LoginRegister

നന്മയുടെ പ്രചോദനം

സി കെ റജീഷ്‌

Feed Back


നബി തിരുമേനി പള്ളിയില്‍ അനുചരന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകലെ നിന്ന് ഒരു ഇരുണ്ട അടയാളം ശ്രദ്ധയില്‍പ്പെട്ടു. നജ്ദ് ഭാഗത്ത് താമസിക്കുന്ന പട്ടിണിപ്പാവങ്ങളായ ആളുകള്‍ നബിയുടെ അടുത്തേക്ക് വന്നതായിരുന്നു. കടുത്ത ദാരിദ്ര്യത്താല്‍ അവര്‍ക്ക് ധരിക്കാന്‍ വസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒരു കഷണം തുണിയില്‍ ദ്വാരമുണ്ടാക്കി തലയിലൂടെ താഴ്ത്തിയിട്ട് ശരീരം മറച്ചവരായിരുന്നു അവരില്‍ അധികമാളുകളും. അവരുടെ വിഷമാവസ്ഥ നേരില്‍ കണ്ട പ്രവാചകന്റെ മുഖം വിവര്‍ണമായി. അേദ്ദഹം എഴുന്നേറ്റ് വീട്ടില്‍ പോയി പരതി നോക്കി. അവര്‍ക്ക് കൊടുക്കാന്‍ ഒന്നും കിട്ടിയില്ല. തിരിച്ചുവന്നു നമസ്‌കാരശേഷം പ്രസംഗ പീഠത്തില്‍ കയറി വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം അനുചരന്മാരെ ഓര്‍മിപ്പിച്ചു: ”സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്ക് വേണ്ടി എന്താണ് കരുതിവെച്ചതെന്ന് ഓരോ ആത്മാവും ആലോചിച്ചു നോക്കട്ടെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. അല്ലാഹു നിശ്ചയിച്ചു വെച്ച അവധി വന്നെത്തുന്നതിനു മുമ്പ് ദാനം നല്‍കുക.”
ഒരാള്‍ ഒരു ദീനാറോ ദിര്‍ഹമോ ഗോതമ്പോ ബാര്‍ലിയോ കഴിയുന്ന ദാനം ചെയ്യുക. ഒരു ദാനവും നിസ്സാരമായി കാണരുത്. ഇങ്ങനെ ഓരോ ഇനങ്ങളും എണ്ണി പറഞ്ഞുകൊണ്ട് ഒരു കാരക്ക കീ റെങ്കിലും നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ ഒരു അന്‍സാരി ഒരു സഞ്ചി നിറയെ കാരക്കയുമായി മുന്നോട്ടു വന്നു. പ്രസംഗമധ്യേ പ്രവാചകന്‍ അത് ഏറ്റുവാങ്ങി. നബിയുടെ മുഖത്ത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. നബി പറഞ്ഞു: ”ഒരാള്‍ ഒരു സമ്പ്രദായം നടപ്പാക്കുകയും ആളുകള്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലം ഉണ്ട്. ഒരാള്‍ ഒരു തെറ്റായ സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍ അതിന്റെ കുറ്റവും അത് അനുകരിച്ചവരുടെ കുറ്റവും അയാള്‍ക്ക് ആയിരിക്കും. എന്നാല്‍ അത് ചെയ്തവര്‍ക്ക് തങ്ങളുടെ കുറ്റത്തില്‍ യാതൊരു വിടുതിയും ഉണ്ടായിരിക്കുന്നതല്ല.”
പിന്നീട് കുറെ പേര്‍ തങ്ങളുടെ വീടുകളിലേക്ക് പോയി പണവും വസ്ത്രവും ഭക്ഷണവസ്തുക്കളും ആയിട്ടാണ് തിരിച്ചെത്തിയത്. കൊണ്ടുവന്ന വസ്തുക്കളുടെ കൂമ്പാരം തന്നെ അവിടെ പ്രത്യക്ഷപ്പെട്ടു. നബിയുടെ മുഖം പൗര്‍ണമി പോലെ വെട്ടിത്തിളങ്ങി.
മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂട്ടായ്മയിലൂടെ പരിഹരിക്കുന്നതില്‍ മാതൃകയായിരുന്നു മുഹമ്മദ് നബി(സ). ആളുകള്‍ക്ക് നന്മ ചെയ്തുകൊടുക്കുക എന്നതിനര്‍ഥം അവരുടെ ജീവിതാവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നാണ്. ഒരുപാട് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു വ്യക്തിക്ക് മാത്രം ചെയ്യാവുന്ന നന്മകള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ മറ്റുള്ളവരെ കൂടി ആ സുകൃതത്തില്‍ സഹകാരികളാക്കിയാല്‍ പോംവഴി എളുപ്പമാവും. നന്ദി വാക്കോ പ്രത്യുപകാരമോ ആഗ്രഹിക്കാതെ ചെയ്യുന്ന ഏതൊരു പുണ്യ പ്രവൃത്തിയും പതിന്മടങ്ങ് നന്മയുടെ സദ്ഫലങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top