LoginRegister

എം ജി എം കേരള വിമന്‍സ് സമ്മിറ്റ് മൂല്യബോധത്തിന്റെ പെണ്‍കരുത്ത്‌

സുരഭി

Feed Back


മുസ്ലിം വനിതാ കൂട്ടായ്മയുടെ സാമൂഹിക പ്രസക്തിയും സംഘടിതവീര്യവും ആദര്‍ശബോധവും പ്രകടിപ്പിക്കുകയായിരുന്നു ജനുവരി 22ന് അവര്‍. 1987 സെപ്തംബര്‍ 8ന് രൂപീകൃതമായ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റിന്റെ സാമൂഹിക ഉത്തരവാദിത്തവും ധര്‍മവും പ്രസക്തിയും വിളിച്ചുപറഞ്ഞാണ് പാലക്കാട് കോട്ടമൈതാനിയില്‍ വിമന്‍സ് സമ്മിറ്റ് സമാപിച്ചത്. നവലോകത്തിന് നന്മയുടെ സ്ത്രീത്വത്തിനായി പതിനായിരങ്ങളാണ് ഞായറാഴ്ചയുടെ സായന്തനത്തില്‍ പാലക്കാടന്‍ കാറ്റില്‍ കൈകോര്‍ത്തു പിടിച്ചത്. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ മോചനത്തിന് സമരസജ്ജരാവാന്‍ സദസ്സിലും വേദിയിലുമുള്ളവര്‍ എഴുന്നേറ്റു നിന്ന് കൈ ചേര്‍ത്തുപിടിച്ച് മനസാ വാചാ പ്രതിജ്ഞ ചൊല്ലി.
എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള വിമന്‍സ് സമ്മിറ്റ് ഇസ്‌ലാഹീ നവോത്ഥാന വീഥിയില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കൂട്ടമായെത്തിയ അവര്‍ വിലക്കുകളും തൊട്ടുകൂടായ്മയും സ്ത്രീമുന്നേറ്റത്തിന് വിലങ്ങുതടിയാണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു. സമീപകാലത്ത് കേരളം കണ്ട വലിയ വനിതാ സമ്മേളനമായി മാറിയ സമ്മിറ്റ് ധര്‍മബോധത്തിലൂന്നിയ വനിതാ ശാക്തീകരണത്തിന്റെ പ്രകടനമാവുകയായിരുന്നു.
വനിതകള്‍ക്കു വേണ്ടി വനിതകള്‍ തന്നെ സംഘടിപ്പിച്ച മഹാസമ്മേളനം നിയന്ത്രിച്ചത് ആയിരത്തോളം വരുന്ന പരിശീലനം നേടിയ എംജിഎം, ഐജിഎം വോളന്റിയര്‍മാരായിരുന്നു. വേദി മുതല്‍ സമ്മേളന നഗരി വരെ വനിതാ വോളന്റിയര്‍മാരുടെ നിയന്ത്രണത്തിലായിരുന്നുവെന്നത് സമ്മിറ്റിനെ വേറിട്ട അനുഭവമാക്കി.
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ ഏക വനിതാ അംഗവും സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകയും ഹൈദരാബാദ് ശരീഅഃ കമ്മിറ്റി പ്രസിഡന്റുമായ ഡോ. അസ്മ സഹ്‌റ ത്വയ്യിബ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംജിഎം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷയായിരുന്നു.
രമ്യാ ഹരിദാസ് എംപി മുഖ്യാതിഥിയും അഡ്വ. കെ ശാന്തകുമാരി എംഎല്‍എ അതിഥിയുമായി. കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യഭാഷണം നിര്‍വഹിച്ചു. സി ടി ആയിശ, ഡോ. ഖമറുന്നിസാ അന്‍വര്‍, സൈനബ ശറഫിയ്യ, മുഹ്‌സിന പത്തനാപുരം, എം അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. അന്‍വര്‍ സാദത്ത്, ആയിഷ ഹഫീസ്, ആദില്‍ നസീഫ് മങ്കട, സുഹാന ഉമര്‍, മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
