LoginRegister

മറ്റുള്ളവര്‍ക്കായി മാറിയിരിക്കുന്നവര്‍

അമല്‍ ഹുദ

Feed Back

ലോകമൊട്ടാകെ കോവിഡ് 19 രോഗബാധയുടെ ആശങ്കയിലും ഭീതിയിലുമാണല്ലോ. ആര്‍ എന്‍ എ വിഭാഗത്തില്‍ പെടുന്ന കൊറോണ വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ഈ രോഗം. വായുവിലുടെ പകരാത്ത ഈ രോഗാണു മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് സ്രവങ്ങളിലൂടെയാണ് പകരുന്നത്. സ്രവത്തുള്ളികള്‍ക്കകത്ത് ചെന്ന് അത് മറ്റൊരാളിന്‍റെ കണ്ണിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ കയറിക്കൂടി പെറ്റുപെരുകുകയും ശ്വസനവ്യവസ്ഥയെ ബാധിക്കുകയും രോഗിയില്‍ പനി, ജലദോഷം, കടുത്ത ചുമ, ശ്വാസതടസ്സം തുടങ്ങിയവ ലക്ഷണങ്ങളായി കാണുകയും ചെയ്യുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗാവസ്ഥ മൂര്‍ച്ചിക്കാനിടവരികയും മരണംവരെ സംഭവിക്കുകയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധശേഷികുറഞ്ഞവര്‍ക്കും രോഗം കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുകയും അപകടനിലയിലേക്കെത്തുകയും ചെയ്യുന്നു. നിലവില്‍ കൊറോണക്കെതിരെയുളള മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പ്രതിരോധം മാത്രമാണ് രോഗബാധയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം. ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്നതിനാലും പലയിടത്തും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാലും സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളും നിന്ത്രണങ്ങളുമാണ് പൊതുജനങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പല ഘട്ടങ്ങളാണ് കൊറോണ വ്യാപനത്തിനുള്ളത്. കൊറോണ വ്യാപനം നടന്നിട്ടുള്ള സ്ഥലങ്ങളിലെ ആളുകളില്‍ നിന്ന് നേരിട്ട് രോഗം ബാധിക്കുന്ന ഘട്ടം. പിന്നൊന്ന്, രോഗം ബാധിച്ച ആളുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗം ബാധിക്കുന്ന ഘട്ടം. ഇതിനെയാണ് സാമൂഹ്യവ്യാപനം എന്ന് പറയുന്നത്. ഇത് നിയന്ത്രണാതീതമായ ഒരു ഘട്ടമാണ്. ഇതെഴുതുന്നതുവരെ കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്നു തന്നെയാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സാമൂഹ്യവ്യാപനം നടക്കാതിരിക്കാനുള്ള മുന്‍കരുതലായി കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് (അകലം പാലിക്കല്‍) ആണ് നിര്‍ദേശിച്ചിട്ടുള്ളത്. കൂടെ കൈകഴുകുക, കൈകൊണ്ട് മുഖത്തും കണ്ണിലും മൂക്കിലും വായിലുമൊക്കെ തൊടാതിരിക്കുക, വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക തുടങ്ങിയവയും നിര്‍ദേശങ്ങളില്‍ പെടും. സ്റ്റേ അറ്റ് ഹോം, ബ്രേക്ക് ദി ചെയ്ന്‍, ശാരീരിക അകലം സാമൂഹിക ഒരുമ തുടങ്ങിയവയൊക്കെ കേരളസര്‍ക്കാറിന്‍റെ കൊറോണപ്രതിരോധ ക്യാമ്പെയ്നുകളാണ്. വിദേശത്ത് നിന്ന് വരുന്നവരുടെ കൂടിയ രോഗസാധ്യത കണക്കിലെടുത്ത് അവരോടും അവരുമായി ബന്ധപ്പെട്ടവരോടും പൂര്‍ണമായ ഹോംക്വാറന്‍റൈന്‍ ആണ് നിര്‍ദേശിച്ചിട്ടുളളത്. അതായത് വിദേശത്ത് നിന്ന് വന്നവരില്‍ (രോഗലക്ഷണമില്ലാത്തവരും) ഇരുപെത്തിയെട്ട് ദിവസം പൂര്‍ണമായും മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചുകൊണ്ട് വീടിനകത്ത് തന്നെ മാറിനില്‍ക്കുക, ഇടപഴകാതിരിക്കുക എന്നതാണ് ഹോം ക്വാറന്‍റൈന്‍ കൊണ്ടുദ്ദേശിക്കുന്നത്.

മാത്രമല്ല ഇവരെ പരിചരിക്കുന്ന ആളും അതേ പോലെ ക്വാറന്‍റൈനില്‍ തന്നെയാവണം. കഴിയുന്നത് വീട്ടിലുള്ള മറ്റു അംഗങ്ങളെ മാറ്റിത്താമസിപ്പിക്കുകയോ മുകള്‍നിലയുള്ളവര്‍ അത് ക്വാറന്‍റൈനുവേണ്ടി പ്രത്യേകം മാറ്റിനിര്‍ത്തുകയോ ചെയ്യുന്നത് നന്നാവും. അതിന്‍റെ കൂടെ ഇവരുടെ വസ്ത്രങ്ങള്‍ പ്രത്യേക ലായനിയില്‍ അണുവിമുക്തമാക്കേണ്ടതുമുണ്ട്.

