LoginRegister

നിസ്സഹായതയുടെ നാളുകള്‍

ബഷീര്‍ കൊടിയത്തൂര്‍

Feed Back

കോറോണ വൈറസ് ഭീതി മൂലം ലോകം ആശങ്കയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. 186 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കോവിഡ് 19 ഇതിനകം 30,000ത്തോളം ജീവനുകളാണ് കവര്‍ന്നത് (ഇതെഴുതുമ്പോഴുള്ള കണക്ക് പ്രകാരം). ചൈനയിലെ വുഹാനില്‍ രോഗം കണ്ടെത്തി 50 ദിവസത്തിനകമാണ് ഇത് എന്നതാണ് ഭയമേറ്റുന്നത്. ആറു ലക്ഷത്തോളം പേര്‍ രോഗബാധിതരാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രോഗം ഒന്നാംഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലാണ്. രോഗസാധ്യതാ സമയക്രമം അതിന്‍റെ മൂര്‍ധന്യതയിലെത്തിയ നാളുകളില്‍ നാടെങ്ങും അതീവ ജാഗ്രതയിലാണ്. രോഗം തുടങ്ങിയ ചൈനയില്‍ രോഗശമനത്തിന്‍റെ വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കില്‍ ഇറ്റലിയും ഇറാനിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇറ്റലിയില്‍ ഒരു ദിവസം മാത്രം 500ലധികം പേര്‍ മരിച്ചുവീണത് രോഗത്തിന്‍റെ കാഠിന്യം വ്യക്തമാക്കുന്നു. മരിക്കുന്നവരില്‍ അധികവും പ്രായം ചെന്നവരാണെന്നതും ശ്രദ്ധേയമാണ്. രോഗം ബാധിച്ചവരില്‍ ഇതിനകം ഒരു ലക്ഷം പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയവര്‍ 22 ദിവസം ചികില്‍സയില്‍ കഴിയേണ്ടി വന്നതായി പുതിയ റിപോര്‍ട്ടില്‍ പറയുന്നു. കോവിഡിന് മരുന്നില്ല എന്നതാണ് പ്രധാനം. അമേരിക്കയില്‍ മരുന്നു പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷമെടുക്കും. ക്യൂബയും ചൈനയും താല്‍ക്കാലിക മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്.

കോവിഡ് കൊറോണവൈറസ് ബാധിച്ചുണ്ടാകുന്ന രോഗമാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ്. 2019 ഡിസംബര്‍ 31ന് ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം കണ്ടുതുടങ്ങിയത്. ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിക്കുന്നതായിരുന്നു രോഗം. തുടക്കത്തില്‍ ഇതിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന ഗവേഷണത്തിനൊടുവില്‍ 2020 ജനുവരി 7ന് കൊറോണ് വൈറസിനെ തിരിച്ചറിഞ്ഞതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചു. 11ന് ആദ്യ മരണം റിപോര്‍ട്ടു ചെയ്തു. 13ന് ചൈനക്കു പുറത്ത് തായ്ലെന്‍ഡില്‍ ആദ്യമരണവും നടന്നു. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗം അതിവേഗം പടര്‍ന്നുപിടിക്കുന്നതായും കണ്ടെത്തി. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.
ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളില്‍ ഒന്നായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് കോവിഡ് 19. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഇത്രയധികം പേരെ ബാധിക്കുന്നതിനാല്‍ മരണ സംഖ്യ വളരെ കൂടുതലാണ്. 10% മരണ നിരക്കുള്ള സാര്‍സ് ബാധിച്ചത് 8500 ഓളം പേരില്‍, 813 മരണങ്ങള്‍. 30 ശതമാനത്തിനു മുകളില്‍ മരണനിരക്ക് ഉള്ള മെര്‍സ് ബാധിച്ചത് രണ്ടായിരത്തി അഞ്ഞൂറോളം പേരെ, 858 മരണങ്ങള്‍. 40 ശതമാനത്തിലധികം മരണ നിരക്കുള്ള എബോള ബാധിച്ചത് നാല്‍പ്പത്തയ്യായിരത്തോളം പേരില്‍, മരണസംഖ്യ 15159.