മുഹമ്മദ് ബേഗ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. എംജിഎം വൈസ് പ്രസിഡന്റ് ഡോ. ജുവൈരിയ്യ അധ്യക്ഷത വഹിച്ചു. പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പ്രിയ അജയന്‍, സലീമ ടീച്ചര്‍, ഷഹബാനത്ത്, എം ടി നജീബ പ്രസംഗിച്ചു. പാനല്‍ ചര്‍ച്ചയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയ, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സി എം സനിയ്യ, ജുവൈരിയ്യ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥിനി സമ്മേളനത്തില്‍ ഡോ. ആബിദ ഫാറൂഖി, ടി കെ തഹ്‌ലിയ, ആയിഷ ഹുദ, ദാനിയ പി, റാഹിദ പി ഐ, ശാദിയ സി പി, ഷാന തസ്‌നീം പ്രസംഗിച്ചു.
സമ്മേളന പ്രമേയം അടിസ്ഥാനമാക്കി നടന്ന പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നല്‍കി. രസ്ന റിയാസ് (കോഴിക്കോട് സൗത്ത്), റാഷിദ സി (വയനാട്), നെക്സി നസീര്‍ (കോട്ടയം) എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
പൊതുരംഗത്ത് കഴിവ് തെളിയിച്ച എംജിഎം നേതാക്കള്‍ കൂടിയായ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശബീന ടീച്ചര്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവ തീം സോംഗ് രചയിതാവ് ഉമ്മുകുല്‍സു തിരുത്തിയാട് എന്നിവരെ സമ്മേളനം ആദരിച്ചു. യുവത ബുക്സ് പുറത്തിറക്കിയ നാല് പുസ്തകങ്ങള്‍ സമ്മേളനവേദിയില്‍ പ്രകാശിതമായി.
ലിംഗസമത്വത്തിന്റെ പേരില്‍ കുത്തഴിഞ്ഞ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അവസരമൊരുക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സ്ത്രീശരീരത്തെ പരസ്യ വിപണിയിലെ ചരക്കാക്കി മാറ്റുന്ന മൂലധന ശക്തികള്‍ക്കെതിരെ സ്ത്രീസമൂഹം ശക്തമായി പ്രതിരോധിക്കണം. പെണ്ണുടലുകളെ ആഭാസകരമായി പരസ്യപ്പെടുത്തുന്ന ഉല്‍പന്നങ്ങളെ വിപണിയില്‍ ബഹിഷ്‌കരിക്കാന്‍ സ്ത്രീസമൂഹം മുന്നോട്ടുവരണമെന്ന വിപ്ലവകരമായ ആഹ്വാനവും വിമന്‍സ് സമ്മിറ്റ് നടത്തുകയുണ്ടായി.
തേനില്‍ ചാലിച്ച മുദ്രാവാക്യങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോഴും അറിവും തിരിച്ചറിവും സമ്മാനിക്കുന്ന ബോധ്യങ്ങളോടെ അവയെ നേരിടണമെന്നാണ് സമ്മേളനം വനിതകളോടു പറഞ്ഞത്. അമിതമായി പരിഗണിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്ന കാപട്യങ്ങളോടും ചൂഷണ മനോഭാവത്തോടും ധാര്‍മികത പാലിച്ച്, മതം അനുവദിച്ച സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി മറുപടി പറയണമെന്നാണ് സമ്മേളനം ആഹ്വാനം ചെയ്തത്. ഒരുപാട് പേരോട് ഒരുമിച്ച് സന്ദേശം കൈമാറാന്‍ കഴിയുന്നതുകൊണ്ടാണ് ഇത്തരമൊരു വലിയ സംഗമം സംഘടിപ്പിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