വിദേശത്തുനിന്നു വരുന്നവര്‍ പരിഭ്രാന്തരാവാന്‍ വേണ്ടിയല്ല, മറിച്ച് വീട്ടിലും നാട്ടിലുമുള്ള ബന്ധുക്കളും അല്ലാത്തവരുമായ ആളുകളുടെ ആരോഗ്യത്തെ നമ്മളായിട്ട് തകര്‍ക്കാതിരിക്കാന്‍ വേണ്ടിയുളള നിര്‍ദേശങ്ങളാണ് അവ. സാമൂഹികമായ ഒരു കരുതലും കൂടിയാണത്. ഒരുപാടാളുകള്‍ വിദേശത്ത് നിന്ന് വന്നിട്ട് ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്. അങ്ങിനെയുള്ളവര്‍ നേരിട്ടും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവയില്‍ ചിലതാണ് ഇവിടെ ചേര്‍ക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ യുവാവ്. രോഗലക്ഷണമൊന്നുമില്ലാത്തത്കൊണ്ട് വിമാനമിറങ്ങി നേരെ വീട്ടിലേക്ക് വന്നു. വിമാനത്താവളത്തിലേക്ക് ഒരു സഹൃത്ത് മാത്രം വിളിക്കാന്‍ വന്നാല്‍ മതിയെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വീട്ടിലെത്തി വീട്ടുകാരെ മാത്രം കണ്ടു നേരെ റൂമിലേക്ക്. വീട്ടില്‍ അംഗങ്ങള്‍ കുറവായതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ആവശ്യമുള്ള ഭക്ഷണം സ്വയം പാകം ചെയ്യും കഴിക്കും ക്ലീന്‍ ചെയ്ത് വെക്കും. കാണാന്‍ വന്ന സുഹൃത്തുക്കളെയൊക്കെ പതിനാല് ദിവസത്തെ കാര്യമല്ലേ അത് കഴിഞ്ഞാല്‍ നമുക്ക് കാണാമല്ലോ എന്ന് പറഞ്ഞ് മുറ്റത്ത് നിന്ന് തന്നെ തിരിച്ചയച്ചു. വിമാനത്താവളത്തില്‍നിന്ന് ഒരു ഫോം പൂരിപ്പിച്ചുകൊടുത്തു, അവരുടെ നിര്‍ദേശങ്ങള്‍ക്കപ്പുറം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മാധ്യമങ്ങളിലുടെ തന്ന നിര്‍ദേശങ്ങള്‍ തന്നയാണ് ഇങ്ങനെ ക്വാറന്‍റൈനില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. നമുക്ക് വേണ്ടിയുളള നിര്‍ദേശങ്ങള്‍ നമ്മള്‍ തന്നയല്ലേ പാലിക്കേണ്ടത്. ഒരുപാടാളുകള്‍ ഇതൊന്നും കേള്‍ക്കാതെ നടക്കുന്നു എന്നത് നിരാശയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരാള്‍ക്ക് പറയാനുള്ളത് എല്ലാ സജ്ജീകരണങ്ങളും ചെയ്ത് വെച്ച ഉമ്മയെക്കുറിച്ചാണ്. ആള്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ വീട്ടുകാരെയൊക്കെ മാറ്റിതാമസിപ്പിച്ച്, പ്രത്യേകം മുറിയൊരുക്കി, ലഗേജൊക്കെ പുറത്ത് വെപ്പിച്ച് വസ്ത്രം പുറത്തുനിന്ന് തന്നെ മാറ്റിപ്പിച്ച് അകത്തെമുറിയിലിരുത്തി എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുത്ത ഒരുമ്മയെക്കുറിച്ച്.

മറ്റൊരമ്മ, ചൈനയില്‍ മെഡിസിന് പഠിക്കുന്ന മോളെ തിരിച്ചുവരുമ്പോള്‍ സ്വയം ഡ്രൈവ് ചെയ്ത് എയര്‍പ്പോര്‍ട്ടില്‍ പോയി കൂട്ടി വീട്ടില്‍ വന്ന് മകള്‍ക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്ത് കൃത്യമായും കണിശമായും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറന്‍റൈന്‍ ചെയ്യുന്നു. അവരുടെ ക്വാറന്‍റൈന്‍ കാലാവധി ഇതെഴുതുമ്പോഴേക്കും തീര്‍ന്നിട്ടുണ്ട്. ഇതുവരെ രോഗബാധയുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുതന്നെ തിരിച്ചുവന്ന മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥി പറയുന്നത് നോക്കൂ. 'നാട്ടിലെത്തിയപ്പോള്‍ തന്നെ ഒരാശ്വാസം ഉള്ളിലുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ നമ്മുടെ ആശ്വാസം മറ്റുള്ളവരുടെ ആശങ്കയും ഭീതിയുമായി മാറരുതെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് യാതൊരു രോഗലക്ഷണങ്ങളുമില്ലാതിരുന്നിട്ടും എയര്‍പോര്‍ട്ടില്‍നിന്ന് നേരെ മെഡിക്കല്‍കോളേജില്‍ പോയി റിപ്പോര്‍ട്ട് ചെയ്ത് അധികൃതരുടെ അനുമതിയോടെ വീട്ടിലേക്ക് വരികയും അവിടെ പൂര്‍ണമായി ക്വാറന്‍റൈന്‍ ചെയ്യുകയുമാണുണ്ടായത്. ഞാന്‍ മാത്രമല്ല മാതാപിതാക്കളും സഹോദരങ്ങളും സ്കൂളിലും കോളജിലും പോലും പോകാതെ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു.' മറ്റൊരാളുടെ കുറിപ്പിങ്ങനെയാണ്.

