്ടിലും വന്നിട്ടുണ്ട്. ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുകയാണവള്‍. കേരളത്തില്‍ കൊറോണ വൈറസ് ബാധ പിടിമുറുക്കുന്നു എന്ന വാര്‍ത്ത കണ്ടാണ് അങ്കിളിനും കുടുംബത്തിനും വിഷമം ഒന്നുമില്ലല്ലോ എന്നറിയാന്‍ വിളിക്കുന്നതെന്നു അംന പറഞ്ഞു. എനിക്ക് വല്ലാത്ത ലജ്ജ തോന്നി. ഭരണഘടനയുടെ വകുപ്പ് 370 റദ്ദാക്കിയതിനെ തുടര്‍ന്ന്, കഴിഞ്ഞ ഏഴു മാസമായി ക്വോറന്‍റയിന്നു സമാനമായ രീതിയില്‍ വീട്ടില്‍ കഴിയുകയാണ് കാശ്മീരിലെ ഓരോ കുടുംബവും. അമ്നയും അവളുടെ കുടുംബവും അതില്‍ ഒന്നാണ്. പക്ഷെ ഞാന്‍ ഇതുവരെ അവരെ വിളിച്ചു സുഖവിവരം അന്വേഷിച്ചിരുന്നില്ല, ആശ്വസിപ്പിച്ചിരുന്നില്ല. ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ വിളി സുരക്ഷിതമല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് വിളിക്കാതെ ഇരുന്നത്. എന്നിട്ടും ഒരു വിഷമ ഘട്ടം വന്നപ്പോള്‍ ആ മകള്‍ എന്നെ ഓര്‍ക്കുന്നു, ആകുലപ്പെടുന്നു. ഒറ്റപ്പെടലിന്‍റെ വേദന അനുഭവിച്ചവര്‍ക്ക് മാത്രമാണല്ലോ അതിന്‍റെ പ്രാധാന്യം മനസ്സിലാകുക.

സോഷ്യല്‍ മീഡിയ വഴി ആശ്വാസം പോലെ ഏറെ വേദനിപ്പിക്കുന്ന സന്ദേശങ്ങളും കിട്ടി കൊണ്ടിരിക്കുന്നു. മനുഷ്യ കബന്ധങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വല്ലാതെ ഉള്ളുലയ്ക്കുന്നതാണ്. ഇത്തരത്തില്‍ ഒന്നാണ് ഒരു മലയാളി കന്യാസ്ത്രീയുടെ വോയ്സ് മെസ്സേജ്. അവര്‍ ഗദ്ഗദത്തോടെ പറയുന്നു: 'ഇറ്റലിയില്‍ ഇന്നലെ മാത്രം 330 പേരാണ് മരിച്ചത്. അതില്‍ 310 പേരും ഞങ്ങള്‍ താമസിക്കുന്ന നോര്‍തര്‍ മിലാനിലാണ്. ഞങ്ങളുടെ ചുറ്റുമാണ് ആളുകള്‍ മരിച്ച് കൊണ്ടേയിരിക്കുന്നത്. തൊട്ടടുത്തുള്ള വൃദ്ധമന്ദിരത്തിലെ 19 പേര്‍ ഇന്നലെ മരിച്ചു. വേറൊരു വൃദ്ധമന്ദിരം കൂടി ഉണ്ട് അടുത്ത്. നാലു നിലകളുള്ള നിറയെ വൃദ്ധരുള്ള അവിടെ കൊറോണ കീഴ്പ്പെടുത്തി എന്നാണ് കേള്‍ക്കുന്നത്. ഞങ്ങള്‍ കോണ്‍വെന്‍റില്‍ നിന്ന് പുറത്തിറങ്ങിയിട്ട് 24 ദിവസം കഴിഞ്ഞു. മനുഷ്യര്‍ മരിച്ച് വീണുകൊണ്ടിരിക്കുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥയാണ്. പുതിയ പുതിയ രോഗികള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ജീവിക്കാന്‍ കൂടുതല്‍ പോസിബിലിറ്റി ഉള്ളവര്‍ക്ക് വേണ്ടി, സാധ്യത കുറഞ്ഞവരുടെ മെഷീന്‍ ഓഫാക്കി നല്‍കുകയാണ്. മോര്‍ച്ചറികളും സെമിത്തേരികളും എല്ലാം ഫുള്‍ ആയി. ഇപ്പോള്‍ ബോഡികള്‍ കത്തിച്ച് കളയുകയാണ്. ഈ രണ്ടാഴ്ച കൊണ്ട് കുറയും എന്ന് പ്രതീക്ഷിച്ചത് ഇരട്ടി ഇരട്ടിയായിട്ട് കൂടി കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യുമെന്ന് അറിയില്ല. ദയനീയമായ അവസ്ഥ....' മലയാളിയായ സോണിയ എന്ന് പേരുള്ള മറ്റൊരു സിസ്റ്റര്‍ എഴുതിയ അനുഭവം അതിലേറെ ഭയപ്പെടുത്തുന്നതാണ്. അവര്‍ക്ക് വന്ന ഒരു നഴ്സിന്‍റെ ടെലിഫോണ്‍ സംഭാഷണം ഉദ്ധരിച്ചു കൊണ്ടാണ് അവര്‍ കുറിപ്പ് തുടങ്ങുന്നത്: "പ്രിയ സോണിയ, ഞാന്‍ ദുഃഖത്താല്‍ തളര്‍ന്നിരിക്കുകയാണ്. ഞാന്‍ എന്ത് ചെയ്യും? ഡ്യൂട്ടിക്കിടയില്‍ എനിക്കും ഒപ്പം ഉണ്ടായിരുന്ന 4 ഡോക്ടേഴ്സിനും 3 നേഴ്സുമാര്‍ക്കും കൊറോണ വൈറസ് പിടിപ്പെട്ടു. ഞാന്‍ ഇപ്പോള്‍ എന്‍റെ വീടിന്‍റെ താഴത്തെ നിലയില്‍ ക്വാറന്‍റൈന്‍ ചെയ്യുന്നു. തുടക്കം ആയതിനാല്‍ ഇപ്പോള്‍ ഞാന്‍ സുഖം പ്രാപിച്ചുവരുന്നു. ഈ ദിവസങ്ങളില്‍ നെഴ്സായ എന്‍റെ ഭര്‍ത്താവ് അവധി എടുത്താണ് കുട്ടികളെ രണ്ടും നോക്കുന്നത്. കുട്ടികളെ നോക്കാനായി ജോലിക്ക് വന്നുകൊണ്ടിരുന്ന യുവതി പേടി കാരണം ഇനി മുതല്‍ വരില്ല എന്ന് എന്നെ വിളിച്ച് പറഞ്ഞു. കുട്ടികള്‍ക്കാണെങ്കില്‍ അവളെ ഭയങ്കര കാര്യമായിരുന്നു. ഒരു വശത്ത് പ്രായമായ എന്‍റെ അമ്മ മരിക്കാറായ് കിടക്കുകയാണ്, എനിക്ക് അമ്മയുടെ അടുത്തേക്ക് ഒന്ന് പോകാന്‍ പോലും സാധിക്കില്ല. എന്‍റെ വേദന ആരോടാ ഞാന്‍ പറയുക? ടിവിയിലും സോഷ്യല്‍ മീഡിയകളിലും എല്ലാവരും ഞങ്ങള്‍ ഡോക്ടേഴ്സിനെയും നെഴ്സുമാരെയും ഹീറോ എന്നും, മാലാഖമാര്‍ എന്നും പറഞ്ഞ് അഭിനന്ദിക്കും. പക്ഷെ ഞങ്ങള്‍ക്ക് ഒരാപത്ത് വന്നു കഴിയുമ്പോള്‍ അതും രോഗികളെ ശുശ്രൂഷിച്ച് ഞങ്ങള്‍ മേലാണ്ടാകുമ്പോള്‍ ഞങ്ങളെ തിരിഞ്ഞ് നോക്കാന്‍ ആരും ഇല്ല. എല്ലാവരാലും ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു." ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ വിളിച്ചു. മറുവശത്ത് വാവിട്ടുള്ള കരച്ചിലായിരുന്നു. അകലങ്ങളിലാണെങ്കിലും എന്‍റെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതി. മക്കളെയും കുടുംബത്തെയും മറന്ന് രാത്രിയും പകലും വിശ്രമം ഇല്ലാതെ ജോലിചെയ്യുന്ന ഡോക്ടര്‍മാരും നെഴ്സുമാരും പലപ്പോഴും രോഗികളായ് തീരുന്നു. ഈ ദിവസങ്ങളില്‍ 4000 ല്‍ അധികം ഡോക്ടര്‍മാരും നെഴ്സുമാരുമാണ് രോഗി ശുശ്രൂക്ഷയ്ക്കിടയില്‍ കൊറോണ പിടിപ്പെട്ടിരിക്കുന്നത്. പ്രശസ്തരായ രണ്ട് ഡോക്ര്‍മാര്‍, രണ്ട് നഗരസഭാ അധ്യക്ഷന്‍മാര്‍, പത്ത് വൈദികര്‍, നിരവധി സന്യാസിനികള്‍, കൊറോണ പിടിച്ച് മരിച്ചു. മെത്രാന്‍മാര്‍, വൈദീകര്‍, സന്യസ്തര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, സംഗീതജ്ഞര്‍ തുടങ്ങിയ ജീവിതത്തിന്‍റെ നാനാതുറകളില്‍പെട്ട പലരും കൊറോണ പിടിപെട്ട് ആശുപത്രികളിലും വീടുകളിലുമായി കഷ്ടപ്പെടുന്നു. ബേര്‍ഗമോ, ബേര്‍ഷ എന്നീ ടൗണുകളില്‍ ഓരോ ദിവസവും നൂറുകണക്കിന് ആള്‍ക്കാരാണ് മരിച്ചു വീഴുന്നത്. ഓരോ ഭവനങ്ങളിലും രോഗം ബാധിച്ചവരോ മരിച്ചവരോ ഉണ്ട്. ചില ഭവനങ്ങളില്‍ രണ്ടും മൂന്നും ആള്‍ക്കാര്‍ മരിച്ചതിന്‍റെ വേദന താങ്ങാനാവാതെ തളര്‍ന്നിരിക്കുന്നവര്‍. സംസ്കരിക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ ബോഡികള്‍ മറ്റ് സ്ഥലങ്ങളില്‍ ക്രമേഷന്‍ (ദഹനം) നടത്താനായ് കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര ആരെയും കരയിപ്പിക്കുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒരുനോക്കു