സ്ത്രീ ശാക്തീകരണവും
കുടുംബജീവിതവും


സ്ത്രീശാക്തീകരണം വൈവാഹിക-കുടുംബജീവിതം തകര്‍ത്തുകൊണ്ടാവരുതെന്നും, സര്‍വ മേഖലയിലുമുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ടാകണം ഇത് സാധ്യമാക്കേണ്ടതെന്നും ഡോ. അസ്മ സഹ്റ ത്വയ്യിബ പറഞ്ഞു. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യവും അവകാശവും നല്‍കിയ മതമാണ് ഇസ്‌ലാം. തലമുറകള്‍ക്ക് അറിവു പകരുന്നതിലും സമൂഹത്തെ ബോധവത്കരിക്കുന്നതിലും നന്മയില്‍ വഴി നടത്തുന്നതിലും സ്ത്രീകള്‍ക്കും ചെറുപ്പക്കാരികള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളെയും കുടുംബത്തെയും വിമോചനത്തിലേക്കു നയിക്കേണ്ട ഉത്തരവാദിത്തവും പുതുതലമുറകളെ വാര്‍ത്തെടുക്കേണ്ട ചുമതലയും സ്ത്രീകള്‍ക്കുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് സന്തോഷകരമാണ്. ഇതോടൊപ്പം ധാര്‍മിക മൂല്യങ്ങള്‍ കൂടി അവരെ പഠിപ്പിക്കേണ്ടതുണ്ട്.
ചെറുപ്പക്കാരികള്‍ ധരിക്കുന്ന വേഷവും പ്രയോഗിക്കുന്ന ഭാഷയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അശ്ലീലതയില്‍ നിന്നും അധാര്‍മികതയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പാരന്റിംഗ് ഇന്നു വലിയ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ശരിയായ പരിശീലനം ലഭിക്കേണ്ടതുണ്ട്. രഹസ്യമായും പരസ്യമായും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള അവബോധം പുതുതലമുറകള്‍ക്ക് ലഭിക്കേണ്ടതുണ്ട്.
ഹിജാബ് ധരിക്കുന്നത് വിവേചനമാണെന്നും അതു ധരിക്കുന്നവര്‍ പിന്നാക്കമാണെന്നും പ്രചരിപ്പിക്കപ്പെടുന്നുവെങ്കില്‍, അതു സുരക്ഷയും നമ്മുടെ ബോധ്യത്തോടെയുള്ള തെരഞ്ഞെടുപ്പാണെന്നും പ്രഖ്യാപിക്കാന്‍ നമുക്കു കഴിയണമെന്നും ഡോ. അസ്മ സഹ്റ ത്വയ്യിബ പറഞ്ഞു.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം

കുടുംബത്തെ നോക്കുന്ന പോലെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്നും ഒരേസമയം ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്നും രമ്യ ഹരിദാസ് എം പി. സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.
സമ്മേളന നഗരിയില്‍ ഇരിക്കുമ്പോഴും വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരുപക്ഷേ അവര്‍ക്കേ കഴിയൂ. അറിവിന്റെ പുതിയ മേഖലകളിലേക്ക് മുന്നേറാന്‍ കഴിയണം. വിദ്യാഭ്യാസത്തിലൂടെയേ ശാക്തീകരണം സാധ്യമാകൂ. അതിനു വേണ്ടിയാകണം ഇത്തരം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ വേദനകള്‍ക്കും ദുരന്തങ്ങള്‍ക്കും മതവും ജാതിയുമില്ല. മനുഷ്യസ്നേഹത്തിനും ജാതിയും മതവുമില്ല. ബ്രിട്ടീഷുകാര്‍ വിട്ടേച്ചുപോയ ഭിന്നിപ്പിച്ചു ഭരിക്കുന്ന ആശയം വീണ്ടും പുലരുമ്പോള്‍ ഐക്യത്തോടെയും സുരക്ഷിതത്വത്തോടെയും മുന്നോട്ടുപോകാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ആര്‍ജവത്തോടെ നിലകൊള്ളാനും നമുക്കു കഴിയണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെപ്പിടിച്ചു നീങ്ങാന്‍ നമ്മുടെ രാജ്യത്ത് പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതു നിലനിര്‍ത്താന്‍ വേണ്ടി പോരാടണം. സ്ത്രീകളുടെ കൈകളിലാണ് അടുത്ത തലമുറയുടെ ഭാവി. അതുകൊണ്ട് അമ്മമാര്‍ അറിവു കൊണ്ടും പരിശീലനം കൊണ്ടും ശാക്തീകരിക്കപ്പെടണമെന്നും രമ്യ ഹരിദാസ് എം പി പറഞ്ഞു.