വൈറല്‍ പനിയിലൂടെ തുടക്കം സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരിലും പ്രായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയില്‍ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം.
എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നുമാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

വൈറസ് ശരീരത്തിലെത്തിയാല്‍ കോവിഡ്19 മനുഷ്യശരീരത്തില്‍ ബാധിച്ചുവോ എന്നത് എങ്ങനെ തിരിച്ചറിയും? എന്തെല്ലാമാണ് ലക്ഷണങ്ങള്‍? ഓരോ ദിവസത്തിലും അതു ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും? രോഗം ഗുരുതരമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം? ഇക്കാര്യങ്ങളാണ് കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നാണ് പഠന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. 2019 ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി 31 വരെ വുഹാനിലെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ആധാരം. പനി, വരണ്ട ചുമ, പേശീവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണം. തൊണ്ട വേദനയും മൂക്കൊലിപ്പും അപൂര്‍വമായി കാണാനാകും. ഭൂരിഭാഗം പേരിലും 100 ഫാരന്‍ഹീറ്റിലും അധികം ചൂടില്‍ പനി കാണാറുണ്ട്. വുഹാനിലെ 138 രോഗികളില്‍ നടത്തിയ പഠനത്തില്‍ പത്തു ശതമാനം പേര്‍ക്ക് കോവിഡ് ശരീരത്തിലെത്തി ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും വയറിളക്കവും കണ്ടിരുന്നു. ഇതിന് ശേഷമായിരുന്നു പലരിലും പനി വന്നത്. എന്നാല്‍ എല്ലാവരിലും ഈ ലക്ഷണങ്ങള്‍ കണ്ടു കൊള്ളണമെന്നില്ല. ഈ ലക്ഷണങ്ങള്‍ ഉള്ളവരെല്ലാം കോവിഡ് ബാധിതരാണെന്ന് ഉറപ്പിക്കാനുമാവില്ല. ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും കാണിക്കാതെ കോവിഡ് ബാധിതരായ ആളുകളുമുണ്ട്.
കോവിഡ് ബാധിച്ച് അഞ്ചാം ദിവസമാകുന്നതോടെ ശ്വാസ തടസങ്ങള്‍ അനുഭവപ്പെട്ടവരുണ്ട്. ശ്വാസമെടുക്കാന്‍ ഈ സമയത്ത് പ്രയാസം അനുഭവപ്പെടും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും പ്രായം ചെന്നവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. നെഞ്ചില്‍ ഭാരം, നീട്ടി ശ്വാസം വലിക്കാന്‍ സാധിക്കാതെ വരിക, വേഗത്തില്‍ ശ്വാസമെടുക്കേണ്ടി വരിക, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ അഞ്ചാം ദിവസത്തോടെ പ്രകടമാകുന്നു.
ഏഴാം ദിവസമാകുന്നതോടെ ആദ്യം കണ്ട ലക്ഷണങ്ങളൊക്കെ കുറഞ്ഞുവരും. 85 ശതമാനം പേരിലും ആദ്യം കണ്ട രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കണ്ടത്. ഏഴാം ദിവസത്തിലും ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. മുഖത്തോ ചുണ്ടുകളിലോ നീല നിറമുണ്ടെങ്കിലോ നെഞ്ചില്‍ വേദനയോ സമ്മര്‍ദമോ അനുഭവപ്പെടുന്നുണ്ടെങ്കിലോ ഉടന്‍ ആശുപത്രിയിലെത്തിക്കണം. ഗുരുതരാവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുള്ള രോഗികളില്‍ എട്ടാം ദിവസം മുതല്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കുന്നു. ശരീരത്തിലെ അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്‍കാനുള്ള ശേഷി ശ്വാസകോശങ്ങള്‍ക്ക് നഷ്ടമാവുന്നു. 15 ശതമാനം രോഗികള്‍ ഈ നിലയിലെത്താറുണ്ടെന്നാണ് ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.
പന്ത്രണ്ട് ദിവസമാകുന്നതോടെ രോഗികളില്‍ പനി പതിയെ അപ്രത്യക്ഷമാകാന്‍ തുടങ്ങും. എന്നാല്‍ അപ്പോഴും ചുമ നിലനില്‍ക്കും. കോവിഡ് ബാധിക്കുന്നവര്‍ക്ക് ദീര്‍ഘ കാലം ചുമ സഹിക്കേണ്ടി വരുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പതിമൂന്നാം ദിവസമാകുന്നതോടെ ശ്വാസതടസം അനുഭവപ്പെട്ടവര്‍ക്കെല്ലാം നേരിയ കുറവ് വന്നിട്ടുണ്ട്. അല്ലാത്തവരില്‍ മരണം വരെ ഈ ശ്വാസ തടസം കൂടി വരികയാണ് ചെയ്തിട്ടുള്ളത്. പതിനെട്ട് ദിവസം അല്ലെങ്കില്‍ പതിനെട്ടര ദിവസമാണ് കോവിഡ് രോഗി മരണത്തിലെത്താനുള്ള കാലമായി ചൈനയില്‍ പൊതുവെ കണ്ടുവന്നത്. രോഗം കുറഞ്ഞവര്‍ അപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ടാകും. ചൈനയില്‍ 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കോവിഡ് വന്നവര്‍ വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ പഠനം.