കാണാന്‍ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങള്‍. ഏതാനും ആഴ്ചകള്‍ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങള്‍ ഇന്ന് മരണമടയുകയും ആശുപത്രി കയറിയിറങ്ങുകയും ചെയ്യുന്ന കാഴ്ച. ഇത്തരം സന്ദേശങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എനിക്ക് ഇറ്റലിയില്‍ രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. മലയാളിയായ അബ്ദുല്‍ ലത്തീഫും ഭാര്യ ഇറ്റലിക്കാരി സബ്രീനയും. സബ്രീന അറിയപ്പെടുന്ന എഴുത്തുകാരിയും വിവര്‍ത്തകയുമാണ്. ഇറ്റലിയിലെ ദയനീയമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അവരെയാണ് ഓര്‍മ വരുന്നത്. ഞാന്‍ ലത്തീഫിനെ വാട്ട്സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു പേരും സുരക്ഷിതരാനെന്നറിഞ്ഞപ്പോള്‍ ആശ്വാസം. എന്നാല്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് അവരും പറഞ്ഞത്. ഇറ്റലിയില്‍ നിന്ന് മാത്രമല്ല; ഇറാന്‍, ജര്‍മനി, സ്പയിന്‍, ഫ്രാന്‍സ്, കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് വരുന്നത് ഭയാനകമായ വാര്‍ത്തകള്‍ തന്നെയാണ്.

സ്നേഹത്തിന്‍റെയും സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയുമെല്ലാം വില നമ്മള്‍ അറിയുന്നത് ഓരോരുത്തരും അവനവന്‍റെ തുരുത്തുകളില്‍ ഒറ്റപ്പെടുമ്പോള്‍ മാത്രമാണ്. ലോകത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കോവിഡ്-19 ഭീതിയില്‍ മനുഷ്യര്‍ വീടുകളില്‍ കഴിയുകയാണ്. ഇഷ്ടമുള്ള മനുഷ്യരെ ഒന്ന് തൊടാനും തലോടാനും പറ്റാതെ വീര്‍പ്പുമുട്ടുമ്പോള്‍ ഒരു സ്പര്‍ശത്തിന് ഇത്രയധികം പ്രസരണ ശേഷിയുണ്ടെന്ന് കൂടിയാണ് നമ്മള്‍ തിരിച്ചറിയുന്നത്. രോഗം പകര്‍ത്താന്‍ മാത്രമല്ല, അതിന്‍റെ നൂറിരട്ടി ശക്തിയില്‍ സ്നേഹം പകര്‍ത്താനും ഒരു തൊടല്‍ കൊണ്ട് കഴിയുമായിരുന്നുവല്ലോ എന്ന് നമ്മള്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഒരുമാത്ര വെറുതെ ഇരിക്കുമ്പോള്‍ നമുക്ക് നമ്മെ കുറിച്ച് തന്നെ ഒരുപാട് ചിന്തിക്കാം. നമ്മുടെ ചുറ്റുമുള്ളവരും നമ്മളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും നമ്മുടെ ഉള്ളില്‍ ഉണങ്ങിപ്പോയ സന്തോഷങ്ങളെക്കുറിച്ചും ആലോചിക്കാം. വെനീസില്‍ ഹോം ക്വാറന്‍റയിനിലായ ഒരാള്‍ എഴുതിയ മനോഹരമായ കുറിപ്പ് വായിച്ചു. ഒന്നും ചെയ്യാനില്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ചുമരിലേക്കു നോക്കി. അവിടെ തൂക്കിയിട്ടിരിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയിരുന്നപ്പോള്‍ എന്തെല്ലാം ഓര്‍മകളാണ് മനസ്സിലേക്ക് ചിറകടിച്ചു വരുന്നത്. കുഞ്ഞു പ്രായത്തില്‍ അവര്‍ കൈപിടിച്ചു നടന്നതും ലാളിച്ചും കൊഞ്ചിച്ചും സ്നേഹത്തോടെ വളര്‍ത്തിയതും. എന്തെന്തെല്ലാം ഓര്‍മകള്‍! ദൈവമേ, എത്ര കാലമായിരുന്നു തന്നെ വളര്‍ത്തി ഇങ്ങനെ ആക്കിയ ആ മനുഷ്യരെ ഒറ്റക്കിരുന്നു ഒന്നോര്‍ത്തിട്ട്!.