കാലിക വിഷയങ്ങളോടുള്ള പ്രതികരണം

പൊതുസമൂഹവുമായും സ്ത്രീകളുമായും ബന്ധപ്പെട്ട നിരവധി കാലിക വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രമേയങ്ങളാണ സമ്മേളനം അംഗീകരിച്ചത്. കാമ്പസുകളില്‍ ആര്‍ത്തവാവധി ഏര്‍പ്പെടുത്തിയ തീരുമാനത്തെ എം ജി എം കേരള വിമന്‍സ് സമ്മിറ്റ് സ്വാഗതം ചെയ്തു. സ്ത്രീയും പുരുഷനും ജൈവിക ഘടനാപരമായി വ്യത്യാസങ്ങളുണ്ടെന്നും അതുള്‍ക്കൊണ്ടുവേണം സ്ത്രീകളുടെയും പുരുഷന്മാരുടേയും സാമൂഹിക ബാധ്യതകളും പദവികളും നിശ്ചയിക്കാനെന്ന മതം മുന്നോട്ടുവെക്കുന്ന ധാര്‍മികാധ്യാപനങ്ങളെ നവ ലിബറലിസത്തിന്റെ പേരില്‍ അപഹസിച്ചിരുന്നവര്‍ക്ക് ആര്‍ത്തവാവധിയെക്കുറിച്ച് എന്തു പറയാനുണ്ടെന്ന് വ്യക്തമാക്കണമെന്ന ചോദ്യവും സമ്മേളനം ഉയര്‍ത്തി.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സംസ്ഥാനത്തെ ചില എയ്ഡഡ് വിദ്യാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തലമറക്കാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നത് നീതീകരിക്കാനാവില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ തങ്ങളുടെ ബാധ്യതകള്‍ നിര്‍വഹിക്കാനുള്ള അവസരം നിഷേധിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യ നിലപാട് തിരുത്തണം. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുസ്‌ലിം സ്ത്രീകള്‍ക്ക് വകവെച്ചു നല്‍കിയ ആരാധനാലയങ്ങളിലെ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പുനരാരംഭിക്കണം. മലബാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ ഒട്ടേറെ പെണ്‍കുട്ടികള്‍ തുടര്‍പഠനം ഉപേക്ഷിക്കേണ്ടിവരുന്നു എന്നിരിക്കെ മലബാറില്‍ കൂടുതല്‍ സര്‍ക്കാര്‍ – എയ്ഡഡ് കോളജുകളും ആധുനിക കോഴ്സുകളും അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത അനീതിയാണ്. മത ന്യൂനപക്ഷങ്ങളെ അപരവല്‍കരിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ജുഡീഷ്യറിയിലും എക്സിക്യുട്ടീവിലും മുസ്‌ലിം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള നിയമ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മീഡിയയിലും പെണ്‍സാന്നിധ്യം

സമ്മേളന നഗരിയിലെ മുഴുവന്‍ സെഷനുകളും കൈകാര്യം ചെയ്തത് സ്ത്രീകളായിരുന്നെങ്കിലും വ്യത്യസ്തതയാല്‍ ശ്രദ്ധിക്കപ്പെട്ടത് റീകാസ്റ്റ് മീഡിയയിലെ പെണ്‍സാന്നിധ്യമായിരുന്നു. പ്രത്യേക പരിശീലനം നേടിയ ഐജിഎം പ്രതിനിധികള്‍ എല്ലാ സെഷനുകളും മികവോടെ കാമറയില്‍ പകര്‍ത്തി.
ഇമ്പമുള്ള ഗാനങ്ങളും വിദ്യാര്‍ഥിനികളുടെ നൃത്താവിഷ്‌കാരവും ‘കള്‍ചറല്‍ ഈവ്’ പരിപാടിയെ വര്‍ണാഭമാക്കി. കുരുന്നു പ്രതിഭകളുടെ കലാവിരുന്ന് ഹൃദ്യമായ അനുഭവമാണ് പകര്‍ന്നത്. മുഹമ്മദ് ബേഗ് ഓഡിറ്റോറിയത്തില്‍ നടന്ന ബട്ടര്‍ഫ്ളൈസ് ചില്‍ഡ്രന്‍സ് ഗാതറിങ് സംഗമത്തിനെത്തിയ കുരുന്നുകള്‍ക്ക് ആവേശവും പ്രചോദനവുമായി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top