'ഞാന്‍ നാട്ടില്‍ വന്നിട്ട് നാലുദിവസമായി. ചുമരുകള്‍ക്കപ്പുറം എന്‍റെ മകളുടെ പാദസരക്കിലുക്കം കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ നാട്ടില്‍ നിന്ന് പോവുമ്പോള്‍ അവളെന്‍റെ കൈത്തണ്ടയിലിരിക്കുകയായിരുന്നു. ഇപ്പോഴവള്‍ പിച്ചവെക്കുന്നുണ്ട്. ഞാന്‍ വീട്ടിലുള്ളതവള്‍ അറിഞ്ഞിട്ടുതന്നെയില്ല. അവള്‍ പിച്ചവെച്ച് നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സാരമില്ല. എനിക്ക് രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. എന്നാലും വ്യക്തിപരമായ ഇഷ്ടങ്ങളെ മാറ്റിവെച്ചാല്‍ മാത്രമേ നമുക്കിനിയും കളിചിരികള്‍ നിറഞ്ഞ ജീവിതമുണ്ടാവൂ..' അങ്ങനെ ഒരുപാടുപേര്‍ രോഗബാധയോ ലക്ഷണങ്ങളോ ഒന്നുമില്ലാതെ തന്നെ വീടിനകത്ത് അടഞ്ഞിരിക്കാന്‍ തയ്യാറാവുന്നു. എന്നാല്‍ ഖേദകരമെന്നു പറയട്ടെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തുകൊണ്ടോ അതോ അമിത ആത്മവിശ്വാസംകൊണ്ടോ ചിലയാളുകള്‍ ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ നാട്ടില്‍ ഇറങ്ങിനടക്കുന്നുണ്ട്. സാമൂഹികദ്രോഹവും കുറ്റകൃത്യവുമാണത്. അങ്ങനെയുളള ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ എടുക്കുന്നുണ്ട്. എന്നാലും ഓര്‍ക്കുക, നിങ്ങള്‍ കാരണം അപകടത്തിലാവുന്നത് ഒരുപാടാളുകളാണ്. ഒരു സമൂഹം തന്നെയാണ്, അതുവഴി ഒരു നാടുതന്നെയാണ്.

മറ്റൊരു കാര്യം ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത് സാമൂഹികമായ ഒറ്റപ്പെടുത്തലുകളാണ്. ആരാന്‍റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന് പറയുന്നത് പോലെ നമുക്ക് വരാത്ത കേടുകളൊക്കെ നമുക്ക് ആഘോഷിക്കാനുള്ളതാവരുത്. അവരെ കുറ്റവാളികളെപ്പോലെ കാണുന്നവരുണ്ട്. ക്വാറന്‍റൈന്‍ എന്ന് പറഞ്ഞാല്‍ ഒരു രോഗവസ്ഥയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കരുതലാണ്. അവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. നമുക്കുവേണ്ടി ഒറ്റപ്പെടുന്നവരെ നമുക്ക് ചേര്‍ത്തുപിടിക്കാം. അവരോട് ഫോണില്‍ സംസാരിച്ചും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് നിവര്‍ത്തിച്ചുകൊടുക്കേണ്ടതും മാനസികമായും ശാരീരികമായും സാമ്പത്തികമായുമൊക്കെ പിന്തുണ നല്‍കേണ്ടതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ കടമയാണ്. ക്വാറന്‍റൈനില്‍ കഴിയുന്ന ആളുകളെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവരോട് സഹകരിച്ചും അല്ലാതെയും കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സാമൂഹികമായി ക്വാറന്‍റൈനിലുള്ളവരെ ചേര്‍ത്തുപിടിക്കാന്‍ നാം മറക്കരുത്. ഈ അടിയന്തിരഘട്ടം കഴിഞ്ഞും നമ്മളൊരുമിച്ച് ജീവിക്കാനുള്ളവരാണെന്ന് മറക്കരുത്. നാം അതിജീവിക്കും, തീര്‍ച്ച. .

categories
categories
കൂടുതൽ പംക്തികൾ
Back to Top