നിസ്സഹായതയുടെ നാളുകള്‍ അതീവ ജാഗ്രതയോടെ ലോകം തങ്ങളാല്‍ കഴിയുന്ന നിയന്ത്രണങ്ങളും പ്രതിരോധങ്ങളും തീര്‍ക്കുന്നുണ്ടെങ്കിലും രോഗവ്യാപകത്തിന് തടയിടാന്‍ ആയിട്ടില്ല. സാങ്കേതികമായി ഏറെ മുന്നിലെത്തിയിട്ടും മനുഷ്യന്‍റെ പരിമിതികളെ തുറന്നുകാട്ടുകയാണ് ഓരോ മഹാമാരിയും. കോവിഡിനെതിരെ മരുന്നു കണ്ടുപിടിക്കാന്‍ അമേരിക്കയടക്കം കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ആശങ്കകളാണ് ബാക്കിയാവുന്നത്. പൊതുവെ കുറഞ്ഞ മരണനിരക്കാണ് കൊവിഡ് കാണിക്കുന്നതെങ്കിലും ലോകത്തിന്‍െറ 90 ശതമാനം ഭാഗത്തും രോഗമെത്തിയത് ഭീതിതമാണ്. രോഗം അതിന്‍റെ കാഠിന്യതയിലേക്ക് പ്രവേശിക്കുമ്പോള്‍ കനത്ത ജീവഹാനി ഉണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ലോകത്തില്‍ ആകെ കേസുകള്‍ 3 ലക്ഷം കവിഞ്ഞു, മരണസംഖ്യ 12,000 കവിഞ്ഞു. വെറും 12 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍ നിന്നും 2 ലക്ഷത്തിനു മുകളിലേക്ക് കേസുകള്‍ കൂടിയത്. നാലായിരത്തില്‍ നിന്നും 10000 മരണങ്ങള്‍ എത്താന്‍ വേണ്ടി വന്നത് പത്തില്‍ താഴെ ദിവസങ്ങള്‍. ചൈന, ഇറ്റലി, ഇറാന്‍, സ്പെയില്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു. ഇതില്‍ ഇറ്റലിയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അവിടെ 4000 കടന്നു. ചൈനയില്‍ നിന്നും പുതിയ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ വളരെ കുറവാണ്. എണ്‍പതിനായിരത്തിലധികം കേസുകളില്‍ നിന്ന് 3237 മരണങ്ങള്‍. ചൈനയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 71000 കടന്നു. ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 58. മലേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വേ, ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഒരുദിവസം നൂറില്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജര്‍മ്മനി, തെക്കന്‍ കൊറിയ എന്നിവിടങ്ങളില്‍ വ്യാപകമായ ടെസ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കേസുകള്‍ കൂടുതലാണെങ്കിലും മരണസംഖ്യ കുറവാണ്.
ഇറ്റലിയില്‍ ഒരു ദിവസം മാത്രം മരണസംഖ്യ 475. ഒരു ദിവസം മാത്രം നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യൂറോപ്പിലാകെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 25000 കേസുകളും 1326 മരണങ്ങളും. ഇറാനില്‍ മരണം 1500 കടന്നു. 20,000 രോഗികള്‍ ചികിത്സയിലാണ്. ഇന്ത്യയിലെ ഇതെഴുതുന്നതുവരെ കേസുകള്‍ 900ഓളം ആണുള്ളത്. 20 മരണവും. ഇനിയും കൂടിയേക്കാം. മാര്‍ച്ച് പതിനാറാം തിയതി 114 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ ഇരുപതില്‍ നിന്ന് നൂറില്‍ എത്തിച്ചേരാന്‍ 10 ദിവസങ്ങളോളം എടുത്തു. അവിടെനിന്ന് 150 കടക്കാന്‍ നാല് ദിവസങ്ങളാണ് എടുത്തത്.