അയാള്‍ വീട്ടിലെ ഓരോ അംഗത്തെപ്പറ്റിയും ഓര്‍ത്തു. ചങ്ങാതിമാരെക്കുറിച്ച് ഓര്‍മിച്ചു. തന്‍റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും തുണയായി മാറിയ ബന്ധുക്കളും നാട്ടുകാരുമായ പലരുടെയും മുഖങ്ങള്‍ മനസ്സില്‍ മിന്നിമറയുന്നു. പലരും ഇപ്പോള്‍ ഖബറിടങ്ങളിലാണ്. ജീവിച്ചിരിക്കുമ്പോള്‍ വേണ്ടവിധം അവരെ തിരിച്ചു സ്നേഹിക്കാണോ, കുറച്ചു നേരം അവര്‍ക്ക് വേണ്ടി ചെലവഴിക്കാനോ തനിക്ക് നേരമുണ്ടായിരുന്നില്ലല്ലോ എന്നാലോചിച്ചപ്പോള്‍ അയാളുടെ കണ്ണു നിറഞ്ഞു. ഈ ദിവസങ്ങളില്‍ തനിക്ക് പ്രിയപ്പെട്ടവരെ ഓരോരുത്തരെയും ഓര്‍ത്തെടുത്ത് അവരെ ഫോണ്‍ ചെയ്യാം എന്നയാള്‍ തീരുമാനിച്ചു.

വീടിന്‍റെ പൂമുഖത്ത് വന്നിരുന്നപ്പോള്‍ മുറ്റം നിറയെ കാഴ്ചകള്‍. ചെടികള്‍, പൂക്കള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍. അതിനെല്ലാം പുതിയ ഒരു ഭംഗി വന്നിരിക്കുന്നു. തൊടിയിലെ മരങ്ങള്‍ ആടിയുലയുന്നത് അയാള്‍ ശ്രദ്ധിച്ചു. ഒരു തണുത്ത കാറ്റ് ഇരച്ച് വന്നു തന്‍റെ ദേഹം തൊട്ടുരുമ്മിയത് അയാള്‍ ആദ്യമായറിഞ്ഞു. തന്‍റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തവും കണ്ണിലെ പ്രകാശവും നാവിലെ രുചികളും കാതിലെ സംഗീതവുമെല്ലാം ഈ പ്രകൃതിയുടെ ഔദാര്യമാണല്ലോ എന്നയാള്‍ ഓര്‍ത്തു. പക്ഷെ, ചുറ്റുപാടിനെ ഇതുപോലെ ഒന്ന് പ്രേമത്തോടെ നോക്കാന്‍ മറന്നുപോയ താന്‍ എന്തൊരു നന്ദി കെട്ടവനാണെന്ന ചിന്ത അയാളെ സങ്കടപ്പെടുത്തി. വെനീസിലെ ഈ മനുഷ്യനോട് വലിയ ബഹുമാനം തോന്നുന്നു. പേടിപ്പിക്കുന്ന ഈ കൊറോണ കാലത്തും അതിനെ പോസിറ്റീവ് ആയി സമീപിക്കാന്‍ നമ്മെ ശക്തമാക്കുന്നുണ്ട് അയാളുടെ കുറിപ്പ്. ജീവിതത്തില്‍ നമ്മെ കാത്തിരിക്കുന്ന തിരക്കുകളില്ലാത്ത കാലത്തെ പറ്റി ഓര്‍മിപ്പിക്കുന്നുണ്ട് ഈ വീട്ടിലിരിപ്പ്. രോഗമായി, വാര്‍ധക്യമായി, ഒടുവില്‍ മരണമായി വരാനിരിക്കുന്ന ആ തിരക്കില്ലാത്ത കാലത്തിനുള്ള നിക്ഷേപമാക്കി മാറ്റാം ഇത്തരം സന്ദര്‍ഭങ്ങള്‍!.

categories
categories
കൂടുതൽ പംക്തികൾ
Back to Top