LoginRegister

പ്രതിരോധിക്കാം മഴക്കാല രോഗങ്ങൾ

ഡോ. ഷെറീന ജാബിർ

Feed Back


വേനൽച്ചൂടിന് ആശ്വാസം പകർന്നുകൊണ്ട് വീണ്ടുമൊരു മഴക്കാലം. ചൂടിൽ നിന്ന് ഉള്ളു കുളിർക്കുമ്പോഴേക്കും പനിക്കാലവും വന്നെത്തിയിരിക്കുന്നു. ചുട്ടുപഴുത്ത മണ്ണിൽ പെയ്തിറങ്ങുന്ന മഴയുടെ സുഗന്ധം മലയാളിയുടെ പൊതുവികാരം തന്നെയായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയതല്ല, മാലിന്യക്കൂമ്പാരങ്ങൾക്ക് മുകളിൽ പെയ്തിറങ്ങുന്ന മഴ പകർച്ചവ്യാധികൾക്ക് കളമൊരുക്കുകയാണ്.
മഴ പെയ്യുന്നതോടെ തണുത്തതും ഈര്‍പ്പവുമുള്ള ചുറ്റുപാട്
രോഗാണുക്കള്‍ക്ക് (വൈറസ്, ബാക്‌ടീരിയ, ഫംഗസ്)
പെറ്റുപെരുകാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുണ്ടാകുന്നു. കെട്ടിക്കിടക്കുന്ന മഴവെള്ളവും മാലിന്യവും രോഗാണുവാഹകരായ കൊതുകിനും ഈച്ചക്കും എലിക്കുമൊക്കെ ഭീതിജനകമായി പെരുകിവരാൻ അവസരമൊരുക്കുന്നു.

പ്രധാന
മഴക്കാല രോഗങ്ങൾ

ജലജന്യ രോഗങ്ങൾ
. കോളറ
. ടൈഫോയ്ഡ്
. മഞ്ഞപ്പിത്തം

വായുജന്യ രോഗങ്ങൾ
. വൈറൽ പനി
. എച്ച് 1 എൻ 1
. ബ്രോൈങ്കറ്റിസ് (കഫക്കെട്ട്)
. ടോൺസിലൈറ്റിസ്

ജന്തുജന്യ രോഗങ്ങൾ
. എലിപ്പനി (ലെപ്റ്റോസ്‌പിറോസിസ്)
. കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ
. ചിക്കുൻഗുനിയ
. ഡെങ്കിപ്പനി
. ജപ്പാൻ ജ്വരം
     
കോളറ
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ഛർദി, കഞ്ഞിവെള്ളം പോലുള്ള വയറിളക്കം എന്നിവയാണ്. ചർമത്തിനു തണുപ്പും ഒപ്പം മുഖവും ചുണ്ടും വിളറുകയും ചെയ്യും. നിർജലീകരണം തടയാൻ ഒആർഎസ് ലായനി നൽകണം.

ടൈഫോയ്ഡ്
മഴക്കാലത്ത് വേഗത്തില്‍ പടരുന്ന രോഗമാണ് ടൈഫോയ്ഡ്. രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്. മൂത്രത്തിനും കണ്ണിനും മഞ്ഞനിറം കൂടുതലായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. വിശപ്പില്ലായ്‌മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. കണ്ടുപിടിക്കാന്‍ വൈകിയാല്‍ ജീവന്‍ തന്നെ അപകടത്തിലാകും.

എച്ച് 1 എന്‍ 1
ശക്തമായ ശരീരവേദന, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. എച്ച്1 എന്‍1 പനി വന്നാല്‍ രോഗി മുറി വിടരുത്. സന്ദര്‍ശകര്‍ അരുത്. ഈ രോഗത്തിനു പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്.

വൈറല്‍പനി
പനി, ജലദോഷം, ശരീരവേദന എന്നിവയാണ് വായുവില്‍ കൂടി പകരുന്ന ഈ പനിയുടെ ലക്ഷണങ്ങള്‍. എളുപ്പം പടര്‍ന്നുപിടിക്കും.

ടോണ്‍സിലൈറ്റിസ്
തൊണ്ടവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. ആഹാരമിറക്കാന്‍ പ്രയാസമായിരിക്കും. ചുമയും ഉണ്ടാകും.

ബ്രോങ്കൈറ്റിസ്
വൈറല്‍ പനിയുടെ അതേ ലക്ഷണങ്ങള്‍, രോഗം മൂര്‍ച്ഛിച്ചാല്‍ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും.

എലിപ്പനി
എലിമൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കള്‍ ജലസ്രോതസ്സുകളിലെത്തുന്നു. അവിടെ നിന്നു മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകളിലൂടെ ശരീരത്തില്‍ കടക്കും. പനി, ശരീരവേദന, കണ്ണിനു ചുവപ്പുനിറം എന്നിവയാണ് ലക്ഷണങ്ങള്‍. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്‌കരിക്കുക.