ആശങ്കയില്‍ കേരളം കേരളത്തില്‍ പലസ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ പുറകോട്ട് പോകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. പള്ളികള്‍ അടച്ചിടുകയും കല്യാണങ്ങളും പൊതുപരിപാടികളും നിര്‍ത്തിവെച്ചെങ്കിലും ആള്‍ക്കൂട്ടത്തിന് പലയിടത്തും കുറവില്ല. ഒത്തുചേരാനുള്ള അവസരങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം മടിക്കുന്നുവെന്നതാണ് ഭീഷണി. കര്‍ശന നിര്‍ദേശത്തിലൂടെ ഇത് തടയണ്ടതുണ്ട്.
ജാഗ്രത ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്ന പ്രശ്നമല്ല. അതിനായി നമ്മള്‍ തയ്യാറെടുക്കേണ്ടിവരും. മാസങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്നമാണിത്. വര്‍ഷകാലം ആരംഭിക്കുന്നതിനു മുമ്പ് ലോക്കല്‍ ട്രാന്‍സ്മിഷന്‍ സാധ്യത പൂര്‍ണമായും ഇല്ലാതാക്കിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എലിപ്പനിയും ഡെങ്കിപ്പനിയും മറ്റു ജലജന്യരോഗങ്ങള്‍ കൂടി ഇതിനൊപ്പം വന്നാല്‍ കൂടുതല്‍ പ്രയാസമാവും. എന്നാല്‍ ആ സമയത്തേക്ക് നമ്മള്‍ തയ്യാറായിരിക്കുകയും വേണം. അസുഖം ബാധിച്ചവരില്‍ 10 ശതമാനം വരെ ഐസിയു അഡ്മിഷനും ഏറ്റവും കുറഞ്ഞത് ഒരു ശതമാനമെങ്കിലും മരണനിരക്കും പ്രതീക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെന്‍റിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കേണ്ടിവരും.

വീട്ടിലിരിപ്പ് നമ്മുടെ ജീവിതം തലകീഴായി മറിഞ്ഞിരിക്കുകയാണോ.. വീട്ടില്‍ എട്ടാം ദിവസമാണ് എസൊലേഷനില്‍ കഴിയുന്നത്. ചിലപ്പോള്‍ നമുക്ക് ഭ്രാന്തന്‍ അവസ്ഥകളുണ്ടാവാറുണ്ട്. ഒരു സിനിമ പോലെ. ചുറ്റും ധാരാളം ആളുകള്‍ ഉണ്ടാവാറുണ്ടായിരുന്നു. ഇപ്പോ ആരും ഇല്ല. എല്ലാം പെട്ടെന്നായിപ്പോയി. നിങ്ങളൊക്ക ഇതേ അവസ്ഥയിലാണെന്ന് കരുതുന്നു- വീട്ടില്‍ ഐസൊലേഷനിലുള്ള ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വാക്കുകളാണിത്.
കൊവിഡ് ഭീതി പലരെയും സ്വന്തം വീടുകളില്‍ സ്വയം അടച്ചിരിക്കുകയാണ്. വിദേശങ്ങളില്‍ പോയി വന്നവരാണ് അധികവും. സെലിബ്രിറ്റികളടക്കം പലര്‍ക്കും ഇത് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയാണ്. ഈ ഒറ്റപ്പെടലിനെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് പലരും. രോഗം പടരാതിരിക്കാന്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്. രോഗമുള്ളവരും ഇല്ലാത്തവരും ഇത് ചെയ്യുന്നതോടെ രോഗവ്യാപന സാധ്യത ഇല്ലാതാവും. വിദേശത്തുനിന്നുവന്നവരെയാണ് പ്രത്യേകമായി നിരീക്ഷണത്തിന് വിധേയമാക്കുന്നത്. രോഗബാധിത പ്രദേശത്തുനിന്ന് വന്നവര്‍ സ്വയം സന്നദ്ധരായി മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് നിര്‍ദേശം. ഇത് പാലിക്കാത്ത ചിലരാണ് പത്തനംതിട്ടയിലും കാസര്‍കോട്ടും ആശങ്ക പരത്തിയത്.

categories
categories
കൂടുതൽ പംക്തികൾ
Back to Top