ഡെങ്കിപ്പനി
കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് കൊതുക് രോഗം പരത്തുന്നു. സാധാരണ പനിയായി തുടക്കം. ശക്തമായ ശരീരവേദന അനുഭവപ്പെടും. വൈകാതെ കണ്ണു ചുവക്കും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറയുന്നതുകൊണ്ട് മൂക്കിലൂടെ രക്തസ്രാവം ഉണ്ടാകും. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

ചിക്കുന്‍ഗുനിയ
പനി, സന്ധികളില്‍ നീര്, വേദന, ദേഹത്തു ചുവന്ന തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം മാറിയാലും സന്ധിവേദന തുടരും. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകു പരത്തുന്ന രോഗം. പരിസര ശുചീകരണം. കൊതുകു നിര്‍മാര്‍ജനം എന്നിവ മുഖ്യം.

ജപ്പാന്‍ ജ്വരം
ക്യൂലക്‌സ് വിഭാഗത്തി ല്‍പ്പെട്ട കൊതുകുകള്‍ പരത്തുന്നു. തലച്ചോറിനെ ബാധിക്കുന്നതുകൊണ്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പനിയോടൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, അപസ്മാരം, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.

രോഗം തിരിച്ചറിയല്‍
രക്തത്തിലെ കൗണ്ട് പരിശോധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ് തുടങ്ങിയവയ്‌ക്ക് പ്രത്യേക പരിശോധനകളുണ്ട്. വയറിളക്കമുണ്ടെങ്കില്‍ മലപരിശോധനകള്‍ ചെയ്യണം. കരളിന്റെ, വൃക്കയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. റാപിഡ് ഡിറ്റക്‌ഷന്‍ കിറ്റുകളും സാധാരണയായി ലഭ്യമാണ്.

ORS ലായനി വീട്ടില്‍
തന്നെയുണ്ടാക്കാം

ശുദ്ധജലം – 1 ലിറ്റര്‍ – 5 കപ്പ് (ഓരോ കപ്പും ഏകദേശം 200 മില്ലി.)
പഞ്ചസാര – ആറ് ലെവല്‍ ടീസ്പൂണ്‍.
ഉപ്പ് – അര ലെവല്‍ ടീസ്പൂണ്‍.
പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ മിശ്രിതം ഇളക്കുക.
ORS പതിവായി ചെറിയ അളവില്‍ നല്‍കണം. രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചെറിയ തവിയിലും പ്രായമായവര്‍ക്ക് കപ്പിലും കുടിക്കാം. രോഗി ഛര്‍ദിച്ചാൽ 10 മിനിറ്റ് കാത്തിരിക്കുക, പിന്നീട് തുടരുക.

പ്രതിരോധം എങ്ങനെ?
. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക.വെള്ളം അഞ്ചു മിനിറ്റോളം വെട്ടിത്തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാന്‍ പാടില്ല.
. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിനു മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
. പഴകിയതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക.
. എളുപ്പം ദഹിക്കുന്ന, വൃത്തിയുള്ള ആഹാരം ശീലമാക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ആഹാരം മൂടിവെക്കുക. ഇല്ലെങ്കില്‍ ഈച്ചകള്‍ വഴി ടൈഫോയ്ഡ്, വയറിളക്കം എന്നീ രോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലാണ്.
. ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് പല തവണയായി ചൂടാക്കി ഉപയോഗിക്കുന്നത് പാടേ ഉപേക്ഷിക്കണം.
. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക. ഇത് അണുബാധക്കും കുടിവെള്ള മലിനീകരണത്തിനും കാരണമാകും.
. മലവിസര്‍ജനത്തിനു ശേഷം സോപ്പുപയോഗിച്ച് കൈകള്‍ കഴുകുക.

. കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക.
. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നു. മലിനജലമാണെങ്കില്‍ മണ്ണെണ്ണ തളിക്കുക.
. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
. കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
. വൈറല്‍ പനി സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മുഖവും മൂക്കും മറയ്‌ക്കുക.
. കെട്ടിക്കിടക്കുന്ന മലിനജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക. മുറിവുകള്‍ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ജോലി ചെയ്യരുത്. എലിപ്പനി പകരാന്‍ സാധ്യതയേറെയാണ്. വെള്ളക്കെട്ടില്‍ നിന്നു തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നവര്‍ കാലുറ, കയ്യുറ തുടങ്ങിയ പ്രതിരോധ സാമഗ്രികളും ധരിക്കണം.

. ശുചിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഫംഗസ് രോഗങ്ങള്‍ തടയും.
പനിയെ അവഗണിക്കരുത്. സ്വയം ചികിത്സ അപകടമാണ്. എത്രയും വേഗം വൈദ്യസഹായം തേടണം. പ്രതിരോധ മരുന്നുകളും പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സയും ഹോമിയോപതിയിലും ലഭ്യമാണ്. കൂടുതല്‍ ആളുകളില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗാവസ്ഥ കണ്ടാല്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top